Friday, June 15, 2007

മണ്ണപ്പു
കഥ : അജിത്ത് പോളക്കുളത്ത്
ചിത്രം വര : പി.ആര്‍ രാജന്‍


***
കോട്ടപ്പുറം ചന്തയിലെ അല്ലറ ചില്ലറ കൂലിപ്പണികള്‍ കഴിഞ്ഞാല്‍ അപ്പൂട്ടന്‍ എന്ന മണ്ണപ്പൂനെ കാണണമെങ്കില്‍ ശേഖരേട്ടന്റെ റേഷന്‍ കടയിലേ ഒക്കൂ. വെളുപ്പാന്‍ കാലങ്ങളില്‍ നാട്ടുകാരും പോലീസുകാരും കാണാതെ മണലു അടിച്ചുമാറ്റി കൊണ്ടുപായുന്ന ട്രിപ്പര്‍ ലോറിയുടെ ചക്രങ്ങള്‍ വീഴ്ത്താന്‍ കിടങ്ങുകുഴിച്ചു വന്നതേയുള്ളൂ ഇപ്പൊള്‍, പുഴയുടെ ഗര്‍ഭാശയത്തില്‍ തോണ്ടി,
മാന്തി കൊണ്ടുപോകുന്നവരും ,സ്ത്രീകളെ അവരുടെ അനുവാദമില്ലാതെ ഭോഗിക്കുന്നവരും ഒരേ തട്ടിലാണ് അവനു മുന്നില്‍ .

മണ്ണപ്പൂന്റെ ചുറ്റുപാടിലേക്ക്;
പണ്ട് ഒരു പ്രളയത്തില്‍ ഈ പെരിയാറിലേക്ക് ഒഴികിപോയത്രേ മണ്ണപ്പൂന്റെ അമ്മ കൊച്ചമ്മൂ, പുഴക്കരുകിലെ കയറുനിര്‍മ്മാണകമ്പനിയില്‍ തൊണ്ട് തല്ലി ചകിരിയാക്കുന്ന പണിയായിരുന്നു കൊച്ചമ്മൂന്... അന്ന് നാലു വയസ്സുള്ള മണ്ണപ്പൂനെ കുറുമ്പ് സഹിക്കവയ്യാതായപ്പൊള്‍ കൊച്ചമ്മൂ കുടിലിലെ തൂണില്‍ കെട്ടിയിട്ട് പണിക്കു പോയതായിരുന്നു. പിന്നീട് തോണിക്കാരന്‍ മാധവേട്ടനാണ്അവനെ വളര്‍ത്തിയത്, മാധവേട്ടന്റെ മകന്‍ കുഞ്ഞന്‍ രാധയും മകള്‍ പ്രസന്നയുമാണ് അവന്റെ ചെറുപ്പം മുതല്‍ ഇപ്പം വരെയുള്ളകൂട്ട്, കടവിനപ്പുറത്ത് പുതിയ പാലം വന്നപ്പോള്‍.. കടവിനെ കടത്തുകാരനെയും നാട്ടുകാര്‍ മറന്നു, മാധവേട്ടനേയും. മാധവേട്ടന്‍ തൊണ്ടയില്‍ ദീനം വന്ന് മരിച്ചിട്ട് കൊല്ലം രണ്ടായി. ഇപ്പോള്‍ കുഞ്ഞന്‍ രാധ കോട്ടപ്പുറം ചന്തയില്‍ പച്ചക്കറി കച്ചവടം നടത്തുന്നു.പ്രസന്ന പത്താം തരെ പഠിച്ചു തോറ്റു ഇപ്പൊള്‍ ടൈലറിങ്ങുമായി വീട്ടില്‍ കഴിയുന്നു . മാധവേട്ടന്റെ നുറുമ്പിച്ചുകോണ്ടിരിക്കുന്ന കടത്തുതോണിയിലാണ് മണ്ണപ്പൂന്റെ അന്തിയുറക്കം. ഇപ്പോള്‍ വിജനമായ കടവില്‍ മാധവേട്ടന്റെ നുറുമ്പിച്ച തോണിയും പിന്നെമണ്ണപ്പൂവും മാത്രം കൂട്ട്.
അമ്മ പുഴയില്‍ മുങ്ങി മരിച്ച അന്നുമുതല്‍ പുഴ കാണുമ്പോള്‍ മണ്ണപ്പൂന്റെ കണ്ണില്‍ കരച്ചില്‍ വരും , ഒപ്പം മണ്ണുമാന്തികളെ കണ്ടാല്‍ അവന്‍ പോലീസിനു ഒറ്റുകൊടുക്കലായി സ്ഥിരം പണി അമ്മ പുഴയിലെ അടിത്തട്ടിലുണ്ടെന്നാ അവന്റെ വിശ്വാസം.

പുഴയിലുറങ്ങുന്നഅമ്മയോട് വര്‍ത്തമാനം പറഞ്ഞിരിക്കുന്ന ദിവസം ഞായറാഴ്ച. കവലയില്‍ പോത്തിറച്ചിയും മാട്ടിറച്ചിയും വാങ്ങാന്‍ പോയി വരുന്നവരും,അമ്പലം പള്ളി എന്നിവിടങ്ങളില്‍ പോയി വരുന്നവരില്‍ കാലത്തുള്ള കാഴ്ച ഇതാണ്, പലരും കളിയാക്കി കൂക്കിവിളിക്കാറുണ്ട്.

പലപോലീസുകാരും രാത്രികാലങ്ങളില്‍ മണ്ണപ്പൂനേം കൊണ്ടു സവാരിചുറ്റും, പാണക്കാട്ടേ മണിയന്റെ ട്രിപ്പര്‍ ലോറി, മൂക്കന്‍ വാസുവിന്റെ ടൊയോട്ട, കാറുമൊതലാളി മൊയ്തൂന്റെ ആകെയുള്ള സമ്പാദ്യമായ ലെയ് ലാന്റ് ലോറി അങ്ങനെ നീളുന്ന പുഴമാന്തി കള്ളന്മാരെ... എല്ലാം പിടിച്ചത് മണ്ണപ്പൂന്റെ സഹായത്താല്‍ അല്ല പിന്നേ.. പോലീസിന്റെ കേമത്തം കൊണ്ടല്ലായിരുന്നു. പലപ്പോഴുമായി കൊട്ടേഷന്‍ടീമുകളില്‍നിന്നും വിദഗ്ദമായി രക്ഷനേടിയിട്ടുമുണ്ട് അവന്‍. പണ്ട് മേനക തിയ്യറ്ററില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ മുന്‍പല്ല് കിണറ്റുംവക്കിലടിച്ചു പകുതി പോയിരിന്നു.
നഗരത്തിലേ വലിയ കോണ്ട്രാക്റ്റര്‍മാര്‍ മുതല്‍ ഗള്‍ഫുകാര്‍ വരെ മണ്ണപ്പൂന്റെ ഇപ്പണികാരണം കേട്ടിടപ്പണികള്‍ നിര്‍ത്തി വച്ചിട്ടുണ്ട്..

പകലുകള്‍ പലപ്പോഴും മണ്ണപ്പൂനെ കളിയാക്കാറുണ്ടെങ്കിലും അവനു പുഴക്കരയിലെ കുളിര്‍ക്കാറ്റ് എപ്പോഴും തുണയായി കൂടെ ഉണ്ടാകുംഅവനു പകലിനേക്കാള്‍ ഇഷ്ടം രാത്രിയൊടാണ്... കടവിലിരുന്ന് ചെമ്മീന്‍ ചമ്മന്തിയും കൂട്ടി കള്ള് കുടിക്കുക പതിവ്‍.നിലാവെട്ടത്തിലാണ് ഇന്നലെ നടന്ന സംഭവങ്ങളേക്കുറിച്ചുള്ള മനോവിഷ്താരം. ഉറക്കെയായിരിക്കും വിസ്താരവും ഉത്തരവിടലുകളും എല്ലാം സ്വയം തന്നെ... ഇതിപ്പോള്‍ തുരുത്തിലെ ജനങ്ങള്‍ക്ക് സ്ഥിര സംഭവമായതിനാല്‍ ആരും ശ്രദ്ധിക്കാറില്ല.

തോണിക്ക് പിന്നിലെ കാല്‍പ്പെരുമാറ്റം കേട്ട് അവന്‍ തിരിഞ്ഞു നോക്കി...അത് കുഞ്ഞന്‍ രാധയായിരുന്നു

“ ങ്ഹാ... നീയാര്‍ന്നോ.. എന്താ പതിവില്ലാതെ ഈ വഴിക്ക്” പരുക്കന്‍ ശബ്ദം നേര്‍മ്മയാകുന്നത് കുഞ്ഞന്‍ രാധയെയും പ്രസന്നയേയും കാണുമ്പോള്‍ മാത്രം.

“വന്നേന്തിന്.. നാളെ ചന്തെല് വര്ണ്ടേ” അവന്‍ ചോദിച്ചു

“അല്ലടാ നമ്മുടെ പ്രസന്നക്ക് ഒരാലോചന... കൊറച്ചു കിഴക്കൂന്നാ.. മാളെന്ന് ചെക്കന് മരപ്പണിയാണ്, സ്വന്തം മരചാപ്രേണ്ട്... പണിക്കാരനാചന്തയില്‍ മീന്‍ വില്‍ക്കുന്ന കാതറിക്ക പറഞ്ഞു വരുന്നോരാ...”

“അതിനിപ്പ ഞാനെന്താ ചെയ്യേണ്ടേ... വര്ട്ടേ... വരണം”

“നീ നാളെ അവിടെക്ക് വേണ്ട സാധനങ്ങള്‍ കൊണ്ടുവരണം... പുതിയ ഫൈബ്ര് കസേര ഞാന്‍ പറഞ്ഞുവച്ചിട്ടുണ്ട്, നീ അത് ചന്തേന്ന് കൊണ്ടു വരണം”

കാല്‍പ്പെരുമാറ്റം അകന്നു കൊണ്ടിരുന്നു.. അവന്‍ ബാക്കിവെച്ച കള്ളുമോന്തി... ഉറക്കെ വിളിച്ചു

“അമ്മേ എനിക്കു മാധന്‍ വെല്ലിച്ഛന്‍ പറഞ്ഞുവെച്ച് പെണ്ണും പോണ്, അവളെ കാണാന്‍ ആളുവരുന്നു... പോകട്ടെ.. എല്ലാം പോയി തുലയട്ടെതുലയട്ടെ.. എല്ലാരും തുലയട്ടേ.... ഹ ഹ ഹാ‍.... ഹാ അങ്ങനെ തുലയട്ടേ..”

അത് ചെറുതായ് ചെറുതായില്ലാതായി....

പുഴയില്‍ നിന്നും വന്ന കുളിര്‍കാറ്റ് ആദ്യം തോണിയില്‍ കയറി.. പിന്നെ അവനെ തഴുകി...


മാധവേട്ടന്റെ വീട്ടീന്ന് കാലത്തു തന്നെ പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞ്, പതിവുപോലെ കടവിലേക്ക് പുഴയിലൂടെ ഒഴുകിവരുന്ന ഇറച്ചിക്കടക്കാറ് ഉപേക്ഷിച്ച പോത്തിന്റേയും ആടിന്റേയും അവശിഷ്ടങ്ങള്‍ അവന്‍ ഒരു കോലെടുത്ത് പിടിച്ചു കരക്കു കയറ്റി... നാറുന്നവയും ഫ്രെഷായ കുടലുകളുടെയും സമിശ്രഭാണ്ഡങ്ങള്‍ ..

അവ കുഴിച്ചിടുമ്പോള്‍ അവന്‍ പ്രാകി.

“പാണ്ടാറവട്ടേ ‍... പണ്ടാറക്കാലന്മാര്‍ .. നശ്ക്കട്ടേ”

അതു പറഞ്ഞു അവന്‍ കണ്ട കാഴ്ച വീണ്ടും അവനെ പ്രകോപിപ്പിച്ചു...വീട്ടില്‍ കക്കൂസുണ്ടായിട്ടും വെളിക്കിരിക്കാന്‍ വരുന്നവര്‍... മുതിര്‍ന്നവരും പിള്ളേരും..അവന്‍ കല്ലെടുത്തെറിഞ്ഞു..

“പണ്ടാറങ്ങള്‍ക്കു എത്ര പ്രാവശ്യം ഏറ് കൊണ്ടിരിക്കുന്നു.. നാശങ്ങള് .. വീട്ടില് കക്കൂസൂണ്ടായിട്ടും തൂറാന്‍ വന്നിരിക്കണ്പോയ് വീട്ടി തൂറടാ... നാറികളേ...പഞ്ചായത്ത് കക്കൂസുണ്ടാക്കാന്‍ കൊടുത്ത പൈസ മുഴ്വേനും തിന്നു മുടിച്ചില്ലേട നിന്റങ്ങള്ളോര് ”

“പൊടാ പ്രാന്താ... മണ്ണപ്പു പ്രാന്തന്‍...” പിള്ളേര്‍ ഒച്ചവച്ച് വീട്ടിലേക്ക് ഓടി..

പ്രസന്നയുടെ കല്യാണം തീര്‍ച്ചയായി ചിങ്ങത്തിലെ പതിമൂന്നിനു കല്ല്യാണം.

* * *

കല്യാണം കഴിഞ്ഞു ഇലകളും വേസ്റ്റും പുഴയിലേക്കിടാതിരിക്കാന്‍ ആ വകുപ്പ് അവന്‍ ഏറ്റെടുത്തു... കുഴിമാന്തി അതിലിട്ടു എല്ലാംഇലകള്‍ തികയാതെ വന്നപ്പോള്‍ വാങ്ങിയ പ്ലാസ്റ്റിക്കിലകള്‍ അവനെ പല്ലിളിച്ചു കാട്ടി... ദേഷ്യത്തോടെ അവ കത്തിച്ചുകളയാന്‍ മാറ്റി വച്ചു .

പ്രസന്നയും വരനും കൂട്ടരും പോയി...

അന്ന് രാത്രിയും പതിവുപോലെ കടവില് , മാധവേട്ടന്റെ തോണിയില് മണ്ണപ്പൂം കള്ളുകുടിയും മാത്രം ബാക്കി.. അയാള്‍ ഉറക്കെ വിളിച്ചു കൂകി..ഉറക്കെ അട്ടഹസിച്ചു.. പതിവുപോലെ പുഴയില്‍ നിന്നും വന്ന കുളിര്‍ക്കാറ്റ് അവനെ തഴുകി...നിലാവെട്ടത്തില്‍ അവന്റെ കണ്ണുകള്‍ തിളങ്ങി.

പുലര്‍ച്ചയിലെ പത്രവണ്ടികള്‍ , പാണ്ടി ലോറികള്‍ കടവിനടുത്തുള്ള പുതിയ പാലത്തില്‍ കൂടി പാഞ്ഞു പോയി.

പതിവുപോലെ ആടിന്റെയും പോത്തിന്റേയും വേസ്റ്റുകള്‍ കോലുകൊണ്ട് പൊക്കിമാറ്റി കരക്കിടാന്‍ അവന്‍ വന്നില്ല.. അടിഞ്ഞുകൂടിയ ഭാണ്ഡങ്ങളെ കാക്കകള്‍ ആര്‍ത്തുകൊത്തി വലിച്ചു.

അതിലൊന്ന് മണ്ണപ്പു ആയിരിക്കുമോ?

ആര് അറിയാന്‍...

അന്ന് അവന്റെ കല്ലേറു പേടിച്ചു പിള്ളേരും വന്നില്ല .

അവന്റെ ആത്മാവ് പുഴയിലുറങ്ങുന്ന അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക്.. വീണ്ടും ഒരു ശിശുവാകാന്‍....
ഗര്‍ഭപാത്രം തോണ്ടി വാരാന്‍ വരുന്നവരേയും കാത്ത് പുഴക്കടിയിലെ മണ്ണിലോളിച്ചിരിക്കുന്നുണ്ടാവും ...

മണ്ണപ്പു മണ്ണിനായ് മണ്ണിലേക്ക് ....

കടവിലിപ്പോള്‍ മാധവേട്ടന്റെ നുറുമ്പിച്ചുകൊണ്ടിരിക്കുന്ന തോണി മാത്രം ബാക്കി.

പ്രൈ.ലി.

