Friday, June 15, 2007

പ്രൈ.ലി.

കഥ - ദേവദാസ്
ചിത്രം വര : പി.ആര്‍ രാജന്‍***
ആകാശത്ത് മേഘപടലങ്ങള്‍ അവദൂതരുടെ പോര്‍ട്രൈറ്റ് ചിത്രങ്ങള്‍ വരയ്ക്കുകയും മായ്ക്കുകയും ചെയ്ത് കൊണ്ടിരുന്നു
ആ വിലാലമായയ് ക്യാന്‍‌വാസിന് മിനുക്ക് പണിയെന്നോണം ഒരു പകലിന്റെ കൂടി വേര്‍പാടില്‍ ചക്രവാള ഗദ്ഗതം മുഴക്കി പക്ഷികള്‍ കൂട്ടമാറ്റി ചേക്കേറികൊണ്ടിരുന്നു. പൂമ്പാറ്റചിറകുള്ള കുഞ്ഞുങ്ങള്‍ റെസ്റ്റൊറന്റിന്റെ ഗാര്‍ഡനില്‍ ഒച്ച വെച്ച് നടന്നു.

ചില്‍...

ഉം..

വൈരുദ്ധ്യാത്മക ഭൌതിക വാദത്തിനുള്ള ഏറ്റവും നല്ല ഉദാഹരണങ്ങള്‍ കേള്‍ക്കണൊ?

യേസ് പറയൂ പൈലീ

നമ്മള്‍...അതേ നമ്മള്‍ തന്നെ

കാരണം?

നോക്കൂ ചില്‍.. മോഡേണ്‍ വസ്ത്രം ധരിച്ച് ,കണ്ണില്‍ വിരിയുന്ന ഭാവങ്ങളെ മറയ്ക്കാന്‍ കറുത്ത ചില്ലുകൂടാരം പണിത്, അതിന്റെ കയര്‍ ചെവിയില്‍ വലിച്ചു കെട്ടിയിട്ട്, ലോകത്തെ ഇളക്കിമറിക്കാന്‍ പോന്ന സംവാദം നടക്കുമ്പോഴും ചുയിംഗം ചവയ്ക്കുന്ന നീ. പഴഞ്ചനായി തുടരുന്ന, ഇനിയും പഴഞ്ചനായി തന്നെ തുടര്‍ന്നേയ്ക്കാവുന്ന ആശയങ്ങളും , കറവ വറ്റിയ പശുവായ പ്രസ്ഥാനത്തേയും പേറി അത് കാമധേനുവാകൂന്നതും കാത്ത് അതിന്റെ ചാണകത്തിന്റെ നിരന്തര സ്പര്‍ശത്താല്‍ കുഴിനഖം കെട്ട് കഴിയുന്ന ഞാന്‍. പഴയ ഇടയരുടെ ചിത്രങ്ങള്‍ ഫ്രയിം ചെയ്ത് ദൈവതുല്യം ആരാധിക്കുമ്പോള്‍ ഏതെങ്കിലും ഒരുവന്‍ വന്ന് 'ആദ്യത്തെയാള്‍ക്ക് പാറിപ്പറന്ന മുടിയും താടിയും, രണ്ടാമന് കഷണ്ടിയെങ്കിലും ചീകിയൊതുക്കിയ മുടിയും ബുള്‍ഗാനും, മൂന്നാമന് ഷേവ് ചെയ്ത താടിയും കട്ടിമീശയും. ഇതെന്താപ്പാ റഷ്യയിലെ ബാര്‍ബര്‍ ഷാപ്പ് വിപ്ലവമോ?' എന്നെങ്ങാന്‍ ചോദിച്ചാല്‍ ചുവപ്പന്‍ രോമങ്ങള്‍ എഴുന്നേറ്റ് നിന്ന് , മുഖം വലിഞ്ഞ് മുറുകി ഒന്നുക്കിലവന്റെ കരണത്തടിക്കുകയോ അല്ലെങ്കില്‍ നിലത്ത് കാറി തുപ്പുകയോ ചെയ്യുന്ന ക്രൊമേഡ് പൈലിയായ ഞാന്‍.

