Friday, June 15, 2007

മണ്ണപ്പു
















കഥ : അജിത്ത് പോളക്കുളത്ത്
ചിത്രം വര : പി.ആര്‍ രാജന്‍


***
കോട്ടപ്പുറം ചന്തയിലെ അല്ലറ ചില്ലറ കൂലിപ്പണികള്‍ കഴിഞ്ഞാല്‍ അപ്പൂട്ടന്‍ എന്ന മണ്ണപ്പൂനെ കാണണമെങ്കില്‍ ശേഖരേട്ടന്റെ റേഷന്‍ കടയിലേ ഒക്കൂ. വെളുപ്പാന്‍ കാലങ്ങളില്‍ നാട്ടുകാരും പോലീസുകാരും കാണാതെ മണലു അടിച്ചുമാറ്റി കൊണ്ടുപായുന്ന ട്രിപ്പര്‍ ലോറിയുടെ ചക്രങ്ങള്‍ വീഴ്ത്താന്‍ കിടങ്ങുകുഴിച്ചു വന്നതേയുള്ളൂ ഇപ്പൊള്‍, പുഴയുടെ ഗര്‍ഭാശയത്തില്‍ തോണ്ടി,
മാന്തി കൊണ്ടുപോകുന്നവരും ,സ്ത്രീകളെ അവരുടെ അനുവാദമില്ലാതെ ഭോഗിക്കുന്നവരും ഒരേ തട്ടിലാണ് അവനു മുന്നില്‍ .

മണ്ണപ്പൂന്റെ ചുറ്റുപാടിലേക്ക്;
പണ്ട് ഒരു പ്രളയത്തില്‍ ഈ പെരിയാറിലേക്ക് ഒഴികിപോയത്രേ മണ്ണപ്പൂന്റെ അമ്മ കൊച്ചമ്മൂ, പുഴക്കരുകിലെ കയറുനിര്‍മ്മാണകമ്പനിയില്‍ തൊണ്ട് തല്ലി ചകിരിയാക്കുന്ന പണിയായിരുന്നു കൊച്ചമ്മൂന്... അന്ന് നാലു വയസ്സുള്ള മണ്ണപ്പൂനെ കുറുമ്പ് സഹിക്കവയ്യാതായപ്പൊള്‍ കൊച്ചമ്മൂ കുടിലിലെ തൂണില്‍ കെട്ടിയിട്ട് പണിക്കു പോയതായിരുന്നു. പിന്നീട് തോണിക്കാരന്‍ മാധവേട്ടനാണ്അവനെ വളര്‍ത്തിയത്, മാധവേട്ടന്റെ മകന്‍ കുഞ്ഞന്‍ രാധയും മകള്‍ പ്രസന്നയുമാണ് അവന്റെ ചെറുപ്പം മുതല്‍ ഇപ്പം വരെയുള്ളകൂട്ട്, കടവിനപ്പുറത്ത് പുതിയ പാലം വന്നപ്പോള്‍.. കടവിനെ കടത്തുകാരനെയും നാട്ടുകാര്‍ മറന്നു, മാധവേട്ടനേയും. മാധവേട്ടന്‍ തൊണ്ടയില്‍ ദീനം വന്ന് മരിച്ചിട്ട് കൊല്ലം രണ്ടായി. ഇപ്പോള്‍ കുഞ്ഞന്‍ രാധ കോട്ടപ്പുറം ചന്തയില്‍ പച്ചക്കറി കച്ചവടം നടത്തുന്നു.പ്രസന്ന പത്താം തരെ പഠിച്ചു തോറ്റു ഇപ്പൊള്‍ ടൈലറിങ്ങുമായി വീട്ടില്‍ കഴിയുന്നു . മാധവേട്ടന്റെ നുറുമ്പിച്ചുകോണ്ടിരിക്കുന്ന കടത്തുതോണിയിലാണ് മണ്ണപ്പൂന്റെ അന്തിയുറക്കം. ഇപ്പോള്‍ വിജനമായ കടവില്‍ മാധവേട്ടന്റെ നുറുമ്പിച്ച തോണിയും പിന്നെമണ്ണപ്പൂവും മാത്രം കൂട്ട്.
അമ്മ പുഴയില്‍ മുങ്ങി മരിച്ച അന്നുമുതല്‍ പുഴ കാണുമ്പോള്‍ മണ്ണപ്പൂന്റെ കണ്ണില്‍ കരച്ചില്‍ വരും , ഒപ്പം മണ്ണുമാന്തികളെ കണ്ടാല്‍ അവന്‍ പോലീസിനു ഒറ്റുകൊടുക്കലായി സ്ഥിരം പണി അമ്മ പുഴയിലെ അടിത്തട്ടിലുണ്ടെന്നാ അവന്റെ വിശ്വാസം.

പുഴയിലുറങ്ങുന്നഅമ്മയോട് വര്‍ത്തമാനം പറഞ്ഞിരിക്കുന്ന ദിവസം ഞായറാഴ്ച. കവലയില്‍ പോത്തിറച്ചിയും മാട്ടിറച്ചിയും വാങ്ങാന്‍ പോയി വരുന്നവരും,അമ്പലം പള്ളി എന്നിവിടങ്ങളില്‍ പോയി വരുന്നവരില്‍ കാലത്തുള്ള കാഴ്ച ഇതാണ്, പലരും കളിയാക്കി കൂക്കിവിളിക്കാറുണ്ട്.

