Tuesday, July 24, 2007

നല്ല സമരിയാക്കാര്‍







കഥ : ആര്‍. രാധാകൃഷ്ണന്‍


***



കുറെയേറെ മാസങ്ങള്‍ ക്കു മുമ്പ്‌ ഏതോ വാരികയിലാണെന്നു തോന്നുന്നു ആഭരണം അണിയുന്ന പുരുഷന്മാരെ കളിയാക്കി പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ കിഷോര്‍ വായിച്ചത്‌.

ചെയിനും ബ്രേസ്‌ ലെറ്റും ധരിക്കുന്ന പുരുഷന്മാരെ "പെണ്ണാണന്മാര്‍" എന്നോ മറ്റോ ആണ്‌ അതില്‍ വിശേഷിപ്പിച്ചത്‌. സ്ത്രീ പുരുഷ ഭേദവും അംഗപ്രത്യംഗ പ്രത്യയശാസ്ത്രവും വിശകലനം ചെയ്ത്‌ പുരുഷന്മാര്‍ ആഭരണധാരികളാവേണ്ടതില്ലെന്ന് ശഠിച്ച ലേഖനത്തിന്‌ കൂട്ടുപിടിച്ചും സ്വയം ബോദ്ധ്യപ്പെട്ടും കിഷോര്‍ താന്‍ സ്ഥിരമായി ധരിക്കാറു ള്ള സ്വര്‍ണ്ണമാലയും വിവാഹമോതിരം വരെയും വീട്ടില്‍ വച്ചിട്ട്‌ 'നിരാഭരണനാ'യേ ഇപ്പോള്‍ പുറത്ത്‌ പോകാറുള്ളൂ.

ആരാലും തകര്‍ക്കപ്പെടാനാവില്ലെന്ന് കരുതപ്പെടുന്ന ബാങ്ക്‌ ലോക്കറുകളില്‍ 'അണിയല്‍ ഭാഗ്യം' നിഷേധിക്കപ്പെട്ട, ബഹുഭൂരിപക്ഷം മലയാളി സ്ത്രീകളുടെ ആഭരണക്കൂട്ടങ്ങളുടെ കൂട്ട ദൌര്‍ഭാഗ്യം കിഷോറിന്റെ ആഭരണങ്ങള്‍ ക്കും വന്നുചേര്‍ ന്നു എന്ന് മാത്രം കരുതുക.

കഴിഞ്ഞ രണ്ടുമൂന്ന് ദിവസത്തെ ഗതിവിഗതികള്‍ കിഷോറിന്റെ ഉറച്ച തീരുമാനത്തെ ഉലച്ചത്‌ ശ്രദ്ധിക്കുക.

കിഷോറിന്റെ അടുത്ത സുഹൃത്ത്‌ രാധേശ്യാമിനെ കാണാനിടയായപ്പോള്‍ അയാള്‍ പദ്ധതിയിട്ടിട്ട്‌ നടക്കാതെ പോയ പിക്ക്നിക്കിന്റെ കഥ പറഞ്ഞാണ്‌ തുടക്കം.

രാധേശ്യാം പറഞ്ഞു തുടങ്ങി.

"കുമാറും കുടുംബവും ഞാനും ജോസഫും പിന്നെ നമ്മുടെ രാജ്കുമാറും നെല്ലിയാമ്പതിയിലേയ്ക്ക്‌ പിക്നിക്‌ പ്ലാന്‍ ചെയ്തു. ഞങ്ങള്‍ മൂന്നു ഗ്രൂപ്പുകളായി കണ്ണാടി ജംഗ്ഷനില്‍ 8.30 ന്‌ കണ്ടു മുട്ടാമെന്ന് തീരുമാനിച്ച്‌ പിരിഞ്ഞതാണ്‌ കുമാറും കുടുംബവും. പറഞ്ഞ സ്ഥലത്ത്‌ 8.30 ന്‌ തന്നെ എത്തി. ഞാനും ജോസഫും പ്രതീക്ഷിച്ചതിലും അരമണിക്കൂര്‍ താമസിച്ചേ പുറപ്പെട്ടുള്ളുവെന്നതിനാല്‍ പത്ത്‌ മണിയ്ക്കേ എത്തിയുള്ളൂ. രാജ്കുമാറിന്‌ ഇനിയും അരമണിക്കൂര്‍ കഴിഞ്ഞേ പുറപ്പെടാനായുള്ളൂ എന്ന് ഊഹിച്ചാല്‍ തന്നെ പത്തരയ്‌ ക്കെങ്കിലും പറഞ്ഞയിടത്ത്‌ എത്തേണ്ടതല്ലേ? അവന്‍ എത്തിയില്ല!!

മണിക്കൂര്‍ തോതില്‍ സമയവും കി.മീറ്ററില്‍ ദൂരവും അടങ്ങുന്ന നൂമെറിക്‌ പസിലിലേതെന്ന പോലെ അമാന്തിച്ച മണിക്കൂറുകളും തരണം ചെയ്യേണ്ടുന്ന ദൂരവും കണക്കുകൂട്ടി പ്രശ്ന നിര്‍ധാരണത്തിന്‌ അവര്‍ മുതിര്‍ന്നില്ല.

രാജ്കുമാര്‍ വഴിയേ എത്തിക്കോളും എന്ന് സമാധാനിച്ച്‌ രണ്ട്‌ ബൈക്കുകളും നെല്ലിയാമ്പതിയ്ക്ക്‌ തിരിക്കാന്‍ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ നിര്‍ത്തിയതാണ്‌ പക്ഷേ, ജോസഫിന്റെ മനസ്സ്‌ ആശങ്കാകുലമാകുകയും വന്ന വഴിയില്‍ തിരികെ പോയി രാജ്കുമാറിനെ തെരയാന്‍ രാധേശ്യാമിനെ നിര്‍ബന്ധിക്കുകയും ചെയ്തു.

ജോസഫിനെ പുറകില്‍ കയറ്റി രാധേശ്യാം തന്റെ യമഹ തിരിച്ചു വിട്ടു.

രാജ്കുമാര്‍ പുറപ്പെടേണ്ട സ്ഥലം വരെ ഡ്രൈവ്‌ ചെയ്തിട്ടും പ്രയോജനമുണ്ടായില്ല.

സൂര്യന്‍ ഉച്ചത്തിലാവുകയും അവരുടെ പിക്നിക്കിനായി കണ്ടുവച്ച സുവര്‍ണ്ണ സമയം നഗരപരിസരത്ത്‌ തന്നെ പാഴാവുകയും ചെയ്തുകൊണ്ടിരുന്നു.

നിരാശരായി തിരിച്ച്‌ വരുമ്പോള്‍ കുറച്ചകലെ പാടത്തേയ്ക്ക്‌ ഒരു വശം ചരിഞ്ഞു കിടക്കുന്ന ബൈക്ക്‌.

റോഡ്‌ വിജനവും ബൈക്ക്‌ അനാഥവും ആയിരുന്നു. തിരക്കിട്ട്‌ അങ്ങോട്ടുപോയപ്പോള്‍ അത്‌ ശ്രദ്ധിക്കാതെ പോയതോ?

പെട്ടെന്ന് ബൈക്ക്‌ നിര്‍ത്തി.

തിരക്കിയപ്പോള്‍ ബൈക്ക്‌ യാത്രികനെ തട്ടിയിട്ട്‌ പാണ്ടി ലോറി നിര്‍ത്താതെ ഓടിച്ചു പോയതും അയാളെ വേഗം ആശുപത്രിയില്‍ എത്തിക്കാനുള്ള ഏര്‍പ്പാടാക്കിയതും അറിയാന്‍ കഴിഞ്ഞു.

ബൈക്ക്‌ യാത്രികന്റെ അടയാളങ്ങള്‍ രാജ്കുമാറിന്റെ പ്രകൃതത്തോട്‌ യോജിയ്ക്കുകയുണ്ടായിട്ടും ബൈക്കിന്റെ നമ്പര്‍ കൃത്യമായി ഓര്‍മ്മയില്ലാത്തതിനാല്‍ നൂറു ശതമാനം വിശ്വാസം വരാതെ ആശുപത്രിയില്‍ പോയി തിരിക്കാന്‍ അവര്‍ തീരുമാനിച്ചു. (പിന്നീട്‌ അയാള്‍ രാജ്കുമാര്‍ തന്നെയെന്ന് സ്ഥിരീകരിക്കപ്പെട്ടു.)

ചായക്കടയില്‍ ഇരുന്ന രണ്ടു ചെറുപ്പക്കാര്‍ അപകടത്തില്‍ പ്പെട്ട തങ്ങളുടെ സുഹൃത്തിനെ ഒരു ടാക്സിയില്‍ കയറ്റി ജില്ലാ ആശുപത്രിയിലേക്ക്‌ പോയിക്കഴിഞ്ഞുവെന്നും കൈലി മുണ്ടും ഉടുപ്പും ധരിച്ച ആ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ അവസരത്തിനൊത്ത്‌ ഉയര്‍ന്നതാകയാല്‍ രാജ്കുമാര്‍ രക്ഷപ്പെടുമെന്നും അവിടെ കൂടിയിരുന്നവര്‍ കൂട്ടിചേര്‍ത്തു.

ജില്ലാ ആശുപത്രിയില്‍ നിന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ ട്രസ്റ്റിലേക്ക്‌ കൊണ്ടുപൊയ്‌ ക്കൊള്ളാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ രോഗിയെ അതേ ടാക്സിയില്‍ തന്നെ അവിടെ എത്തിക്കുകയുണ്ടായി.

രണ്ടു ദിവസത്തെ തീവ്രപരിചരണത്തിനുശേഷം സുഖം പ്രാപിച്ച രാജ്കുമാര്‍ തന്റെ സുഹൃത്തുക്കളോട്‌ പറഞ്ഞതിലെ ആശയമാണ്‌ നമ്മുടെ കഥാനായകന്‍ കിഷോറിനെ തന്റെ തീരുമാനത്തെക്കുറിച്ച്‌ രണ്ടാമതൊന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്‌.

തലപൊട്ടി ചോരവാര്‍ന്ന് തളര്‍ന്ന് കിടന്ന രാജ്കുമാറിനെ അരുകില്‍ കിടത്തി ആ ചെറുപ്പക്കാര്‍ ഇടയ്‌ ക്കെപ്പോഴോ നടത്തിയ സംഭാഷണ ശകലമാണ്‌ സുഹൃത്തുക്കള്‍ക്കായി അയാള്‍ ഉദ്ധരിച്ചത്‌.