കഥ - ദേവദാസ്
ചിത്രം വര : പി.ആര്‍ രാജന്‍***
ആകാശത്ത് മേഘപടലങ്ങള്‍ അവദൂതരുടെ പോര്‍ട്രൈറ്റ് ചിത്രങ്ങള്‍ വരയ്ക്കുകയും മായ്ക്കുകയും ചെയ്ത് കൊണ്ടിരുന്നു
ആ വിലാലമായയ് ക്യാന്‍‌വാസിന് മിനുക്ക് പണിയെന്നോണം ഒരു പകലിന്റെ കൂടി വേര്‍പാടില്‍ ചക്രവാള ഗദ്ഗതം മുഴക്കി പക്ഷികള്‍ കൂട്ടമാറ്റി ചേക്കേറികൊണ്ടിരുന്നു. പൂമ്പാറ്റചിറകുള്ള കുഞ്ഞുങ്ങള്‍ റെസ്റ്റൊറന്റിന്റെ ഗാര്‍ഡനില്‍ ഒച്ച വെച്ച് നടന്നു.

ചില്‍...

ഉം..

വൈരുദ്ധ്യാത്മക ഭൌതിക വാദത്തിനുള്ള ഏറ്റവും നല്ല ഉദാഹരണങ്ങള്‍ കേള്‍ക്കണൊ?

യേസ് പറയൂ പൈലീ

നമ്മള്‍...അതേ നമ്മള്‍ തന്നെ

കാരണം?

നോക്കൂ ചില്‍.. മോഡേണ്‍ വസ്ത്രം ധരിച്ച് ,കണ്ണില്‍ വിരിയുന്ന ഭാവങ്ങളെ മറയ്ക്കാന്‍ കറുത്ത ചില്ലുകൂടാരം പണിത്, അതിന്റെ കയര്‍ ചെവിയില്‍ വലിച്ചു കെട്ടിയിട്ട്, ലോകത്തെ ഇളക്കിമറിക്കാന്‍ പോന്ന സംവാദം നടക്കുമ്പോഴും ചുയിംഗം ചവയ്ക്കുന്ന നീ. പഴഞ്ചനായി തുടരുന്ന, ഇനിയും പഴഞ്ചനായി തന്നെ തുടര്‍ന്നേയ്ക്കാവുന്ന ആശയങ്ങളും , കറവ വറ്റിയ പശുവായ പ്രസ്ഥാനത്തേയും പേറി അത് കാമധേനുവാകൂന്നതും കാത്ത് അതിന്റെ ചാണകത്തിന്റെ നിരന്തര സ്പര്‍ശത്താല്‍ കുഴിനഖം കെട്ട് കഴിയുന്ന ഞാന്‍. പഴയ ഇടയരുടെ ചിത്രങ്ങള്‍ ഫ്രയിം ചെയ്ത് ദൈവതുല്യം ആരാധിക്കുമ്പോള്‍ ഏതെങ്കിലും ഒരുവന്‍ വന്ന് 'ആദ്യത്തെയാള്‍ക്ക് പാറിപ്പറന്ന മുടിയും താടിയും, രണ്ടാമന് കഷണ്ടിയെങ്കിലും ചീകിയൊതുക്കിയ മുടിയും ബുള്‍ഗാനും, മൂന്നാമന് ഷേവ് ചെയ്ത താടിയും കട്ടിമീശയും. ഇതെന്താപ്പാ റഷ്യയിലെ ബാര്‍ബര്‍ ഷാപ്പ് വിപ്ലവമോ?' എന്നെങ്ങാന്‍ ചോദിച്ചാല്‍ ചുവപ്പന്‍ രോമങ്ങള്‍ എഴുന്നേറ്റ് നിന്ന് , മുഖം വലിഞ്ഞ് മുറുകി ഒന്നുക്കിലവന്റെ കരണത്തടിക്കുകയോ അല്ലെങ്കില്‍ നിലത്ത് കാറി തുപ്പുകയോ ചെയ്യുന്ന ക്രൊമേഡ് പൈലിയായ ഞാന്‍.

ഇതിലെന്താ ഇത്ര വലിയ തെറ്റ് ? പൈലീ..പൈലിക്കുട്ടാ..വിപരീത മൂല്യങ്ങള്‍ എന്നും ഉണ്ടാകും. അല്ലെങ്കിലീ ലോകത്തിന് തന്നെ നിലനില്‍പ്പില്ല മോനേ. ഇങ്ങനെ എന്തെങ്കിലും പറഞ്ഞ് വഴക്കടിക്കാതെ മനുഷ്യര്‍ എങ്ങിനെ ജീവിക്കും? കാലത്തെഴുന്നേറ്റ് ഒരു ഗ്ലാസ് മില്‍മാ പാലും കുടിച്ച്, പത്രവും ടാബ്ലോയിഡും വായിച്ച്, അവരവരുടെ അരാധനാലയങ്ങളില്‍ പോയി തനിക്കും സമൂഹത്തിനും വേണ്ടി പ്രാഥിച്ച് , സേവന നിരതരായിരിക്കുന്ന മനുഷ്യര്‍. സമാധാനം ഭക്ഷിച്ച്, ശാന്തിയില്‍ വിശ്രമിച്ച്, വിരക്തി വിസര്‍ജ്ജിക്കുന്ന മനുഷ്യര്‍. അവര്‍ക്ക് ബോറഡിക്കില്ലേ പൈലീ. തീര്‍ച്ചയായും പ്രശ്നങ്ങള്‍ ഉണ്ടാകണം. അതില്‍ മൌലീകതയോ, ആശയസംഘര്‍ഷങ്ങളൊ, ബിംബവല്‍ക്കരണമോ, സാങ്കേതികതയോ, വ്യുല്‍പ്പത്തിയൊ എന്തും വരാം. അല്ലെങ്കില്‍ "ഓണ്‍ലീ ദെന്‍ ഷാല്‍ വീ ഫൈന്റ് കറേജ്" എന്ന ഒരു ലേഖനത്തില്‍ ഐന്‍സ്റ്റീന്‍ പറഞ്ഞ പ്രകാരം ഈ ലോകത്ത് ഒരാള്‍ മാത്രം അവശേഷിക്കണം.
ഒരാള്‍ മാത്രം......
ഒരാള്‍...............
ഒരാശയം..........
ഒരു സംഘടന...
ഒരു നേതാവ്(അനുയായി?)...
ഞാനില്ലാതെ... ഈ നന്ദനയില്ലാതെ നിനക്ക് ജീവിക്കാനാകുമോ പൈലീ?

പ്ലീസ് ചില്‍, നീ നിന്റെ യഥാര്‍ത്ഥ പേര് പറയരുത്. എനിക്കത് തീര്‍ത്തും ഇഷ്ടമല്ല. ഞാനും, ഈ ലോകവും നിന്നെ ചില്‍ എന്ന് വിളിയ്ക്കും. കാരണം നീയൊരു ചിലയ്ക്കുന്ന വാനമ്പാടിയാണ്.

റിയലി?

അതേ...വൃക്ഷലതാദികളിലിരുന്ന് പാടുന്ന, ഏതോ രാജാവ് പിടിച്ച് കൂട്ടിലടച്ചപ്പോള്‍ സ്വന്തം സ്വരമടച്ച് പ്രതിഷേധസമരം ചെയ്ത് , അടിച്ചമര്‍ത്തുന്നവരുടെ ഫീനിക്സായിത്തീര്‍ന്ന അതേ വാനമ്പാടി

നന്ദന പേരിന് എന്താണ് കുഴപ്പം?

ഇനിയുമത് ഉച്ഛരിക്കരുത്. അതില്‍ നിറയെ 'ന'കളാണ്. കാലുകള്‍ അല്‍പ്പം ചേര്‍ത്ത് പിടിച്ചാല്‍ ആഗോളഭക്ഷണഭീമന്റെ മുദ്രയായിത്തീരുന്ന, നിരത്തിവെച്ച് തലതിരിച്ചിട്ടാല്‍ എട്ടുകാലിയെന്ന വ്യാജേന ഏതോ മുക്കുവന്‍ ലോകം മുഴുവന്‍ വിരിച്ചിട്ട വലയായി തീരുന്ന മുദ്രകള്‍. ഒരു പേരില്‍ ഇത്രയും അലങ്കാരമുദ്രകള്‍ വേണ്ടാ ചില്‍.

നീ ഫോബിക് ആണ് പൈലിക്കുട്ടാ


ശരിയാണ്. എല്ലാവരും ഫോബിക് ആണ്. കുഞ്ഞ് ഭയാശങ്കകള്‍ എല്ലാവരിലും കാണാം. എനിക്ക് ആഗോളഭീമന്മാരുടെ മുദ്രകളെ ഭയമാണ്, ഉയരത്തെ, താഴ്ചയെ, ഇടനാഴികളെ, സന്ധ്യകളെ, പട്ടികളെ ...ഒക്കെ ഭയമാണ്

നിന്റെ ഫോബിക് ശൃംഘല വളരെ നീണ്ടതാണ്

ഞാന്‍ നിന്നെ ചില്‍ എന്ന് മാത്രം വിളിക്കും

നീ നിന്റെ പേര് ശ്രദ്ധിച്ചിട്ടുണ്ടൊ പൈലീ. പൈലീ കുഞ്ചെറിയ, കേട്ടാല്‍ ഏതോ കുടിയേറ്റക്കാരന്‍ മുതലാളീടെ പേരാണെന്ന് തോന്നും. ഒരു റബര്‍കറയുടെ മണമുണ്ടതിന്. കുടിയേറ്റ ഗ്രാമങ്ങളില്‍ ഒന്നായിരുന്നുട്ടും എന്തേ നിന്റെ തലമുറ ഒന്നും വെട്ടിപ്പിടിച്ചില്ലേ?

ചില്‍, എന്റെ ഗ്രാന്റ്ഫാദറിന്റെ പേര് ഇട്ടിയവിര എന്നായിരുന്നു. പുള്ളിക്കാരനാണ് ഞങ്ങളുടെ കുടുംബത്തെ കുടിയേറ്റ ഗ്രാമങ്ങളിലേയ്ക്ക് പറിച്ച് നട്ടത്.

ഇട്ടിയവിര വാസ് ഹീ എ വേം? മണ്ണിര, നാടവിര എന്നൊക്കെയില്ലേ അത് പോലെ?

ശരിയാണ് ഇട്ടിയവിരാച്ചന്‍ ഒരു മണ്ണിരയായിരുന്നു. മണ്ണ് ഉഴുതു മറിച്ചു, അതിനു വളക്കൂറുണ്ടാക്കികൊടുത്തു. എന്നാലോ മണ്ണ് വെട്ടിപ്പിടിച്ചതുമില്ല. ഫലമോ എല്ലാര്‍ക്കും ചുരുങ്ങിയത് അഞ്ചേക്കര്‍ പുരയിടമെങ്കിലും ഉള്ള കുടിയേറ്റ ഗ്രാമത്തില്‍ പോലും എനിക്ക് 5 സെന്റ് സ്ഥലവും അതിലൊരു വീടും.

ഇട്ട്യവിരാച്ചനൊട് പൈലിക്കെന്ത് തോന്നുന്നു? ഇഷ്ടം...ദ്വേഷ്യം


രണ്ടുമല്ല, ആരാധന... വനപ്രാന്തങ്ങളില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഉപദേശ ഫലകം നീ കണ്ടിട്ടില്ലേ ചില്‍...
ഇവിടെ നിന്ന് ഓര്‍മ്മകള്‍ മാത്രം ശേഖരിക്കുക......
കാലടിപ്പാടുകല്‍ മാത്രം അവശേഷിപ്പിക്കുക.........
പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുക.......................
എന്നൊക്കെ. ഇട്ടിയവിരാച്ചന്‍ വനത്തില്‍ നിന്ന് ഓര്‍മ്മകള്‍ മാത്രം ശേഖരിച്ചു. കാലടിപ്പാടുകള്‍ മാത്രം അവശേഷിപ്പിച്ചു. കാലാന്തരത്തില്‍ പ്രായാധിക്യത്താല്‍ ഓര്‍മ്മച്ചിത്രങ്ങളുടെ ചായപ്പൊലിമ കുറഞ്ഞ് നിറം കെട്ടു, കാലടിപ്പാടുകള്‍ കരിയില മൂടി കിടന്നു. നീ ആ ചുയിംഗം പുറത്ത് കളയൂ ചില്‍...ഓര്‍മ്മകളെ മാത്രം അയവിറക്കൂ

പൈലിക്ക് ചുയിംഗത്തേയും ഭയം ആണൊ?

ഇല്ല....പക്ഷേ നീരൂറ്റിക്കുടിച്ച് പുറം തള്ളപ്പെടുന്ന അധകൃതന്റെ സിംബലാണ് ചുയിംഗം..

അത് നിന്റെ ധാരണമാത്രമാണ് പൈലീ. ചുയിംഗം മറ്റ് പലതിന്റേയും സിംബലാണ്. വിഴുങ്ങാന്‍ കഴിയാത്ത കയ്പ്പന്‍ യാഥാര്‍ത്ഥ്യമാണ് നാം ചവയ്ക്കുക. തൊണ്ടതൊടാതെ വിഴുങ്ങാന്‍ കഴിയാത്തൊരു കയ്പ്പന്‍ യാഥാര്‍ത്ഥ്യം ആണ് ചുയിംഗം. ഇത്തരം കയ്പ്പോ ചവര്‍പ്പോ ഉള്ള ചവയ്ക്കുന്ന വസ്തുക്കള്‍ എല്ലാകാലത്തും ഉണ്ടായിരുന്നു. ആരോടും പറയില്ലെങ്കില്‍ ഞാനൊരു കാര്യം പറയാം. നമ്മുടെ കൃസ്തുവില്ലേ മൂപ്പര് പണ്ട് അന്ത്യാത്താഴവിരുന്ന്‍ നടത്തുമ്പോള്‍ വീഞ്ഞ് പാനം ചെയ്യാനായി വെച്ചിരുന്ന കാസയ്ക്ക് ഓട്ടയുണ്ടായിരുന്നു.
" ഇതെന്റെ രക്തമാണ്' " എന്നും പറഞ്ഞ് അങ്ങേരത് മുകളിലേയ്‌ക്കുയര്‍ത്തിയപ്പോള്‍ വീഞ്ഞ് തുള്ളികളായി താഴേയ്ക്ക് വീഴാന്‍ തുടങ്ങി. കാനായില്‍ വെച്ച് വെള്ളത്തെ പോലും വീഞ്ഞാക്കിമാറ്റിയവന്റെ നിസ്സഹായാവസ്ഥ കണ്ട് ശിഷ്യര്‍ മുഖത്തൊട് മുഖം നൊക്കി നിന്നു. മേശേ മേല്‍ തട്ടിത്തെറിച്ച ഒരു വീഞ്ഞ് തുള്ളി വിശുദ്ധ ജോണിന്റെ കണ്ണില്‍ തെറിച്ചു വീണു. ഇരിപ്പിടം വിട്ട് കണ്ണും പൊത്തിക്കൊണ്ട് അതു കഴുകാനായി ജോണ്‍ പുറത്തേയ്ക്കോടി. ആ കസേരയിലൊരു പെണ്ണിരുന്നു. സംഗതികള്‍ വഷളാകുന്നത് കണ്ട് പ്രശ്നപരിഹാരത്തിനായി പത്രോസ് തന്റെ വായില്‍ നിന്ന് ചുയിംഗം പുറത്തെടുത്തു. എന്നിട്ടത് കാസയുടെ ദ്വാരത്തിലൊട്ടിച്ചു. അതായിരുന്നു ആദ്യത്തെ വിശുദ്ധ ചുയിംഗം.

ഒറ്റപ്പാലം നായരിച്ചിയ്‌ക്ക് ഇത്രയും കൃസ്തീയ ജ്ഞാനമോ?

നിനക്ക് വേദോം, ദൈവോം ഒന്നുമില്ലെന്ന് വച്ച് എല്ലാരും അങ്ങിനെയാകണമെന്നാണോ? ഒരു കാര്യം ചോദിക്കട്ടെ ഈ ലോകത്തെ നീ എങ്ങനെ കാണുന്നു?

ചൂഷണം ചെയ്യുന്നവരും ചൂഷണം ചെയ്യപ്പെടുന്നവരും തമ്മിലുള്ള....

മണ്ണാങ്കട്ട. എന്നാലെനിക്ക് പ്രപഞ്ചസത്യം ജഗത് മിഥ്യ . എന്റെ കണ്ണുകളില്‍ നൊക്കുമ്പോള്‍ പോലും നീ റൊമാന്റിക് ആകാറില്ലേ പൈലീ?