പലപോലീസുകാരും രാത്രികാലങ്ങളില്‍ മണ്ണപ്പൂനേം കൊണ്ടു സവാരിചുറ്റും, പാണക്കാട്ടേ മണിയന്റെ ട്രിപ്പര്‍ ലോറി, മൂക്കന്‍ വാസുവിന്റെ ടൊയോട്ട, കാറുമൊതലാളി മൊയ്തൂന്റെ ആകെയുള്ള സമ്പാദ്യമായ ലെയ് ലാന്റ് ലോറി അങ്ങനെ നീളുന്ന പുഴമാന്തി കള്ളന്മാരെ... എല്ലാം പിടിച്ചത് മണ്ണപ്പൂന്റെ സഹായത്താല്‍ അല്ല പിന്നേ.. പോലീസിന്റെ കേമത്തം കൊണ്ടല്ലായിരുന്നു. പലപ്പോഴുമായി കൊട്ടേഷന്‍ടീമുകളില്‍നിന്നും വിദഗ്ദമായി രക്ഷനേടിയിട്ടുമുണ്ട് അവന്‍. പണ്ട് മേനക തിയ്യറ്ററില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ മുന്‍പല്ല് കിണറ്റുംവക്കിലടിച്ചു പകുതി പോയിരിന്നു.
നഗരത്തിലേ വലിയ കോണ്ട്രാക്റ്റര്‍മാര്‍ മുതല്‍ ഗള്‍ഫുകാര്‍ വരെ മണ്ണപ്പൂന്റെ ഇപ്പണികാരണം കേട്ടിടപ്പണികള്‍ നിര്‍ത്തി വച്ചിട്ടുണ്ട്..

പകലുകള്‍ പലപ്പോഴും മണ്ണപ്പൂനെ കളിയാക്കാറുണ്ടെങ്കിലും അവനു പുഴക്കരയിലെ കുളിര്‍ക്കാറ്റ് എപ്പോഴും തുണയായി കൂടെ ഉണ്ടാകുംഅവനു പകലിനേക്കാള്‍ ഇഷ്ടം രാത്രിയൊടാണ്... കടവിലിരുന്ന് ചെമ്മീന്‍ ചമ്മന്തിയും കൂട്ടി കള്ള് കുടിക്കുക പതിവ്‍.നിലാവെട്ടത്തിലാണ് ഇന്നലെ നടന്ന സംഭവങ്ങളേക്കുറിച്ചുള്ള മനോവിഷ്താരം. ഉറക്കെയായിരിക്കും വിസ്താരവും ഉത്തരവിടലുകളും എല്ലാം സ്വയം തന്നെ... ഇതിപ്പോള്‍ തുരുത്തിലെ ജനങ്ങള്‍ക്ക് സ്ഥിര സംഭവമായതിനാല്‍ ആരും ശ്രദ്ധിക്കാറില്ല.

തോണിക്ക് പിന്നിലെ കാല്‍പ്പെരുമാറ്റം കേട്ട് അവന്‍ തിരിഞ്ഞു നോക്കി...അത് കുഞ്ഞന്‍ രാധയായിരുന്നു

“ ങ്ഹാ... നീയാര്‍ന്നോ.. എന്താ പതിവില്ലാതെ ഈ വഴിക്ക്” പരുക്കന്‍ ശബ്ദം നേര്‍മ്മയാകുന്നത് കുഞ്ഞന്‍ രാധയെയും പ്രസന്നയേയും കാണുമ്പോള്‍ മാത്രം.

“വന്നേന്തിന്.. നാളെ ചന്തെല് വര്ണ്ടേ” അവന്‍ ചോദിച്ചു

“അല്ലടാ നമ്മുടെ പ്രസന്നക്ക് ഒരാലോചന... കൊറച്ചു കിഴക്കൂന്നാ.. മാളെന്ന് ചെക്കന് മരപ്പണിയാണ്, സ്വന്തം മരചാപ്രേണ്ട്... പണിക്കാരനാചന്തയില്‍ മീന്‍ വില്‍ക്കുന്ന കാതറിക്ക പറഞ്ഞു വരുന്നോരാ...”

“അതിനിപ്പ ഞാനെന്താ ചെയ്യേണ്ടേ... വര്ട്ടേ... വരണം”

“നീ നാളെ അവിടെക്ക് വേണ്ട സാധനങ്ങള്‍ കൊണ്ടുവരണം... പുതിയ ഫൈബ്ര് കസേര ഞാന്‍ പറഞ്ഞുവച്ചിട്ടുണ്ട്, നീ അത് ചന്തേന്ന് കൊണ്ടു വരണം”

കാല്‍പ്പെരുമാറ്റം അകന്നു കൊണ്ടിരുന്നു.. അവന്‍ ബാക്കിവെച്ച കള്ളുമോന്തി... ഉറക്കെ വിളിച്ചു

“അമ്മേ എനിക്കു മാധന്‍ വെല്ലിച്ഛന്‍ പറഞ്ഞുവെച്ച് പെണ്ണും പോണ്, അവളെ കാണാന്‍ ആളുവരുന്നു... പോകട്ടെ.. എല്ലാം പോയി തുലയട്ടെതുലയട്ടെ.. എല്ലാരും തുലയട്ടേ.... ഹ ഹ ഹാ‍.... ഹാ അങ്ങനെ തുലയട്ടേ..”

അത് ചെറുതായ് ചെറുതായില്ലാതായി....