പാതിബോധത്തില്‍ പ്രതികരിക്കാനാവാതെ രാജ്കുമാര്‍ സശ്രദ്ധം കേട്ടത്‌ ഇങ്ങനെയായിരുന്നു.

ഒന്നാമന്‍: "എടാ, പ്രത്യേകിച്ച്‌ ഒരു വരുമാനവുമില്ലാത്ത നമ്മള്‍ ഇദ്ദേഹത്തെ രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയിട്ട്‌ ടാക്സി ചാര്‍ജ്ജും മെഡിക്കല്‍ ട്രസ്റ്റ്‌ ഫീസും നമുക്ക്‌ പ്രശ്നം ആവുമോ?".

രണ്ടാമന്‍: "യൂ ഡോണ്ട്‌ വറി മാന്‍, ഇദ്ദേഹത്തിന്റെ കഴുത്തിലെ സ്വര്‍ണ്ണച്ചങ്ങലയും വിരലിലെ മോതിരവും തീരുന്നതുവരെയാകാമല്ലോ നമ്മുടെ സഹായം ചെയ്യല്‍ സാഹസം!!"

പുതിയ 'നല്ല സമരിയാക്കാരാ'യ ചെറുപ്പക്കാരെ മനസ്സിലാക്കിയ കിഷോര്‍ പൂട്ടിവച്ച ആഭരണങ്ങള്‍ തിരികെയെടുത്ത്‌ അണിയാന്‍ തീരുമാനിക്കുകയായിരുന്നു. ധാരാളം നല്ല സമരിയാക്കാര്‍ ഉള്ള സമൂഹത്തില്‍ പുത്തന്‍ സാമ്പത്തിക നയങ്ങളില്‍ സ്വയം വിഭവ സമാഹരണം മുഖ്യ അജണ്ടയും ഉപായവും ആയിരിക്കുമ്പോള്‍ കിഷോറിനുണ്ടായ മാനസിക ഉണര്‍വ്‌ വായനക്കാര്‍ ക്കും ആശംസിക്കുന്നു.

