Thursday, June 14, 2007

ഓ, ഇതെന്റെ അച്ഛന്‍

- ആര്‍. രാധാകൃഷ്ണന്‍



കഥ വരുന്ന ഓരോ വഴിയേ! - വെറുതെയിരുന്നാല്‍ മതി കഥ വരും-

ജീവനോടെ ജീവിതമുള്ള ജൈവകഥകള്‍!

കഥയില്ലായ്മയായി പുതിയതരം കഥകള്‍ - സെമിനാര്‍ പേപ്പര്‍ പോലെയും ഉപക്രമവും ഉപസംഹാരവുമായി കഥാ പീസുകള്‍.

പ്രണയം കുടയാണ്‌, പ്രണയം വടിയാണ്‌, കുടക്കമ്പിയാണ്‌ എന്ന്‌ എഴുതിയ ആധുനിക കവിത പോലെയും കഥപോലെയും എന്തോ ഒക്കെ.

എന്‍ട്രോപ്പി, എന്‍താല്‍പ്പി തെര്‍മോഡൈനാമിക്സ്‌, കുന്തിയാന, നാനോ ടെക്നോളജി തുടങ്ങി അറിയാത്ത സംജ്ഞകള്‍ തിരുകിയ ടൈറ്റിലുകളായി കഥകള്‍. കുന്തിയാനയെ അന്വേഷിച്ചപ്പോഴാണ്‌ നീലക്കുറിഞ്ഞിച്ചെടിയുടെ ബൊട്ടാണിക്കല്‍ പേരിലെ ഒരംശം ആണെറിഞ്ഞത്‌.

നിറമാലയും വാകച്ചാര്‍ത്തും കഴിഞ്ഞാണത്രേ നിര്‍മ്മാല്യം അത്തരം കഥകളില്‍! ഉദയാസ്തമനം വരെ ഉടുതുണിയില്ലാത്ത നിര്‍മ്മാല്യദര്‍ശനം-- വായനക്കാരുടെ

"നിനക്കൊന്നും അറിയില്ല കാരണം നീ വെറുംംംംംംംംം??......കുട്ടിയാണ്‌"- മോഹന്‍ലാല്‍ നാട്ടുരാജാവായി പറഞ്ഞപോലെ - ബി. മുരളിയും ഇന്ദുഗോപനും വായനക്കാരോട്‌ മീശപിരിച്ചുപറഞ്ഞു.

കഥയുടെ ചായക്കൂട്ടുകള്‍ ചേര്‍ത്ത്‌ കുന്തിയാനയായി ഇരിക്കുമ്പോള്‍ 'കഥ' എന്ന മാഗസിന്റെ പരസ്യം - പൂക്കളില്‍ നിന്നും പരാഗരേണുക്കള്‍ പോലെ, ചന്ദനത്തിരിയുടെ പുകച്ചുരുളിലെ നീണ്ടുചുരുണ്ട പാതയിലൂടെ പല കഥകളുടെ സംജ്ഞകള്‍ - പരാജയകഥ, അണിയറക്കഥ, അരങ്ങിന്‍കഥ, വിവാഹകഥ, വേര്‍പിരിയല്‍കഥ, ജീവകഥ, മരണകഥ, കൊച്ചുകഥ, വല്യകഥ, മര്യാദകഥ, തെമ്മാടിക്കഥ, ഭക്തികഥ, കാര്‍ട്ടൂണ്‍കഥ, ഫോട്ടോകഥ, ചിത്രകഥ, വിചിത്ര കഥ, ഋജുകഥ, വക്രകഥ, ജയകഥ, ആത്മകഥ, അപരകഥ, കെട്ടുകഥ, വട്ടുകഥ, പ്രണയകഥ, പാപകഥ, രാക്കഥ, പകല്‍ക്കഥ, ഇ-മെയില്‍ കഥ, എസ്‌.എം.എസ്‌. കഥ, രതികഥ.

ഇതിലില്ലാത്ത ഒരു കഥ എഴുതാനാവുമെങ്കില്‍ കഥയുടെ പരസ്യക്കാരനേയും ഞെട്ടിക്കണം - തിരക്കഥപോലെയായാല്‍
സിനിമയും സീരിയലും ആകും- അതാവണ്ട.

ഒരു വീഡിയോ കഥയായി മാറണം.