പുഴയില്‍ നിന്നും വന്ന കുളിര്‍കാറ്റ് ആദ്യം തോണിയില്‍ കയറി.. പിന്നെ അവനെ തഴുകി...


മാധവേട്ടന്റെ വീട്ടീന്ന് കാലത്തു തന്നെ പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞ്, പതിവുപോലെ കടവിലേക്ക് പുഴയിലൂടെ ഒഴുകിവരുന്ന ഇറച്ചിക്കടക്കാറ് ഉപേക്ഷിച്ച പോത്തിന്റേയും ആടിന്റേയും അവശിഷ്ടങ്ങള്‍ അവന്‍ ഒരു കോലെടുത്ത് പിടിച്ചു കരക്കു കയറ്റി... നാറുന്നവയും ഫ്രെഷായ കുടലുകളുടെയും സമിശ്രഭാണ്ഡങ്ങള്‍ ..

അവ കുഴിച്ചിടുമ്പോള്‍ അവന്‍ പ്രാകി.

“പാണ്ടാറവട്ടേ ‍... പണ്ടാറക്കാലന്മാര്‍ .. നശ്ക്കട്ടേ”

അതു പറഞ്ഞു അവന്‍ കണ്ട കാഴ്ച വീണ്ടും അവനെ പ്രകോപിപ്പിച്ചു...വീട്ടില്‍ കക്കൂസുണ്ടായിട്ടും വെളിക്കിരിക്കാന്‍ വരുന്നവര്‍... മുതിര്‍ന്നവരും പിള്ളേരും..അവന്‍ കല്ലെടുത്തെറിഞ്ഞു..

“പണ്ടാറങ്ങള്‍ക്കു എത്ര പ്രാവശ്യം ഏറ് കൊണ്ടിരിക്കുന്നു.. നാശങ്ങള് .. വീട്ടില് കക്കൂസൂണ്ടായിട്ടും തൂറാന്‍ വന്നിരിക്കണ്പോയ് വീട്ടി തൂറടാ... നാറികളേ...പഞ്ചായത്ത് കക്കൂസുണ്ടാക്കാന്‍ കൊടുത്ത പൈസ മുഴ്വേനും തിന്നു മുടിച്ചില്ലേട നിന്റങ്ങള്ളോര് ”

“പൊടാ പ്രാന്താ... മണ്ണപ്പു പ്രാന്തന്‍...” പിള്ളേര്‍ ഒച്ചവച്ച് വീട്ടിലേക്ക് ഓടി..

പ്രസന്നയുടെ കല്യാണം തീര്‍ച്ചയായി ചിങ്ങത്തിലെ പതിമൂന്നിനു കല്ല്യാണം.

* * *

കല്യാണം കഴിഞ്ഞു ഇലകളും വേസ്റ്റും പുഴയിലേക്കിടാതിരിക്കാന്‍ ആ വകുപ്പ് അവന്‍ ഏറ്റെടുത്തു... കുഴിമാന്തി അതിലിട്ടു എല്ലാംഇലകള്‍ തികയാതെ വന്നപ്പോള്‍ വാങ്ങിയ പ്ലാസ്റ്റിക്കിലകള്‍ അവനെ പല്ലിളിച്ചു കാട്ടി... ദേഷ്യത്തോടെ അവ കത്തിച്ചുകളയാന്‍ മാറ്റി വച്ചു .

പ്രസന്നയും വരനും കൂട്ടരും പോയി...

അന്ന് രാത്രിയും പതിവുപോലെ കടവില് , മാധവേട്ടന്റെ തോണിയില് മണ്ണപ്പൂം കള്ളുകുടിയും മാത്രം ബാക്കി.. അയാള്‍ ഉറക്കെ വിളിച്ചു കൂകി..ഉറക്കെ അട്ടഹസിച്ചു.. പതിവുപോലെ പുഴയില്‍ നിന്നും വന്ന കുളിര്‍ക്കാറ്റ് അവനെ തഴുകി...നിലാവെട്ടത്തില്‍ അവന്റെ കണ്ണുകള്‍ തിളങ്ങി.

പുലര്‍ച്ചയിലെ പത്രവണ്ടികള്‍ , പാണ്ടി ലോറികള്‍ കടവിനടുത്തുള്ള പുതിയ പാലത്തില്‍ കൂടി പാഞ്ഞു പോയി.

പതിവുപോലെ ആടിന്റെയും പോത്തിന്റേയും വേസ്റ്റുകള്‍ കോലുകൊണ്ട് പൊക്കിമാറ്റി കരക്കിടാന്‍ അവന്‍ വന്നില്ല.. അടിഞ്ഞുകൂടിയ ഭാണ്ഡങ്ങളെ കാക്കകള്‍ ആര്‍ത്തുകൊത്തി വലിച്ചു.

അതിലൊന്ന് മണ്ണപ്പു ആയിരിക്കുമോ?

ആര് അറിയാന്‍...

അന്ന് അവന്റെ കല്ലേറു പേടിച്ചു പിള്ളേരും വന്നില്ല .

അവന്റെ ആത്മാവ് പുഴയിലുറങ്ങുന്ന അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക്.. വീണ്ടും ഒരു ശിശുവാകാന്‍....
ഗര്‍ഭപാത്രം തോണ്ടി വാരാന്‍ വരുന്നവരേയും കാത്ത് പുഴക്കടിയിലെ മണ്ണിലോളിച്ചിരിക്കുന്നുണ്ടാവും ...

മണ്ണപ്പു മണ്ണിനായ് മണ്ണിലേക്ക് ....