Saturday, July 14, 2007

സൈബര്‍ മാന്‍









കഥ : ജയേഷ്. എസ്
~~~~~~~~~~~~

പുറം ലോകത്തെത്തിയപ്പൊള്‍ ആകെയൊരു അസ്വസ്ഥത. നേരം സന്ധ്യയായിരുന്നു. നിരത്തുകളില്‍ വന്‍ തിരക്ക്. ഹെഡ് ലൈറ്റുകളുടെ നീളന്‍ വെളിച്ചങ്ങളില്‍ നഗരം തെളിഞ്ഞും മാഞ്ഞും കാണപ്പെട്ടു. സാധാരന ഇത്ര വൈകാറില്ല. ഓഫീസില്‍ നിന്നും നേരെ വീട് പറ്റുകയാണ്‌ പതിവ്. ഇന്നെന്തോ ചാറ്റിങ്ങില്‍ കുടുങ്ങി. ആരോ നിയന്ത്രിച്ചെന്ന പോലെയാണ്‌ കാര്യങ്ങള്‍ നീങ്ങിയത്

ഇന്നെന്തോ എല്ലാം തോന്നലാണല്ലോയെന്ന് ചിന്തിച്ച് കൊണ്ട് അകത്ത് കയറി. നീണ്ട് മെലിഞ്ഞ മാനേജര്‍ സൌഹൃദഭാവത്തില്‍ ചിരിച്ചു. ഒരു പ്രത്യേക തിളക്കം അയാളുടെ മുഖത്ത് പതിഫലിക്കുന്നുണ്ടായിരുന്നു. പതിവിന്‌ വിപരീതമായി ഇന്ന് നല്ല കച്ചവടം നടന്നിട്ടുണ്ടാകണം . പുതിയ പുസ്തകങ്ങളുടെ ഒരോ കോപ്പി വീതം മേശപ്പുറത്ത് വച്ചിട്ടുണ്ടായിരുന്നു. ഓരോന്നായി എടുത്ത് നോക്കി. ഡ്രാക്കുള പുതിയ പതിപ്പ്, ഷെര്‍ ലക് ഹോം സ് സമ്പൂര്‍ണ്ണ കൃതികള്‍ , അല്ലന്‍ പോ കഥകള്‍ .. ആകെ ഒരു ക്രിമിനല്‍ അന്തരീക്ഷം മേശപ്പുറത്ത്. നോട്ടമുടക്കിയത് വിശ്വപ്രസിദ്ധ പ്രേതകഥകള്‍ എന്ന പുസ്തകത്തിലായിരുന്നു. എന്താണെന്നറിയില്ല പെട്ടെന്ന് തന്നെ ആ പുസ്തകം ഞാന്‍ സ്വന്തമാക്കി.

അന്നേരം പുസ്തകങ്ങള്‍ നോക്കിക്കൊണ്ടിരുന്ന ഒരാള്‍ അടുത്ത് വന്നു. അയാള്‍ പരിചയ ഭാവത്തില്‍ ചിരിച്ചു. ഞാനും . പുറത്തേയ്ക്കിറങ്ങുമ്പൊള്‍ അയാളും കുടെയിറങ്ങി.
" മി. ഗോപിയല്ലേ ? "
അയാള്‍ ചോദിച്ചു. ഞാന്‍ അത്ഭുതത്തോടെ അതേയെന്ന് പറഞ്ഞു.
" ക്ഷമിക്കണം എനിക്ക് താങ്കളെ മനസ്സിലായില്ല. " ഞാന്‍ പറഞ്ഞു.
" അതിന്‌ ഗോപി എന്നെ മുന്‍ പ് കണ്ടിട്ടില്ലല്ലോ "
അയാള്‍ വെടി പൊട്ടും പോലെ ചിരിച്ചു। ഇങ്ങനെ ചിരിക്കാന്‍ മാത്രം എന്ത് ഫലിതമാണ്‌ അയാള്‍ പറഞ്ഞതെന്ന് ഞാന്‍ ആലോചിച്ചു.

വായ ഒരു പ്രത്യേക രീതിയില്‍ വക്രിച്ചുള്ള ആ ചിരി മനം പിരട്ടലുണ്ടാക്കുന്നതായിരുന്നു. വിഴുങ്ങാനടുക്കുന്ന രാക്ഷസന്റേത് പോലെ . വായില്‍ തേറ്റകളുണ്ടോയെന്നായി പിന്നെ സംശയം .
" ഗോപി വരൂ " അയാള്‍ എന്റെ തൊളില്‍ കയ്യിട്ട് വിളിച്ചു എനിക്ക് എതിര്‍ക്കാന്‍ കഴിയാത്ത വിധം ആജ്ഞാശക്തി അയാളുടെ ശബ്ദത്തിനുണ്ടായിരുന്നു. ഞാന്‍ അനുസാണയോടെ നടന്നു. ഞങ്ങള്‍ ഒരു ബാറിലേയ്ക്കാണ്‌ കയറിയത്. ഞാന്‍ വല്ലപ്പോഴുമൊക്കെ മദ്യപിക്കാറുണ്ട്. എങ്കിലും ഇപ്പോഴത്തെ പോക്ക് ആദ്യമായി ബാറില്‍ കയറിയപ്പോഴത്തെ പോലെ ഭയം ഉളവാക്കി. വട്ടമേശകള്‍ ക്ക് ചുറ്റുമിരുന്ന് മദ്യപിക്കുന്നവരെ കണ്ടപ്പോള്‍ ഭയം അധികമായി. തല കറങ്ങുന്നത് പോലെ. എന്നെ താങ്ങിക്കൊണ്ട് പോയായിരിക്കണം അയാള്‍ കസേരയിലിരുത്തിയത്.

ഓര്‍ഡര്‍ കൊടുത്തതും അയാള്‍ തന്നെ. എനിക്ക് വോഡ്കയാണ്‌ ഇഷ്ടമെന്ന് അയാള്‍ എങ്ങിനെയറിഞ്ഞു ? ബോധക്കേടിനിടയില്‍ എപ്പോഴെങ്കിലും പറഞ്ഞിരിക്കണം . ഓര്‍ മ്മയില്ല... മുന്നില്‍ മഞ്ഞ് പെയ്യുന്ന ഗ്ലാസ്സ് ...
എന്റെ നോട്ടത്തിന്റെ അര്‍ ഥം മനസ്സിലാക്കിയെന്ന പോലെ അയാള്‍ പറഞ്ഞു .
" ഞാന്‍ മദ്യപിക്കാറില്ല "
" പക്ഷേ , താങ്കള്‍ ആരാണെന്ന് എനിക്കിപ്പോഴും മനസ്സിലായില്ല. "
" ഓഹ് .. പക്ഷേ ഇന്ന് വൈകുന്നേരം നമ്മള്‍ ഒരുപാട് സം സാരിച്ചു "
" എപ്പൊള്‍ "
" ഇന്ന് ചാറ്റ് റൂമില്‍ വച്ച് പരിചയപ്പെട്ട സൈബര്‍ മാന്‍ എന്നൊരാളെ ഓര്‍മ്മയുണ്ടോ ? അത് ഞാനാണ്‌ "
ഓര്‍മ്മ കുഞ്ഞോളങ്ങളായി മനസ്സില്‍ തിരയടിക്കുന്നുണ്ടായിരുന്നു. പതുക്കെപ്പതുക്കെ തെളിഞ്ഞ് വന്നു. അതെ, ഇന്ന് ഏറെ നേരം അയാളുമായി സം സാരിച്ചിരുന്നു.
" പക്ഷേ, നിങ്ങള്‍ ദുരെയെവിടെയോ ആണെന്നല്ലേ പറഞ്ഞത് ? "
" ഇപ്പോഴും ദൂരെയാണെന്ന് ഗോപി വിചാരിച്ചോളൂ .. പിന്നെ ദൂരവും അടുപ്പവുമെല്ലാം നമുക്കിഷ്ടമുള്ളത് പോലെ മാറ്റാവുന്നതല്ലേ ? "
ഇന്നാളൊരിക്കല്‍ വായിച്ച ഫ്രെഞ്ച് നോവലിലെ നായകനെപ്പോലെയായിരുന്നു അയാളുടെ സം സാരം വേറെ ഏതോ ഭാഷയില്‍ ചിന്തിച്ച് മലയാളത്തിലേയ്ക്ക് വിവര്‍ ത്തനം ചെയ്യുന്നത് പോലെ

" ശരി " ഞാന്‍ പറഞ്ഞു। എങ്ങനെയെങ്കിലും ഒന്ന് പോയിക്കിട്ടിയാല്‍ മതിയെന്നായി. അതേ സമയം എന്നെ ഏതോ ഒരു ശക്തി അയാളോട് പിടിച്ചു നിര്‍ ത്തുന്നത് പോലെയുണ്ടായിരുന്നു. അയാള്‍ എന്തൊക്കെയോ സം സാരിച്ചു. പകുതിയും എന്റെ കാതിലെത്താതെ അന്തരിക്ഷത്തില്‍ അലിഞ്ഞുപോയി. പുറത്ത് ഇരുട്ടിന്‌ കനം കൂടിയിട്ടുണ്ടാകും ॥

ബില്‍ അയാള്‍ തന്നെ കൊടുത്തു. പുറത്തിറങ്ങിയപ്പോഴാണ്‌ ഓര്‍ ത്തത് പുസ്തകം മറന്നു. തിരികെ പോകാന്‍ തുടങ്ങിയപ്പൊള്‍ അയാള്‍ തടുത്തു. എന്നിട്ട് പുസ്തകം എന്റെ നേരെ നീട്ടി.
" മറക്കുമെന്ന് എനിക്കറിയാമായിരുന്നു"
അയാള്‍ എന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് അപ്പോഴാണ്‌ മനസ്സിലായത്. " വരൂ " അയാള്‍ ക്ഷണിച്ചു.
" ഞാന്‍ വീട്ടിലേയ്ക്കാണ്‌ "
" എനിക്കറിയാം ॥ ഞാനും അ വഴിയ്ക്കാണ്‌ " അയാള്‍ പറഞ്ഞു
എന്നിട്ട് അയാള്‍ നടക്കാന്‍ തുടങ്ങി. കുറച്ചടികള്‍ വച്ചിട്ട് തിരിഞ്ഞു നിന്നു. " വരൂ.. ഒന്നിച്ച് പോകാം "
ഹെഡ് ലൈറ്റുകളുടെ കൂറ്റന്‍ പ്രകാശപ്പാലങ്ങള്‍ ഇരുട്ടിലെവിടെയോ അവസാനിക്കുന്നു। ദൂരെ നിന്നും വരുന്ന വെള്ളപ്പൊട്ടുകള്‍ അടുത്തെത്തുമ്പൊള്‍ ഭീമാകാരനായ ലോറിയാകുന്നു. വെളിച്ചം തലയിലടിച്ച് പാതിമയക്കത്തില്‍ ഞാന്‍ നടന്നു. ഇടയ്ക്ക് കാലിടറുമ്പോള്‍ അയാള്‍ താങ്ങുന്നതറിയുന്നുണ്ടായിരുന്നു. കുറച്ച് ദൂരമായപ്പൊള്‍ വല്ലാത്ത ക്ഷീണം തോന്നി. അയാള്‍ അതും മനസ്സിലാക്കി. ഒരു കലുങ്കില്‍ എന്നെയിരുത്തി അയാളും അടുത്തിരുന്നു.
" നിങ്ങളെപ്പറ്റി ഒന്നും പറഞ്ഞില്ല " ഞാന്‍ ചോദിച്ചു
" " പറയാന്‍ മാത്രമൊന്നുമില്ല. ഒരു സൈബര്‍ മാന്‍ .. അത്രയും അറിഞ്ഞാല്‍ മതി "
അയാള്‍ വീണ്ടും ആ ഭയാനകമായ ചിരി ചിരിച്ചു. വഴിവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ അത് ആദ്യം ചിരിച്ചതിനേക്കാള്‍ ഭീകരമായി തോന്നി. ഇത്തവണ ഒരു തരം അറപ്പാണ്‌ ഉണ്ടായത്. പുളിച്ച നാറ്റം അയാളുടെ ശ്വാസത്തിന്‌. മാം സം തുളച്ച് പുറത്ത് ചാടിയ എല്ലിന്‍ കഷ്ണത്തിന്റെ നിറമായിരുന്നു പല്ലുകള്‍ ക്ക്.
" പോകാം ? " അയാളോ ഞാനോ ചോദിച്ചു. വീണ്ടും നടത്തം .
" എന്റെ വീട്ടിലേയ്ക്ക് സെമിത്തേരി വഴിയാ പോകേണ്ടത് .. പേടിയൊന്നുമില്ലല്ലോ അല്ലെ? "
" എനിക്കും ആ വഴിയാ .. ഇപ്പോ ഒരു കൂട്ടുണ്ടല്ലോ "
" ആ വഴിയ്ക്കെവിടെ ? "
" സെമിത്തേരിയുടെ തെക്ക് ഭാഗത്ത് "
സെമിത്തേരിയുടെ തെക്ക് ഭാഗത്ത് വേറെ വീടുകളൊന്നും ഇല്ലായിരുന്ന് ഉറപ്പായിരുന്നു। കയറ്റം കഴിഞ്ഞ് പള്ളിയും കടന്നാലേ ആദ്യത്തെ വീട് കാണൂ. ചിലപ്പൊള്‍ വടക്ക് ഭാഗത്തായിരിക്കും . അയാള്‍ ക്ക് തെറ്റിയതായിരിക്കും .
" അവിടെ വീടുകളൊന്നും ഇല്ലല്ലോ " ഞാന്‍ അല്പം കടുപ്പിച്ച് ചോദിച്ചു.
" ഞാന്‍ പുതിതായി വന്നതാണ്‌ " അയാള്‍ പറഞ്ഞു। അയാളുടെ കണ്ണുകള്‍ നൂറ്റാണ്ടുകള്‍ ക്കപ്പുറത്ത് നിന്നുമെന്നപോലെ ഉണ്ടായിരുന്നു. വിളക്കുമരങ്ങളുടെ ചുവട്ടില്‍ മാത്രം വെളിച്ചം തളം കെട്ടി നിന്നു. പിന്നെയെല്ലാം കൂരിരുട്ട്. അപ്പൊള്‍ പോലും അയാളുടെ കണ്ണുകള്‍ പ്രകാശിക്കുന്നുണ്ടായിരുന്നു .

മുഴച്ച് നില്‍ ക്കുന്ന കവിളെല്ലുകള്‍ കനത്ത് നിന്നു. എങ്കിലും മൊത്തത്തില്‍ ഒരു ശാന്തത സൃഷ്ടിക്കാന്‍ അയാള്‍ ശ്രദ്ധിച്ചിരുന്നു. നടത്തം നിലച്ചതായി പിന്നെയാണ്‌ ഓര്‍ത്തത് .
" വരൂ " പതിവ് പോലെ എന്റെ മനസ്സ് വായിച്ച് അയാള്‍ പറഞ്ഞു.
" എത്ര നാളായി ഇവിടെ താമസം തുടങ്ങിയിട്ട് ? "
" രണ്ട് മൂന്ന് ദിവസങ്ങള്‍ .. എല്ലാം ഒന്നിണങ്ങിവരുന്നതേയുള്ളു .. ഗോപിയാണ്‌ എന്റെ ആദ്യത്തെ സുഹൃത്ത് "
" മുമ്പ് എവിടെയായിരുന്നു ?"
" പലയിടത്തും .. സൈബര്‍മാന്‌ അങ്ങനെ ഇന്നയിടം എന്നൊന്നുമില്ല "
അയാള്‍ പിന്നേയും ചിരിച്ചു। ഇത്തവണ പേടിപ്പെടുത്തിയില്ല. എന്തോ ജ്ഞാനികള്‍ ചിരിക്കുന്നത് പോലെ അര്‍ഥപൂര്‍ണ്ണമായ ചിരി. പിന്നെയൊന്നും ചൊദിക്കാന്‍ തോന്നിയില്ല. വഴി നീളുന്തോറും നിശ്ശബ്ദത വര്‍ ധിച്ചു. ഇരുവശത്തും പാഴ്ച്ചെടികളും കുട്ടിക്കാടുകളുമാണ്‌. എന്തോ ഇഴയുന്ന ശബ്ദം കേട്ടു

" വല്ല ചേരയുമായിരിക്കും । " അയാള്‍ പറഞ്ഞു. തണുത്ത കാറ്റ് വിശുന്നുണ്ടായിരുന്നു. എവിടെയോ മഴ പെയ്യുന്നുണ്ട്. ഒരു കാലന്‍ കോഴി നിര്‍ ത്താതെ കൂവുന്നു. ഞാന്‍ പുസ്തകം മാറോടടക്കിപ്പിടിച്ച് നടന്നു. ഇനിയങ്ങോട്ട് ടാര്‍ റോഡ് അവസാനിക്കുകയാണ്‌. പൊട്ടിപ്പൊളിഞ്ഞ മണ്‍ പാതയാണിനി. വഴിവിളക്കുകളും ഇല്ല. പരിചയമുള്ള വഴിയായത് കൊണ്ട് തപ്പിത്തടഞ്ഞ് പോകാം . എങ്കിലും ഇഴ ജന്തുക്കള്‍ ധാരാളമുണ്ട്. ഏതാ കടിച്ചതെന്ന് പോലും പറയാന്‍ പറ്റില്ല.
" കാലിന്‌ ഇപ്പോഴും ആ പരിക്കുണ്ടല്ലേ ? " അയാള്‍ ചോദിച്ചു
" ങ്ഹാ , ശരിയായിട്ടില്ല " ഞാന്‍ പറഞ്ഞു. അടുത്ത നിമിഷമാണ്‌ ആലോചിച്ചത്. ഇയാള്‍ ഇതെങ്ങനെ അറിഞ്ഞു ? മാസങ്ങള്‍ ക്ക് മുമ്പ് ഒരു അപകടത്തില്‍ കാലൊടിഞ്ഞിരുന്നു . നടക്കുമ്പൊള്‍ ചെറിയ മുടന്തുണ്ട.
" നിങ്ങള്‍ ? " എന്നെ മുഴുവനാക്കാന്‍ അയാള്‍ സമ്മതിച്ചില്ല. തുളച്ച് കയറുന്ന ഒരു നോട്ടത്തില്‍ എന്നെ നിശ്ശബ്ദനാക്കി.
" സൈബര്‍ മാന്‌ സ്ഥലം കാലം എന്നൊന്നുമില്ല। എല്ലായിടത്തുമുണ്ട് ഞാന്... എപ്പോഴും ॥ "

സെമിത്തേരി മതിലിന്റെ അടുത്തെത്തിയപ്പോള്‍ അയാള്‍ നിന്നു. കുരിശുരുപങ്ങള്‍ മഞ്ഞിലെയ്ക്ക് തലയുയര്‍ ത്തി നില്‍ ക്കുന്നത് കാണാമായിരുന്നു. ആരുടെയൊക്കെയോ ആത്മശാന്തികള്‍ . കാലന്‍ കോഴിയുടെ കരച്ചില്‍ പിന്തുടരുന്നു.
" ഞാന്‍ കൂടെ വരണോ ? " അയാള്‍
" വേണ്ട .. നിങ്ങളുടെ വീടെവിടെയാ ? "
" അടുത്ത് തന്നെ..എന്നാല്‍ ഗോപി പൊയ് ക്കോളൂ "
" ഇല്ല.. നിങ്ങളുടെ വീട് കണ്ടിട്ട് പോകാം .. ഇത്രയും ദൂരം ഒന്നിച്ച് വന്നതല്ലേ "

സെമിത്തേരി മതിലിന്റെ അടുത്തെത്തിയപ്പോള്‍ അയാള്‍ നിന്നു. കുരിശുരുപങ്ങള്‍ മഞ്ഞിലെയ്ക്ക് തലയുയര്‍ ത്തി നില്‍ ക്കുന്നത് കാണാമായിരുന്നു. ആരുടെയൊക്കെയോ ആത്മശാന്തികള്‍ . കാലന്‍ കോഴിയുടെ കരച്ചില്‍ പിന്തുടരുന്നു.
" ഞാന്‍ കൂടെ വരണോ ? " അയാള്‍
" വേണ്ട .. നിങ്ങളുടെ വീടെവിടെയാ ? "
" അടുത്ത് തന്നെ..എന്നാല്‍ ഗോപി പൊയ് ക്കോളൂ "
" ഇല്ല.. നിങ്ങളുടെ വീട് കണ്ടിട്ട് പോകാം .. ഇത്രയും ദൂരം ഒന്നിച്ച് വന്നതല്ലേ "
അയാള്‍ മറുപടി പറഞ്ഞില്ല। പെട്ടെന്ന് ഒരു മൂടല്‍ മഞ്ഞ് കാഴ്ചയെ മറച്ചു.
ഒരു മിന്നായം പോലെ തോന്നി। തിരിഞ്ഞ് നോക്കിയപ്പോള്‍ അയാളെ കാണാനില്ലായിരുന്നു। താന്‍ അവിടെ ഒറ്റപ്പെടുകയാണെന്നറിഞ്ഞപ്പോള്‍ ....

എന്തൊക്കെയോ ചോര്‍ ന്നൊലിക്കുന്നത് പോലെ..
***

മനുഷ്യര്‍ ആപ്പിള്‍ പകുത്തപ്പോള്‍..








കഥ : മുസിരിസ്
~~~~~~~~~~~