കഥ വീഡിയോ ആയി രൂപാന്തരം പ്രാപിക്കരുത്‌-

കഥ തുടങ്ങാം - -

മുഴുവന്‍ ഇരുട്ട്‌ - ഘോരാന്ധകാരം-

ഇമേജുകള്‍ വീഡിയോവില്‍ നിന്ന്‌ പേപ്പറില്‍ എത്തിയപ്പോള്‍ കരിമഷി വീണപോലെ പേപ്പര്‍ കറുത്തുപോയി. ഇരുട്ടല്ലേ? ഇനി വെളുത്തമഷിയുള്ള
പേന വേണം അതിലെഴുതാന്‍. (വേണ്ടാത്ത വായന വേണ്ട, വായനക്കാരാ!)
മുറിയുടെ ഭിത്തിയില്‍ താഴെയായി ഫിറ്റ്‌ ചെയ്ത സീറോവാട്ട്‌ ലാം പ്‌ (അങ്ങനെയൊരു ലാംപില്ല - ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍
എന്ന്‌ നിരൂപകര്‍ വാദിക്കരുത്‌- ഏതു ബള്‍ബിനും ഇത്തിരിപ്പോന്ന വാട്ട്‌ ഉണ്ടാവും - ഇത്തിരി വാട്ടവും)

ലൈറ്റിട്ടത്‌ കഥയെഴുത്തുകാരന്‍ - കട്ടിലില്‍ കിടന്നുറങ്ങുന്നത്‌ അയാളുടെ മൂന്നുവയസ്സായ അക്ഷരം പഠിച്ചിട്ടില്ലാത്ത
മകള്‍-

അവള്‍ ഉറങ്ങുന്നത്‌ രണ്ടാം മമ്മിയെ കണ്ടുകഴിഞ്ഞിട്ടാണ്‌. രണ്ടാനമ്മ യെ എന്ന്‌ തെറ്റിദ്ധരിക്കാന്‍ കഥാകാരന്‍
ബോധപൂര്‍വ്വം ശ്രമിച്ചതാണ്‌. മമ്മി - 2 എന്ന ഇംഗ്ലീഷ്‌ ഹൊറര്‍ ചിത്രം -

തന്റെ കാല്‍ പെരുമാറ്റംകേട്ട്‌ അവള്‍ ഞെട്ടിയുണര്‍ന്ന്‌ പേടിച്ച്‌ നിലവിളിയ്ക്കാന്‍ തുടങ്ങി. ആ നിലവിളിയിലെ ഭീകരതയും
ദൈന്യതയും പകരാന്‍ മലയാളം വാക്കുകള്‍ക്ക്‌ ആയോ? അല്ലെങ്കില്‍ സ്ക്രീമിംഗ്‌ എന്ന ഇംഗ്ലീഷ്‌ വാക്ക്‌ ഉപയോഗിച്ചാല്‍
ചിലപ്പോള്‍ അതിന്റെ ദൈന്യത ഡോള്‍ബി സംവിധാനത്തില്‍ വായനക്കാര്‍ക്ക്‌ അനുഭവിക്കാനാകും-അരണ്ട വെളിച്ചത്തില്‍ മുഖം
തെളിയാതിരുന്നതിനാല്‍ അച്ഛനെ തിരിച്ചറിയാതെ അവള്‍ വീണ്ടും പേടിച്ച്‌ കരഞ്ഞു - തന്റെ മുഖം ഇനി ഭീകരമായി
മാറിക്കഴിഞ്ഞോ എന്ന്‌ തിരിച്ചറിയാതിരുന്ന അയാള്‍ക്ക്‌ സംശയം ബലപ്പെട്ടു.

തന്റെ മുഖം കഥയെഴുത്തിന്റെ സമയത്ത്‌ മൊത്തം വായനക്കാരെ കടിച്ചുകീറാനായി മറ്റൊരു വ്യാളീമുഖം
എടുത്തണിഞ്ഞിരുന്നോ?

തന്റെ മുഖം മകള്‍ കാണണ്ട എന്നു കരുതി അയാള്‍ വായിച്ചുകൊണ്ടിരുന്നതും കൈയ്യിലുണ്ടായിരുന്നതുമായ
കലാകൌമുദിയെടുത്ത്‌ മുഖം മറച്ചു-

കലാകൌമുദിയുടെ പുറംചട്ട കണ്ടപാടെ മകള്‍ ചിരിച്ചു-

"ഓ, ഇറ്റീസ്‌ യു ഡാഡ്‌?"

ബെഡില്‍ നിന്നും എഴുന്നേറ്റ്‌
പുതപ്പ്‌ വലിച്ചെറിഞ്ഞ്‌ ഓടിയടുത്തെത്തി. മുഖമടക്കം മാസികയടക്കം കെട്ടിപ്പിടിച്ച്‌ അവള്‍
ഉമ്മ വച്ചു.

തന്റെ വീട്ടില്‍ മാത്രം കാണുന്ന അധികം സര്‍ക്കുലേഷനില്ലാത്ത സാഹിത്യ മാസികയുടെ മുഖചിത്രം കണ്ട്‌ വളരെ
ചിരപരിചിതമെന്നതുപോലെ അവള്‍ ചിരിച്ചു. അച്ഛനെ തിരിച്ചറിയാന്‍ മാസികയുടെ പുറം ചട്ട! ഈ കഥ ഏതില്‍ പെടും?

കഥാകാരന്‍ കഥയില്ലാത്ത കുട്ടിയെ അക്ഷരമുറ്റത്തെത്താത്ത മകളെ തെറ്റായി ധരിച്ചതില്‍ മനം നൊന്ത്‌ ഒരു ചിരി
ചിരിച്ചു- മകളെ നോക്കി ആശ്വാസമായി.