കടവിലിപ്പോള്‍ മാധവേട്ടന്റെ നുറുമ്പിച്ചുകൊണ്ടിരിക്കുന്ന തോണി മാത്രം ബാക്കി.

പ്രൈ.ലി.





കഥ - ദേവദാസ്
ചിത്രം വര : പി.ആര്‍ രാജന്‍



***
ആകാശത്ത് മേഘപടലങ്ങള്‍ അവദൂതരുടെ പോര്‍ട്രൈറ്റ് ചിത്രങ്ങള്‍ വരയ്ക്കുകയും മായ്ക്കുകയും ചെയ്ത് കൊണ്ടിരുന്നു
ആ വിലാലമായയ് ക്യാന്‍‌വാസിന് മിനുക്ക് പണിയെന്നോണം ഒരു പകലിന്റെ കൂടി വേര്‍പാടില്‍ ചക്രവാള ഗദ്ഗതം മുഴക്കി പക്ഷികള്‍ കൂട്ടമാറ്റി ചേക്കേറികൊണ്ടിരുന്നു. പൂമ്പാറ്റചിറകുള്ള കുഞ്ഞുങ്ങള്‍ റെസ്റ്റൊറന്റിന്റെ ഗാര്‍ഡനില്‍ ഒച്ച വെച്ച് നടന്നു.

ചില്‍...

ഉം..

വൈരുദ്ധ്യാത്മക ഭൌതിക വാദത്തിനുള്ള ഏറ്റവും നല്ല ഉദാഹരണങ്ങള്‍ കേള്‍ക്കണൊ?

യേസ് പറയൂ പൈലീ

നമ്മള്‍...അതേ നമ്മള്‍ തന്നെ

കാരണം?

നോക്കൂ ചില്‍.. മോഡേണ്‍ വസ്ത്രം ധരിച്ച് ,കണ്ണില്‍ വിരിയുന്ന ഭാവങ്ങളെ മറയ്ക്കാന്‍ കറുത്ത ചില്ലുകൂടാരം പണിത്, അതിന്റെ കയര്‍ ചെവിയില്‍ വലിച്ചു കെട്ടിയിട്ട്, ലോകത്തെ ഇളക്കിമറിക്കാന്‍ പോന്ന സംവാദം നടക്കുമ്പോഴും ചുയിംഗം ചവയ്ക്കുന്ന നീ. പഴഞ്ചനായി തുടരുന്ന, ഇനിയും പഴഞ്ചനായി തന്നെ തുടര്‍ന്നേയ്ക്കാവുന്ന ആശയങ്ങളും , കറവ വറ്റിയ പശുവായ പ്രസ്ഥാനത്തേയും പേറി അത് കാമധേനുവാകൂന്നതും കാത്ത് അതിന്റെ ചാണകത്തിന്റെ നിരന്തര സ്പര്‍ശത്താല്‍ കുഴിനഖം കെട്ട് കഴിയുന്ന ഞാന്‍. പഴയ ഇടയരുടെ ചിത്രങ്ങള്‍ ഫ്രയിം ചെയ്ത് ദൈവതുല്യം ആരാധിക്കുമ്പോള്‍ ഏതെങ്കിലും ഒരുവന്‍ വന്ന് 'ആദ്യത്തെയാള്‍ക്ക് പാറിപ്പറന്ന മുടിയും താടിയും, രണ്ടാമന് കഷണ്ടിയെങ്കിലും ചീകിയൊതുക്കിയ മുടിയും ബുള്‍ഗാനും, മൂന്നാമന് ഷേവ് ചെയ്ത താടിയും കട്ടിമീശയും. ഇതെന്താപ്പാ റഷ്യയിലെ ബാര്‍ബര്‍ ഷാപ്പ് വിപ്ലവമോ?' എന്നെങ്ങാന്‍ ചോദിച്ചാല്‍ ചുവപ്പന്‍ രോമങ്ങള്‍ എഴുന്നേറ്റ് നിന്ന് , മുഖം വലിഞ്ഞ് മുറുകി ഒന്നുക്കിലവന്റെ കരണത്തടിക്കുകയോ അല്ലെങ്കില്‍ നിലത്ത് കാറി തുപ്പുകയോ ചെയ്യുന്ന ക്രൊമേഡ് പൈലിയായ ഞാന്‍.