പൈലി ശ്രമിച്ച് നോക്കി.കറുപ്പും നീലയും ഇടകലര്‍ന്ന കണ്ണുകളിലേയ്ക്ക്..... എന്നാല്‍ താടിയ്ക്ക് കൈയ്യും കുത്തിയിരുന്ന് എന്തിലേയ്ക്കൊ സൂക്ഷിച്ച് നോക്കുന്ന പൈലീ കുഞ്ചെറിയയെ അല്ലാതെ മറ്റൊന്നും അവിടെ കണ്ടില്ല. പിന്നീട് ആ ചിത്രത്തിന് അവള്‍ ഇമകളാല്‍ തിരശീലയിട്ടു. ഓരോ തവണയും ഇമത്തിരശീല ഉയരുമ്പോള്‍ ഓരോ ചിത്രങ്ങള്‍ മാറി വരുന്നു.

ബ്യൂസിഫാലസിന്റെ പുറത്തേറി പട വെട്ടുന്ന അലക്സാണ്ടര്‍......................
വാട്ടര്‍ലൂവിനൊരുങ്ങുന്ന നെപ്പോളിയന്‍................................................
മൈന്‍ കാംഫ് എഴുതുന്നതിനിടെ മഷി തീര്‍ന്ന പേന കുടയുന്ന ഹിറ്റ്ലര്‍....
പത്രത്താളുകള്‍ മറിക്കുന്ന മര്‍ഡൊക്...................................................
കമെന്ററി കേട്ട് തലകുലുക്കുന്ന കെറി പാര്‍ക്കര്‍......................................
കഥ പറഞ്ഞ് കുട്ടികളെ ഭ്രാന്ത് പിറ്റിപ്പിക്കുന്ന റൌളിങ്ങ്...........................

എന്റെ കണ്ണില്‍ നൊക്കുമ്പോള്‍ പോലും നിന്റെ മുഖത്ത് ഭയം നിഴലിക്കുന്നല്ലോ പൈലീ

ഇല്ല അത് യാഥാര്‍ത്ഥ്യങ്ങളുടെ പ്രതിഫലനം മാത്രമാണ്. പക്ഷേ ഭയപ്പെടില്ല ഞാന്‍ പൊരുതിക്കൊണ്ടേയിരിക്കും.

നീ ആരൊട് പൊരുതും നിഴലുകളോടോ? ആയുധങ്ങള്‍ കൊണ്ടോ ആശയങ്ങള്‍ കൊണ്ടോ നിഴലുകളെ കൊല്ലാനാകില്ല പൈലിക്കുട്ടാ. വെളിച്ചത്തിന് പോലും അവയുടെ ദിശമാറ്റാനേ കഴിയൂ. ദി ഹിസ്റ്ററി വില്‍ റിപീറ്റ്....നിന്റെ ശത്രുക്കള്‍ എന്നും ഇവിടെ തന്നെയുണ്ടാകും. ഒരു ടെലിപ്പതിക് റിവീലിംഗ് നടത്തട്ടെ, നീ എന്റെ കണ്ണില്‍ കണ്ട രൂപങ്ങള്‍ നിന്റെ മുഖഭാവങ്ങളാണ്...പേഴ്‌സോണകള്‍.. ആ പഴയ ഗ്രീക്ക് നാടക മുഖക്കോപ്പുകള്‍ തന്നെടോ. അവയോട് നീ എങ്ങനെ പൊരുതും? ചാരമായലും അവ കാറ്റില്‍ പറന്ന് സഞ്ചരിക്കും. അലക്സാണ്ടര്‍ക്കക്ക്പകരം അമേരിക്ക വരും, നെപ്പോളിയന്‍ പോലും ബയണറ്റിനേക്കാളേറെ ഭയന്ന പത്രത്തെ ഒരു മര്‍ഡോക് തോരണക്കടലാസ്സാക്കി മാറ്റും, മൈന്‍ കാംഫ് വിപണനം പൊടി പൊടിക്കും. യൂ നോ വണ്‍ തിങ്ങ്? തുര്‍ക്കിയിലെ ബെസ്റ്റ് സെല്ലറാണാ പുസ്തകം. കരുക്കള്‍ പാമ്പും കോണിയും കളിച്ച്കൊണ്ടേയിരിക്കും. ഒരിക്കലും ലക്ഷ്യത്തിലെത്തില്ല. ഒന്നുകില്‍ പാമ്പിന്റെ വായിലേയ്ക്ക് ...അല്ലെങ്കില്‍ കോണിയിലൂടെ ഉതിര്‍ന്ന് താഴേയ്ക്ക്... സംസാരിച്ച് തൊണ്ട പൊട്ടി. ഞാന്‍ നിന്റെ ഗ്ലാസിലെ വെള്ളം എടുത്തോട്ടെ?

ഞാനത് കുടിച്ചതാണ്

സാരമില്ല. എന്റെ അമ്മൂമ പറയുന്നത് പോലെ
"പൈലോത് തൊട്ടാലത് ശുദ്ധമാകും..."
നീയൊരു നാലാം വേദക്കാരനല്ലേ ഇട്ടിയവിരയുടെ കൊച്ച് മോനേ...

ഇവയ്ക്കൊന്നും എതിരെ പ്രതികരിക്കണ്ട എന്നാണൊ ചില്‍ നീ പറഞ്ഞ് വരുന്നത്?

അത്രയ്ക്കൊന്നും പ്രശ്നങ്ങള്‍ ഈ ലോകത്ത് ഇല്ലെടോ. അല്ലെങ്കില്‍ തന്നെ അവയെല്ലാം ഈ ലോകത്ത് എന്നും നിലനിന്ന് പോന്നിരുന്നതാണ്. എന്നാണ് ചൂഷകരുണ്ടായത്? ഏലിയയുടെ കാലത്തില്ലേ, മോശയുടെ കാലത്തില്ലേ, യേശുവിന്റെ കാലത്തില്ലേ, മുഹമ്മദിന്റെ കാലത്തില്ലേ, രാമന്റേയും കൃഷ്ണന്റേയും കാലത്തില്ലേ, പൈലിയുടേ കാലത്തുമില്ലേ?

ശരിയാണ് ചില്‍, എങ്കിലും....

ഈ ലോകം മാറാന്‍ നാം അതികം ഒന്നും ചെയ്യേണ്ടെടോ. ഒരു ഒക്ടൊവിയോപാസ് കവിത പോലെ ഒരു ചുംബനം മതി ഈ ലോകം മാറിമറിയാന്‍,ബിംബങ്ങള്‍ തകരാന്‍,മുദ്രകള്‍ മായാന്‍. കേള്‍ക്കുന്നുണ്ടൊ അറുപഴഞ്ചന്‍ നക്സലേറ്റേ? ഏയ് വെളുത്തകുരിശിങ്കല്‍ പൈലിക്കുട്ടാ, നീ എന്റെ ആശയങ്ങളുമായി സമരസപ്പെടുവാനാകാത്തവിധം അകലത്തിലാണ്. മറ്റുള്ളവരുടെ വാക്കുകള്‍ക്ക് നിന്റെ കര്‍ണ്ണസ്പര്‍ശം മാത്രം ഫലം. വേണേല്‍ ഡയഫ്രത്തിലോ കോക്ലിയയിലോ ചെന്ന് തട്ടും. അതിനപ്പുറം ഒരു വാല്‍‌വാണ്. അവിടെയാണ് നീ ആശയങ്ങളെ അരിച്ച് തള്ളുന്നത്. ഇനിയും ഉപദേശിക്കാന്‍ ഞാനൊരുക്കമല്ല മോനേ. വീട്ടില്‍ പോകാറായി. ഇരുട്ടിത്തുടങ്ങി. താനും ചേക്കേറാന്‍ നോക്ക്

ഇരുവശത്തും ഓര്‍ക്കിഡുകള്‍ നിരന്ന് വഴിയിലൂടെ അവള്‍ നടന്ന് തുടങ്ങി.
ചില്‍.... അവളൊരു രുദ്രവീണയാണ്. മീട്ടുന്നവന്റെവിരലുകള്‍ക്കും, മനോവികാരങ്ങള്‍ക്കും അനുസരിച്ച് സംഗീതമുതിര്‍ക്കും. നേര്‍ത്ത്,തേങ്ങി, ഇടറി, ചിലമ്പിച്ച്, തരംഗമാല തീര്‍ത്ത്. അനേകം ഭാവങ്ങള്‍ തീര്‍ക്കുന്ന ഒരു രുദ്രവീണ. തിരിഞ്ഞുനിന്ന് തന്നെ നൊക്കിയപ്പോള്‍ അവളുടെ മുഖത്തുണ്ടായിരുന്ന ഭാവം കാണാന്‍ പൈലിയ്ക്ക് കഴിഞ്ഞില്ല. നിഴല്‍ ചിത്രങ്ങള്‍ അപ്പോളെയ്ക്കും അവിടെ മറവീഴ്ത്തിയിരുന്നു.

* - - -* - - -* - - -* - - -* - - -* - - -* - - - ** - - -* - - -* - - -* - - -* - - -* - - -* - - - *

അന്നുവരെ ചോരപ്പൂക്കളും രക്തഹാരങ്ങളും മാത്രം കണ്ടിരുന്ന പൈലി അന്നാദ്യമായി ഒരുപാട് നിറങ്ങളുള്ള പൂക്കളേയും, അതില്‍ പാറി നടക്കുന്ന ചിത്രശലഭങ്ങളേയും , നിറയെ മണ്ണിരകളുള്ള പൂച്ചട്ടിയില്‍ പൂത്ത് നില്‍ക്കുന മുള്ളുകളില്ലാത്ത റോസാച്ചെടിയേയും കണ്ടു. തനിയ്ക്ക് ചുറ്റും മാറി വരുന്ന ലോകത്തിന്റെ അടക്കം പറച്ചിലും, തേങ്ങിക്കരച്ചിലും പൈലി കേട്ടു. പ്രവാചകരുടെ കാലത്തോളം പഴക്കമുള്ള തന്റെ ശത്രുക്കള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഒരു നപുംസക മാലാഖ കാതില്‍ ചൊല്ലി മറഞ്ഞു. ഖന്തൂറയ്ക്ക്പകരം ത്രീ പീസ് സ്യൂട്ടും , പാപ്പിറസിനു പകരം അതിവേഗോപകരണങ്ങളും, കുതിരകള്‍ക്ക് പകരം വാഹനങ്ങളും ഉപയോഗിക്കുന്നൂ എന്നേയുള്ളൂ. ആ ശക്തികളുടെ ഇരുട്ടിന്റെ മണത്തിനും, ചോരക്കറ തിളങ്ങുന്ന പല്ലുകള്‍ക്കും മാറ്റമില്ലായിരുന്നു.
ഭൂമീഗോളം ഒരു പന്തായി ചെറുതായിക്കൊണ്ടിരുന്നു.......
നിഴല്‍‌രൂപങ്ങള്‍ അതിന്റെ വെളിച്ചം തല്ലിക്കെടുത്തുന്നതും, പച്ചപ്പ് ക്ഷൌരം ചെയ്യുന്നതും കണ്ട് ഒരു കൂര്‍ക്കം വലിയാല്‍ പൈലി പ്രതിഷേധം അറിയിച്ചു.


* - - -* - - -* - - -* - - -* - - -* - - -* - - - ** - - -* - - -* - - -* - - -* - - -* - - -* - - - *

ഉറക്കം എഴുന്നേറ്റ പൈലി തീര്‍ത്തും അസ്വസ്ഥനായിരുന്നു. വിങ്ങി നില്‍ക്കുന്ന ഒരു ലാവാ കൂമ്പാരമാണ് താനെന്ന സത്യം അംഗീകരിച്ചു. ഒരു സ്‌ഫുലിംഗ സ്‌പുരണത്തിനായി ദാഹിച്ചു. മെല്ലെ പത്രത്താളുകളിലേയ്ക്ക് മുഖം പൂഴ്ത്തി വാര്‍ത്തകള്‍ പരതി. ഒന്നിനും വായ്ക്ക് രുചിയില്ലായിര്‍ന്നു. ക്ലാസിഫൈഡ് പേജിലൊരു ഗസറ്റ് വിജ്ഞാപനം കണ്ണില്ലുടക്കി.

"വാഗത്താനം ദേശം, കുറിയതറ ‍അംശം, വെളുത്തകുരിശിങ്കല്‍ കുഞ്ചെറിയ ഇട്ടിയവിര മകന്‍ പൈലീ കുഞ്ചെറിയ എന്ന തന്റെ പേര് ഇന്നു മുതല്‍ പ്രൈ.ലി. എന്നായി മാറ്റിയിരിക്കുന്ന വിവരം ഏവരേയും (തന്നേയും) അറിയിച്ച് കൊള്ളുന്നു.
എന്ന്
അധികാരപ്പെട്ടവര്‍"

ഒന്നു നന്നായി നടുങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പൈലി. മനസില്‍ അശാന്തിയുടെ പുകമറ നിറഞ്ഞു. ഈ അവസ്ഥയില്‍ പ്രാര്‍ഥിച്ചാല്‍ ഗുണമുണ്ടാകുമെന്നാണ് ചില്‍ പറയാറുള്ളത്. അതില്‍ പ്രതീക്ഷയര്‍പ്പിച്ച് പൈലി നിരത്തിലിറങ്ങി. വഴിയൊരത്തെ ബോര്‍ഡുകളില്‍ വന്ന മാറ്റം പൈലി ശ്രദ്ധിച്ചു.

"മെഡിക്കല്‍ കോളേജ് പ്രൈവെറ്റ് ലിമിറ്റഡ്"
"വിദ്യാദീപം ഹൈസ്കൂള്‍ പ്രൈവെറ്റ് ലിമിറ്റഡ്"

പള്ളിക്കവലയിലും ഒരു കൂറ്റന്‍ ബോര്‍ഡ്
"സെന്റ്. ആന്റണീസ് ചര്‍ച്ച് പ്രൈവെറ്റ് ലിമിറ്റഡ്"

ചെരിപ്പ് പോലും അഴിക്കാതെ അള്‍ത്താരയിലേയ്‌ക്ക് നടന്നു. പാപികള്‍ക്ക് വേണ്ടി സ്വയം ബലിദ്രവ്യമായ പ്രജാപതിയുടെ തലയ്ക്ക് മുകളിലുള്ള INRI എന്ന അക്ഷരങ്ങള്‍ക്ക് മുകളിലായി ® എന്നൊരു അടയാളം കൂടി എഴുതി ചേര്‍ത്തിരിക്കുന്നു. ദിവ്യബലിയ്ക്കായി വൈദികന്‍ ഉയര്‍ത്തിയ കാസയില്‍ നിന്നും ഒരു ചിയിംഗം അടര്‍ന്ന് വീഴുന്നതും , വീഞ്ഞ് തുള്ളികള്‍ മേശവിരിപ്പില്‍ പടരുന്നതും കണ്ട് പൈലി തിരിഞ്ഞ് നടന്നു

'പ്രൈ.ലീ."

ആരോ ആരെയോ വിളിച്ചു.
പക്ഷേ തിരിഞ്ഞ് നൊക്കിയത് പൈലീ കുഞ്ചെറിയ ആയിരുന്നു.


* - - -* - - -* - - -* - - -* - - -* - - -* - - - ** - - -* - - -* - - -* - - -* - - -* - - -* - - - *

Thursday, June 14, 2007

ഓ, ഇതെന്റെ അച്ഛന്‍

- ആര്‍. രാധാകൃഷ്ണന്‍കഥ വരുന്ന ഓരോ വഴിയേ! - വെറുതെയിരുന്നാല്‍ മതി കഥ വരും-

ജീവനോടെ ജീവിതമുള്ള ജൈവകഥകള്‍!

കഥയില്ലായ്മയായി പുതിയതരം കഥകള്‍ - സെമിനാര്‍ പേപ്പര്‍ പോലെയും ഉപക്രമവും ഉപസംഹാരവുമായി കഥാ പീസുകള്‍.

പ്രണയം കുടയാണ്‌, പ്രണയം വടിയാണ്‌, കുടക്കമ്പിയാണ്‌ എന്ന്‌ എഴുതിയ ആധുനിക കവിത പോലെയും കഥപോലെയും എന്തോ ഒക്കെ.

എന്‍ട്രോപ്പി, എന്‍താല്‍പ്പി തെര്‍മോഡൈനാമിക്സ്‌, കുന്തിയാന, നാനോ ടെക്നോളജി തുടങ്ങി അറിയാത്ത സംജ്ഞകള്‍ തിരുകിയ ടൈറ്റിലുകളായി കഥകള്‍. കുന്തിയാനയെ അന്വേഷിച്ചപ്പോഴാണ്‌ നീലക്കുറിഞ്ഞിച്ചെടിയുടെ ബൊട്ടാണിക്കല്‍ പേരിലെ ഒരംശം ആണെറിഞ്ഞത്‌.