12 comments:

അനാഗതശ്മശ്രു said...

കഥ വരുന്ന ഓരോ വഴിയേ! - വെറുതെയിരുന്നാല്‍ മതി കഥ വരും-

ജീവനോടെ ജീവിതമുള്ള ജൈവകഥകള്‍


പുതിയ പോസ്റ്റ്‌

സുല്‍ |Sul said...

ഇതുപോലെത്ര പിന്നെത്ര
-സുല്‍

സുല്‍ |Sul said...

ഇതുപോലെത്ര പിന്നെത്ര
-സുല്‍

Ajith Polakulath said...

തന്റെ വീട്ടില്‍ മാത്രം കാണുന്ന
അധികം സര്‍ക്കുലേഷനില്ലാത്ത
സാഹിത്യ മാസികയുടെ മുഖചിത്രം കണ്ട്‌
വളരെ ചിരപരിചിതമെന്നതുപോലെ
അവള്‍ ചിരിച്ചു.
അച്ഛനെ തിരിച്ചറിയാന്‍
മാസികയുടെ പുറം ചട്ട!
ഈ കഥ ഏതില്‍ പെടും?

ഈ വരികളില്‍ കവിതയുണ്ട്
നന്നായി മാഷേ!

Unknown said...

ആദ്യഭാഗം അല്‍പ്പം മന്‍സ്സിലായില്ലെങ്കിലും അവസാനം നന്നായിട്ടുണ്ട്.

Dinkan-ഡിങ്കന്‍ said...

കഥയുടെ നൂല് ( കഥ തന്തു എന്നല്ലേ നിങ്ങള്‍ ഈ കഥാകാരന്മാര് പറയണത്) കൊള്ളാം എന്നാല്‍. ആദ്യഭാഗങ്ങ്ലിലെ ക്ലിഷ്ടതയും കൂട്ടിച്ചേര്‍ക്കലുകളും അല്‍പ്പം കുറയ്ക്കമായിരുന്നു. എന്നാലും മൊത്തത്തില്‍ ഒരു നല്ല കഥ

നിര്‍മ്മല said...

നിര്‍ഭയത്തോടെയുള്ള ആക്ഷേപഹാസ്യം! ഒരു കുഞ്ച്ന്‍ നമ്പ്യാര്‍ ടച്ച് :)

P Das said...

പരാജയകഥ, അണിയറക്കഥ, അരങ്ങിന്‍കഥ, വിവാഹകഥ, വേര്‍പിരിയല്‍കഥ, ജീവകഥ, മരണകഥ, കൊച്ചുകഥ, വല്യകഥ, മര്യാദകഥ, തെമ്മാടിക്കഥ, ഭക്തികഥ, കാര്‍ട്ടൂണ്‍കഥ, ഫോട്ടോകഥ, ... നന്നായി :)

sreeni sreedharan said...

കഥ വന്ന ‘വഴി’ വളരെ ഇഷ്ടപ്പെട്ടു

തറവാടി said...

ആക്ഷേപ ഹാസ്യം നന്നായി :)

( ഓ:റ്റോ: സൈഡ് ബാറില്‍‌ പറഞ്ഞകാര്യം‌ കുഴൂര്‍വിത്സണെഒരു തവണയേ കണ്ടിട്ടുള്ളു , അദ്ദേഹം പ്രസംഗിച്ചതും‌ കേട്ടിരുന്നു ,ഇതു വരെ മറക്കാന്‍ പറ്റിയിറ്റില്ല :))) )

Vish..| ആലപ്പുഴക്കാരന്‍ said...

:)

അശോക് കർത്താ said...

ബ്ലോഗെഴുത്തിനു ഒരു അരിശം തീര്‍ക്കലിന്റെ സ്വഭാവം മിക്കപ്പോഴും ഉണ്ടാകും. ഇതിന്റെ ആദ്യഭാഗം അതാണു. കഥ രണ്ടാം ഭാഗവും. സംഗതി കൊള്ളാം. പണ്ട് കുരീപ്പുഴ ശ്രീകുമാറിന്റെ കവിത കണ്ടിട്ട് ചുള്ളിക്കാട് പറഞ്ഞ ഒരു തമാശയുണ്ട്. ‘ഇവന്‍ എന്റെ തെക്കലയുന്ന പ്രേതമാകുന്നു’. ഇന്ദുഗോപനോടോ,ബി,മുരളിയോടോ അത് പറയാന്‍ ഫ്രഞ്ചുകാരും ലാറ്റിനമേരിക്കക്കാരും മലയാളം പഠിച്ചിട്ടില്ലല്ലോ! കുറച്ച് നാള്‍ മുമ്പൊരു കഥയച്ചി എം.ടി യോട് കാണിച്ച് തരാന്ം എന്ന് പറഞ്ഞ് വാത് വച്ചിട്ട് പോയതാ. വല്ല വിവരോം ഉണ്ടോ?