ഇതിലെന്താ ഇത്ര വലിയ തെറ്റ് ? പൈലീ..പൈലിക്കുട്ടാ..വിപരീത മൂല്യങ്ങള്‍ എന്നും ഉണ്ടാകും. അല്ലെങ്കിലീ ലോകത്തിന് തന്നെ നിലനില്‍പ്പില്ല മോനേ. ഇങ്ങനെ എന്തെങ്കിലും പറഞ്ഞ് വഴക്കടിക്കാതെ മനുഷ്യര്‍ എങ്ങിനെ ജീവിക്കും? കാലത്തെഴുന്നേറ്റ് ഒരു ഗ്ലാസ് മില്‍മാ പാലും കുടിച്ച്, പത്രവും ടാബ്ലോയിഡും വായിച്ച്, അവരവരുടെ അരാധനാലയങ്ങളില്‍ പോയി തനിക്കും സമൂഹത്തിനും വേണ്ടി പ്രാഥിച്ച് , സേവന നിരതരായിരിക്കുന്ന മനുഷ്യര്‍. സമാധാനം ഭക്ഷിച്ച്, ശാന്തിയില്‍ വിശ്രമിച്ച്, വിരക്തി വിസര്‍ജ്ജിക്കുന്ന മനുഷ്യര്‍. അവര്‍ക്ക് ബോറഡിക്കില്ലേ പൈലീ. തീര്‍ച്ചയായും പ്രശ്നങ്ങള്‍ ഉണ്ടാകണം. അതില്‍ മൌലീകതയോ, ആശയസംഘര്‍ഷങ്ങളൊ, ബിംബവല്‍ക്കരണമോ, സാങ്കേതികതയോ, വ്യുല്‍പ്പത്തിയൊ എന്തും വരാം. അല്ലെങ്കില്‍ "ഓണ്‍ലീ ദെന്‍ ഷാല്‍ വീ ഫൈന്റ് കറേജ്" എന്ന ഒരു ലേഖനത്തില്‍ ഐന്‍സ്റ്റീന്‍ പറഞ്ഞ പ്രകാരം ഈ ലോകത്ത് ഒരാള്‍ മാത്രം അവശേഷിക്കണം.
ഒരാള്‍ മാത്രം......
ഒരാള്‍...............
ഒരാശയം..........
ഒരു സംഘടന...
ഒരു നേതാവ്(അനുയായി?)...
ഞാനില്ലാതെ... ഈ നന്ദനയില്ലാതെ നിനക്ക് ജീവിക്കാനാകുമോ പൈലീ?

പ്ലീസ് ചില്‍, നീ നിന്റെ യഥാര്‍ത്ഥ പേര് പറയരുത്. എനിക്കത് തീര്‍ത്തും ഇഷ്ടമല്ല. ഞാനും, ഈ ലോകവും നിന്നെ ചില്‍ എന്ന് വിളിയ്ക്കും. കാരണം നീയൊരു ചിലയ്ക്കുന്ന വാനമ്പാടിയാണ്.

റിയലി?

അതേ...വൃക്ഷലതാദികളിലിരുന്ന് പാടുന്ന, ഏതോ രാജാവ് പിടിച്ച് കൂട്ടിലടച്ചപ്പോള്‍ സ്വന്തം സ്വരമടച്ച് പ്രതിഷേധസമരം ചെയ്ത് , അടിച്ചമര്‍ത്തുന്നവരുടെ ഫീനിക്സായിത്തീര്‍ന്ന അതേ വാനമ്പാടി

നന്ദന പേരിന് എന്താണ് കുഴപ്പം?

ഇനിയുമത് ഉച്ഛരിക്കരുത്. അതില്‍ നിറയെ 'ന'കളാണ്. കാലുകള്‍ അല്‍പ്പം ചേര്‍ത്ത് പിടിച്ചാല്‍ ആഗോളഭക്ഷണഭീമന്റെ മുദ്രയായിത്തീരുന്ന, നിരത്തിവെച്ച് തലതിരിച്ചിട്ടാല്‍ എട്ടുകാലിയെന്ന വ്യാജേന ഏതോ മുക്കുവന്‍ ലോകം മുഴുവന്‍ വിരിച്ചിട്ട വലയായി തീരുന്ന മുദ്രകള്‍. ഒരു പേരില്‍ ഇത്രയും അലങ്കാരമുദ്രകള്‍ വേണ്ടാ ചില്‍.

നീ ഫോബിക് ആണ് പൈലിക്കുട്ടാ


ശരിയാണ്. എല്ലാവരും ഫോബിക് ആണ്. കുഞ്ഞ് ഭയാശങ്കകള്‍ എല്ലാവരിലും കാണാം. എനിക്ക് ആഗോളഭീമന്മാരുടെ മുദ്രകളെ ഭയമാണ്, ഉയരത്തെ, താഴ്ചയെ, ഇടനാഴികളെ, സന്ധ്യകളെ, പട്ടികളെ ...ഒക്കെ ഭയമാണ്

നിന്റെ ഫോബിക് ശൃംഘല വളരെ നീണ്ടതാണ്

ഞാന്‍ നിന്നെ ചില്‍ എന്ന് മാത്രം വിളിക്കും

നീ നിന്റെ പേര് ശ്രദ്ധിച്ചിട്ടുണ്ടൊ പൈലീ. പൈലീ കുഞ്ചെറിയ, കേട്ടാല്‍ ഏതോ കുടിയേറ്റക്കാരന്‍ മുതലാളീടെ പേരാണെന്ന് തോന്നും. ഒരു റബര്‍കറയുടെ മണമുണ്ടതിന്. കുടിയേറ്റ ഗ്രാമങ്ങളില്‍ ഒന്നായിരുന്നുട്ടും എന്തേ നിന്റെ തലമുറ ഒന്നും വെട്ടിപ്പിടിച്ചില്ലേ?

ചില്‍, എന്റെ ഗ്രാന്റ്ഫാദറിന്റെ പേര് ഇട്ടിയവിര എന്നായിരുന്നു. പുള്ളിക്കാരനാണ് ഞങ്ങളുടെ കുടുംബത്തെ കുടിയേറ്റ ഗ്രാമങ്ങളിലേയ്ക്ക് പറിച്ച് നട്ടത്.

ഇട്ടിയവിര വാസ് ഹീ എ വേം? മണ്ണിര, നാടവിര എന്നൊക്കെയില്ലേ അത് പോലെ?