നിറമാലയും വാകച്ചാര്‍ത്തും കഴിഞ്ഞാണത്രേ നിര്‍മ്മാല്യം അത്തരം കഥകളില്‍! ഉദയാസ്തമനം വരെ ഉടുതുണിയില്ലാത്ത നിര്‍മ്മാല്യദര്‍ശനം-- വായനക്കാരുടെ

"നിനക്കൊന്നും അറിയില്ല കാരണം നീ വെറുംംംംംംംംം??......കുട്ടിയാണ്‌"- മോഹന്‍ലാല്‍ നാട്ടുരാജാവായി പറഞ്ഞപോലെ - ബി. മുരളിയും ഇന്ദുഗോപനും വായനക്കാരോട്‌ മീശപിരിച്ചുപറഞ്ഞു.

കഥയുടെ ചായക്കൂട്ടുകള്‍ ചേര്‍ത്ത്‌ കുന്തിയാനയായി ഇരിക്കുമ്പോള്‍ 'കഥ' എന്ന മാഗസിന്റെ പരസ്യം - പൂക്കളില്‍ നിന്നും പരാഗരേണുക്കള്‍ പോലെ, ചന്ദനത്തിരിയുടെ പുകച്ചുരുളിലെ നീണ്ടുചുരുണ്ട പാതയിലൂടെ പല കഥകളുടെ സംജ്ഞകള്‍ - പരാജയകഥ, അണിയറക്കഥ, അരങ്ങിന്‍കഥ, വിവാഹകഥ, വേര്‍പിരിയല്‍കഥ, ജീവകഥ, മരണകഥ, കൊച്ചുകഥ, വല്യകഥ, മര്യാദകഥ, തെമ്മാടിക്കഥ, ഭക്തികഥ, കാര്‍ട്ടൂണ്‍കഥ, ഫോട്ടോകഥ, ചിത്രകഥ, വിചിത്ര കഥ, ഋജുകഥ, വക്രകഥ, ജയകഥ, ആത്മകഥ, അപരകഥ, കെട്ടുകഥ, വട്ടുകഥ, പ്രണയകഥ, പാപകഥ, രാക്കഥ, പകല്‍ക്കഥ, ഇ-മെയില്‍ കഥ, എസ്‌.എം.എസ്‌. കഥ, രതികഥ.

ഇതിലില്ലാത്ത ഒരു കഥ എഴുതാനാവുമെങ്കില്‍ കഥയുടെ പരസ്യക്കാരനേയും ഞെട്ടിക്കണം - തിരക്കഥപോലെയായാല്‍
സിനിമയും സീരിയലും ആകും- അതാവണ്ട.

ഒരു വീഡിയോ കഥയായി മാറണം.

കഥ വീഡിയോ ആയി രൂപാന്തരം പ്രാപിക്കരുത്‌-

കഥ തുടങ്ങാം - -

മുഴുവന്‍ ഇരുട്ട്‌ - ഘോരാന്ധകാരം-

ഇമേജുകള്‍ വീഡിയോവില്‍ നിന്ന്‌ പേപ്പറില്‍ എത്തിയപ്പോള്‍ കരിമഷി വീണപോലെ പേപ്പര്‍ കറുത്തുപോയി. ഇരുട്ടല്ലേ? ഇനി വെളുത്തമഷിയുള്ള
പേന വേണം അതിലെഴുതാന്‍. (വേണ്ടാത്ത വായന വേണ്ട, വായനക്കാരാ!)
മുറിയുടെ ഭിത്തിയില്‍ താഴെയായി ഫിറ്റ്‌ ചെയ്ത സീറോവാട്ട്‌ ലാം പ്‌ (അങ്ങനെയൊരു ലാംപില്ല - ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍
എന്ന്‌ നിരൂപകര്‍ വാദിക്കരുത്‌- ഏതു ബള്‍ബിനും ഇത്തിരിപ്പോന്ന വാട്ട്‌ ഉണ്ടാവും - ഇത്തിരി വാട്ടവും)

ലൈറ്റിട്ടത്‌ കഥയെഴുത്തുകാരന്‍ - കട്ടിലില്‍ കിടന്നുറങ്ങുന്നത്‌ അയാളുടെ മൂന്നുവയസ്സായ അക്ഷരം പഠിച്ചിട്ടില്ലാത്ത
മകള്‍-

അവള്‍ ഉറങ്ങുന്നത്‌ രണ്ടാം മമ്മിയെ കണ്ടുകഴിഞ്ഞിട്ടാണ്‌. രണ്ടാനമ്മ യെ എന്ന്‌ തെറ്റിദ്ധരിക്കാന്‍ കഥാകാരന്‍
ബോധപൂര്‍വ്വം ശ്രമിച്ചതാണ്‌. മമ്മി - 2 എന്ന ഇംഗ്ലീഷ്‌ ഹൊറര്‍ ചിത്രം -

തന്റെ കാല്‍ പെരുമാറ്റംകേട്ട്‌ അവള്‍ ഞെട്ടിയുണര്‍ന്ന്‌ പേടിച്ച്‌ നിലവിളിയ്ക്കാന്‍ തുടങ്ങി. ആ നിലവിളിയിലെ ഭീകരതയും
ദൈന്യതയും പകരാന്‍ മലയാളം വാക്കുകള്‍ക്ക്‌ ആയോ? അല്ലെങ്കില്‍ സ്ക്രീമിംഗ്‌ എന്ന ഇംഗ്ലീഷ്‌ വാക്ക്‌ ഉപയോഗിച്ചാല്‍
ചിലപ്പോള്‍ അതിന്റെ ദൈന്യത ഡോള്‍ബി സംവിധാനത്തില്‍ വായനക്കാര്‍ക്ക്‌ അനുഭവിക്കാനാകും-അരണ്ട വെളിച്ചത്തില്‍ മുഖം
തെളിയാതിരുന്നതിനാല്‍ അച്ഛനെ തിരിച്ചറിയാതെ അവള്‍ വീണ്ടും പേടിച്ച്‌ കരഞ്ഞു - തന്റെ മുഖം ഇനി ഭീകരമായി
മാറിക്കഴിഞ്ഞോ എന്ന്‌ തിരിച്ചറിയാതിരുന്ന അയാള്‍ക്ക്‌ സംശയം ബലപ്പെട്ടു.

തന്റെ മുഖം കഥയെഴുത്തിന്റെ സമയത്ത്‌ മൊത്തം വായനക്കാരെ കടിച്ചുകീറാനായി മറ്റൊരു വ്യാളീമുഖം
എടുത്തണിഞ്ഞിരുന്നോ?

തന്റെ മുഖം മകള്‍ കാണണ്ട എന്നു കരുതി അയാള്‍ വായിച്ചുകൊണ്ടിരുന്നതും കൈയ്യിലുണ്ടായിരുന്നതുമായ
കലാകൌമുദിയെടുത്ത്‌ മുഖം മറച്ചു-

കലാകൌമുദിയുടെ പുറംചട്ട കണ്ടപാടെ മകള്‍ ചിരിച്ചു-

"ഓ, ഇറ്റീസ്‌ യു ഡാഡ്‌?"

ബെഡില്‍ നിന്നും എഴുന്നേറ്റ്‌
പുതപ്പ്‌ വലിച്ചെറിഞ്ഞ്‌ ഓടിയടുത്തെത്തി. മുഖമടക്കം മാസികയടക്കം കെട്ടിപ്പിടിച്ച്‌ അവള്‍
ഉമ്മ വച്ചു.

തന്റെ വീട്ടില്‍ മാത്രം കാണുന്ന അധികം സര്‍ക്കുലേഷനില്ലാത്ത സാഹിത്യ മാസികയുടെ മുഖചിത്രം കണ്ട്‌ വളരെ
ചിരപരിചിതമെന്നതുപോലെ അവള്‍ ചിരിച്ചു. അച്ഛനെ തിരിച്ചറിയാന്‍ മാസികയുടെ പുറം ചട്ട! ഈ കഥ ഏതില്‍ പെടും?

കഥാകാരന്‍ കഥയില്ലാത്ത കുട്ടിയെ അക്ഷരമുറ്റത്തെത്താത്ത മകളെ തെറ്റായി ധരിച്ചതില്‍ മനം നൊന്ത്‌ ഒരു ചിരി
ചിരിച്ചു- മകളെ നോക്കി ആശ്വാസമായി.

Monday, June 11, 2007

കാല്‍വിന്‍ മത്തായ് (സഹദേവന്റെ ഉദ്ഘാടന പ്രസംഗത്തില്‍ നിന്നും)

- അജിത്ത് പോളക്കുളത്ത്

*** *** ***

“.. അടുത്തതായി യുവരശ്മി ആര്‍ട്സിന്റെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തിചേര്‍ന്ന മുന്‍ മന്ത്രിയും എഴുത്തുകാരനും ഗാന്ധിയനുമായ ശ്രീ സഹദേവന്‍ മേലേത്തിനെ വേദിയിലേക്ക് ഈ സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ ക്ഷണിച്ചുകൊള്ളുന്നു”

അദ്ധ്യക്ഷ പഞ്ചായത്ത് പ്രസിഡണ്ട് ഓമന ടീച്ചര്‍ ആണുങ്ങളുടെ പോലുള്ള ശബ്ദത്തില്‍ ഉദ്ഘാടകനെ ക്ഷണിച്ചു.

വേദിയിലിരുന്നവരും പുറത്തിരുന്നവരും നിശബ്ദരായി. പെട്ടികടക്കാര്‍ കപ്പലണ്ടി വറക്കുന്നതു വരെ നിര്‍ത്തി കാരണം സഹദേവനാണ്പ്രസംഗിക്കാന്‍ പോകുന്നത്.

അയാള്‍ മൈക്രോഫോണിന്റെ തല വായ്ക്കരികിലേക്ക് അഡ്ജ്സ്റ്റു ചെയ്തു, വെളുത്ത ഖദര്‍കുപ്പായം ഇരുകൈകൊണ്ട് അയാള്‍ താഴേക്കുവലിച്ചു. സ്റ്റേജിനു മുന്നിലിരുന്ന പ്രായമായ സ്ത്രീകളീല്‍ പലരും വെത്തിലപൊതി അഴിച്ചു മുറുക്കാന്‍ തുടങ്ങി. പിന്നിലേക്ക് നോക്കിയാല്‍ അഴീക്കോട് സാറിന്റെ പ്രസംഗം കേള്‍ക്കാന്‍വരുന്ന അത്രക്കുപേര്‍ ഉണ്ടവിടെ.

ലോക്കല്‍ ചാനലുകാര്‍ മത്സരിച്ചു വീഡിയോയുമായ് അണിയറയില്‍ ചായ പകര്‍ത്തുന്ന കാപ്പിക്കരന്‍ ശങ്കരന്റെ മുഖം മുതല്‍, അരങ്ങില്‍ മൂക്ക് ചുരണ്ടിരുക്കുന്ന സഖാവിനെ കൂടാതെ സ്റ്റേജിനു മുന്നില്‍ മണ്ണുകൂട്ടി കളിക്കുന്ന പിള്ളേരുടെ മുഖങ്ങള്‍ വരെ പകര്‍ത്തുന്നുണ്ടായിരുന്നു. ചാനല്‍ കണ്ണുകള്‍ ഇപ്പോള്‍ സ്റ്റേജിലേക്ക് ശ്രദ്ധപടര്‍ത്തി.

അയാള്‍ കണ്ഠക്ഷോഭം തുടങ്ങുകയായി.

“പ്രിയപ്പെട്ട എന്റെ നാട്ടുകാരേ.. അമ്മമാരെ സഹോദരി സഹോദരന്‍മാരെ...നിങ്ങള്‍കെല്ലാവര്‍ക്കും എന്റെ പ്രണാമം, ഇവിടെ എന്നോടോപ്പം വേദി പങ്കിടുന്ന സാഹിത്യ സാംസ്കരിക പണ്ഠിതന്മാര്‍ക്കും എന്റെ വിനീതമായ് കൂപ്പുകൈ, എന്റെ നിങ്ങളുമായുള്ള രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും കൂടുതള്‍ സ്വാധീനിച്ച ദിനമാണ് ഇന്ന്,നമ്മുടെ രാഷ്ട്രപിതാവിന്റെ ജന്മദിനം... നമ്മളുടെ പ്രവര്‍ത്തനത്താല്‍ ഇന്നിവിടേ ഈ വേദിയില്‍ പുതിയതലമുറക്കായ് ഒരു പുസ്തകശാലയുടെ ഉദ്ഘാടനവും... വളരേ സന്തോഷഭരിതമായ മുഹൂര്‍ത്തം... ”

അയാള്‍ പതുക്കെ മുന്നിലിരിക്കുന്ന കുട്ടികള്‍ മുതല്‍ പിന്നിലേക്ക് കണ്ണുകോണ്ടളക്കുന്നുണ്ടായിരുന്നു. അയാള്‍ തുടര്‍ന്നു...

“നമ്മുടെ പുതിയ തലമുറക്കാരില്‍ വായന കുറയുന്നു എന്ന കാര്യം എല്ലാവരും ചര്‍ച്ചചെയ്യുന്ന പൊതുകാര്യങ്ങളില്‍ ഒന്നാണ്, ഈ ഹൈടെക് തലമുറയോട് എനിക്ക് പറയാനുള്ളത്.. വായനാ ശീലം വളര്‍ത്തുക.. വായനയാണ് നമ്മളെ എഴുത്തുകാരും,വാഗ്മികളും..പണ്ഠിതന്‍മാരും ആക്കുന്നത്.. ഞാനോര്‍ക്കുന്നു എന്റെ കുട്ടികാലത്ത് വായനശാലയില്‍ പോയി നോവലുകളും കവിതകളും മറ്റും വായിച്ചിരുന്നത്... ഇന്നീ കാലത്തില്‍ ചെറുപ്പക്കാര്‍ എത്ര പേര്‍ പോകുന്നു വായന ശാലയില്‍??? വളരെ വിരളമാണ് അക്കൂട്ടത്തിലുള്ളവര്‍.. ഇന്ന് പത്തോ ഇരുപതോ രൂ‍പ കൊടുത്താല്‍ ഇന്റര്‍നെറ്റ് കഫേകളില്‍ പോയാല്‍ പത്രങ്ങള്‍ മുതല്‍ കഥ്, കവിത, നോവല്‍ എന്നിവ ഓണ്‍ലൈനില്‍ വായിക്കാം. എന്നിട്ടും അവിടെ പോയാല്‍ ചാറ്റിങ്ങ് ചെയ്ത് തിരിച്ചുപോരുന്നു.. ഇങ്ങനേയുള്ള ഈ സന്ദര്‍ഭങ്ങളില്‍ പ്രിന്റട് മീഡിയാക്ക് വളരെ സ്വാധീനം ചെലുത്താന്‍ സാധിക്കും.. ഈ ഹൈടെക്ക് യുഗകാരോട് എനിക്ക് പറയാനുള്ള മറ്റൊരു പ്രധാനകാര്യം നിങ്ങളെല്ലാവരും വായിക്കാന്‍ വിട്ടുപോയ.. വായിക്കാനായി പുസ്തകം മലയാളത്തില്‍ അദ്ധേഹത്തെ കുറുച്ച് ആരും എഴുതിയിട്ടില്ല എന്ന് തോന്നുന്നു... ശ്രീമാന്‍ കാല്‍വിന്‍ മത്തായ് യെ കുറിച്ചാണ് ... അദ്ധേഹത്തെ കുറിച്ചു പറയുകയാണെങ്കില്‍, ‘ആഫ്രിക്കയിലെ ഗാന്ധി’ എനിക്കങ്ങനേ അഭിസംബോധന ചെയ്യാന്‍ തോന്നുന്നു ... മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനെ പോലെ ഗാന്ധിയന്‍ ആശയങ്ങളോട് കൂറുപുലര്‍ത്തഇയിരുന്ന കാല്‍വിന്‍ ഒരു ദരിദ്ര കര്‍ഷകകുടുമ്പത്തിലാണ് ജനിച്ചത്.. കടുത്ത ദാരിദ്ര്യത്തിലും പട്ടിണിയിലും കൊടുമ്പിരി കൊണ്ട കാ‍ലങ്ങളില്‍ഉണ്ടായിരുന്ന വംശീയ കലാപങ്ങളെ, ആക്രമങ്ങളെ ഗാന്ധിയന്‍ ആശയങ്ങള്‍ അമ്പായ് തൊടുത്ത് അവിടുത്തെ പാവപ്പെട്ടവരെ രക്ഷിച്ച മഹാന്‍.. ഗാന്ധിയെ പോലെ തന്നെ അക്രമരാഹിത്യം തന്നെയായിരുന്നു അദ്ധേഹത്തിന്റെയും തത്വവും ആയുധവും.. പക്ഷെ അദ്ധേഹം ഒരു ബുക്കിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നില്ല എന്നതാണ് എടുത്തുപറയേണ്ട ഒരു പ്രധാന വസ്തുത”

അയാള്‍ കുറച്ചുനേരം സ്റ്റേജിലെ മറ്റുള്ളവരെ നോക്കി.. എല്ലാവരും കാല്‍വിന്‍ മത്തായ് എന്ന ഗാന്ധിയന്‍ ഉണര്‍ന്നുപോരാടുന്ന രംഗങ്ങള്‍ മനസ്സിലെ LCD മോനിട്ടറില്‍ കാണുകയായൈരിക്കും..