വൈകുന്നേരത്തെ ചായ കുടിയും കഴിഞ്ഞ് ടി വി ക്കു മുമ്പില്‍ ,ഒരു വിദേശ വാര്‍ത്ത ചാനലില്‍ ചാവേര്‍ ആക്രമണത്തെകുറിച്ചുള്ള എക്സ്ക്ലുസീവ് വാര്‍ത്ത കണ്ടു.. ചാവേര്‍ ആക്രമങ്ങളേകുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ടും. സ്ക്രീനില്‍ നിറഞ്ഞു നിന്ന ആക്രമണത്തില്‍ മരിച്ച ആ ആര്‍മി ഓഫീസറെയും പിന്നെ ചാവേറായ ആ പതിമൂന്ന് വയസ്സ് തോന്നിപ്പിക്കുന്ന ആ ബാലനേയും കണ്ടപ്പോള്‍ എങ്ങോ ആരോ എഴുതാതെ പോയ ഒരു കഥയിലെ കഥാപാത്രങ്ങളായി എനിക്ക് തോന്നി.

ഇപ്പോള്‍ ഞാന്‍ എന്റെ കഥയിലെ കാഥാപാത്രങ്ങളാവന്‍ അവരെ ക്ഷണിക്കുന്നു.
ഇനി ഞാന്‍ മെനഞ്ഞ കഥ നിങ്ങളോട് പറയട്ടെ?

അന്ന് റൊട്ടിവില്‍പ്പനക്കാരെ തീവ്രവാദികള്‍ ആക്രമിച്ചപ്പോള്‍ എബ്രഹാം സാമുവലിന്റെ ജൂനിയര്‍ ഓഫീസറാണ് അവനെ രക്ഷിച്ചതും അതിനു ശേഷം തങ്ങളുടെ കസ്റ്റഡിയില്‍ ആക്കിയതും പിന്നെ ഓഫീസര്‍ മുമ്പാകെ ഹാജരാക്കി. ആദ്യം, വേഷത്തില്‍ തീവ്രവാദിയെ പോലെ തോന്നിപ്പിച്ചുവെങ്കിലും ആ കണ്ണുകളിലെ ശാന്തതയും, മുഖത്തെ നിഷ്കളങ്കതയുമാണ് ആര്‍മിഓഫിസര്‍ തങ്ങളുടെ കസ്റ്റടിയില്‍ നിന്നും അവനെ മോചിതനാക്കാന്‍ കാരണം.

.. മുരടന്‍ സ്വഭാവമുള്ള അയാളെ തന്റെ സംസാരപാടവത്തിലായിരുന്നു അവന്‍ കീഴടക്കിയത്, ചെറുപ്പക്കാരനായ ആ യുവാവിലെ ദേശീയ സമാധാന ചിന്തകളും തീവ്രവാദപക്ഷമല്ലാത്ത സംസാരരീതിയും, ഒപ്പം തീക്ഷണതയേറിയ ഉദിച്ച് നില്‍ക്കുന്ന ആ കണ്ണുകളും അയാളെ അവനുമായി അടുപ്പിച്ചു, അച്ഛന് മകനോട് തോന്നുന്നതുപോലെയുള്ള സ്നേഹവും വാത്സല്യവും.

മിലിട്ടറി ക്യാമ്പിനു കുറച്ചകലെയായി റൊട്ടിവില്‍ക്കാന്‍ വന്നവനാണ് ഫിറോസ് ,ഭക്ഷ്ണവസ്തുക്കള്‍ വില്‍ക്കുന്നതില്‍ അവര്‍ക്ക് ആഭാഗങ്ങളില്‍ പ്രവേശിക്കുന്നതില്‍ വിലക്കുകള്‍ ഇല്ലായിരുന്നു.

മഞ്ഞിലകള്‍ പൊഴിഞ്ഞു വീണ മനോഹരമായ ആ വഴിയിലൂടെ ആ നടത്തം അവനിഷ്ടമാണ് പലപ്പോഴും അവന്‍ സംസാരിക്കാറുള്ളത് ഇവിടുത്തെ വഴിയോരങ്ങളെ കൂറിച്ചാണ്, അവിടെയുള്ളവരുടെ ജീവിതവും മറ്റും യുദ്ധത്തിന്റെ അനന്തരഫലങ്ങള്‍ ജനജീവിതത്തെ ബാധിക്കുന്നതു പോലും,വഴിയോരക്കാഴ്ചകളിലെ അനാഥത്വം എല്ലാം, അവനിലെ യുവാവിന്റെ താത്വിക ചിന്തകള്‍ മാത്രം ആയിരിക്കാം ഇതെല്ലാം.











വര : രാജന്‍ പി.ആര്‍








പലപ്പോഴും മടുപ്പുതോന്നിയെങ്കിലും അയാള്‍ തടിച്ച ചെമ്പിച്ച മീശ വളച്ചു കൊണ്ട് മൂളിയും മറ്റും ഉത്തരം അയാള്‍ നല്‍കുന്നുണ്ടായിരുന്നു, എത്രയൊ നെഞ്ചുകളില്‍ താന്‍ ബുള്ളറ്റുകള്‍ തുളച്ചു കയറ്റിയിരിക്കുന്നു ചോര ചീന്തി യിരിക്കുന്നു പലപ്പോഴുമായ് എത്രപേരുടെ ചുടുചോരയില്‍ മുഖം കഴുകി വിയര്‍പ്പിനേക്കാളും പരിചയം ചുടുചോരയോടാണ്

മുകളില്‍ അയാളുകാരണം ഉദിച്ചുയര്‍ന്ന നക്ഷത്രങ്ങളുടെ അത്രയും എണ്ണം അയാളുടെ യൂണിഫോമിലും ഉണ്ടായിരുന്നു.

ചാവേറുകളുടെ ഏറ്റം എപ്പോള്‍ എങ്ങനെയെന്നു പോലും പറയാന്‍ പറ്റില്ല.. പലപ്പോഴുമായ് എത്രതവണ തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പേട്ടിരിക്കുന്നു അയാള്‍ ഈ നാട്ടുകാരന്‍ ആയിരുന്നെങ്കിലും വംശീയ കലാപത്തില്‍ ഇവിടെ നിന്നും അവിടേക്ക്,അന്ന കുടികയറിയ നാളു മുതല്‍ ആരാജ്യത്തിലെ കരസേനാ വിഭാഗത്തിലും പിന്നീട് ഉന്നത പതവികള്‍ ഇപ്പോള്‍ ഒരു ആഴ്ചയായതേ ഉള്ളൂ ഇവിടെ ആര്‍മിതലവനായി ചാര്‍ജ്ജെടുത്തിട്ട്.

വേണമെങ്കില്‍ ഒരു പുനര്‍ജന്മം എന്നു തന്നെ പറയാം താന്‍ ജനിച്ച മണ്ണിലേക്ക് ആ പഴയ ഗ്രാമത്തിലേക്ക്, വീണ്ടും അതും ഒരു അന്യരാജ്യക്കാരന്റെ നേഷണാലിറ്റിയില്‍ തെരുവുകള്‍, അടിമകള്‍,ചന്തകള്‍ വേശ്യാലയങ്ങള്‍ ഒന്നും തന്നെ ഇപ്പോള്‍ കാണാനില്ല. എല്ലാം അപ്രത്യക്ഷമായിരിക്കുന്നു എല്ലാം നശിച്ചിരിക്കുന്നു. എവിടെ നോക്കിയാലും ഒന്നുകില്‍ സൈന്യത്തിന്റെ ആക്രമണം അല്ലെങ്കില്‍ ചാവേറുകള്‍ അതുമല്ലെങ്കില്‍ മറ്റു തീവ്രവാദികളുടെ ട്രെയ്നിങ്ങ് പരേഡുകള്‍. തെരുവിലെ വീഥികളില്‍ ചോരക്കറകള്‍,മൃഗങ്ങളുടെ അഴിഞ്ഞ ശരീരങ്ങള്‍.



