Saturday, November 10, 2007

വാ‍ര്‍ദ്ധക്യത്തിന്റെ വര്‍ത്തമാനം...

“ഈ ചാണകത്തിന്റെ മണമുള്ള കയറൊന്ന് അഴിച്ചു തരാവോ അന്നാമ്മേ?”

“എന്തിനാ ഇച്ചായാ”

“എനിക്കു മടുത്തു.“

“തന്നെ അഴിച്ച് പൊയ്ക്കൂടേ..”

“എന്നാലും....”

“ഒരെന്നാലും ഇല്ല. ഞാന്‍ തുറന്നു തരില്ല തരില്ല തരില്ല..”

“ഞാന്‍ പോകും പോകും...”

“പൊയ്ക്കോ..”

“തിരികെ വന്നില്ലെങ്കിലോ”

“........”


“എന്തിനാ നമ്മളെ കെട്ടിയിട്ടത്?“

“ആവോ?”

“ചിലപ്പോള്‍ അവര്‍ക്ക് ഭ്രാന്തായിരിക്കും!”

“അവരിപ്പോ എന്തെടുക്കുകയായിരിക്കും”

“ഷൈനി സീരിയലുകാണുകയാവും, ടോണി ഇന്നും വൈകിക്കാണും...”

“അവര് നമ്മളെ തൊറന്ന് വിട്വോ”

“കുഞ്ഞിപ്പോ താഴെ ഉണര്‍ന്നു കിടപ്പുണ്ടാവും. ഒന്നു നോക്കീട്ടുവരുമോ?”
“...........”

“എന്തിനാ കരയുന്നെ”

“ഇച്ചായനൊന്നും കഴിച്ചില്ലല്ലോ”

“അതിന് കുഞ്ഞന്നാമ്മയും ഒന്നും കഴിച്ചില്ലല്ലോ”

“എന്നോട് പിണങ്ങക്കമുണ്ടോ?”

“എന്തിന്?”

“ ഇന്നാള് മലകയറി തിരിച്ചുവന്നപ്പോ മുറുക്കാന്‍ മേടിച്ചുകൊണ്ടുവരാഞ്ഞതിന്...എന്നിട്ട്
മുറുക്കണ്ടെന്നു പറഞ്ഞ് വീട്ടില്‍ ബാക്കിയിരുന്ന പഴുക്ക എടുത്ത് കളഞ്ഞതിന്.. ”

“അന്നുമുതല്‍ ഞാന്‍ മുറുക്കു നിര്‍ത്തിയില്ലേ പിന്നെന്താ‍”

“എന്നാലും വിഷമം കാണില്ലേ? ചകിരിത്തൊണ്ടിടുന്ന അപ്പുറത്തെ ചായ്പ്പിന്റെ ഇറയത്ത് ഞാനാ പഴുക്ക വച്ചിരുന്നു. അത് കുത്തിപ്പോയില്ലെങ്കില്‍ അവിടെകാണും.അതെടുത്ത് മുറുക്കിക്കോ. ഇച്ചായന് മുറുക്കിയാല്‍ വിശപ്പറിയുവേലെന്നു പറയാറില്ലേ.ആ കെട്ട് അഴിച്ചാല്‍ അഴിയുമല്ലോ. പിന്നെന്താ
പോയാല്...”

“അന്നാമ്മയില്ലാതെ എന്തിനാ..”

“എനിക്ക് എഴുന്നേല്‍ക്കാന്‍ വയ്യാഞ്ഞിട്ടല്ലേ..”

“രണ്ടാള്‍ക്കും കൂടി മരിക്കാന്‍ എന്താ ഒരു വഴി?”

“വേണ്ട ടോണിക്ക് നാണക്കേടാ...”

“കുഞ്ഞിനെ ഒന്നെടുത്തോണ്ടു വരുവോ?”

“അവള്‍ തന്നില്ലെങ്കിലോ?”

“............”

“അന്നാമ്മയ്ക്ക് കാലിന് വേദനയൊണ്ടോ?”

“ഇല്ല”

“വണ്ടിയുടെ വെളിച്ചം.. ടോണിയാവും”

“പോയി നോക്ക്, അവനോട് നേരത്തെ വരണമെന്ന് പറ”

“................”

“എന്തായി”

“.........................”

“മിണ്ടണ്ട ടോണി വരുന്നുണ്ട്..”

“തന്തയ്ക്കും തള്ളയ്ക്കും അടങ്ങിയിരുന്നൂടെ?”

“.....................”

“നീ കുടിച്ചിട്ടുണ്ടോ?”

“മിണ്ടാതെ കിടന്നോ തള്ളേ...ഇന്നും കൂടി ഇവിടെ കിടന്നാ മതി...നാളെ നേരം വെളുത്തോട്ടെ
എനിക്കറിയാം എന്താ ചെയ്യണ്ടതെന്ന്...”


“..........അഗാധത്തില്‍ നിന്നു നിന്നെ ഞാന്‍ വിളിക്കുന്നു
മരിച്ചവനെ ഉയിര്‍പ്പിക്കുന്നവനേ നിന്റെ തിരുനാമത്തിനു സ്തുതി...