“കാല്‍വിന്‍ അഴുക്കുചാലുകള്‍, ചവറ്‍ കൂമ്പാരങ്ങള്‍ എന്നിവ ശുചിയാക്കുന്നവയോടൊപ്പം കാലികളേ മേക്കുന്ന പണിക്കരെ തൊഴുത്തു വൃത്തിയാക്കിയും മറ്റും സഹായിക്കുകയും, പിന്നീട് സ്വന്തമായി കാലികളേ വളര്‍ത്തി പാല് കറന്ന് പാവപ്പെട്ടകുട്ടികള്‍ക്ക് കൊടുത്തിരുന്നത്രേ!!!.. ഇന്നീ വേളയില്‍ നമ്മുടെ സമൂഹത്തില്‍ ഇതുപോലെയുള്ള കാല്‍വിന്‍ മാരുണ്ടെങ്കില്‍ ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന പകര്‍ച്ചപനിയും തടയാമായിരുന്നു.. ഇപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞപോലെ ജാതിക്കോലങ്ങള്‍ ഉറഞ്ഞാടുന്ന കാലം ഇതാവീണ്ടും സംജാതമായിരിക്കുന്നു. തികച്ചും നിസ്തര്‍ക്കമായ വസ്തുത തന്നെയാണ് അത് സത്യാഗ്രഹം വീണ്ടും തുടങ്ങാന്‍ സമയമായിരിക്കുന്നു... ഓ ഞാന്‍ പലകാര്യങ്ങളിലേക്ക് പോയെന്നു തോന്നുന്നു, എന്തായാലും നീഗ്രോകള്‍ക്കുവേണ്ടി അക്രമരാഹിത്യ സമരങ്ങളുമായ് മുന്നോട്ട് പോയ ശ്രീമാന്‍ കാല്‍വിന്‍ മത്തായ് എന്ന നിസ്തന്ദ്രനായ, സത്യസന്ധനായ ആ വ്യകതിയെ സ്മരിച്ചുകൊണ്ട് ഞാനീ സമ്മേളനം ഉദ്ഘാടനം ചെയ്തതായ് പ്രഖ്യാപിക്കുന്നു.. അതോടൊപ്പം അദ്ധേഹത്തിന്റെ ആത്മശാന്തിക്കു വേണ്ടി രണ്ടു നിമിഷം പാര്‍ത്ഥിക്കാന്‍ ഞാന്‍ ‍നിങ്ങളോട് വിനീതനായി ആവശ്യപ്പെടുന്നു...”

ഉദ്ഘാടനത്തിനോടനുബന്ധിച്ചുയര്‍ന്ന കൈയ്യടിയില്‍ ഒരു അല തന്നെ ഉണ്ടായി... സ്റ്റേജിലിരുന്നവര്‍ തുടങ്ങി ആബാലവൃദ്ധ ജനങ്ങളും രണ്ടു നിമിഷം എഴുന്നേറ്റ് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി..

കടലില്‍ തിരമാലകള്‍ നിശബ്ദമായാല്‍ എന്തായിരിക്കും..അതുപോലെയായി ഇവിടെയും കിടിലം പ്രസംഗത്തില്‍ എല്ലവരും തരിച്ചുപോയ പോലെ...എല്ലാവരുടെയും മനസ്സില്‍ ഒരാളായിരുന്നു ...
ഹൈടെക്ക് യുവാക്കള്‍ ആവേശത്തോടെ ....‘കാല്‍വിന്‍ മാത്തായ് ദ ഗ്രേറ്റ് ഗാന്ധിയന്‍’ എന്ന ടാഗില്‍ മനസ്സില്‍ കുറിച്ചിടുകയായിരിക്കാം..

നാളെ ഇനി ചാനലുകളിലും, പത്ര മാധ്യമങ്ങളിലും കാ‍ല്‍വിന്‍ മത്തായിയെ കുറിച്ചുള്ള ചര്‍ച്ചകള്‍... ഹൊ എന്തായിരിക്കും.. പതിവുപോലെ ഇത്തവണയും നമ്മുടെസഹദേവന്‍ ആരും കേള്‍ക്കാത്ത വ്യക്തിയെ നമ്മള്‍ക്കു പരിചയപ്പെടുത്തി... തേട്ടിയരക്കപ്പെടുന്ന ആശയങ്ങല്‍ ആവഹിച്ചുള്ള പ്രാസംഗികരെ നമ്മുടെനേതാവ് മുട്ടുകുത്തിച്ചിട്ടുണ്ട് മുന്‍കാലങ്ങളിലും...

ഇനിയും മുട്ടുകുത്തും അവര്‍ ഇയാള്‍ക്കുമുന്നില്‍.. തീര്‍ച്ച.

സ്ഥലത്തെ സര്‍ക്കാര്‍ കോളേജിലെ മലയാള വിഭാഗം അദ്ധ്യാപികയായ ഭാര്യ അംബികാ സഹദേവന്‍ കണ്ടത് നീണ്ട പ്രസംഗത്തിനുശേഷം വേദി പങ്കിട്ടവര്‍ക്ക് സംഘാടകര്‍നല്‍കിയ ചെറിയ അത്താഴത്തിനു ശേഷം മലന്നുകിടന്നു കൂര്‍ക്കം വലിച്ചുറങ്ങുന്ന സഹദേവനെയാണ്‍. അവള്‍ ചാനലിലെ വാര്‍ത്തയില്‍ കണ്ടിരുന്നു പ്രസംഗിച്ചു കൈയ്യടിവാങ്ങുന്ന തന്റെ സഹദേവന്‍ ചേട്ടനെ.. ഭര്‍ത്താവിന്റ്റെ ഓമനത്വം തുളുമ്പുന്ന മുഖശ്രീ അവള്‍ നോകിയിരുന്നു.

അവള്‍ മേശപ്പുറത്ത് അലങ്കോലപ്പെട്ടു കിടക്കുന്ന ബുക്കുകള്‍ അടക്കിയൊതുക്കി വക്കാന്‍ തുടങ്ങി, അപ്പോഴും അവളുടെ മനസ്സില്‍ കാല്‍വിന്‍ മത്തായ് എന്ന നീഗ്രൊയെക്കുറിച്ചായിരുന്നു.

‘നാളെ മലയാളം ക്ലാസ്സില്‍ ആരെങ്കിലും ഇയാളെ കുറിച്ചു ചോദിച്ചാല്‍? മറ്റു ടീച്ചര്‍മാരും ചോദിക്കാതിരിക്കില്ല, പൊളിറ്റിക്സ് വിഭാഗത്തിലെ ബാലന്‍ സാറും, സൂറാബി ടിച്ചറും എന്തായലും ചോദിക്കാതിരിക്കില്ല, ഇക്കാര്യം ഉറപ്പാണ്. ഉണരട്ടെ, എന്നിട്ട് വിശദമായി ചോദിക്കാം.നാളെ പത്രക്കാര്‍ ഇന്റര്‍വ്യൂവിന് വേണ്ടി അപ്പോയ്മെന്റ് എടുത്തതായി ഡ്രൈവര്‍ പറയുന്നുണ്ടായിരുന്നു’

ചാനലുകളിലെ ന്യൂസിലെ ഹെഡ് ലൈനുകളില്‍ ഒന്ന് തന്നെ ഇന്നത്തെ പ്രസംഗത്തിന്റെ ഉള്ളടക്കം ആയിരുന്നു’

അവള്‍ ആരൊടൊന്നില്ലാതെ ചോദിച്ചു..

“ഹോ ...സ്വന്തം ഡയറിപോലും ഒന്ന് അടച്ചുവച്ചൂടെ, സാധാരണയായി ഇതു ഇവിടെ കാണാറില്ലല്ലോ?”

പെട്ടെന്നായിരുന്നു ഡയറിയിലെ സഹദേവന്റെ കുറിപ്പുകണ്ടത്..
‘ നമ്മുടെ കറവക്കാരന്‍ മത്തായിക്ക് തന്റെ പേരക്കുട്ടികള്‍ക്ക് പഠനസാമഗ്രികള്‍ വാങ്ങാന്‍ അഡ്വാന്‍സായി കുറച്ചു പൈസവേണോന്നും ... ആദ്യം ഇല്ല എന്നു പറഞ്ഞു നോക്കി ഞാന്‍.. കറക്കുമ്പോള്‍ പിന്‍കാലുകള്‍ കോണ്ട്ചവിട്ടാന്‍ വരുന്ന പ്രാന്തിപശുക്കളെ കറക്കാന്‍ വേറെ ആളേനോക്കാന്‍ അവന്‍ പറഞ്ഞു, കൂടാതെ നാളേ മുതള്‍ തൊഴുത്തു വൃത്തിയാക്കാന്‍ വരില്ലാന്നുപറഞ്ഞപ്പോള്‍ ... ഞാന്‍ എന്റെ ഭാര്യയോടു പോലും ചോദിക്കാതെ 1500 രൂപ മുന്‍കൂര്‍ ശംബളമായും (കറക്കുന്നതിനു) 500 രൂപ തൊഴുത്തു വൃത്തിയാക്കിയ ഇനത്തിലുംപെടുത്തി ചിലവില്‍ വച്ചു രേഖപ്പേടുത്തി’

കുറിപ്പ് എഴുതിയ ഡയറിയില്‍ ഇതളുകള്‍ക്കിടയില്‍ വച്ച ആ വിദേശമാഗസിന്റെ പുറം ചട്ട അവള്‍ ശ്രദ്ധിച്ചു... Calvin Klein എന്ന അടിവസ്ത്ര ബ്രാണ്ടിന്റെ പരസ്യം അവള്‍ തെല്ലൊന്ന് പരിഭ്രമിച്ചുപോയ് പിന്നെ ഒരു ഞെട്ടലും

“ങ്ഹേ...”

“കാല്‍വിന്‍ ക്ലെയിന്‍ ലെ ‘കാല്‍വിന്‍’ + കറവക്കാരന്‍ മാത്തായി ലെ ‘മത്തായ്’ = ‘കാല്‍വിന്‍ മത്തായ്’ ,

അതെ അതങ്ങനെയാണു ദൈവമേ..

സംസ്കൃത കാവ്യങ്ങളില്‍ പാത്രസൃഷ്ടികളില്‍ കര്‍ത്താവായ നാടകകവി ഭാസനെ പോലും തോല്‍പ്പിക്കുന്ന ഇങ്ങേരുടെ ഒരു പാത്രസൃഷ്ടിയേ ദൈവമേ....”

അവള്‍ മേശപ്പുറത്ത് അറിയാതെ ഇരുന്നുപോയി... ബോധം കെടാത്തതില്‍ ദൈവത്തിനോട് സ്തുതി.

കഴുതക്കഥ: ഒരു പുതു വ്യാഖ്യാനം

ബെന്യാമിന്‍
ഞാനും ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും കൂടി ഒരു കാറില്‍ സഞ്ചരിക്കുന്നു. ഞാന്‍ വാഹനമോടിക്കുകയാണ്‌. ഭാര്യയും കൂട്ടുകാരിയും വര്‍ത്തമാന കുശുമ്പുകുന്നായ്‌മകള്‍ കൊറിച്ച്‌ പിന്‍സീറ്റിലും. നല്ല യാത്ര. സുഖപ്രദമായ യാത്ര.
അപ്പോഴുണ്ട്‌ ഒരു സുഹൃത്ത്‌, വഴിയാത്രക്കാരന്‍. കൈകാണിക്കുന്നു. ഞാന്‍ വണ്ടി നിര്‍ത്തി. വെറും കുശലങ്ങള്‍ക്കുശേഷം ഒരു കമന്റ്‌. ഹല്ല ഈ വണ്ടിയില്‍ പോക്ക്‌ കണ്ടിട്ട്‌ നിങ്ങള്‍ ഒരു ഡ്രൈവറും ഇവര്‍ രണ്ട്‌ കൊച്ചമ്മമാരും എന്നു തോന്നിക്കുന്നല്ലോ.
ഞാന്‍ നാണം കെട്ടു. ചൂളി. വെറും ഒരു ഡ്രൈവര്‍ സ്ഥാനത്തേക്ക്‌ താഴാന്‍ മനസ്സില്ലാതിരുന്നതുകൊണ്ട്‌ ഭാര്യയെ വിളിച്ച്‌ മുന്‍സീറ്റിലിരുത്തി. കുട്ടുകാരി പിന്‍സീറ്റില്‍ തന്നെ ഇരുന്നു. നല്ല യാത്ര സുഖപ്രദമായ യാത്ര. ഭാര്യയ്ക്ക്‌ കുശുമ്പുകുന്നായ്‌മകള്‍ കൊറിക്കാന്‍ പിന്നിലേക്ക്‌ നോക്കിയിരിക്കേണ്ടി വന്നു എന്നുമാത്രം.
അപ്പോഴുണ്ട്‌ മറ്റൊരു സുഹൃത്ത്‌ വഴിയില്‍. കൈകാണിക്കുന്നു. അതും കുശലങ്ങള്‍ക്കുശേഷം ഒരു കമന്റ്‌ ഹല്ല നിങ്ങള്‍ ദമ്പതിമാരിങ്ങനെ മുന്‍സീറ്റിലിരുന്ന് യാത്ര ചെയ്‌താല്‍ ഈ കൂട്ടുകാരിയെ കണ്ടാല്‍ ഒരു വേലക്കാരിയെപ്പോലെ തോന്നുന്നല്ലോ.
ഛേ! ഞാന്‍ നാണം കെട്ടു. ഏറ്റവും ആതിഥ്യമര്യാദയുള്ളവനാണ്‌ ഞാന്‍. ഭാര്യയുടെ കൂട്ടുകാരി എന്റെ നല്ല അതിഥിയാണ്‌. അവരെ ഒരു വേലക്കാരി എന്നു തോന്നിപ്പിച്ചാല്‍...ഭാര്യ പിന്‍സീറ്റിലിരുന്നു. കൂട്ടുകാരി എനിക്കൊപ്പം മുന്‍സീറ്റിലേക്കു വന്നു. ഹാ ഇപ്പോള്‍ എല്ലാം ഓക്കെയായി. നല്ല യാത്ര. സുഖപ്രദമായ യാത്ര. ഭാര്യയുടെ കൂട്ടുകാരിക്ക്‌ കുശുമ്പുകുന്നായ്‌മകള്‍ കൊറിക്കാന്‍ പിന്നിലേക്ക്‌ നോക്കിയിരിക്കേണ്ടി വന്നു എന്നു മാത്രം.
ദേ അപ്പോഴുണ്ട്‌ മൂന്നാമത്‌ ഒരു സുഹൃത്ത്‌ വഴിപോക്കനായി കണ്‍ മുന്നില്‍. കൈനീട്ടി. വണ്ടി നിറുത്തി. കുശലങ്ങള്‍ക്കൊപ്പം ഭാര്യയുടെ കൂട്ടുകാരിയെ ഏറുകണ്ണിട്ട്‌ ഒരു നോട്ടം കൂടി. അതില്‍ കലര്‍ന്നിരിക്കുന്ന സംശയംകണ്ട്‌ ഞാന്‍ പറഞ്ഞു ഭാര്യയുടെ കൂട്ടുകാരിയാണ്‌. കൊള്ളാം കൊള്ളാം. പക്ഷേ ഇതിനകത്ത്‌ ഒരു അവിഹിതം മണക്കുന്നുണ്ട്‌.
കൂട്ടുകാരന്‍ അവന്റെ വഴിക്കുപോയി.
ഞങ്ങള്‍ മൂന്നുപേര്‍ എന്തുചെയ്യണമെന്നറിയാതെ പെരുവഴിയിലും. നീണ്ട ആലോചനകള്‍കൊടുവില്‍ വണ്ടി വഴിയിലുപേക്ഷിച്ച്‌ ഞങ്ങള്‍ മൂവരും നടന്നു. ആരെങ്കിലും പുതിയ അഭിപ്രായങ്ങളുമായി പ്രത്യക്ഷപ്പെടുന്നതിനു മുന്‍പേ വീട്ടിലെത്തണേ എന്ന പ്രാര്‍ത്ഥനയോടെ...