ഇതിലെന്താ ഇത്ര വലിയ തെറ്റ് ? പൈലീ..പൈലിക്കുട്ടാ..വിപരീത മൂല്യങ്ങള്‍ എന്നും ഉണ്ടാകും. അല്ലെങ്കിലീ ലോകത്തിന് തന്നെ നിലനില്‍പ്പില്ല മോനേ. ഇങ്ങനെ എന്തെങ്കിലും പറഞ്ഞ് വഴക്കടിക്കാതെ മനുഷ്യര്‍ എങ്ങിനെ ജീവിക്കും? കാലത്തെഴുന്നേറ്റ് ഒരു ഗ്ലാസ് മില്‍മാ പാലും കുടിച്ച്, പത്രവും ടാബ്ലോയിഡും വായിച്ച്, അവരവരുടെ അരാധനാലയങ്ങളില്‍ പോയി തനിക്കും സമൂഹത്തിനും വേണ്ടി പ്രാഥിച്ച് , സേവന നിരതരായിരിക്കുന്ന മനുഷ്യര്‍. സമാധാനം ഭക്ഷിച്ച്, ശാന്തിയില്‍ വിശ്രമിച്ച്, വിരക്തി വിസര്‍ജ്ജിക്കുന്ന മനുഷ്യര്‍. അവര്‍ക്ക് ബോറഡിക്കില്ലേ പൈലീ. തീര്‍ച്ചയായും പ്രശ്നങ്ങള്‍ ഉണ്ടാകണം. അതില്‍ മൌലീകതയോ, ആശയസംഘര്‍ഷങ്ങളൊ, ബിംബവല്‍ക്കരണമോ, സാങ്കേതികതയോ, വ്യുല്‍പ്പത്തിയൊ എന്തും വരാം. അല്ലെങ്കില്‍ "ഓണ്‍ലീ ദെന്‍ ഷാല്‍ വീ ഫൈന്റ് കറേജ്" എന്ന ഒരു ലേഖനത്തില്‍ ഐന്‍സ്റ്റീന്‍ പറഞ്ഞ പ്രകാരം ഈ ലോകത്ത് ഒരാള്‍ മാത്രം അവശേഷിക്കണം.
ഒരാള്‍ മാത്രം......
ഒരാള്‍...............
ഒരാശയം..........
ഒരു സംഘടന...
ഒരു നേതാവ്(അനുയായി?)...
ഞാനില്ലാതെ... ഈ നന്ദനയില്ലാതെ നിനക്ക് ജീവിക്കാനാകുമോ പൈലീ?

പ്ലീസ് ചില്‍, നീ നിന്റെ യഥാര്‍ത്ഥ പേര് പറയരുത്. എനിക്കത് തീര്‍ത്തും ഇഷ്ടമല്ല. ഞാനും, ഈ ലോകവും നിന്നെ ചില്‍ എന്ന് വിളിയ്ക്കും. കാരണം നീയൊരു ചിലയ്ക്കുന്ന വാനമ്പാടിയാണ്.

റിയലി?

അതേ...വൃക്ഷലതാദികളിലിരുന്ന് പാടുന്ന, ഏതോ രാജാവ് പിടിച്ച് കൂട്ടിലടച്ചപ്പോള്‍ സ്വന്തം സ്വരമടച്ച് പ്രതിഷേധസമരം ചെയ്ത് , അടിച്ചമര്‍ത്തുന്നവരുടെ ഫീനിക്സായിത്തീര്‍ന്ന അതേ വാനമ്പാടി

നന്ദന പേരിന് എന്താണ് കുഴപ്പം?

ഇനിയുമത് ഉച്ഛരിക്കരുത്. അതില്‍ നിറയെ 'ന'കളാണ്. കാലുകള്‍ അല്‍പ്പം ചേര്‍ത്ത് പിടിച്ചാല്‍ ആഗോളഭക്ഷണഭീമന്റെ മുദ്രയായിത്തീരുന്ന, നിരത്തിവെച്ച് തലതിരിച്ചിട്ടാല്‍ എട്ടുകാലിയെന്ന വ്യാജേന ഏതോ മുക്കുവന്‍ ലോകം മുഴുവന്‍ വിരിച്ചിട്ട വലയായി തീരുന്ന മുദ്രകള്‍. ഒരു പേരില്‍ ഇത്രയും അലങ്കാരമുദ്രകള്‍ വേണ്ടാ ചില്‍.