കൈക്കൊള്ളണമേ ഹൃദയംഗമമാം
വിശ്വാസമോടെ ദാസര്‍ ചെയ്യും
ബലിയെന്‍ നാഥാ തിരുസന്നിതിയില്‍
................
...................
........മഴപെയ്യുമ്പോള്‍ വയലുകളില്‍
വിത്തുകള്‍ പൊട്ടി മുളയ്ക്കുന്നു
കാഹള നാദം കേള്‍ക്കുമ്പോള്‍........................”


“ടോണീ, സുഖമരണം, അധികം ഭൂമിയില്‍ നരകിക്കാതെ
പോയല്ലോ.. കൈയിലെന്തുപറ്റി കുറേ നേരമായി നിന്ന് കഴുകുന്നല്ലോ...”

“ചാണകത്തിന്റെ വല്ലാത്ത മണം... ന്‍‌ഹും!”17 comments:

സാല്‍ജോҐsaljo said...

“ഇത് വര്‍ത്തമാനകാലമാണ്.
പക്ഷേ വര്‍ത്തമാനം മാത്രമേയുള്ളൂ...!”

ഒരു ചെറിയ കഥ

കുഞ്ഞന്‍ said...

ഇന്നത്തെ കഥ നാളെയും തുടരാതിരുന്നാല്‍ മതി.. അതെങ്ങിനെയാ അപ്പനെയും അമ്മയെയും നോക്കാന്‍പോലും സമയമില്ലാതായല്ലൊ, ഈ എനിക്കും അതില്‍നിന്നും മോചനമില്ലല്ലൊ..!

സാല്‍ജോ... വര്‍ത്തമാനം നന്നായിട്ടുണ്ട്..!

പ്രയാസി said...

ചെറിയ കഥയാണെങ്കിലും വലിയൊരു കാര്യം..
പാവം വാര്‍ദ്ധക്യം..:(

Surya said...

നന്നായിരിക്കുന്നു സാല്‍ജോ.

സഹയാത്രികന്‍ said...

പലരും ഇങ്ങനെയാ... എല്ലാര്‍ക്കും തിരക്കുകളല്ലേ... അതിനിടേല്‍...

സാല്‍ജോ... നന്നായിട്ടുണ്ട്...
:(

ഏ.ആര്‍. നജീം said...

നോവു പകരുന്ന ഒരു കുടുമ്പ ചിത്രം...അഭിനന്ദനങ്ങള്‍..

ദിലീപ് വിശ്വനാഥ് said...

സാല്‍ജോ, വളരെ നല്ല വര്‍ത്തമാനം.

സണ്ണിക്കുട്ടന്‍ /Sunnikuttan said...

സാല്‍ജോ

നാന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍

ചീര I Cheera said...

ishTamaayi ezhuthth..
:)

asdfasdf asfdasdf said...

നന്നായി സാല്‍ജോ

Rasheed Chalil said...

നാളെ വൃദ്ധനാവും എന്ന് മറക്കുന്നിടത്ത് പലതും തുടങ്ങുന്നു... പഞ്ചായത്തുകള്‍ തോറും മുളച്ച് പൊന്തുന്ന വൃദ്ധസദങ്ങള്‍ ഒരു അപായ സൂചന തന്നെ...

കഥ നന്നായി.

Kaithamullu said...

സാല്‍ജോ,

ടോണിമാ‍രുടെ ലോകം!

പക്ഷേ ആ ചാണകമണം......
- shakespeare പറഞ്ഞപോലെ അറേബ്യയിലെ മുഴുവന്‍ സുഗന്ധങ്ങള്‍ക്കും കഴികിക്കളയാനാവുമോ അത്?

ഉപാസന || Upasana said...

SaljO bhaay

koLLaattO :))

upaasana

Ajith Polakulath said...

haai mashe kasari!!!

Sherlock said...

:)

Unknown said...

):

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

യാഥാര്‍ത്യങ്ങളുടെ പൊള്ളിക്കുന്ന ഉച്ചവെയില്‍
പ്രന്ജയുടെ പകലുകളില്‍ , വേദനയുടെ ചൂടുകാറ്റുയര്‍ത്തുന്നു ...
പെറ്റു പോറ്റിയോരുടെ വിലാപങ്ങളുരുക്കി ...
പുതുനാമ്പുകള്‍ക്കായ് താരാടു പാടുന്നു നമ്മള്‍
ശരിയേത് തെറ്റെതെന്നു അറിഞ്ഞിടുമ്പോഴേക്കും ..
കാലം കടന്നുപോയ് , നമുക്കും
ഒരുക്കഴിക്കാംഅപ്പോള്‍ .. അവഗണനയുടെ..
വിലാപ ഗീതങ്ങള്‍ .. കാലം മാത്രം മാറുന്നു
കഥയതു തുടരുന്നു ..തലമുറകള്‍ തോറും ..