ശരിയാണ് ഇട്ടിയവിരാച്ചന്‍ ഒരു മണ്ണിരയായിരുന്നു. മണ്ണ് ഉഴുതു മറിച്ചു, അതിനു വളക്കൂറുണ്ടാക്കികൊടുത്തു. എന്നാലോ മണ്ണ് വെട്ടിപ്പിടിച്ചതുമില്ല. ഫലമോ എല്ലാര്‍ക്കും ചുരുങ്ങിയത് അഞ്ചേക്കര്‍ പുരയിടമെങ്കിലും ഉള്ള കുടിയേറ്റ ഗ്രാമത്തില്‍ പോലും എനിക്ക് 5 സെന്റ് സ്ഥലവും അതിലൊരു വീടും.

ഇട്ട്യവിരാച്ചനൊട് പൈലിക്കെന്ത് തോന്നുന്നു? ഇഷ്ടം...ദ്വേഷ്യം


രണ്ടുമല്ല, ആരാധന... വനപ്രാന്തങ്ങളില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഉപദേശ ഫലകം നീ കണ്ടിട്ടില്ലേ ചില്‍...
ഇവിടെ നിന്ന് ഓര്‍മ്മകള്‍ മാത്രം ശേഖരിക്കുക......
കാലടിപ്പാടുകല്‍ മാത്രം അവശേഷിപ്പിക്കുക.........
പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കുക.......................
എന്നൊക്കെ. ഇട്ടിയവിരാച്ചന്‍ വനത്തില്‍ നിന്ന് ഓര്‍മ്മകള്‍ മാത്രം ശേഖരിച്ചു. കാലടിപ്പാടുകള്‍ മാത്രം അവശേഷിപ്പിച്ചു. കാലാന്തരത്തില്‍ പ്രായാധിക്യത്താല്‍ ഓര്‍മ്മച്ചിത്രങ്ങളുടെ ചായപ്പൊലിമ കുറഞ്ഞ് നിറം കെട്ടു, കാലടിപ്പാടുകള്‍ കരിയില മൂടി കിടന്നു. നീ ആ ചുയിംഗം പുറത്ത് കളയൂ ചില്‍...ഓര്‍മ്മകളെ മാത്രം അയവിറക്കൂ

പൈലിക്ക് ചുയിംഗത്തേയും ഭയം ആണൊ?

ഇല്ല....പക്ഷേ നീരൂറ്റിക്കുടിച്ച് പുറം തള്ളപ്പെടുന്ന അധകൃതന്റെ സിംബലാണ് ചുയിംഗം..

അത് നിന്റെ ധാരണമാത്രമാണ് പൈലീ. ചുയിംഗം മറ്റ് പലതിന്റേയും സിംബലാണ്. വിഴുങ്ങാന്‍ കഴിയാത്ത കയ്പ്പന്‍ യാഥാര്‍ത്ഥ്യമാണ് നാം ചവയ്ക്കുക. തൊണ്ടതൊടാതെ വിഴുങ്ങാന്‍ കഴിയാത്തൊരു കയ്പ്പന്‍ യാഥാര്‍ത്ഥ്യം ആണ് ചുയിംഗം. ഇത്തരം കയ്പ്പോ ചവര്‍പ്പോ ഉള്ള ചവയ്ക്കുന്ന വസ്തുക്കള്‍ എല്ലാകാലത്തും ഉണ്ടായിരുന്നു. ആരോടും പറയില്ലെങ്കില്‍ ഞാനൊരു കാര്യം പറയാം. നമ്മുടെ കൃസ്തുവില്ലേ മൂപ്പര് പണ്ട് അന്ത്യാത്താഴവിരുന്ന്‍ നടത്തുമ്പോള്‍ വീഞ്ഞ് പാനം ചെയ്യാനായി വെച്ചിരുന്ന കാസയ്ക്ക് ഓട്ടയുണ്ടായിരുന്നു.
" ഇതെന്റെ രക്തമാണ്' " എന്നും പറഞ്ഞ് അങ്ങേരത് മുകളിലേയ്‌ക്കുയര്‍ത്തിയപ്പോള്‍ വീഞ്ഞ് തുള്ളികളായി താഴേയ്ക്ക് വീഴാന്‍ തുടങ്ങി. കാനായില്‍ വെച്ച് വെള്ളത്തെ പോലും വീഞ്ഞാക്കിമാറ്റിയവന്റെ നിസ്സഹായാവസ്ഥ കണ്ട് ശിഷ്യര്‍ മുഖത്തൊട് മുഖം നൊക്കി നിന്നു. മേശേ മേല്‍ തട്ടിത്തെറിച്ച ഒരു വീഞ്ഞ് തുള്ളി വിശുദ്ധ ജോണിന്റെ കണ്ണില്‍ തെറിച്ചു വീണു. ഇരിപ്പിടം വിട്ട് കണ്ണും പൊത്തിക്കൊണ്ട് അതു കഴുകാനായി ജോണ്‍ പുറത്തേയ്ക്കോടി. ആ കസേരയിലൊരു പെണ്ണിരുന്നു. സംഗതികള്‍ വഷളാകുന്നത് കണ്ട് പ്രശ്നപരിഹാരത്തിനായി പത്രോസ് തന്റെ വായില്‍ നിന്ന് ചുയിംഗം പുറത്തെടുത്തു. എന്നിട്ടത് കാസയുടെ ദ്വാരത്തിലൊട്ടിച്ചു. അതായിരുന്നു ആദ്യത്തെ വിശുദ്ധ ചുയിംഗം.

ഒറ്റപ്പാലം നായരിച്ചിയ്‌ക്ക് ഇത്രയും കൃസ്തീയ ജ്ഞാനമോ?