നീ ഫോബിക് ആണ് പൈലിക്കുട്ടാ


ശരിയാണ്. എല്ലാവരും ഫോബിക് ആണ്. കുഞ്ഞ് ഭയാശങ്കകള്‍ എല്ലാവരിലും കാണാം. എനിക്ക് ആഗോളഭീമന്മാരുടെ മുദ്രകളെ ഭയമാണ്, ഉയരത്തെ, താഴ്ചയെ, ഇടനാഴികളെ, സന്ധ്യകളെ, പട്ടികളെ ...ഒക്കെ ഭയമാണ്

നിന്റെ ഫോബിക് ശൃംഘല വളരെ നീണ്ടതാണ്

ഞാന്‍ നിന്നെ ചില്‍ എന്ന് മാത്രം വിളിക്കും

നീ നിന്റെ പേര് ശ്രദ്ധിച്ചിട്ടുണ്ടൊ പൈലീ. പൈലീ കുഞ്ചെറിയ, കേട്ടാല്‍ ഏതോ കുടിയേറ്റക്കാരന്‍ മുതലാളീടെ പേരാണെന്ന് തോന്നും. ഒരു റബര്‍കറയുടെ മണമുണ്ടതിന്. കുടിയേറ്റ ഗ്രാമങ്ങളില്‍ ഒന്നായിരുന്നുട്ടും എന്തേ നിന്റെ തലമുറ ഒന്നും വെട്ടിപ്പിടിച്ചില്ലേ?

ചില്‍, എന്റെ ഗ്രാന്റ്ഫാദറിന്റെ പേര് ഇട്ടിയവിര എന്നായിരുന്നു. പുള്ളിക്കാരനാണ് ഞങ്ങളുടെ കുടുംബത്തെ കുടിയേറ്റ ഗ്രാമങ്ങളിലേയ്ക്ക് പറിച്ച് നട്ടത്.

ഇട്ടിയവിര വാസ് ഹീ എ വേം? മണ്ണിര, നാടവിര എന്നൊക്കെയില്ലേ അത് പോലെ?

ശരിയാണ് ഇട്ടിയവിരാച്ചന്‍ ഒരു മണ്ണിരയായിരുന്നു. മണ്ണ് ഉഴുതു മറിച്ചു, അതിനു വളക്കൂറുണ്ടാക്കികൊടുത്തു. എന്നാലോ മണ്ണ് വെട്ടിപ്പിടിച്ചതുമില്ല. ഫലമോ എല്ലാര്‍ക്കും ചുരുങ്ങിയത് അഞ്ചേക്കര്‍ പുരയിടമെങ്കിലും ഉള്ള കുടിയേറ്റ ഗ്രാമത്തില്‍ പോലും എനിക്ക് 5 സെന്റ് സ്ഥലവും അതിലൊരു വീടും.

ഇട്ട്യവിരാച്ചനൊട് പൈലിക്കെന്ത് തോന്നുന്നു? ഇഷ്ടം...ദ്വേഷ്യം


രണ്ടുമല്ല, ആരാധന... വനപ്രാന്തങ്ങളില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഉപദേശ ഫലകം നീ കണ്ടിട്ടില്ലേ ചില്‍...
ഇവിടെ നിന്ന് ഓര്‍മ്മകള്‍ മാത്രം ശേഖരിക്കുക......
കാലടിപ്പാടുകല്‍ മാത്രം അവശേഷിപ്പിക്കുക.........
പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുക.......................
എന്നൊക്കെ. ഇട്ടിയവിരാച്ചന്‍ വനത്തില്‍ നിന്ന് ഓര്‍മ്മകള്‍ മാത്രം ശേഖരിച്ചു. കാലടിപ്പാടുകള്‍ മാത്രം അവശേഷിപ്പിച്ചു. കാലാന്തരത്തില്‍ പ്രായാധിക്യത്താല്‍ ഓര്‍മ്മച്ചിത്രങ്ങളുടെ ചായപ്പൊലിമ കുറഞ്ഞ് നിറം കെട്ടു, കാലടിപ്പാടുകള്‍ കരിയില മൂടി കിടന്നു. നീ ആ ചുയിംഗം പുറത്ത് കളയൂ ചില്‍...ഓര്‍മ്മകളെ മാത്രം അയവിറക്കൂ

പൈലിക്ക് ചുയിംഗത്തേയും ഭയം ആണൊ?

ഇല്ല....പക്ഷേ നീരൂറ്റിക്കുടിച്ച് പുറം തള്ളപ്പെടുന്ന അധകൃതന്റെ സിംബലാണ് ചുയിംഗം..