കുറച്ചങ്ങനെ നടന്നപ്പോള്‍ അയാള്‍ ആ കെട്ടിടത്തിലേക്ക് നോക്കി. ഒരു പഴയ വില്ല അയാള്‍ അവിടെക്കു കയറാന്‍ തുനിഞ്ഞു ബോംബേറുകളിലും വെടിവെപ്പിലും ഒട്ടുമുക്കാലും നശിച്ച ആ കെട്ടിടത്തിലെ ചുമരുകള്‍ അയാള്‍ തടവി നിന്നു

ഫിറോസ്, അവന്‍ ഉത്സാഹത്തോടെ അയാളേയും മറികടന്ന് ആ വില്ലയുടെ ഉള്ളില്‍ കയറി, അയാള്‍ അവനെ പിന്‍ തുടര്‍ന്നു “ഫിറോസ് നീ എവിടെ പോയി ? നീയെവിടേ.... എന്നെ കളിപ്പിക്കല്ലേ നിനക്കറിയില്ല ഈ കെട്ടിടം അപകടം നിറഞ്ഞതാണ് നീ കുട്ടിയാണ്” അയാള്‍ ഇരുണ്ട മുറികള്‍ ഇട നാഴികള്‍ കയറി ഇറങ്ങി അയാളുടേ മുഖത്ത് ഭയം വന്നോ?

“നീ വാ‍.. ഞാന്‍ പോകുകയാണ്.. നീ ഇവിടെ ഒറ്റയാകും..ഫിറോസ്... നീ പുറത്തു വാ‍...”

അയാള്‍ പട്ടാളഭാവം വെടിഞ്ഞ മനുഷ്യനായ് അതിലുപരി അവന്റെ കളികൂട്ടുകാരനെ പോലെ പാത്തും പതിങ്ങിയും അവനെ അന്വേഷിച്ചു.

നിശബ്ദദയില്‍ കാല്‍ പെരുമാറ്റം കേട്ട് അയാള്‍ പിന്‍ തിരിഞ്ഞു
പിന്നെ ഒരു പോട്ടിച്ചിരിയും അത് അവനായിരുന്നു.

“ഹോ.. നീ ഇവിടുണ്ടായിരുന്നോ ഞാന്‍ വല്ലാതെ ഭയന്നുപോയി” അയാളുടെ മുഖം വിരിഞ്ഞു

“അങ്കിള്‍ ഇത്ര പെട്ടെന്ന് പേടിച്ചോ? ഞാന്‍ എങ്ങും പോയതല്ല ഇത് എന്റെ പഴയ വീടായിരുന്നെന്നാ മുത്തശ്ശി അന്ന് പറഞ്ഞത് എനിക്കീവിടിന്റെ മുക്കും മൂലയും പരിചിതമാണ്”

അയാള്‍ പതിയെ കുനിഞ്ഞിരുന്നു അവന്റെ മുഖത്തേക്ക് സുക്ഷിച്ചു നോക്കി

“എന്താ നീ പറഞ്ഞത് നിന്റെ വീടായിരുന്നെന്നോ?” ശബ്ദം നേര്‍ന്നതായിരുന്നു.

“അതെ അങ്കിള്‍ ഞാന്‍ കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ മുത്തച്ഛന്റേയും മുത്ത്ശ്ശിയുടേയും കൂടെ വന്നിരുന്നു അന്നാ അമ്മുമ്മ എന്നോടീകാര്യം പറഞ്ഞത്; അന്ന് ഞാന്‍ വളരെ ചെറുതായിരുന്നത്രേ! ദാ ആ മുറിയില്‍ അമ്മയുടെ മടിയിലിരുന്ന് മുലകുടിക്കുമ്പോഴാണ് അന്നിവിടെ ആക്രമണം ഉണ്ടായത്, അമ്മയുടെ മടിയില്‍ നിന്നും എന്നെ എടുത്തോടിയത് എന്റെ മുത്തശ്ശിയായിരൂന്നു” അവന്റെ കണ്ണു നിറഞ്ഞു

“അന്നത്തെ ആ സംഭത്തിനു ശേഷമാണ് മുത്തച്ഛനും മുത്തശ്ശിയും എന്നെയും വാരിയെടുത്ത് ഇവിടം വിട്ടത്.

അയാള്‍ അവന്റെ തലയില്‍ തഴുകി...കണ്ണില്‍ നിന്നും ഉതിര്‍ന്ന് ചൂണ്ടുകളിലീക്ക് ഒലിച്ചുകൊണ്ടിരുന്ന കണ്ണുനീര് അയാള്‍ തുടച്ചു കുട്ടിയുടെ ഇടറിയ ശബ്ദത്തിന്റെ പിന്‍ രഹസ്യം അയാള്‍ മണത്തു.

“വാ നമ്മള്‍ക്ക് പോകാം ഇനി ഇവിടെ നില്‍ക്കണ്ട...”

ഈ ഗ്രാമവും മറ്റും തന്റെ സൈന്യത്തിന്റെ അഥീനതയിലായിരുന്നിട്ടുപോലും അയാളെ അവിടം പേടിപ്പിച്ചു അയാള്‍ ഒരു നിമിഷം കണ്ണടച്ചു ഒന്നും മിണ്ടിയില്ല നിവര്‍ന്നെഴുനേറ്റു.

മുലകുടി ഭേദിച്ച ആ അക്രമങ്ങള്‍ അധരങ്ങളാല്‍ അവന്‍ ഇപ്പോള്‍ കടിച്ചമര്‍ത്തുന്നതായി അയാള്‍ക്ക് തോന്നി.

“എന്തായിരുന്നു നിന്റെ അമ്മയുടെ പേര്” അയാള്‍ ആഘാംഷയോടെ ചെവികള്‍ കൂര്‍പ്പിച്ചു

“മിറ ഖയറുന്നീസ”

ആ ഉത്തരത്തില്‍ അയാള്‍ ഞെട്ടിയില്ല കാരണം നേരത്തെ പ്രതീക്ഷിച്ചതായിരുന്നതു കൊണ്ടാവും ആക്രമങ്ങളും പരാക്രമങ്ങളും വംശീയ കലാപങ്ങളും കാരണം തന്നില്‍ നിന്നും അകറ്റിയ മിറയെ എങ്ങനെ മറക്കാനാകും അയാളുടെ കണ്ണുകള്‍ ഭൂതകാലത്തിലേക്ക് വഴുതുകയായിരുന്നു മിറ ഖയറുന്നീസ അവളെ കണ്ടന്നുമുതല്‍ ആ മുടി ആ കണ്ണുകള്‍ എല്ലാം തന്നെ ആഘര്‍ഷിച്ചതായിരുന്നു അധികം സംസാരിക്കാറില്ലെങ്കില്‍ കൂടിയും അവളുടെ ആ നോട്ടത്തിലായിരുന്നു പ്രണയത്തിന്റെ തുടക്കം വംശീയ കലാപങ്ങളും.. വര്‍ഗ്ഗീയ വിവേചനങ്ങളും കൊടുമ്പിരി കൊണ്ടിട്ടും അന്ന് ഈ നാട്ടിലെ തന്റ്റെ ആര്‍മി ഉദ്യൊഗം വകവെയ്ക്കാതെയും, മതകാര്യങ്ങളില്‍ ഉറച്ചുവിശ്വസിച്ച വീട്ട് കാരേയും നാട്ടുകാരേയും ഉപേക്ഷിച്ച് അവളുമായി അടുത്തതും ഒടുവില്‍ അവളെ താന്‍ സ്വന്തമാക്കിയതും ഈ വീട്ടില്‍ വെച്ചായിരുന്നു, അറ്റെഹ് അവള്‍ പാവമായിരുന്നു അന്നും അവളുടേ അച്ഛനും അമ്മയും ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചു. ഇവിടുത്തെ ആര്‍മിക്കാര്‍ തന്നെ പുറത്താക്കിയപ്പോഴും, പിന്നെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിറക്കിയപ്പോള്‍ അവളുടെ മനസ്സില്‍ പ്രാര്‍ത്ഥിച്ചിട്ടാണ്,അവളെയും ആറുമാസം പ്രായമായ മകനേയും എല്ലാവരേയും വിട്ട് ഈ ദേശം കടന്നത്.. വീണ്ടും തിരിച്ചു വരും എന്ന വിശ്വാസത്തില്‍ ഇതാ ആവിശ്വാസം നിറവേറ്റിയിരിക്കുന്നു അല്ലാതെ പാവപ്പെട്ടവരെ കൊന്നൊടുക്കാന്‍ വന്ന അധിനിവേശ തലവനായിട്ടല്ല ഭാര്യയെ കാണാനുള്ളഒരു ഭര്‍ത്താവിന്റെ കൊതിയും ഒപ്പം മകനെ കാണാനുള്ള ആര്‍ത്തിയും ഇപ്പോള്‍ അതില്‍ അവളൊഴികെ തന്റെ മകനെ കാണാന്‍ സാധിച്ചിരിക്കുന്നു

ദൈവം തന്ന ആപ്പിള്‍ മനുഷ്യര്‍ നെടുകെ ഛേദിച്ച് രണ്ട് ഭാഗങ്ങളാക്കി അതില്‍ ഒരു കഷണത്തിന് മറ്റേ കഷണത്തിനേക്കാള്‍ സ്വാദും മധുരം കൂടുതലെന്ന് പറയുന്നവര്‍ അതിന് വേണ്ടി കടിപിടി കൂടുന്നവര്‍ ആ പഴത്തിന്റെ വിത്തുകളെ മുളപ്പിക്കാന്‍ മറക്കുന്നു.
പ്രണയങ്ങള്‍ ബന്ധങ്ങള്‍ എല്ലാം ദൈവത്തിന്റെ തുടുത്തുപഴുത്ത ഒരു ആപ്പിളാണ് അയാള്‍ക്കുമുന്നില്‍, വംശീയവിപ്ലവങ്ങളും മത കലാപങ്ങളും ഒരു തിളങ്ങുന്നകൊടുവാളായി ആ‍ തുടുത്തു ചുവന്ന ആപ്പിളിനെ വെട്ടിമാറ്റിയപ്പോള്‍ കിട്ടിയ മറുപകുതിയിലാണ് താന്‍ ഇപ്പോള്‍ പകുത്തപ്പോള്‍ അതിലെ പുതുനാമ്പിലെ വിത്തുകള്‍ അപ്പുറവും ഇപ്പുറവുമായി ചിതറി അല്ല കാലം ചിതറിപ്പിച്ചു, ഒരേ ഗര്‍ഭാവസ്ഥാന്തരീക്ഷത്തില്‍ നിന്നും പിളര്‍ന്ന കുരുന്നു മണികള്‍ വളര്‍ന്ന് വലുതായി ഇതാ മറ്റുള്ള ആപ്പിളുകളേ തിരഞ്ഞു നടന്ന് പകുതിയാക്കുന്നു പ്രണയബന്ധങ്ങളേ മുറിച്ചുമാറ്റിയെറിയുന്നു കാന്‍സറില്ലാത്ത വിത്തുകളെ ചവിട്ടി മെതിക്കുന്നു.