Thursday, June 7, 2007

ഇവാന്‍ ഇല്ലീച്ചിന്റെ കത്ത്...


- ദേവദാസ് വി.എം

~~~~
അച്ചോ, വാതില്‍ തുറക്കച്ചോ

ആരാണീ പാതിരാത്രിയില്‍ വാതിലില്‍ തട്ടുന്നത്. ഉറക്കം പിടിച്ച് വരുന്നതേ ഉണ്ടാ‍യിരുന്നുള്ളൂ. ഇയര്‍ എന്‍ഡിം‌ഗും, അനാഥലയത്തിലെ വരവുചിലവുകണക്കുക്കളും പിന്നെ ക്രിക്കറ്റ്കളിയുടെ റീ-പ്ലേയും കഴിഞ്ഞപ്പോള്‍ നേരമേറെയായി.

ഫിലിപ്പോസച്ചോ, എണീക്കച്ചോ..

കര്‍ത്താവേ! ശീമോന്‍ ചെമ്മാച്ചനാണല്ലോ. ഈ പാതിരാത്രിയില്‍. വാതില്‍ തുറന്നപ്പോള്‍ ശീമോന്റെ പരിഭ്രമിച്ച മുഖം.

എന്നാ ശീമോനേ നീ വിറളിപിടിച്ച്

പോപ്പ് പോയച്ചോ... ഇപ്പോള്‍ ഫോണ്‍ വന്നിരുന്നു, മെത്രാന്റങ്ങൂന്ന്

മാര്‍പാപ്പ....?

അതെ

ജീസസ്...

എന്താണ് വേണ്ടതച്ചോ?

നീ പോയുറങ്ങ് ശീമോനേ, നാളെ കാണാം.

അച്ചനെന്നതായീ പറയുന്നത്. അറിയിപ്പുമണിയടിക്കണ്ടേ?

ശീമോനേ, മണി ഒന്നരയാകാറായി. ഇവിടെ തീപിടുത്തോം, വെള്ളപ്പോക്കോം ഒന്നുമുണ്ടായില്ലല്ലോ...കരക്കാരെ വിളിച്ചുകൂട്ടാന്‍

അരമനേന്ന് പറഞ്ഞിരുന്നു. അറിയിപ്പുമണിയടിക്കാന്‍....കപ്യാര്?

അയാളിപ്പോള്‍ ഭാര്യേം കെട്ടിപ്പിടിച്ചുറങ്ങുന്നുണ്ടാകും. അയാടെ ഉറക്കം കൂടി കളയണ്ടാ. നീ തന്നെ പോയി അടിയ്ക്ക്. നല്ല ഒച്ചേ തന്നെയടി. ഈ ഇടവകയിലൊരുത്തനും ചെവിതല കേള്‍ക്കരുത്. ആള്‍ക്കാര്‍ കൂടിയാല്‍ കാര്യം പറ... എനിക്ക് തീരെ മേലാ... ഉറക്കമാണെന്ന് പറഞ്ഞോ...

എന്നാലുമച്ചോ, അച്ചന്‍ വന്ന് ഒരനുശോചനോം ഘോഷിച്ച്...

പാപ്പയാരാ ശീമോനേ... കര്‍ത്താവോ?

അച്ചനെന്നായീ പറയുന്നത്?

ഞാന്‍ പറഞ്ഞതു തന്നെ. നീ പോയി മണിയടിക്കുകയോ, മെത്രാനെ വിളിക്കുകയോ അനിശോചനം പറയുകയോ എന്നാ വേണേലും ചെയ്യ്...ആ ..പിന്നെ ഞാന്‍ ലിസ്റ്റ് തയ്യാറാക്കി വെച്ചിട്ടുണ്ട്. നാളെ നീ ഓര്‍ഫനേജിലേക്കുള്ള പലചരക്കു വാങ്ങണം. എനിക്കു പുറത്തിറങ്ങാന്‍ മേലാ... നല്ല ശരീരവേദന...

ശരിയച്ചോ..

എന്നാ അങ്ങിനെയാട്ടേ ശീമോനേ...ഞാനുരങ്ങട്ടേ..

* - ** - ** - ** - ** - ** - ** - ** - ** - * * - ** - ** - ** - ** - ** - ** - ** - ** - *

ഓരൊ മണിയൊച്ചയും കൂടം കൊണ്ടുള്ള അടിയായി ശിരസ്സില്‍ പതിയുന്നു. അല്ലേലും ഈ മണിയൊച്ചകള്‍ എന്നും അലോസരമുണ്ടാക്കാറുണ്ട്. എട്ട് വയസുള്ളപ്പോഴാണ് രാത്രി പള്ളിയില്‍ നിന്ന് നിര്‍ത്താതെയുള്ള മണിയിച്ച കേല്‍ക്കുന്നത്. ഞെട്ടിയുണര്‍ന്നെഴുന്നേറ്റ തന്നെ ബ്രിയാറിസ് വല്ല്യമ്മച്ചി നെഞ്ചോടുചേര്‍ത്തു പിടിച്ചു.

വല്ല്യ നാശക്കോളാന്നാ തോന്നുന്നേ...പള്ളീന്നാ... നീ ഒറങ്ങിക്കോ കുഞ്ചെക്കാ‍..

മിഴികളടച്ചെങ്കിലും ഉറക്കം വന്നില്ല. ബ്രിയാറിസ് വല്ല്യമ്മച്ചിയുടെ നെഞ്ചിടിപ്പിനും പള്ളിമണിയ്ക്കും ഒരേ താളം... പിന്നീട് ആ മണിയൊച്ചകള്‍ പലതവണ. രായപ്പന്‍ നായരുടെ വീടിന് തീപീടിച്ചപ്പോള്‍, കോവുപാടത്ത് ബണ്ട് പൊട്ടിയപ്പോള്‍, ഏല്ല്യാമേം പിള്ളേരും വിഷം കുടിച്ചപ്പോള്‍... എന്നാല്‍ ഈ മണിയൊച്ചയ്ക്ക് ബ്രിയാറിസ് വല്ല്യമ്മച്ചിയുടെ നെഞ്ചിടിപ്പിന്റെ താളമില്ല. പക്ഷേ നേര്‍ത്തകാറ്റില്‍ വല്ല്യമ്മച്ചിയുടെ വായില്‍ നിന്ന് വരാറുണ്ടായിരുന്ന പുകയിലയുടെ മണം പടര്‍ന്നു.

നാളത്തെ പത്രങ്ങള്‍ നിറയെ ഈ വാര്‍ത്തയായിരിക്കും. വലിയ തലക്കെട്ടുകള്‍
"മാര്‍പാപ്പ ദിവംഗതനായി"
"ലോകത്തിന്റെ ഇടയന്‍ യാത്രയായി"
"പത്രോസിന്റെ സിംഹാസനം ഒഴിഞ്ഞു"

പിന്നെ ചാഞ്ഞും, ചെരിഞ്ഞുമുള്ള കുറേ ചിത്രങ്ങള്‍. ലേഖകന്റെ കഴിവു തെളിയിക്കും വിധം അടിക്കുറിപ്പുകള്‍. സാംസ്ക്കാരിക-മത-രാഷ്ട്രീയ നേതാക്കളുടെ അനുശോചനങ്ങള്‍, ഓര്‍മ്മക്കുറിപ്പുകള്‍, ഗദ്ഗതങ്ങള്‍. ലേഖകര്‍ നന്നായി പൊലിപ്പിച്ചെഴുതും.
(മരിച്ചാലും വിടില്ലല്ലോ...മേയ്ക്കപ് ചെയ്യും...മോടിയായി വസ്ത്രം ധരിപ്പിക്കും...പോളിഷ് ചെയ്ത ഷൂവിടീയ്ക്കും...]
ഈശോയെ! ഈ ബഹലത്തിനിടയ്ക്ക് ക്രിക്കറ്റ് കളിയുടെ വാര്‍ത്ത തീരെ ചെറുതായിപ്പോകുമല്ലോ? അതും പിള്ളേരീ പൊരിവെയിലത്ത് അന്യനാട്ടില്‍ ചെന്ന് കളിച്ച് ജയിച്ചിട്ട്.

ഇല്ലീച്ച്...ഹേ..ഇവാന്‍ ഇല്ലീച്ച്... നീ അറിയുന്നുവോ ഈ വാര്‍ത്ത. പോപ്പ് കാലം ചെയ്തിരിക്കുന്നു. ഗലീലിയൊയൊട് ഈ പോപ്പ് മാപ്പു പറഞ്ഞത് പോലെ നിന്നോട് മാപ്പു പറയാനുള്ള പോപ്പ് എന്നു വരും. നിന്റെ നേര്‍ത്ത നീളം കൂടിയ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിയുന്നുവോ?...കണ്ണുകള്‍ കൂടുതല്‍ തിളങ്ങുന്നുവോ...?

* - ** - ** - ** - ** - ** - ** - ** - ** - * * - ** - ** - ** - ** - ** - ** - ** - ** - *

ഗ്രിഗേറിയന്‍ യൂണിവേഴ്സിറ്റി, റോം ... 1944

ഇവിടെ വച്ചാണ് ആദ്യമായി ഇല്ലീച്ചിനെ കാണുന്നത്; തന്റെ മുതിര്‍ന്ന വിദ്യാര്‍ത്ഥിയായി. ഒരു വിപ്ലവകാരിക്കും പാതിരിയാകാം എന്നറിഞ്ഞത് അവനില്‍ നിന്നായിരുന്നു. കാരുണ്യം കണ്ണുകളില്‍ മാത്രം നിഴലിച്ചു. അവിടെ നിന്ന് പിരിഞ്ഞതില്‍ പിന്നെ കണ്ടിട്ടെയില്ല... വര്‍ഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം വന്ന ഒരു കത്താണ് ആ ബന്ധം പുന:സ്ഥാപിച്ചത്.

"പ്രിയപ്പെട്ട ഫിലിപ്പ്,
ഞാനിപ്പോള്‍ വാഷിം‌ഗ്ടണ്‍ പേറ്റ്സിലെ പാതിരിയാണ്. ആത്മഹത്യയല്ലാതെ വേറെ വഴിയെന്ത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് നിനക്കൊരു കത്തെഴുതണം എന്ന ചിന്തയുദിച്ചത്. പഴയകാല ഡയറികളില്‍ നിന്ന് നിന്റെ വിലാ‍സം തപ്പിയെടുക്കുക, അതില്‍ നിന്ന് സഞ്ചരിച്ച് ഇപ്പോഴുള്ള വിലാസം കണ്ടെത്തുക എന്നതെല്ലാം ചെങ്കടല്‍ പിളര്‍ത്തുന്നതിനെക്കാള്‍ കഠിനമായിരുന്നു.
ഞാന്‍ ഏകനാണ് ഫിലിപ്പ്. ആദര്‍ശങ്ങളോ, ദൈവശാസ്ത്രങ്ങളോ എന്നെ തുണയ്ക്കുന്നില്ല. എന്റെ കൈകള്‍ ശൂന്യമാണ്. അതില്‍ അഴുക്കോ, ആണി തറച്ച് മുറിഞ്ഞ പാടുകളോ ഇല്ല. തീര്‍ത്തും ശൂന്യം.
നിനക്കറിയാമോ ഫിലിപ്പ്, കാത്തലിക് യൂണിവേഴ്സിറ്റി റെക്ടര്‍ പദവി ഞാന്‍ ഉപേക്ഷിച്ചു. ഇവിടെ കൂടുതലും അയര്‍ലണ്ടുകാരും, പ്യൂര്‍ട്ടോറിക്കാക്കരുമാണുള്ളത്. ജനങ്ങള്‍ വളരെ ദരിദ്രരാണ്. മെച്ചപ്പെട്ട തൊഴില്‍ മേഖലകളെകുറിച്ചും, സന്താന നിയന്ത്രണത്തെക്കുറിച്ചും അവരെ ബോധവാല്‍ക്കരിക്കനുള്ള ഒരു ശ്രമം ഞാന്‍ തുടങ്ങിയിരുന്നു. പോണ്‍സിലെ ബിഷപ്പ് എന്നെ വിലക്കി. എന്റെ പാത തന്നെയാണ് ശരിയെന്ന് ഞാനും ഉറച്ചു. ഇന്നലെ പോപ്പിന്റെ ശാസന വന്നിരുന്നു. എന്റെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായിക്കഴിഞ്ഞ തിരു വസ്ത്രം തിരിച്ചെടുക്കാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നു. പാനപാത്രം എന്നില്‍ നിന്ന് അകന്നു കൊണ്ടിരിക്കുന്നു.
ദൈവം (ഉണ്ടെങ്കില്‍) നിന്നെ അനുഗ്രഹിക്കട്ടെ.
സ്നേഹത്തോടെ, ഇല്ലീച്ച് "

അതൊരാത്മഹത്യാ കുറിപ്പാണെന്നാണ് കരുതിയത്. പക്ഷേ നീ തുടര്‍ന്നും എഴുതി. നിന്റെ സമാന്തര പ്രവര്‍ത്തനങ്ങളെ കുറിച്ച്. നീയെന്നും ശക്തനായ പോരാളിയായിരുന്നു ഇല്ലീച്ച്, പത്രോശ്ലീഹായെപ്പോലെ. എത്ര പെട്ടെന്നാണ് നിന്റെ ആശയങ്ങള്‍ എന്നെ സ്വാധീനിച്ചത്.
കുര്‍ബ്ബാന പോലും യാന്തികമായ ദിനങ്ങള്‍......
കുമ്പസാരക്കൂട്ടില്‍ ബധിരനായ നിമിഷങ്ങള്‍......
ചില വിശ്വാസപ്രമാണങ്ങളെയും, തേങ്ങലുകളെയും മാത്രമോര്‍ത്ത് ഞാന്‍ മുന്നോട്ട് പോയി.

ദൈവം (അഥവാ പ്രതിപുരുഷര്‍) നിന്നോട് ക്രൂരത കാണിച്ചു. എന്നിട്ടും നീ പാറ പോലെ ഉറച്ചു നിന്നു... ഓ..നാശം പിടിച്ച ഈ മണിയൊച്ച. തല പിളരുന്നു...ഞരമ്പുകള്‍ തിണര്‍ക്കുന്നു....

* - ** - ** - ** - ** - ** - ** - ** - ** - * * - ** - ** - ** - ** - ** - ** - ** - ** - *

ഫിലിപ്പോസച്ചോ...എണീക്കച്ചോ, എന്തൊരു ഒറക്കാണിത്?

ജന്നല്‍ കമ്പികളില്‍ കയ്യൂന്നി ഹന്നയും, രോഹനും വിളിച്ചു.
'പോയി പഠിയ്ക്ക് കുഞ്ഞോളൂ' എന്ന് ഹന്നയോടോ, 'വികൃതി കാട്ടാതെടാ മാക്രീ' എന്ന് രോഹനോടോ അച്ചന്‍ പറഞ്ഞില്ല. എന്താണ് അച്ചനങ്ങിനെ പറയാഞ്ഞത് . ഹന്ന അത്ഭുതംകൂറി.

* - ** - ** - ** - ** - ** - ** - ** - ** - * * - ** - ** - ** - ** - ** - ** - ** - ** - *

അന്ത്യ ശുശ്രൂഷകള്‍ക്കായി കിടത്തിയിരിക്കുന്ന ഫിലിപ്പോസച്ചന്റെ വലതു കൈയ്യില്‍ നിന്ന് രണ്ട് കടലാസ്സുതുണ്ടുകള്‍ ശീമോന്‍ വലിച്ചെടുത്തു. ആദ്യത്തേത് ഒരു എഴുത്താണ്. മോശമായ കയ്യക്ഷരത്തില്‍ എന്തൊക്കെയോ എഴുതിയിരിക്കുന്നു. ചിലയിടത്ത് വെള്ളം വീണ് നനഞ്ഞിട്ടുണ്ട്. താഴെ പേരുണ്ട്... ഇവാന്‍ ഇല്ലീച്ച്...കൂടെ ഒപ്പും,
രണ്ടാമത്തെ കടലാസ് ശീമോന്‍ തുറന്ന് നോക്കി