അത് നിന്റെ ധാരണമാത്രമാണ് പൈലീ. ചുയിംഗം മറ്റ് പലതിന്റേയും സിംബലാണ്. വിഴുങ്ങാന്‍ കഴിയാത്ത കയ്പ്പന്‍ യാഥാര്‍ത്ഥ്യമാണ് നാം ചവയ്ക്കുക. തൊണ്ടതൊടാതെ വിഴുങ്ങാന്‍ കഴിയാത്തൊരു കയ്പ്പന്‍ യാഥാര്‍ത്ഥ്യം ആണ് ചുയിംഗം. ഇത്തരം കയ്പ്പോ ചവര്‍പ്പോ ഉള്ള ചവയ്ക്കുന്ന വസ്തുക്കള്‍ എല്ലാകാലത്തും ഉണ്ടായിരുന്നു. ആരോടും പറയില്ലെങ്കില്‍ ഞാനൊരു കാര്യം പറയാം. നമ്മുടെ കൃസ്തുവില്ലേ മൂപ്പര് പണ്ട് അന്ത്യാത്താഴവിരുന്ന്‍ നടത്തുമ്പോള്‍ വീഞ്ഞ് പാനം ചെയ്യാനായി വെച്ചിരുന്ന കാസയ്ക്ക് ഓട്ടയുണ്ടായിരുന്നു.
" ഇതെന്റെ രക്തമാണ്' " എന്നും പറഞ്ഞ് അങ്ങേരത് മുകളിലേയ്‌ക്കുയര്‍ത്തിയപ്പോള്‍ വീഞ്ഞ് തുള്ളികളായി താഴേയ്ക്ക് വീഴാന്‍ തുടങ്ങി. കാനായില്‍ വെച്ച് വെള്ളത്തെ പോലും വീഞ്ഞാക്കിമാറ്റിയവന്റെ നിസ്സഹായാവസ്ഥ കണ്ട് ശിഷ്യര്‍ മുഖത്തൊട് മുഖം നൊക്കി നിന്നു. മേശേ മേല്‍ തട്ടിത്തെറിച്ച ഒരു വീഞ്ഞ് തുള്ളി വിശുദ്ധ ജോണിന്റെ കണ്ണില്‍ തെറിച്ചു വീണു. ഇരിപ്പിടം വിട്ട് കണ്ണും പൊത്തിക്കൊണ്ട് അതു കഴുകാനായി ജോണ്‍ പുറത്തേയ്ക്കോടി. ആ കസേരയിലൊരു പെണ്ണിരുന്നു. സംഗതികള്‍ വഷളാകുന്നത് കണ്ട് പ്രശ്നപരിഹാരത്തിനായി പത്രോസ് തന്റെ വായില്‍ നിന്ന് ചുയിംഗം പുറത്തെടുത്തു. എന്നിട്ടത് കാസയുടെ ദ്വാരത്തിലൊട്ടിച്ചു. അതായിരുന്നു ആദ്യത്തെ വിശുദ്ധ ചുയിംഗം.

ഒറ്റപ്പാലം നായരിച്ചിയ്‌ക്ക് ഇത്രയും കൃസ്തീയ ജ്ഞാനമോ?

നിനക്ക് വേദോം, ദൈവോം ഒന്നുമില്ലെന്ന് വച്ച് എല്ലാരും അങ്ങിനെയാകണമെന്നാണോ? ഒരു കാര്യം ചോദിക്കട്ടെ ഈ ലോകത്തെ നീ എങ്ങനെ കാണുന്നു?

ചൂഷണം ചെയ്യുന്നവരും ചൂഷണം ചെയ്യപ്പെടുന്നവരും തമ്മിലുള്ള....

മണ്ണാങ്കട്ട. എന്നാലെനിക്ക് പ്രപഞ്ചസത്യം ജഗത് മിഥ്യ . എന്റെ കണ്ണുകളില്‍ നൊക്കുമ്പോള്‍ പോലും നീ റൊമാന്റിക് ആകാറില്ലേ പൈലീ?

പൈലി ശ്രമിച്ച് നോക്കി.കറുപ്പും നീലയും ഇടകലര്‍ന്ന കണ്ണുകളിലേയ്ക്ക്..... എന്നാല്‍ താടിയ്ക്ക് കൈയ്യും കുത്തിയിരുന്ന് എന്തിലേയ്ക്കൊ സൂക്ഷിച്ച് നോക്കുന്ന പൈലീ കുഞ്ചെറിയയെ അല്ലാതെ മറ്റൊന്നും അവിടെ കണ്ടില്ല. പിന്നീട് ആ ചിത്രത്തിന് അവള്‍ ഇമകളാല്‍ തിരശീലയിട്ടു. ഓരോ തവണയും ഇമത്തിരശീല ഉയരുമ്പോള്‍ ഓരോ ചിത്രങ്ങള്‍ മാറി വരുന്നു.