ഭൂതകാലത്തിന്റെ ഒരു ധൂമകേതു കണ്ണിലേക്ക് പാഞ്ഞുവന്നപോലെ അയാള്‍ക്ക് തോന്നി വറ്റാത്ത ഓര്‍മ്മകളുമായി വന്ന ആ ധൂമകേതു പിന്നെ മിന്നി മറഞ്ഞതായി തോന്നി.

മനുഷ്യ ഹൃദയം വറ്റിയുണങ്ങിയ ആ നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോല്‍ ഇതാ വീണ്ടും ഇവടത്തെയല്ല, അവിടത്തെ ആര്‍മി ഓഫീസറായി ഇവരെ തകര്‍ക്കാന്‍ വന്നിരിക്കുന്നു, ആരുംതന്നെ വരാന്‍ മുതിരാത്ത ഒരു ഓപ്പറേഷന്‍ ഇന്‍ ചീഫായി
താനിതാ വീണ്ടും അതേ വീട്ടില്‍, തന്റെ മിറയുടേ വീട്ടില്‍... അതും യാദൃശ്ചികമായി പരിചയപ്പേട്ട തങ്ങളുടെ മകന്റെയൊപ്പം.. അതെ ആശ്ചര്യപ്പേടേണ്ട അവന്‍ മകനാണ് അയാള്‍ ചെറുതായ് വിറച്ചു അവനെ കെട്ടിപ്പിടിച്ചു കണ്ണില്‍ കാര്‍മേഘം ഉരുണ്ടുകൂടി.

ഫിറോസിന് ഒന്നും മനസ്സിലായില്ല..അവന്‍ അന്തംവിട്ടു നിന്നും അയാളുടെ കണ്ണ് നിറഞ്ഞതു കണ്ട്.

അയാള്‍ അതികനേരം നിന്നില്ല അവനെയുകൂട്ടി അയാള്‍ അവിടെ നിന്നും പുറത്തെക്കിറങ്ങി. വഴിവക്കിലെ തോക്ക് ധാരികളായ സൈനികര്‍ അയാളെ സല്യൂട്ട് ചെയ്തു, ചീറിപ്പാഞ്ഞു വന്ന ആയുധം ഘടിപ്പിച്ച ഒരു ആര്‍മി വണ്ടി അയാളെ കണ്ടപ്പോള്‍ ഭവ്യതയൊടെ നിര്‍ത്തിയെങ്കിലും അയാള്‍ അതില്‍ കയറിയില്ല.

അവര്‍ വഴിപിരിഞ്ഞു. അയാള്‍ മിലിട്ടറി ക്യാമ്പിലേക്കും, അവന്‍ തന്റെ വീട്ടിലേക്കും രണ്ടുപേരും ഒന്നും സംസാരിച്ചില്ല പിരിയുമ്പോഴും.. അവനു മനസ്സിലായില്ല അയാള്‍ തന്റെ അച്ഛനാണെന്നുള്ളകാര്യം അങ്ങനെ അയാളും ധരിച്ചുകാണും എന്തോ ഒരു നിഗൂഡത നിഴലിക്കുന്നു.

അയാള്‍ പിന്തിരിഞ്ഞു വന്ന് അവനോട് പറഞ്ഞു, “കുട്ടീ ..നിനക്ക് എന്നെ കാണണം എന്നു തോന്നുമ്പോള്‍ ഏതു സമയത്തും എന്റെ ക്യാമ്പിലേക്ക് വരാം.. എനിക്ക് ജീവനുള്ളിടം വരെ ആരും നിന്നെ തടയില്ല”

അവന്‍ പതുക്കെ തലയാട്ടി വീട്ടിലേക്ക് നടക്കാന്‍ തുടങ്ങി, മനസ്സിലെ ആ സംശയം അലയടിക്കാന്‍ തുടങ്ങി.
ആരായിരിക്കും ഇയാള്‍? എന്തിനയാളുടെ കണ്ണ് നിറഞ്ഞു?

ഇനി ഫിറോസിന്റെ വഴിയെ പോകാം..

അവനെ റൊട്ടിവില്‍പ്പനക്കാരനാക്കിയത് അവന്റെ മുത്തച്ഛന്‍ മൂസ അല്‍ ഇബ്രാഹിം ആണ്, ഒരു യാദാസ്തികനും മത മാര്‍ഗ്ഗ ദര്‍ശിയുമായ അയാള്‍ മകളുടെ മരണാന്തരം ഗത്യന്തരമില്ലാതെ ഒരു വിഭാഗം തീവ്രവാദികളുടെ അനുവര്‍ത്തിയായി, സ്വാര്‍ത്ഥതയും ഒപ്പം തങ്ങളുടെ സ്വാതത്രലബ്ദിക്കു വേണ്ടിയെന്നുള്ള ജീവന്‍ മരണ പോരാട്ടവും. ആപത്തു വന്നപ്പോള്‍ വിട്ടൊഴിഞ്ഞ് ഒളിച്ചോടിയ മകളുടെ ഭര്‍ത്താവിന്റെ മുഖം ഓര്‍മ്മ വന്നാല്‍ വൃദ്ധനായ അയാള്‍ വെറുതെയെങ്കിലും പലവെട്ടം പുറത്തേക്ക് നിറയൊഴിക്കുക പതിവായിരുന്നു.

ഇപ്പോള്‍ ഫിറോസിന്റെ വീട് തീവ്രവാദികളുടെ തല്‍ക്കാലിക താവളവും.. ഒപ്പം രഹസ്യ സന്ദേശങ്ങളുടെ ആശയവിനിമയ സങ്കേതമായും വര്‍ത്തിക്കുന്നു. എപ്പോഴും മിണ്ടാതെ റൊട്ടി പരത്തുന്ന ഫാത്തിയെന്നു പേരുള്ള മുത്തശ്ശി, ഫാത്തി ചുട്ടുകൊടുക്കുന്ന റൊട്ടികള്‍ക്ക് പ്രത്യേകതയുണ്ട് മൂസ മുത്തച്ഛന്‍ ആ റൊട്ടികള്‍ ചുടുമ്പോള്‍ മനസ്സിലാകാത്ത ഒരു പ്രത്യേകതരം കോഡ് ലിപിയില്‍ അതില്‍ എന്തോ കൊത്തിക്കുറിക്കുന്നു.. അവനു പോലും മനസ്സിലാകാത്ത പ്രത്യേക ഭാഷയില്‍ ആലേഖനം ചെയ്ത ആ റൊട്ടികള്‍ വാങ്ങികൊണ്ട് പോകുന്നതും മറ്റുള്ളവര്‍ക്ക് കൈമാറുന്നതും ഫിറോസിനെ പോലുള്ള കുട്ടികളാണ്. ഒരു തരത്തിലുള്ള തീവ്രവാദ കുട്ടികള്‍. ആരോ ഒറ്റ് കൊടിത്തിട്ടാണ് ഇവരെ അന്ന് പട്ടാളക്കര്‍ ഓടിച്ചിട്ട് പിടിച്ചതും,

ഫിറോസ് വീട്ടില്‍ കയറി വാതില്‍ കൊട്ടിയണഞ്ഞു.. അടുപ്പില്‍ നിന്നും വന്ന ആ നേരിയ കനല്‍ വെട്ടത്തില്‍ ഫാത്തി മുത്തശ്ശി റൊട്ടി പരത്തുന്നുണ്ടായിരുന്നു. അവനെ കണ്ടിട്ടും ആ സ്ത്രീ ഒന്നും സംസാരിച്ചില്ല പക്ഷെ നീണ്ട മൂക്കുള്ള ആ കിഴവന്‍ അവന്റെ മുഖത്തേക്ക് നോക്കി അയാള്‍ റാന്തലിന്റെ വെട്ടം കൂട്ടി

“ഹും.. ന്നും അവര്‍ ചിലരെ പിടികൂടി അല്ലേ? കുഴപ്പം ഇല്ലാ.. നമ്മള്‍ ദൈവത്തിനു വെണ്ടി ഇനിയും പോരാടും.. വരും തലമുറ സ്വാതന്ത്രം കിട്ടും വരെ പോരാടും എനിക്കുറപ്പാ‍ണ്.. ഉറപ്പാണ്”

അയാളുടെ ശബ്ദത്തിന് യുവത്വത്തിന്റെ പ്രസരിപ്പ്. അവന്‍ ഒന്നും പറഞ്ഞില്ല മൂസ മുത്തച്ഛന്‍ അടുപ്പില്‍ കിടന്നു പൊരിയുന്ന റൊട്ടിയില്‍ എന്തോ ഒരു പ്രത്യേകതരം ആയുധ ത്താല്‍ കൊത്തുന്നു വരക്കുന്നു ആ റൊട്ടികള്‍ നാളെ വിതരണം ചെയ്യാനാണ്.
പുറത്തെ വാതിലില്‍ ആരോ പ്രത്യേക താളത്തില്‍ തട്ടിയപ്പോല്‍ എല്ലാം വലിച്ചേറിഞ്ഞ് ആ പടുകിഴവന്‍ പിടഞ്ഞേഴുന്നെറ്റു
വാതില്‍ തുറന്നു

“ങാ ഉം ഞാന്‍ നിങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു...”