നിനക്ക് വേദോം, ദൈവോം ഒന്നുമില്ലെന്ന് വച്ച് എല്ലാരും അങ്ങിനെയാകണമെന്നാണോ? ഒരു കാര്യം ചോദിക്കട്ടെ ഈ ലോകത്തെ നീ എങ്ങനെ കാണുന്നു?

ചൂഷണം ചെയ്യുന്നവരും ചൂഷണം ചെയ്യപ്പെടുന്നവരും തമ്മിലുള്ള....

മണ്ണാങ്കട്ട. എന്നാലെനിക്ക് പ്രപഞ്ചസത്യം ജഗത് മിഥ്യ . എന്റെ കണ്ണുകളില്‍ നൊക്കുമ്പോള്‍ പോലും നീ റൊമാന്റിക് ആകാറില്ലേ പൈലീ?

പൈലി ശ്രമിച്ച് നോക്കി.കറുപ്പും നീലയും ഇടകലര്‍ന്ന കണ്ണുകളിലേയ്ക്ക്..... എന്നാല്‍ താടിയ്ക്ക് കൈയ്യും കുത്തിയിരുന്ന് എന്തിലേയ്ക്കൊ സൂക്ഷിച്ച് നോക്കുന്ന പൈലീ കുഞ്ചെറിയയെ അല്ലാതെ മറ്റൊന്നും അവിടെ കണ്ടില്ല. പിന്നീട് ആ ചിത്രത്തിന് അവള്‍ ഇമകളാല്‍ തിരശീലയിട്ടു. ഓരോ തവണയും ഇമത്തിരശീല ഉയരുമ്പോള്‍ ഓരോ ചിത്രങ്ങള്‍ മാറി വരുന്നു.

ബ്യൂസിഫാലസിന്റെ പുറത്തേറി പട വെട്ടുന്ന അലക്സാണ്ടര്‍......................
വാട്ടര്‍ലൂവിനൊരുങ്ങുന്ന നെപ്പോളിയന്‍................................................
മൈന്‍ കാംഫ് എഴുതുന്നതിനിടെ മഷി തീര്‍ന്ന പേന കുടയുന്ന ഹിറ്റ്ലര്‍....
പത്രത്താളുകള്‍ മറിക്കുന്ന മര്‍ഡൊക്...................................................
കമെന്ററി കേട്ട് തലകുലുക്കുന്ന കെറി പാര്‍ക്കര്‍......................................
കഥ പറഞ്ഞ് കുട്ടികളെ ഭ്രാന്ത് പിറ്റിപ്പിക്കുന്ന റൌളിങ്ങ്...........................

എന്റെ കണ്ണില്‍ നൊക്കുമ്പോള്‍ പോലും നിന്റെ മുഖത്ത് ഭയം നിഴലിക്കുന്നല്ലോ പൈലീ

ഇല്ല അത് യാഥാര്‍ത്ഥ്യങ്ങളുടെ പ്രതിഫലനം മാത്രമാണ്. പക്ഷേ ഭയപ്പെടില്ല ഞാന്‍ പൊരുതിക്കൊണ്ടേയിരിക്കും.

നീ ആരൊട് പൊരുതും നിഴലുകളോടോ? ആയുധങ്ങള്‍ കൊണ്ടോ ആശയങ്ങള്‍ കൊണ്ടോ നിഴലുകളെ കൊല്ലാനാകില്ല പൈലിക്കുട്ടാ. വെളിച്ചത്തിന് പോലും അവയുടെ ദിശമാറ്റാനേ കഴിയൂ. ദി ഹിസ്റ്ററി വില്‍ റിപീറ്റ്....നിന്റെ ശത്രുക്കള്‍ എന്നും ഇവിടെ തന്നെയുണ്ടാകും. ഒരു ടെലിപ്പതിക് റിവീലിംഗ് നടത്തട്ടെ, നീ എന്റെ കണ്ണില്‍ കണ്ട രൂപങ്ങള്‍ നിന്റെ മുഖഭാവങ്ങളാണ്...പേഴ്‌സോണകള്‍.. ആ പഴയ ഗ്രീക്ക് നാടക മുഖക്കോപ്പുകള്‍ തന്നെടോ. അവയോട് നീ എങ്ങനെ പൊരുതും? ചാരമായലും അവ കാറ്റില്‍ പറന്ന് സഞ്ചരിക്കും. അലക്സാണ്ടര്‍ക്കക്ക്പകരം അമേരിക്ക വരും, നെപ്പോളിയന്‍ പോലും ബയണറ്റിനേക്കാളേറെ ഭയന്ന പത്രത്തെ ഒരു മര്‍ഡോക് തോരണക്കടലാസ്സാക്കി മാറ്റും, മൈന്‍ കാംഫ് വിപണനം പൊടി പൊടിക്കും. യൂ നോ വണ്‍ തിങ്ങ്? തുര്‍ക്കിയിലെ ബെസ്റ്റ് സെല്ലറാണാ പുസ്തകം. കരുക്കള്‍ പാമ്പും കോണിയും കളിച്ച്കൊണ്ടേയിരിക്കും. ഒരിക്കലും ലക്ഷ്യത്തിലെത്തില്ല. ഒന്നുകില്‍ പാമ്പിന്റെ വായിലേയ്ക്ക് ...അല്ലെങ്കില്‍ കോണിയിലൂടെ ഉതിര്‍ന്ന് താഴേയ്ക്ക്... സംസാരിച്ച് തൊണ്ട പൊട്ടി. ഞാന്‍ നിന്റെ ഗ്ലാസിലെ വെള്ളം എടുത്തോട്ടെ?