ബ്യൂസിഫാലസിന്റെ പുറത്തേറി പട വെട്ടുന്ന അലക്സാണ്ടര്‍......................
വാട്ടര്‍ലൂവിനൊരുങ്ങുന്ന നെപ്പോളിയന്‍................................................
മൈന്‍ കാംഫ് എഴുതുന്നതിനിടെ മഷി തീര്‍ന്ന പേന കുടയുന്ന ഹിറ്റ്ലര്‍....
പത്രത്താളുകള്‍ മറിക്കുന്ന മര്‍ഡൊക്...................................................
കമെന്ററി കേട്ട് തലകുലുക്കുന്ന കെറി പാര്‍ക്കര്‍......................................
കഥ പറഞ്ഞ് കുട്ടികളെ ഭ്രാന്ത് പിറ്റിപ്പിക്കുന്ന റൌളിങ്ങ്...........................

എന്റെ കണ്ണില്‍ നൊക്കുമ്പോള്‍ പോലും നിന്റെ മുഖത്ത് ഭയം നിഴലിക്കുന്നല്ലോ പൈലീ

ഇല്ല അത് യാഥാര്‍ത്ഥ്യങ്ങളുടെ പ്രതിഫലനം മാത്രമാണ്. പക്ഷേ ഭയപ്പെടില്ല ഞാന്‍ പൊരുതിക്കൊണ്ടേയിരിക്കും.

നീ ആരൊട് പൊരുതും നിഴലുകളോടോ? ആയുധങ്ങള്‍ കൊണ്ടോ ആശയങ്ങള്‍ കൊണ്ടോ നിഴലുകളെ കൊല്ലാനാകില്ല പൈലിക്കുട്ടാ. വെളിച്ചത്തിന് പോലും അവയുടെ ദിശമാറ്റാനേ കഴിയൂ. ദി ഹിസ്റ്ററി വില്‍ റിപീറ്റ്....നിന്റെ ശത്രുക്കള്‍ എന്നും ഇവിടെ തന്നെയുണ്ടാകും. ഒരു ടെലിപ്പതിക് റിവീലിംഗ് നടത്തട്ടെ, നീ എന്റെ കണ്ണില്‍ കണ്ട രൂപങ്ങള്‍ നിന്റെ മുഖഭാവങ്ങളാണ്...പേഴ്‌സോണകള്‍.. ആ പഴയ ഗ്രീക്ക് നാടക മുഖക്കോപ്പുകള്‍ തന്നെടോ. അവയോട് നീ എങ്ങനെ പൊരുതും? ചാരമായലും അവ കാറ്റില്‍ പറന്ന് സഞ്ചരിക്കും. അലക്സാണ്ടര്‍ക്കക്ക്പകരം അമേരിക്ക വരും, നെപ്പോളിയന്‍ പോലും ബയണറ്റിനേക്കാളേറെ ഭയന്ന പത്രത്തെ ഒരു മര്‍ഡോക് തോരണക്കടലാസ്സാക്കി മാറ്റും, മൈന്‍ കാംഫ് വിപണനം പൊടി പൊടിക്കും. യൂ നോ വണ്‍ തിങ്ങ്? തുര്‍ക്കിയിലെ ബെസ്റ്റ് സെല്ലറാണാ പുസ്തകം. കരുക്കള്‍ പാമ്പും കോണിയും കളിച്ച്കൊണ്ടേയിരിക്കും. ഒരിക്കലും ലക്ഷ്യത്തിലെത്തില്ല. ഒന്നുകില്‍ പാമ്പിന്റെ വായിലേയ്ക്ക് ...അല്ലെങ്കില്‍ കോണിയിലൂടെ ഉതിര്‍ന്ന് താഴേയ്ക്ക്... സംസാരിച്ച് തൊണ്ട പൊട്ടി. ഞാന്‍ നിന്റെ ഗ്ലാസിലെ വെള്ളം എടുത്തോട്ടെ?

ഞാനത് കുടിച്ചതാണ്

സാരമില്ല. എന്റെ അമ്മൂമ പറയുന്നത് പോലെ
"പൈലോത് തൊട്ടാലത് ശുദ്ധമാകും..."
നീയൊരു നാലാം വേദക്കാരനല്ലേ ഇട്ടിയവിരയുടെ കൊച്ച് മോനേ...

ഇവയ്ക്കൊന്നും എതിരെ പ്രതികരിക്കണ്ട എന്നാണൊ ചില്‍ നീ പറഞ്ഞ് വരുന്നത്?