രണ്ട് മൂടി കെട്ടിയ രൂപം അകത്തേക്ക് തള്ളി കയറി

“ ബാബ നാളെ എന്തായാലും അത് ചെയ്യണം ചെയ്തിരിക്കണം അല്ലെങ്കില്‍ അവര്‍ ഇനിയും നമ്മുടെ ആള്‍ക്കാരെ..”

ഒരു മുഖം മൂടി നേരിയ ശബ്ദത്തില്‍ കിഴവനോട് പറയുന്നുണ്ടായിരുന്നു

“ഹും.... നിര്‍ത്തൂ പരിഷകളേ, ഒന്നും അറിയാത്ത് മണ്ടന്‍മാരെ..വിഡ്ഡികളേ.. നിങ്ങളെ വെടിവെച്ചുകൊല്ലാന്‍ പോലും പറ്റില്ല..ഭീരുക്കളാ നിങ്ങള്‍ ആ നിങ്ങള്‍ എന്നെ ഉപദേശിക്കാന്‍ വളര്‍ന്നിട്ടില്ല... പോയ്കോ മുന്നില്‍ നിന്നും”
അയാളുടെ തൊണ്ടപോട്ടും വിധത്തിലുള്ള ക്രോധമായിരുന്നു

വീണ്ടും നിശബ്ദത

രണ്ടാമത്തെ മുഖം മൂടി എന്തോ പറയാന്‍ ആഞ്ഞു.. കിഴവന്റെ രൂക്ഷ നോട്ടത്തില്‍ അത് ദഹിച്ചു.. എന്നാലും അയാള്‍ പറഞ്ഞു

“ബാബ നമ്മളുടെ തീരുമാനപ്രകാരം ചാവേറാകാന്‍ സമ്മതിച്ച അവസാന കണ്ണിയേയും അവര്‍ ബലികഴിച്ചു.. ഇനി ഇതാ ഈ പൊതി നിങ്ങള്‍ക്കിരിക്കട്ടെ എനിക്കങ്ങോട്ട് പോകാന്‍ പറ്റുമായിരുന്നെങ്കില്‍ ഞാന ചെയ്യുമായിരുന്നു ഈ കൃത്യം, അതിനു ആരുടേയും അനുവാദം ഞാന്‍ നോക്കില്ല”

അയാള്‍ ഒരു പൊതി കിഴവനു നേരെ നീട്ടി.. ആ കിഴവന്‍ വേച്ച് വേച്ച് വന്ന് ആപൊതി അവനില്‍ നിന്നും തട്ടിപ്പറിച്ചു വാങ്ങ അടുത്തേക്ക് നടന്നു..അവര്‍ പേടിയോടെ പിന്നിലെക്കാഞ്ഞു കിഴവന്‍ അവരുടെ മുതുകില്‍ പിടിച്ചു വാതിലിനടുത്തേക്ക് തള്ളി അവിടെ നിന്നും പുറത്തേക്കും

“വൃത്തികെട്ടവന്‍മാരെ.. ഭീരുക്കളെ ഇനി എനിക്കു നിങ്ങളേ വേണ്ട.. നിങ്ങള്‍ എലികളേ പോലെ പുക കാണുമ്പോള്‍ പായുന്നവര്‍.. പക്ഷെ നിങ്ങളെ ഞാന്‍ കൊല്ലില്ല..എന്റെ തോക്ക് ഭീരുക്കളോട് സംസാരിക്കാറില്ല.. പോ...പോയ് തുലയ്.. അലഞ്ഞു വെള്ളം പോലും കിട്ടാതെ നടക്കുമ്പോല്‍ പട്ടികളും കുറുക്കന്മാരും പോലും നിങ്ങളെ വേട്ടയാടില്ല.. കഴുകന്‍മാര്‍ നിങ്ങളുടേ ശവം കൊത്തിവലിക്കില്ല..”

അയാള്‍ ശപിച്ചുകൊണ്ടിരുന്നു വാതില്‍ കൊട്ടിയടച്ചു, പുറത്ത് ഉരുണ്ടെഴുനേറ്റ് ഓടി പോകുന്നതിന്റെ ശബ്ദം ഇല്ലാതായികൊണ്ടിരുന്നു.

ഫിറോസ് , അവന്‍ ഒന്നും മിണ്ടാതെ പേടിച്ച് മുത്തശ്ശിക്കരികില്‍ ഒതുങ്ങി നിന്നു ഫാത്തി മുത്തശ്ശി അപ്പോഴും റൊട്ടിപരത്തുന്ന തിരക്കിലാണ് അവര്‍ പൊതുവെ മിണ്ടാറില്ലല്ലോ.

നേരം വെളിക്കുമ്പോളം വരെ തന്നെ പട്ടാളക്കാര്‍ പിടികൂടിയതുമുതല്‍ മുത്തച്ഛന്‍ തള്ളി പുറത്താക്കിയ ആ മുഖം മൂടികളെ വരെ ഓര്‍ത്തു കിടന്നു. അവരുടെ ഓടിയകലുന്ന ശബ്ദം വരെ .

വല്ലാ‍ത്ത ഭീതിയില്‍ അവന്‍ തന്റെ അമ്മയേയും അച്ഛനേയും സങ്കല്‍പ്പത്തില്‍ അവരുടെ മുഖങ്ങള്‍ മനസ്സില്‍ വരച്ചു. അത് ഒട്ടും മായരുതേ എന്നാഗ്രഹിച്ചു കിടന്നു.

നേരം പുലര്‍ന്നത് അവന്‍ അറിഞ്ഞില്ല റൊട്ടി അടപ്പിലെ തീ വെട്ടം കണ്ടപ്പോഴാണ് അവന്‍ ജനല്‍ തുറന്നത് പുറത്ത് മഞ്ഞ് വീഴുന്നുണ്ടായിരുന്നു. കോണിഫറസ് മരങ്ങളില്‍ മഞ്ഞു തങ്ങി നില്‍ക്കുന്നു
പിന്നിലെ കാല്‍പ്പെരുമാറ്റം കേട്ട് അവന്‍ തിരിഞ്ഞു... അത് മൂസ മുത്തച്ഛനായിരുന്നു

“മകനേ നിനക്കിന്ന് വേറെ തരത്തിലുള്ള ജോലിയാണ് ഞാന്‍ തരാന്‍ പോകുന്നത്.. നിന്റെ അമ്മയെ ചുട്ടു കൊന്നവരോട് പകവീട്ടാനുള്ള ദിവസം ആ ദിനം നിന്നില്‍ നിഷിപ്തമായിരിക്കുന്നു.. അതായിരിക്കും ദൈവ നിശ്ചയം”

അയാള്‍ അവനെ പതിവില്‍ വിപരീതമായി തഴുകി...

“നീ ഇന്ന് നീ ആ മിലിട്ടറി ക്യാമ്പില്‍ പോകണം, നിന്നെ വെറുതെ വിട്ട ആഫീസറുമായി നീ അടുത്തു അല്ലെ... ഞാന്‍ എല്ലാം അറിയുന്നുണ്ടായിരുന്നു.. ആദ്യം എനിക്ക് ദേഷ്യം വന്നെങ്കിലും.. ഞാന്‍ പിന്നീടാലോചിച്ചപ്പോള്‍ അതു നന്നായി എന്നു തോന്നി നിന്നെ അതില്‍ നിന്നും വിലക്കരുതെന്നും ഞാനവരോട് പറഞ്ഞിരുന്നു ആശ്ചര്യപ്പെടുന്നൂ അല്ലേ... നീ എന്തുകരുതി ഈ മുത്തച്ഛനേക്കുറിച്ച് ഞാന്‍ ഒന്നും അറിയില്ല എന്ന് കരുതിയോ അവരിലും എന്റെ ആള്‍ക്കാര്‍ ഉണ്ട് അതെ എന്റെ ആള്‍ക്കാര്‍.. പിന്നെ എന്റെ അകകണ്ണുകളും എല്ലായ്പ്പോഴും എപ്പോഴും എല്ലാവരുടെയും കൂടെയുണ്ട് ഇനി അവര്‍ ഇവിടെ മതിക്കരുത് നമ്മള്‍ക്ക് സ്വാതന്ത്ര്യം വേണം, ഇവിടെയാണ് ദൈവമുള്ളത്..ദൈവത്തിന്റെ കാരുണ്യമുള്ളത്... അവരുടെ കൂടേയല്ല.. അവര്‍ എത്ര ജന്മത്തേ കുടിയിറക്കി.. എത്ര കുട്ടികളെ രാജ്യം പിടിച്ചടക്കുന്നകൂട്ടത്തില്‍ കുരുതി കൊടുത്തു...നിന്റെ അമ്മയടക്കം എത്ര പേര്‍..?”

അവന്‍ തെല്ലോന്ന് പകച്ചു പോയി പതിവില്ലാതെയുള്ള തന്റെ മുത്തച്ഛന്റെ സംസാര രീതി ഭയപ്പെടുത്താതിരിക്കുമോ? അയാള്‍ പതുക്കെ ജനല്‍ കമ്പികളില്‍ അമര്‍ത്തി വീണ്ടും സംസാ‍രിക്കാന്‍ തുടങ്ങി

“നിനക്കറിയോ? ആദ്യം ഈ രാജ്യം ഒന്നാകണമെന്ന കൂട്ടത്തില്‍ ഞാനും ഒറ്റക്കെട്ടായിരുന്നു.. ഇപ്പോള്‍ അതല്ല.. അവര്‍ നശിപ്പിച്ചു..എവിടേയും ദു:ഖത്തിന്റെ പുകമറ, ശവവണ്ടികള്‍ പായുന്ന ശബ്ദം ചെന്നായ കണ്ണുള്ള ആട്ടിന്‍ക്കൂട്ടങ്ങള്‍ അവരുടെ സമാധാന സേനാംഗങ്ങള്‍,എല്ലാ‍രേയും ഞാന്‍ നശിപ്പിക്കും..പിന്നെ നിന്റെ അച്ഛന്‍ ആ മഹാപാപി എവിടേക്കോ ഒളിച്ചോടി...ഞാന്‍ നിന്റെ അമ്മയോട് എതിര്‍ത്തില്ലായിരുന്നു അന്ന്... അതും അവന്‍ ഒരു അന്യമതക്കാരനായിട്ടു പോലും.. അന്ന് എന്റെ മനസ്സ് സമാധാനം കാംഷിച്ചിരുന്നു...ഇപ്പോല്‍ ഇല്ല..ഒരിക്കലും അത് കിട്ടാന്‍ പൊകുന്നുമില്ല.. നിന്റെ അമ്മയുടെ മരണം.അല്ല ആ കൊലപാതകം അവരുടെ ആ സൈന്യാക്രമണം അത് എന്റെ നേര്‍ക്കായിരുന്നു..സമാധാനം വേണമെന്ന എന്റെ ആവശ്യം അന്ന് നിലനില്‍ക്കുന്നുണ്ടായിരുന്നു ആ ആവശ്യമാണ് എന്റെ അല്ല നമ്മുടെ കുടുമ്പത്തെ തകര്‍ത്തെറിഞ്ഞത് നമ്മുടെ ഈ പകുതി രാജ്യത്തിന് സ്വാതന്ത്ര്യം വേണം എന്നന്നേക്കുമായി...”