അരി - 10 കി. (കിലോയ്ക്ക് 13രൂപയില്‍ താഴെയുള്ളത്)
ഓയില്‍ - 1/2 ലീ.
സവാള - 2 കി.
കായം - 100 ഗ്രാം (എല്‍.ജി)
ഉപ്പ് - 1 (പൊടി)
തേയില - 250 (ലൂസ്)
പഞ്ചസാര - 2 കി.
(പറ്റ് 136 രൂപാ അങ്ങോട്ട് നില്‍ക്കുന്നു)

* - ** - ** - ** - ** - ** - ** - ** - ** - * * - ** - ** - ** - ** - ** - ** - ** - ** - *

സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയ പതിനായിരങ്ങളുടെ ആര്‍ത്ത നാദം ടി.വി.യില്‍ നിന്നും ശീമോന്റെ കാതില്‍ പതിഞ്ഞു. അതിനൊരു ശ്രുതിഭംഗമായി ഹന്നമോളുടെ തേങ്ങലും... ഒരു ചോദ്യം ശീമോനെ ശരിക്കും കുഴപ്പിച്ചു.

"ആരാണ് നല്ല ഇടയന്‍?"
-------------------------------------------------------------------------------------------
email : vm.devadas@gmail.com

Wednesday, June 6, 2007

പുലരിയെപ്പോലൊരുവള്‍


കഥ - ജയേഷ്.എസ്
ചിത്രം വര : പി.ആര്‍ രാജന്‍

* * * * *
പുലരിയെന്നല്ലാതെ എന്താ വിളിക്കുക ? ഉണര്‍ ന്ന് കിടന്ന് കൊന്ട് അയാള്‍ ആലോചിച്ചു। ഈറനുണങ്ങാത്ത മുടി മുഖത്തിഴയുമ്പോള്‍ മലന്ചെരുവിലെ ഒരു തണുത്ത പ്രഭാതം പുണരുന്നത് പോലെയാണ്‌ തോന്നുക. പിന്നെ ഉദയസൂര്യനെപ്പോലെ ചുവന്ന പൊട്ടും അരുണിമ പടരുന്ന ആകാശം പോലെ മുഖവും ...

" നിന്നെ ഞാന്‍ പുലരി എന്ന് വിളിക്കട്ടെ ? "
കാപ്പി പകര്‍ ന്ന ഗ്ലാസ്സ് മേശപ്പുറത്ത് വച്ച് അവള്‍ ശ്രദ്ധിച്ചു. എന്നിട്ട് മനസ്സിലാകാത്തത് പോലെ സൌന്ദര്യമാര്‍ ന്ന ചുളിവ് നെറ്റിയില്‍ പ്രദര്‍ ശിപ്പിച്ചു. അയാള്‍ വിശദീകരിക്കാനൊന്നും നിന്നില്ല. പുലരിയെന്നേ ആലോചിച്ചുകൊന്ട് കിടന്നു.
" കാപ്പി കുടിക്കൂ " അവള്‍ പറഞ്ഞു. അയാള്‍ മടി കാണിച്ച് ചുരുന്ട് കൂടി. അവള്‍ ശാസനയോടെ വിളിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ ഒരു ചും ബനം അര്‍ പ്പിച്ചപ്പോള്‍ അവള്‍ നടുങ്ങിയത് സുഖത്തോടെ അയാളറിഞ്ഞു.
" എന്തായിത് രാവിലെ തന്നെ ? "
" ഇതിന്‌ പിന്നെ സമയവും കാലവും ഉന്ടോ ? " അയാള്‍ കുസൃതിച്ചിരി ചിരിച്ചു. അവള്‍ തോറ്റ് കൊടുക്കുന്നത് പോലെ അയാളോട് ചേര്‍ ന്ന് കിടന്നു. മഞ്ഞളിന്റേയും രാസ്നാദിപ്പൊടിയുടേയും ഗന്ധം അയാളെ മത്ത് പിടിപ്പിക്കുന്നുന്ടായിരുന്നു.അവളുടെ നേര്‍ ത്ത വിരലുകള്‍ തന്റെ മാറിലൂടെ അരിച്ച് നീങ്ങുമ്പോള്‍ അയാള്‍ ആ ദിവസത്തെ എങ്ങിനെ പ്രയോജനകരമാക്കാമെന്ന് കണക്ക് കൂട്ടുകയായിരുന്നു.
" ദേ .. ഇന്ന് നമുക്ക് അമ്പലത്തില്‍ പോണം "
" എന്താ വിശേഷം ? "
" വിശേഷം ഉന്ടെങ്കിലേ വരൂ ? ഇത് പോളെ ഒന്നിച്ചിരിക്കാന്‍ എപ്പോഴും പറ്റുന്നില്ലല്ലോ .. തിരക്കല്ലേ എപ്പോഴും .. ! " അവള്‍ പരിഭവം കലര്‍ ത്തി പറഞ്ഞു.
" ഇന്നെല്ലാം എന്റെ പുലരി പറയും പോലെ. " അയാള്‍ എഴുന്നേറ്റു. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് കുളിച്ച് തയ്യാറായി. അവള്‍ വേഷം മാറ്റി കൂടുതല്‍ മനോഹരിയായി വന്നു. അയാള്‍ ക്ക് എങ്ങും പോകാതെ അവളോടൊത്ത് സമയം കഴിക്കാനായിരുന്നു അപ്പോള്‍ ആഗ്രഹം .
" നീ എന്താ പ്രാര്‍ ഥിച്ചത് ? " മടങ്ങിവരും വഴി അയാള്‍ ചോദിച്ചു.
" അത് പറയാന്‍ പാടില്ല "
" ഉം ? "
" പറഞ്ഞാല്‍ ഫലം പോകും "
" ഓഹോ ! "
" ഓഹോ !! " അവള്‍ കളിയാക്കി ചിരിച്ചു. വീട്ടിലെത്തിയതും അവള്‍ അടുക്കളയിലേയ്ക്ക് പോകാനൊരുങ്ങി. അയാള്‍ തടഞ്ഞു.
" അതൊക്കെ പിന്നെ '
" അപ്പൊ ഒന്നും കഴിക്കന്ടേ ?"
" കഴിക്കാല്ലോ .. നീ വാ " അയാള്‍ ക്ക് ക്ഷമയറ്റ് തുടങ്ങിയിരുന്നു.
" ശ്ശൊ .. എന്തൊരു തിറ്റുക്കമായിത് .. കുറച്ച് നേരം ക്ഷമിക്കൂന്നേ "
" പറ്റില്ല " അയാള്‍ അവളെ കൈകളില്‍ കോരിയെടുത്ത് കിടപ്പുമുറിയിലേയ്ക്ക് കൊന്ട് പോയി. ചുവന്ന പൂക്കള്‍ നിറഞ്ഞ കിടക്കയിലേക്ക് ഒരു ബൊമ്മയെയെന്നപോലെ കിടത്തി. അവളും രസം പിടിച്ച് വരുകയായിരുന്നു. പരസ്പരം ലാളിച്ചും താലോലിച്ചും സമയം പോയതറിഞ്നില്ല. അവളെ മുഴുവനായും മനസ്സിലാക്കാന്‍ ക്റഞ്ഞ സമയമൊന്നും പോരായെന്ന് അയാള്‍ ക്ക് തോന്നി. അതേ പോലെയായിരുനു അവളുടെ ചലനങ്ങള്‍ . വാശി പിടിപ്പിക്കുന്ന മെയ്യൊതുക്കത്തിലൂടെ അവള്‍ കാട്ടുതീ പോലെ പടര്‍ ന്ന് തുടങ്ങി.
ഒരിക്കലും അവസാനിക്കാത്തതായിരുന്നെങ്കില്‍ ആ നിമിഷങ്ങളെന്ന് അയാള്‍ ആഗ്രഹിച്ച് കൊന്ടിരുന്നു. അടങ്ങാത്ത കിതപ്പോടെ താന്‍ കിടക്കുമ്പോള്‍ അവള്‍ അങ്ങേയറ്റം വിശ്രമം ആസ്വദിക്കുന്നത് കന്ടപ്പോള്‍ മതിപ്പ് തോന്നി. അവളുടെ ശരീരത്തിലെങ്ങും നദിയൊശുകുന്നത് പോലെ. സ്വയം പ്രകാശിക്കുന്ന അവള്‍ !
" നീ എന്റെ ഭാഗ്യമാണ്‌ " അയാള്‍ പറഞ്ഞു. അവള്‍ പുന്ചിരിയോടെ വസ്ത്രങ്ങള്‍ വാരിയെടുത്തു. അശ്രദ്ധമായ വസ്ത്രധാരണത്തില്‍ അവള്‍ വീന്ടും ജ്വലിച്ചു. ആവശ്യത്തിലധികം മധുവുന്ട വന്ടിനെപ്പോലെ അയാള്‍ അനങ്ങാനാകാതെ കിടന്നു.
ഉച്ചവെയില്‍ ജനലിലൂടെ എത്തി നോക്കാന്‍ തുടങ്ങി. താന്‍ മയക്കത്തിലായിരുന്നെന്ന് അപ്പോഴാണ്‌ അയാള്‍ ക്ക് മനസ്സിലായത്. അവളെ കാണാനില്ലായിരുന്നു. കഴിഞ്ഞതെല്ലാം സ്വപ്നമോ യാഥര്‍ ഥ്യമോ എന്നറിയാതെ കുഴങ്ങുകയായിരുന്നു.
" ഭക്ഷണം കഴിക്കാന്‍ വരൂ " അവള്‍ വാതില്‍ ക്കല്‍ പ്രത്യക്ഷപ്പെട്ടു. സൂക്ഷിച്ച് നോക്കിയപ്പോള്‍ അവളൊന്ന് ചുവക്കുന്നത് അയാള്‍ ക്ക് അടയാഅമായി. പല്ലുകളുടെ പാട് അപ്പോഴും കവിളിലുന്ടായിരുന്നു. തീന്‍ മേശയില്‍ തരക്കേടില്ലാത്ത വിഭവസമൃദ്ധി. ആനയെ തിന്നാനുള്ള വിശപ്പുന്ടായിരുന്നു അപ്പോള്‍ . ആര്‍ ത്തിയോടെ വാരിവലിച്ച് കഴിക്കുന്നത് കന്ടപ്പോള്‍ അവള്‍ ശാസിച്ചു.
ഊണിന്‌ ശേഷം വിന്ടും ഉറക്കം വരുന്നുനായിരുന്നു। അവളെങ്ങിനെയാണ്‌ ഇത്രയ്ക്കും ഊര്‍ ജ്ജസ്വലയായിരിക്കുന്നതെന്ന് അത്ഭുതം തോന്നി.
" അവളുടെ കണ്ണുകള്‍ സുഷുപ്തിയിലേക്കാഴുന്നത് കന്ടപ്പോള്‍ അയാള്‍ ക്ക് ഉല്‍ സാഹം തോന്നി. അവളറിയാതെ നിരീകഹിക്കാന്‍ പറ്റിയ സമയം . കൃത്യമായി കണക്കാക്കിയത് പോലെ വടിവുകള്‍ അളന്ന് നോക്കാന്‍ കൊതി തോന്നി. അല്പം മാറിയ സാരിക്കിടയിലൂടെ തടാകം പോലത്തെ പൊക്കിള്‍ ച്ചുഴി ദൃശ്യമായി. മദ്യം കിട്ടിയിരുന്നെങ്കില്‍ അതിലൊഴിച്ച് കുടിക്കാമായിരുന്നു. ശാന്തമായി യോഗനിദ്രയിലമര്‍ ന്നിരിക്കുന്ന ഇവളാണ്‌ കുറച്ച് മുന്പ് തന്നെ വെള്ളം കുടിപ്പിച്ചതെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല... കന്ടുകന്ടിരിക്കേ അയാളും ഉറങ്ങിപ്പോയി.
വീന്ടും ഉണര്‍ ന്നപ്പോള്‍ അവള്‍ കട്ടിലിനറ്റത്ത് ഇരിക്കുന്നുന്ടായിരുനു. താന്‍ ഉണരാനായി കാത്തിരിക്കുകയാണെന്ന് മനസ്സിലായി. അവള്‍ വേഷം മാറിയിരിക്കുന്നു. നിറം മങ്ങിയ പഴയ വസ്ത്രമാണ്‌ ധരിച്ചിരിക്കുന്നത്. മുഖത്തെ തേജസ്സും അഴിച്ച് മാറ്റിയിരിക്കുന്നു.
" പറഞ്ഞ സമയം കഴിഞ്ഞു. ഞാന്‍ പൊയ്ക്കോട്ടെ ? "
" ഓഹ് .. ഒരു മിനിറ്റ് . " അയാള്‍ അലമാരയില്‍ നിന്നും കുറച്ച് പണമെടുത്ത് അവള്‍ ക്ക് കൊടുത്തു.
" പറഞ്ഞതിലും കൂടുതലുന്ട് .. നിന്റെ ജോലി നീ വളരെ നന്നായി ചെയ്തു "
" നന്ദി സര്‍ " അവള്‍ തൊഴുതു. സന്ചിയെടുത്ത് നടന്നകന്നു.
അയാള്‍ ഒരു സിഗരറ്റ് കത്തിച്ചു. രാത്രിയിനി സുകുമാരന്റെ വക പാര്‍ ട്ടിയുന്ട്. കുടിച്ച് മരിക്കണം ... ഈ ബാച്ചിലേഴ്സിന്ന്റ്റെ ഓരോ കാര്യങ്ങളേ ..
അയാള്‍ സ്വയം മറന്നൊന്ന് ചിരിച്ചു. അപ്പോള്‍ ഒരു മുടിയിഴ തലയണയില്‍ പറ്റിപ്പിടിച്ചിരിക്കുന്നുന്ടായിരുന്നു.

ശവാനുഗമനം

- അജിത്ത് പോളക്കുളത്ത്

****

01.04.2007 സമയം 9.07 am ഏപ്രില്‍ 1 ഞായര്‍.

ഓഫീസില്‍, അയാള്‍ ടേബിളില്‍ തരിച്ചിരുക്കുകയാണ്..

നെറ്റിയില്‍ നിന്നും വിയര്‍പ്പുചാലുകള്‍ ഒഴുകാന്‍ തുടങ്ങി.. തുടച്ചിട്ടും നില്‍ക്കുന്നില്ല, മൊബൈല്‍ഫോണിന്റെ കാതു തുളക്കുന്ന ശബ്ദം തെല്ലു ഭയാനകമായ് അവനു തോന്നി.വെപ്രാളത്തില്‍ ഒന്നും മനസ്സിലകുന്നില്ല, കൈ കാലുകള്‍ നേരിയതായ് വിറക്കുന്നുണ്ടായിരുന്നു.
രാത്രിയില്‍ ഉറക്കത്തിലാണത്രേ സംഭവിച്ചത്.. ഇത്ര ചെറുപ്പത്തിലും ഹാര്‍ട്ട് അറ്റാക്കൊ..ദൈവമേ

അയാള്‍ മനസ്സില്‍ ഓര്‍ത്തു.

ഒരു നീണ്ട എട്ട് വര്‍ഷക്കാലത്തെ പ്രവാസ ജീവിതത്തില്‍ തനിക്ക് കിട്ടിയ സുഹൃത്ത് മൈക്കള്‍, ഒരേ കമ്പനിയില്‍ ജോലി.. അവന്റെ ആ നര്‍മ്മവും പിന്നില്‍ ചിന്തിപ്പിക്കുന്ന സംസാര രീതിയാണ് അവനെ അയാളുമായ് അടുപ്പിച്ചത്. സാഹിത്യത്തിലും അതീവ തല്‍പ്പരന്‍, നല്ല വായനക്കാരന്‍‍..പലപ്പോഴും അസൂയാവഹമായ പെരുമാറ്റ രീതി. രണ്ടു ദിവസം മുമ്പ് ആധുനിക കവിതകളേയും കവികളേയും കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