അത്രയ്ക്കൊന്നും പ്രശ്നങ്ങള്‍ ഈ ലോകത്ത് ഇല്ലെടോ. അല്ലെങ്കില്‍ തന്നെ അവയെല്ലാം ഈ ലോകത്ത് എന്നും നിലനിന്ന് പോന്നിരുന്നതാണ്. എന്നാണ് ചൂഷകരുണ്ടായത്? ഏലിയയുടെ കാലത്തില്ലേ, മോശയുടെ കാലത്തില്ലേ, യേശുവിന്റെ കാലത്തില്ലേ, മുഹമ്മദിന്റെ കാലത്തില്ലേ, രാമന്റേയും കൃഷ്ണന്റേയും കാലത്തില്ലേ, പൈലിയുടേ കാലത്തുമില്ലേ?

ശരിയാണ് ചില്‍, എങ്കിലും....

ഈ ലോകം മാറാന്‍ നാം അതികം ഒന്നും ചെയ്യേണ്ടെടോ. ഒരു ഒക്ടൊവിയോപാസ് കവിത പോലെ ഒരു ചുംബനം മതി ഈ ലോകം മാറിമറിയാന്‍,ബിംബങ്ങള്‍ തകരാന്‍,മുദ്രകള്‍ മായാന്‍. കേള്‍ക്കുന്നുണ്ടൊ അറുപഴഞ്ചന്‍ നക്സലേറ്റേ? ഏയ് വെളുത്തകുരിശിങ്കല്‍ പൈലിക്കുട്ടാ, നീ എന്റെ ആശയങ്ങളുമായി സമരസപ്പെടുവാനാകാത്തവിധം അകലത്തിലാണ്. മറ്റുള്ളവരുടെ വാക്കുകള്‍ക്ക് നിന്റെ കര്‍ണ്ണസ്പര്‍ശം മാത്രം ഫലം. വേണേല്‍ ഡയഫ്രത്തിലോ കോക്ലിയയിലോ ചെന്ന് തട്ടും. അതിനപ്പുറം ഒരു വാല്‍‌വാണ്. അവിടെയാണ് നീ ആശയങ്ങളെ അരിച്ച് തള്ളുന്നത്. ഇനിയും ഉപദേശിക്കാന്‍ ഞാനൊരുക്കമല്ല മോനേ. വീട്ടില്‍ പോകാറായി. ഇരുട്ടിത്തുടങ്ങി. താനും ചേക്കേറാന്‍ നോക്ക്

ഇരുവശത്തും ഓര്‍ക്കിഡുകള്‍ നിരന്ന് വഴിയിലൂടെ അവള്‍ നടന്ന് തുടങ്ങി.
ചില്‍.... അവളൊരു രുദ്രവീണയാണ്. മീട്ടുന്നവന്റെവിരലുകള്‍ക്കും, മനോവികാരങ്ങള്‍ക്കും അനുസരിച്ച് സംഗീതമുതിര്‍ക്കും. നേര്‍ത്ത്,തേങ്ങി, ഇടറി, ചിലമ്പിച്ച്, തരംഗമാല തീര്‍ത്ത്. അനേകം ഭാവങ്ങള്‍ തീര്‍ക്കുന്ന ഒരു രുദ്രവീണ. തിരിഞ്ഞുനിന്ന് തന്നെ നൊക്കിയപ്പോള്‍ അവളുടെ മുഖത്തുണ്ടായിരുന്ന ഭാവം കാണാന്‍ പൈലിയ്ക്ക് കഴിഞ്ഞില്ല. നിഴല്‍ ചിത്രങ്ങള്‍ അപ്പോളെയ്ക്കും അവിടെ മറവീഴ്ത്തിയിരുന്നു.

* - - -* - - -* - - -* - - -* - - -* - - -* - - - ** - - -* - - -* - - -* - - -* - - -* - - -* - - - *