“ഇനി നീട്ടാന്‍ സമയം ഇല്ല.. ഇന്നലത്തെ എന്റെ പല പദ്ധതികളും പാഴായി..ഇനിയില്ല .... ഞാന്‍ ഈ ജോലി നിന്നെയേല്‍പ്പിക്കുന്നു. നീ ചാവേറാകണം നിനക്കുവേണ്ടി എനിക്കുവേണ്ടി നമ്മുടെ രാജ്യത്തിന്റെ സമാധാനത്തിനു വേണ്ടി.. എനിക്കറിയാം നീ സമ്മതിക്കുമന്ന് “

അവന് പരിഭ്രമത്തില്‍ ഒന്നും മിണ്ടാനായില്ല... എപ്പോഴും മനസ്സിന്റെ ഉള്ളില്‍ തീ കത്തിയുലഞ്ഞ ആ പകയുടെ കനല്‍ അവനെ ഭയത്തില്‍ നിന്നും പിടിച്ചുവലിച്ചു.. അവന്‍ ഒന്നും മിണ്ടിയില്ല..അവന്‍ അത് മുന്നില്‍ കണ്ടിരുന്നതുപോലെ.

“എനിക്കറിയാം നിന്റെ ഉള്ളില്‍ പകയുണ്ടെന്നും..എന്റെ മനസ്സു പറയുന്നു..ഹ ഹ ഹാ അതു വേണം, പക ഉണ്ടായിരിക്കണം എന്നാലെ നമ്മുടെ ലക്ഷ്യസ്ഥാനം കണ്ടെത്താന്‍ പറ്റൂലത്തിന്റെ കറുത്ത പുകപടലത്തില്‍ പതുങ്ങിയിരിക്കുന്ന ആ ലക്ഷ്യസ്ഥാനം.. അതുണ്ടായിരിക്കണം”

അയാള്‍ അട്ടഹസിച്ചു

“എനിക്കറിയാം ഇതുകൊണ്ട് ഞാന്‍ കാംഷിക്കുന്നതൊന്നും കിട്ടില്ല എന്ന കാര്യം.. പക്ഷെ നമ്മളെ കൊണ്ടായത് നമ്മള്‍ ചെയ്യണം.. അന്നവര്‍ക്ക് നിന്റെ അമ്മയെ എന്റെ കുടുമ്പസമാധാനത്തെ നശിപ്പിച്ചപ്പോള്‍ എന്തു കിട്ടി ഒന്നുമില്ല വട്ടപൂജ്യം... പിന്നെ ശൂന്യമായ ജീവജാലങ്ങള്‍ ചത്തോടുങ്ങിയ സ്ഥലങ്ങള്‍, ബോംബിട്ടു നശിപ്പിച്ച നഗരങ്ങള്‍...ഹ ഹ ഹാ”

“നീ പോണം അവരുടെ ക്യാമ്പില്‍ ആ മിലിട്ടറി തലവെനെ കൊല്ലണം, അതെ അവന്‍ നിന്റെ കൈകൊണ്ട് ചാവണം, പിന്നെ എല്ലാം നമ്മുടെ ആള്‍ക്കാറ് നോക്കി കൊള്ളും..”

അവന്റെ ആ വെളുത്തമേനിയില്‍ ഇന്നലെ രാത്രി വന്ന ആ മുഖം മൂടിക്കാരന്‍ കൊടുത്ത ആ പൊതി അയാള്‍ വച്ചുകെട്ടുമ്പോഴും അവന്‍ നിസംഗതയൈല്‍ പ്രത്യേകിച്ച് ഒന്നും നടക്കാന്‍ പോകുന്നില്ല എന്ന രീതിയില്‍ നിന്നു കൊടുത്തു.
ഇത് കണ്ട ഫാത്തി മുത്തശ്ശിയുടെ റൊട്ടിപരത്തല്‍ നിശ്ചലമായി അവരുടെ കണ്ണീര്‍ റൊട്ടിമാവില്‍ ഇറ്റിറ്റ് വീഴുന്നത് അവന്‍ ശ്രദ്ധിച്ചു എന്നാലും ഒന്നും ശബ്ദ്ച്ചില്ലായിരുന്നു. ഫാത്തിമുത്തശ്ശിയില്‍ തന്റെ അനുഭവത്തില്‍ കണ്ട ആ കാഴ്ചയാണ് അവനെ ആശ്ചര്യപ്പെടുത്തിയത്..അത് മാത്രം.

അവന്‍ മഞ്ഞുമൂടിയ ആ വ്ഴികളിലൂടെ മിലിട്ടറി ക്യാമ്പ് ലക്ഷ്യമാക്കി നടന്നു.. ഒപ്പം ആ പട്ടാളം ഓഫീസറുടെ ലാളിത്യമുള്ള മുഖം അവന്റെ മനസ്സില്‍ തെളിഞ്ഞു അയാള്‍ എന്തിനാണ് ഇന്നലെ ആ വീട്ടില്‍ വച്ച് പൊട്ടികരഞ്ഞ് തന്നെ ഉമ്മ വെച്ചത്....
അതിന് മാത്രം അവന് ഉത്തരം കിട്ടിയില്ല.

പെട്ടെന്ന് ഒരു കനത്ത പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് അവന്‍ തിരിഞ്ഞു നോക്കി..
അവന്‍ ഞെട്ടി
അവന്റെ വീടിരിക്കുന്നിടം കത്തിയെരിയുന്നു..മുത്തച്ഛനും മുത്തശ്ശിയും ഇപ്പോള്‍ യാത്രയാകുന്നുണ്ടാകും

നിമിഷം അവന്‍ രണ്ടുകൈകളും ഉയര്‍ത്തി ദൈവത്തോട് പ്രാര്‍ത്ഥിച്ചു.

അവന്‍ കുറച്ചു പിന്തിരിഞ്ഞശേഷം നേരെ ക്യാമ്പിലേക്ക് നടന്നു. എബ്രഹാം സാമുവല്‍ എന്ന ആ മിലിട്ടറി ഓഫീസറെ ലക്ഷ്യമാക്കി

ഇനി പിന്‍ തിരിഞ്ഞ് നോക്കാന്‍ ഒന്നും ബാക്കിയില്ലല്ലോ എന്ന ധാരണയില്‍.... അയാളുടെ ഇന്നലത്തെ ആ ക്ഷണം മനസ്സില്‍ ഓര്‍ത്തുകൊണ്ട്
“കുട്ടീ ..നിനക്ക് എന്നെ കാണണം എന്നു തോന്നുമ്പോള്‍ ഏതു സമയത്തും എന്റെ ക്യാമ്പിലേക്ക് വരാം.. എനിക്ക് ജീവനുള്ളിടം വരെ ആരും തടയില്ല ”

അയാളും അവിടെ ഇവനേയും നോക്കി കാത്തിരിക്കുന്നുണ്ടായിരിക്കും, പതിവ് സവാരിക്കായി.. ആ മഞ്ഞിലകള്‍ വീണ വഴികളിലൂടെ.. മഞ്ഞ് വിരിച്ച പാതയിലൂടെയുള്ള ആ സവാരിയും പ്രതീക്ഷിച്ച്.

ദൈവം കൊടുത്ത ആ ആപ്പിള്‍ രണ്ടായി പകുത്തപ്പോള്‍ ഈ കഷണത്തിന് മറ്റേ കഷണത്തേക്കള്‍ മധുരമുണ്ടെന്ന് പരസ്പരം വാദിച്ച് പകയാല്‍ കടി പിടി കൂടുന്നവര്‍ അതില്‍ നിന്നും കൊഴിഞ്ഞു വീണ വിത്തുകളെ നല്ല അന്തരീക്ഷത്തില്‍ വളമിട്ട് വളര്‍ത്താന്‍ മറക്കുന്നു.. നാളെയുടെ നല്ല പൂക്കള്‍ വിരിയുന്ന, നല്ല ഫലങ്ങള്‍ കായ്ക്കുന്ന തണല്‍ മരങ്ങളാകേണ്ടതിനെ..

* * *

കുറുമാന്റെ "എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍“

നമ്മുടെ ശ്രീ രാഗേഷ് കുറുമാന് ആശംസകള്‍!!!!













നമ്മുടെ ഈ കഥക്കൂട്ടുകളുടെ ഉപദേശകനായ ശ്രീ രാഗേഷ് കുറുമാന്റെ "എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍” എന്ന അനുഭവകുറിപ്പ് റെയിന്‍ബോ ബുക്സ് ആഗസ്റ്റില്‍ പബ്ലിഷ് ചെയ്യുന്നു എന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ.



Wednesday, July 11, 2007

കഥക്കൂട്ടുകള്‍ക്ക് ആശംസകള്‍!










സുബാഷ് ചന്ദ്രന്‍

കഥക്കൂട്ടുകള്‍ ഒരു നല്ല കാര്യം!!!
അതും ഏഴാം കടലിനുമക്കരെ നടക്കുന്നു
എന്നു കേട്ടതില്‍ സന്തോഷം !

ഇതിപ്പോള്‍ അക്കര ഇക്കരെയായി കിടക്കുന്ന മനസ്സുകളെബന്ധിപ്പിക്കുന്ന

ഒരു പാലം ആകാന്‍ പോവുകയാണ് ഒരു ഹൃദയത്തില്‍..
എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും എന്റെ ആശംസകള്‍.


സ്നേഹപൂര്‍വ്വം


- സുബാഷ് ചന്ദ്രന്‍