ഒരു മാസം മുമ്പായിരുന്നു ഇവിടത്തെ ചിലവ് സഹിക്കവയ്യാതെ ഭാര്യയേയും മക്കളെയും നാട്ടിലേക്കയച്ചത്. അവന്‍ എപ്പൊഴും പറയുമായിരുന്നു ഇവിടെ ‘മനുഷ്യനൊഴികെ‘ എല്ലാത്തിനും ദിനം പ്രതി മുന്നറിയിപ്പില്ലാതെ വിലകൂടുകയാണെന്ന്.

അവന്റെ കണ്ണുകളില്‍ മൈക്കളിന്റെ വിവിധ ഭാവങ്ങള്‍ ഫ്ലാഷായ് മിന്നിമറയുന്നു..ഒന്നിനു പിന്നാലെ മറ്റോന്നായ്. മൊബൈല്‍ വീണ്ടും ശബ്ദിച്ചു..വേണ്ടപ്പെട്ട ആളാണെന്നു തോന്നുന്നു അവന്‍ വിറയുന്ന കൈകളാല്‍ മൊബൈലിന്റെ പച്ച ബട്ടണ്‍ അമര്‍ത്തി.

“ഹലോ സര്‍” വരണ്ട ചുണ്ടുകള്‍ വിറങ്ങലിച്ചു ശബ്ദിക്കാന്‍ തുടങ്ങി

“ഹ..എന്താ രാജു ങ്ങനെ.. ഹേ എടോ ഇതോക്കെ അങ്ങനെ നടക്കും, പിന്നെ ജീവനും ജീവിതങ്ങളും തമ്മിലുള്ള മത്സരത്തില്‍ ചിലപ്പോല്‍ ഇങ്ങനേം സംഭവിക്കും.. എന്താ ചെയ്യാ.. വരാനിരിക്കുന്നത് വഴീല്‍ തങ്ങീലാ അറിയാലാ..ഞാന്‍ എത്ര മരണങ്ങള്‍ കണ്ടിരിക്കുന്നു..എത്ര ബോഡികള്‍ നാടിലേക്കയച്ചു.. അതൊക്കെ പോട്ടെ.. താന്‍ ബോഡിയുമായ് പോകാന്‍ തയ്യാറാണല്ലൊ.. എല്ലാ ഫോര്‍മാലിറ്റീസും നാളെ കഴിയും. ഞാന്‍ അതിന്റെ തിരക്കില്‍ ആയിരുന്നു..എന്തായാലും തീരുമാനിച്ചതിനുശേഷം എന്നെ വിളിച്ചാല്‍ മതി ശരി ഒകെ...”

“എന്ത് കണ്ണീചോരില്ലാത്ത മനുഷ്യന്‍ .. അയാള്‍ എത്ര നിസ്സാരമായി കാണുന്നു ഇത്.. ഹോ” അവന്‍ പിറുപിറുത്ത് ഫോണ്‍ ടേബിളില്‍ വച്ചു. ഇവിടെ രാവിലെ മുതല്‍ വൈകീട്ടു വരെ എത്ര പേര്‍ക്ക് അതും ഈ നക്കാപ്പിച്ചക്കുവേണ്ടി സല്യൂട്ട് അടിക്കണം.

‘ഇവിടെ മരണത്തിന് അനുശോചനങ്ങള്‍ പരിചയമില്ലാത്ത സംഭവങ്ങള്‍!!! ഓഫീസില്‍ അങ്ങിങ്ങായി ചെറു മുറു മുറുപ്പുകള്‍ കേള്‍ക്കാമെങ്കിലും ജോലികള്‍ പഴയതു പോലെ നടക്കുന്നു.. അവരെല്ലാവരും അവന്റെ ഫലിതങ്ങളില്‍ ഇന്നലെ ചിരിച്ചവര്‍ ആയിരുന്നു. ഒറ്റ ദിവസം കൊണ്ടു മറന്നുപോയൊ? അവന്റെ വര്‍ക് പെര്‍ഫോമന്‍സില്‍ ഇന്നലെ കയ്യടിച്ചവര്‍.. ബോസുമാരും
ഒരു കൂസലും കൂടാതെ കാബിനുകളില്‍ ബിസിനസ്സ് കാര്യങ്ങള്‍ ചര്‍ച്ചചെയ്തിരിക്കുന്നു. വിദേശ കുത്തകകള്‍ എപ്പോഴും വേരുകള്‍ എവിടെയൊക്കെ ഉറപ്പിക്കുവാന്‍ ബാക്കി എന്ന് മാപ്പില്‍ തിരയുകയാവാം.. ഇനി എങനെ ടാര്‍ഗറ്റ് കൂട്ടാം?? ഇവരുടെയൊക്കെ വീട്ടിലെ പട്ടികളുടെ പരിഗണന പോലും നമ്മള്‍ക്കില്ല..’
അയാളിലെ സോഷ്യലിസം സട കുടഞ്ഞു.

അവനിലുളവാക്കിയ ആ നടുക്കങ്ങള്‍ കൈ വിറയലായി... ഒടുവില്‍ അത് മൊബൈലിന്റെ വൈബ്രേഷന്‍ തന്നെ ഇല്ലാതാക്കും വിധത്തിലായി.

എന്തെങ്കിലും ചെയ്യണ്ടേ എന്നുകരുതി, അറ്റ്ലീസ്റ്റ് കുറച്ചുപെര്‍ക്കെങ്കിലും ഒര്‍കൂട്ടിലൂടേയൊ അല്ലേങ്കില്‍ ജിടാക്കില്‍ ഓണ്‍ലൈന്‍ വരുന്നവരോടോ ഈ വിവരം അയക്കാമല്ലൊ... അവന്‍ ഓര്‍കൂട്ടില്‍ ലോഗിന്‍ ചെയ്തു..

അതില്‍ തനിക്ക് വന്ന പുതിയ സ്ക്രാപ്പ് തുറന്നു നോക്കി..
“ഡാ ഞാന്‍ പോകുന്നു... ഗൂഡ്നൈറ്റ്, നാളെ നേരത്തെ പോകണം”
സ്ക്രാപ്പ് സമയം 12.34 am 01.04.2007 ഞായര്‍ അയാള്‍ മനസ്സില്‍ കുറിച്ചു.

ആ സ്ക്രാപ്പ് കണ്ട് അയാള്‍ ഞെട്ടാതിരിക്കുന്നതെങ്ങനെ? അവന്‍ മരിക്കുന്നതിലും ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ്..
“ ഹമ്മേ..അവന്റെ അവസാനത്തെ വരികള്‍...” ആത്മഗദം താ‍നെ വന്നു

“‘നാളെ നേരത്തേ പോകണം’ എങ്ങോട്ട്????? എങ്ങോട്ട്... മരണത്തിലേക്കോ? അതോ ജീവിതത്തിലേക്കൊ? എന്തായിരിക്കണം അവന്‍ ഉദ്ധേശിച്ചത്? ഒരുപക്ഷെ ഓഫീസിലേക്കാവും അല്ല... അല്ല...”
അയാള്‍ പുലമ്പികൊണ്ടേയിരുന്നു.

ഏപ്രില്‍ ഫൂളായതിനാല്‍ പല മെസ്സെജുകളും അയാളെ കളിയാക്കി മരണ വാര്‍ത്ത വിശ്വസിക്കാതെ തിരിച്ചു വന്നു.

അന്നേദിവസം സമയം 5.32 pm
അയാള്‍ പതിവു പോലെ ബസ്സില്‍ കയറിയിരുന്നു, ചിലര്‍ പതിവു സംസാരത്തില്‍ മുഴുകി..ചിലരുടെ മുഖത്ത് ദു:ഖം വിതച്ചതു കാണാമായിരുന്നു. ഇന്നലെ അവന്‍ എന്റെ കൂടെയാ ഇരുന്നതു ദൈവമേ... അയാളുടെ മനസ്സ് നൊന്തു.

നല്ല ട്രാഫിക് ഉണ്ടായിരുന്നതു കൊണ്ടു കൂടുതല്‍ ആലോചനകള്‍ വന്നു.. അവന്റെ കുടുംബം..ഭാര്യ കുട്ടികള്‍..
എപ്പോഴും മകളെ പഠിപ്പിച്ച് IAS കാരിയാക്കണമെന്നും പറയാറുണ്ടായിരുന്നു.. ബസില്‍ നിശബ്ദത.. ദേഷ്യം പിടിപ്പിക്കുന്ന വിവരണത്തോടു കൂടിയുള്ള ഹിന്ദി പാട്ടുകള്‍ അലോസരം...ഇന്നലെ വരെ ഇവിടെ ഇരുന്നു ട്രാഫിക്കിനെ കുറിച്ചു പറഞ്ഞവന്‍ ഇന്ന് ഈ ട്രാഫിക്കില്‍ ഇല്ല. അയാള്‍ താന്‍ കുരുടനും ബധിരനും ആകട്ടേ എന്നു പ്രാര്‍ത്ഥിച്ച നിമിഷം.

റൂമില്‍ എത്തി , ഡ്രസ്സ് മാറ്റി കുളിച്ചു ഫ്രഷായി അയാള്‍ ഇരുന്നു.. അയാളുടെ മുഖം ചുവന്നു വീര്‍ത്തു തുടുത്തിരുന്നു. പലപ്പോഴും അവനും കൂടെ ഇവിടെ വന്നു രാത്രിയില്‍ തര്‍ക്കങ്ങളും മറ്റും...ആദ്യം രാഷ്ട്രീയം, പിന്നെ ആധുനിക കവിതകളില്‍ വന്നു നില്‍ക്കും...ആധുനിക, ഉത്തരാധുനിക കവികളുടേ ആശയങ്ങള്‍ തേടിയുള്ള മത്സരങ്ങള്‍ ... എന്തൊക്കെയൊ ചര്‍ച്ചകള്‍..

അവന്‍ വെറുതെ വീട്ടിലേക്കു വിളിച്ചു
“ ഹലോ... ഗീതല്ലേ .. ഹാ പിന്നെ ഞാന്‍ നാളെ ഉച്ചതിരിഞ്ഞ് അവിടെയെത്തും .. ബോഡിയുടെ കൂടേ ഞാനാ വരുന്നത് .. കമ്പനി പറഞ്ഞീട്ട്
നിക്ക് ഒട്ടും വിശ്വസിക്കാന്‍ പറ്റ്ണീല്ലാ... ഹൊ ഇന്നലെ വരെ ഇവിടെ സംസാരിച്ചിരുന്നതാ ഞാനും അവനും ഇതേ സമയത്ത്.. ഒന്നും പറ്ഞ്ഞിട്ടു
കാര്യൊലാ.. മനുഷ്യന്റെ കാര്യം”
“അപ്പോ ചേട്ടനിന്ന് ഓഫിസ്സീപോയാ.. ഹമ്മേ.. ഒരു ദിവസം അവധീ തന്നൂടെ അവര്‍ക്ക്.. എന്തൊരു ജന്മങ്ങള്‍, രാജേട്ടന്‍ വിഷമിക്കണ്ട
ഭക്ഷണം കഴിച്ചു കിടക്കാന്‍ നോക്ക്”
“ഡീ നമ്മുടെ മോന്‍ ഉറങ്ങ്യാ.. അമ്മെന്തെടുക്കാ... അമ്മേം ഉറങ്ങ്യാ.. നീ അവരോട് പറഞ്ഞീലെ ഞാന്‍ വരണ കാര്യം”
“ഇല്ലേട്ടാ മോന്‍ ഉറങ്ങി... അമ്മ ഇപ്പ കിടന്ന്വേള്ളൂ”
“എന്നാ‍ ശരി.. ഞാന്‍ നാളെ കാലത്ത് വിളിക്കാം”
“അയ്യോ ചേട്ട ഒരു കാര്യം ഞാന്‍ വിട്ടു പോയി പറയാന്‍ ... ചേട്ടന്‍ ദേഷ്യപ്പെടരുത്ട്ടാ.. പറയട്ടേ...”
“എന്താ?...ങം പറ പെട്ടെന്ന്”
“ഏതായാലും വരല്ലേ.. അന്ന് ഷോപ്പിങ്ങ് ഫെസ്റ്റിവലിനു വേടിച്ച സാധനങ്ങള്‍.. അന്ന് ചേട്ടന്‍ പറഞ്ഞതാ വാങ്ങീട്ടണ്ട്ന്ന്.. അത് ഓര്‍മ്മിപ്പിച്ചതാ.. പിന്നെ ആ‍
സ്വര്‍ണ്ണോം മറക്കല്ലേ...”
അയാള്‍ മറുപടിയായ് ഫോണ്‍ തല്ലി വെച്ചു.. ഒരു പക്ഷെ അവള്‍ മനസ്സിലാക്കിക്കാണും അയാളുടേ പ്രതിഷേധം

അയാള്‍ തണുത്ത വെള്ളം 'നെപ്പോളിയന്‍ vsop' ഗ്ലാസ്സിലേക്ക് പകര്‍ത്തി, എത്രയോ പ്രതീക്ഷയുടെ കുമിളകള്‍ നുരഞ്ഞുവന്ന് പൊട്ടുന്നു... ആ കുമിളകള്‍ക്കും
ദീര്‍ഘനേരം അങ്ങനെ ആര്‍ഊപത്തില്‍ കഴിയാന്‍ അതിന് ആഗ്രഹം ഉണ്ടാകില്ലെ? പൊട്ടിയ കുമിളകളുടേ അവശിഷ്ടങ്ങള്‍ എവിടെ... അയാള്‍ സൂക്ഷിച്ചു നോക്കി ഒന്നുമില്ല.

ശൂന്യം.. നിശബ്ദത... ഇവ രണ്ടും മാത്രം ബാക്കി.

ഒടുവില്‍ പരാജിതനായ്.. ഗ്ലാസ്സ് ചൂണ്ടിനോടടുപ്പിച്ചു.


* * * * *
02.04.2007 തിങ്കള്‍ , 10.35 am
ബോഡിയുമായ് പോകേണ്ട ഫ്ലൈറ്റ് ഉച്ചതിരിഞ്ഞ് 1.30 ന് ... ജീവിതം പൊഴിഞ്ഞ മാംസപിണ്ഡം പേറിയുള്ള യാത്ര കൊച്ചിയിലേക്ക്.

അയാള്‍ കണ്ണാടിയില്‍ മുഖം നൊക്കി.. വീര്‍ത്തു കേട്ടിയിരിക്കുന്ന മുഖം, അയാള്‍ അത്യാവശ്യസാധനങ്ങള്‍ ബാഗില്‍ നിറക്കാന്‍ തുടങ്ങി.

ബാഗിന്റെ സ്വിബ്ബ് വലിച്ചടിക്കുമ്പോള്‍ ഭാര്യയെ ഓര്‍ത്തുപോയി.. അവള്‍ പറഞ്ഞ കാര്യം മനസ്സില്‍ അലയടിക്കാന്‍ തുടങ്ങി

‘ഏതായാലും വരല്ലേ.. അന്ന് ഷോപ്പിങ്ങ് ഫെസ്റ്റിവലിനു വേടിച്ച സാധനങ്ങള്‍പിന്നെ ആ‍ സ്വര്‍ണ്ണോം മറക്കല്ലേ...’

അയാള്‍ തെല്ല് സംശയിച്ചിരുന്നെങ്കിലും അവള്‍ ഓര്‍മ്മിപ്പിച്ച സാധനങ്ങള്‍ അലമാരി തുറന്ന് ബാഗില്‍ നിറച്ചു.. അലമാരിക്കു മുകളിലെ അന്ന് ഓണത്തിന്റെ പാര്‍ട്ടിയില്‍ താനെടുത്ത മൈക്കിളിന്റെ ഫോട്ടോ.. അവന്‍ തന്നെ നോക്കി ചിരിക്കുന്നതായ് അയാള്‍ക്കു തോന്നി..അതോ തുറിച്ചുനോക്കുകയാണോ?

അയാള്‍ ബാഗിന്റെ സ്വിബ്ബ് വലിച്ചടച്ചു.. ചെറിയ താഴിട്ടു പൂട്ടി..

അപ്പോഴും ഫോട്ടോയിലെ ‘മൈക്കിള്‍’ അയാളെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു..
അയാള്‍ അത് കണ്ടതേയില്ല...ശ്രദ്ധിച്ചതുമില്ല..

******

സമര്‍പ്പണം

പ്രശസ്ത കഥാകൃത്തും എഴുത്തുകാരിയും എന്റെ മലയാളം അദ്ധ്യാപികയുമായിരുന്ന ശ്രീമതി ഗീതാഹിരണ്യന്റെ കാല്‍ക്കല്‍ ഒരു പിടി പൂക്കള്‍ അര്‍പ്പിച്ചുകൊള്ളുന്നു,

ടീച്ചര്‍ എവിടെയെങ്കിലും ഒരു നക്ഷത്രമായ് തിളങ്ങുന്നുണ്ടാകും.. ആത്മശാന്തിക്കായ് പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ കാലെടുത്തു വയ്ക്കുന്നു ഈ നിറങ്ങളുടെ കൂട്ടില്‍....