അന്നുവരെ ചോരപ്പൂക്കളും രക്തഹാരങ്ങളും മാത്രം കണ്ടിരുന്ന പൈലി അന്നാദ്യമായി ഒരുപാട് നിറങ്ങളുള്ള പൂക്കളേയും, അതില്‍ പാറി നടക്കുന്ന ചിത്രശലഭങ്ങളേയും , നിറയെ മണ്ണിരകളുള്ള പൂച്ചട്ടിയില്‍ പൂത്ത് നില്‍ക്കുന മുള്ളുകളില്ലാത്ത റോസാച്ചെടിയേയും കണ്ടു. തനിയ്ക്ക് ചുറ്റും മാറി വരുന്ന ലോകത്തിന്റെ അടക്കം പറച്ചിലും, തേങ്ങിക്കരച്ചിലും പൈലി കേട്ടു. പ്രവാചകരുടെ കാലത്തോളം പഴക്കമുള്ള തന്റെ ശത്രുക്കള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഒരു നപുംസക മാലാഖ കാതില്‍ ചൊല്ലി മറഞ്ഞു. ഖന്തൂറയ്ക്ക്പകരം ത്രീ പീസ് സ്യൂട്ടും , പാപ്പിറസിനു പകരം അതിവേഗോപകരണങ്ങളും, കുതിരകള്‍ക്ക് പകരം വാഹനങ്ങളും ഉപയോഗിക്കുന്നൂ എന്നേയുള്ളൂ. ആ ശക്തികളുടെ ഇരുട്ടിന്റെ മണത്തിനും, ചോരക്കറ തിളങ്ങുന്ന പല്ലുകള്‍ക്കും മാറ്റമില്ലായിരുന്നു.
ഭൂമീഗോളം ഒരു പന്തായി ചെറുതായിക്കൊണ്ടിരുന്നു.......
നിഴല്‍‌രൂപങ്ങള്‍ അതിന്റെ വെളിച്ചം തല്ലിക്കെടുത്തുന്നതും, പച്ചപ്പ് ക്ഷൌരം ചെയ്യുന്നതും കണ്ട് ഒരു കൂര്‍ക്കം വലിയാല്‍ പൈലി പ്രതിഷേധം അറിയിച്ചു.


* - - -* - - -* - - -* - - -* - - -* - - -* - - - ** - - -* - - -* - - -* - - -* - - -* - - -* - - - *

ഉറക്കം എഴുന്നേറ്റ പൈലി തീര്‍ത്തും അസ്വസ്ഥനായിരുന്നു. വിങ്ങി നില്‍ക്കുന്ന ഒരു ലാവാ കൂമ്പാരമാണ് താനെന്ന സത്യം അംഗീകരിച്ചു. ഒരു സ്‌ഫുലിംഗ സ്‌പുരണത്തിനായി ദാഹിച്ചു. മെല്ലെ പത്രത്താളുകളിലേയ്ക്ക് മുഖം പൂഴ്ത്തി വാര്‍ത്തകള്‍ പരതി. ഒന്നിനും വായ്ക്ക് രുചിയില്ലായിര്‍ന്നു. ക്ലാസിഫൈഡ് പേജിലൊരു ഗസറ്റ് വിജ്ഞാപനം കണ്ണില്ലുടക്കി.

"വാഗത്താനം ദേശം, കുറിയതറ ‍അംശം, വെളുത്തകുരിശിങ്കല്‍ കുഞ്ചെറിയ ഇട്ടിയവിര മകന്‍ പൈലീ കുഞ്ചെറിയ എന്ന തന്റെ പേര് ഇന്നു മുതല്‍ പ്രൈ.ലി. എന്നായി മാറ്റിയിരിക്കുന്ന വിവരം ഏവരേയും (തന്നേയും) അറിയിച്ച് കൊള്ളുന്നു.
എന്ന്
അധികാരപ്പെട്ടവര്‍"

ഒന്നു നന്നായി നടുങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പൈലി. മനസില്‍ അശാന്തിയുടെ പുകമറ നിറഞ്ഞു. ഈ അവസ്ഥയില്‍ പ്രാര്‍ഥിച്ചാല്‍ ഗുണമുണ്ടാകുമെന്നാണ് ചില്‍ പറയാറുള്ളത്. അതില്‍ പ്രതീക്ഷയര്‍പ്പിച്ച് പൈലി നിരത്തിലിറങ്ങി. വഴിയൊരത്തെ ബോര്‍ഡുകളില്‍ വന്ന മാറ്റം പൈലി ശ്രദ്ധിച്ചു.

"മെഡിക്കല്‍ കോളേജ് പ്രൈവെറ്റ് ലിമിറ്റഡ്"
"വിദ്യാദീപം ഹൈസ്കൂള്‍ പ്രൈവെറ്റ് ലിമിറ്റഡ്"

പള്ളിക്കവലയിലും ഒരു കൂറ്റന്‍ ബോര്‍ഡ്
"സെന്റ്. ആന്റണീസ് ചര്‍ച്ച് പ്രൈവെറ്റ് ലിമിറ്റഡ്"

ചെരിപ്പ് പോലും അഴിക്കാതെ അള്‍ത്താരയിലേയ്‌ക്ക് നടന്നു. പാപികള്‍ക്ക് വേണ്ടി സ്വയം ബലിദ്രവ്യമായ പ്രജാപതിയുടെ തലയ്ക്ക് മുകളിലുള്ള INRI എന്ന അക്ഷരങ്ങള്‍ക്ക് മുകളിലായി ® എന്നൊരു അടയാളം കൂടി എഴുതി ചേര്‍ത്തിരിക്കുന്നു. ദിവ്യബലിയ്ക്കായി വൈദികന്‍ ഉയര്‍ത്തിയ കാസയില്‍ നിന്നും ഒരു ചിയിംഗം അടര്‍ന്ന് വീഴുന്നതും , വീഞ്ഞ് തുള്ളികള്‍ മേശവിരിപ്പില്‍ പടരുന്നതും കണ്ട് പൈലി തിരിഞ്ഞ് നടന്നു

'പ്രൈ.ലീ."

ആരോ ആരെയോ വിളിച്ചു.
പക്ഷേ തിരിഞ്ഞ് നൊക്കിയത് പൈലീ കുഞ്ചെറിയ ആയിരുന്നു.


* - - -* - - -* - - -* - - -* - - -* - - -* - - - ** - - -* - - -* - - -* - - -* - - -* - - -* - - - *

5 comments:

കുറുമാന്‍ said...

ദേവദാസിന്റെ കഥ നന്നായിരിക്കുന്നു, കടുപ്പം അല്പം ഏറിപോയോന്നൊരു സംശയം ഇല്ലാതില്ല. ഇതിവിടെ പോസ്റ്റു ചെയ്ത അജിത്തിനും ആശംസകള്‍.

Unknown said...

കമെന്ററി കേട്ട് തലകുലുക്കുന്ന കെറി പാര്‍ക്കര്‍......................................

ദേവാ,
കഥയെ പറ്റി അഭിപ്രായം പറയുന്നതിന് മുമ്പ്. കെറി പാര്‍ക്കര്‍ അല്ല കെറി പാക്കര്‍ (kerry packer) ആണ് ക്രിക്കറ്റിന് നിറങ്ങള്‍ ചാര്‍ത്തിയ ഒസ്ട്രേലിയന്‍ ബിസിനസ് ടൈക്കൂണ്‍.

Unknown said...

ഇത് കിടിലന്‍ കഥ മച്ചാനേ... ഇത് പഴയതാണെന്നല്ലേ പറഞ്ഞത്. എങ്കില്‍ എനിക്ക് ക്രാഫ്റ്റില്‍ കളിക്കുന്ന പുതിയ കഥാകാരനേക്കാള്‍ ഈ പഴയ കഥാകാരനെയാണ് ഇഷ്ടം.

e-Yogi e-യോഗി said...

ഇനിയുമത് ഉച്ഛരിക്കരുത്. അതില്‍ നിറയെ 'ന'കളാണ്. കാലുകള്‍ അല്‍പ്പം ചേര്‍ത്ത് പിടിച്ചാല്‍ ആഗോളഭക്ഷണഭീമന്റെ മുദ്രയായിത്തീരുന്ന, നിരത്തിവെച്ച് തലതിരിച്ചിട്ടാല്‍ എട്ടുകാലിയെന്ന വ്യാജേന ഏതോ മുക്കുവന്‍ ലോകം മുഴുവന്‍ വിരിച്ചിട്ട വലയായി തീരുന്ന മുദ്രകള്‍. ഒരു പേരില്‍ ഇത്രയും അലങ്കാരമുദ്രകള്‍ വേണ്ടാ ചില്‍.
...................
ഈ അലങ്കാരമുദ്രകളുടെ അലങ്കാരം എനിക്കിസ്ടമായി. കുറുമാന്‍ പറഞ്ഞതുപോലേ, കടുപ്പമല്‍പ്പം കൂടിയാലും ഈ ആധുനികന്‍ ആഞ്ഞുകടിക്കാതെതന്നെ പൊട്ടുന്നുണ്ട്‌. ദേവദാസിനും അജിത്തിനുമാശംസകള്‍.

asdfasdf asfdasdf said...

പ്രൈലിയുടെ ട്രാന്‍സ്ഫോര്‍മേഷന്‍ നന്നായിട്ടുണ്ട്.,ഭാഷ അല്പം കടുത്തുപോയെങ്കിലും.