ഞാനത് കുടിച്ചതാണ്

സാരമില്ല. എന്റെ അമ്മൂമ പറയുന്നത് പോലെ
"പൈലോത് തൊട്ടാലത് ശുദ്ധമാകും..."
നീയൊരു നാലാം വേദക്കാരനല്ലേ ഇട്ടിയവിരയുടെ കൊച്ച് മോനേ...

ഇവയ്ക്കൊന്നും എതിരെ പ്രതികരിക്കണ്ട എന്നാണൊ ചില്‍ നീ പറഞ്ഞ് വരുന്നത്?

അത്രയ്ക്കൊന്നും പ്രശ്നങ്ങള്‍ ഈ ലോകത്ത് ഇല്ലെടോ. അല്ലെങ്കില്‍ തന്നെ അവയെല്ലാം ഈ ലോകത്ത് എന്നും നിലനിന്ന് പോന്നിരുന്നതാണ്. എന്നാണ് ചൂഷകരുണ്ടായത്? ഏലിയയുടെ കാലത്തില്ലേ, മോശയുടെ കാലത്തില്ലേ, യേശുവിന്റെ കാലത്തില്ലേ, മുഹമ്മദിന്റെ കാലത്തില്ലേ, രാമന്റേയും കൃഷ്ണന്റേയും കാലത്തില്ലേ, പൈലിയുടേ കാലത്തുമില്ലേ?

ശരിയാണ് ചില്‍, എങ്കിലും....

ഈ ലോകം മാറാന്‍ നാം അതികം ഒന്നും ചെയ്യേണ്ടെടോ. ഒരു ഒക്ടൊവിയോപാസ് കവിത പോലെ ഒരു ചുംബനം മതി ഈ ലോകം മാറിമറിയാന്‍,ബിംബങ്ങള്‍ തകരാന്‍,മുദ്രകള്‍ മായാന്‍. കേള്‍ക്കുന്നുണ്ടൊ അറുപഴഞ്ചന്‍ നക്സലേറ്റേ? ഏയ് വെളുത്തകുരിശിങ്കല്‍ പൈലിക്കുട്ടാ, നീ എന്റെ ആശയങ്ങളുമായി സമരസപ്പെടുവാനാകാത്തവിധം അകലത്തിലാണ്. മറ്റുള്ളവരുടെ വാക്കുകള്‍ക്ക് നിന്റെ കര്‍ണ്ണസ്പര്‍ശം മാത്രം ഫലം. വേണേല്‍ ഡയഫ്രത്തിലോ കോക്ലിയയിലോ ചെന്ന് തട്ടും. അതിനപ്പുറം ഒരു വാല്‍‌വാണ്. അവിടെയാണ് നീ ആശയങ്ങളെ അരിച്ച് തള്ളുന്നത്. ഇനിയും ഉപദേശിക്കാന്‍ ഞാനൊരുക്കമല്ല മോനേ. വീട്ടില്‍ പോകാറായി. ഇരുട്ടിത്തുടങ്ങി. താനും ചേക്കേറാന്‍ നോക്ക്

ഇരുവശത്തും ഓര്‍ക്കിഡുകള്‍ നിരന്ന് വഴിയിലൂടെ അവള്‍ നടന്ന് തുടങ്ങി.
ചില്‍.... അവളൊരു രുദ്രവീണയാണ്. മീട്ടുന്നവന്റെവിരലുകള്‍ക്കും, മനോവികാരങ്ങള്‍ക്കും അനുസരിച്ച് സംഗീതമുതിര്‍ക്കും. നേര്‍ത്ത്,തേങ്ങി, ഇടറി, ചിലമ്പിച്ച്, തരംഗമാല തീര്‍ത്ത്. അനേകം ഭാവങ്ങള്‍ തീര്‍ക്കുന്ന ഒരു രുദ്രവീണ. തിരിഞ്ഞുനിന്ന് തന്നെ നൊക്കിയപ്പോള്‍ അവളുടെ മുഖത്തുണ്ടായിരുന്ന ഭാവം കാണാന്‍ പൈലിയ്ക്ക് കഴിഞ്ഞില്ല. നിഴല്‍ ചിത്രങ്ങള്‍ അപ്പോളെയ്ക്കും അവിടെ മറവീഴ്ത്തിയിരുന്നു.

* - - -* - - -* - - -* - - -* - - -* - - -* - - - ** - - -* - - -* - - -* - - -* - - -* - - -* - - - *

അന്നുവരെ ചോരപ്പൂക്കളും രക്തഹാരങ്ങളും മാത്രം കണ്ടിരുന്ന പൈലി അന്നാദ്യമായി ഒരുപാട് നിറങ്ങളുള്ള പൂക്കളേയും, അതില്‍ പാറി നടക്കുന്ന ചിത്രശലഭങ്ങളേയും , നിറയെ മണ്ണിരകളുള്ള പൂച്ചട്ടിയില്‍ പൂത്ത് നില്‍ക്കുന മുള്ളുകളില്ലാത്ത റോസാച്ചെടിയേയും കണ്ടു. തനിയ്ക്ക് ചുറ്റും മാറി വരുന്ന ലോകത്തിന്റെ അടക്കം പറച്ചിലും, തേങ്ങിക്കരച്ചിലും പൈലി കേട്ടു. പ്രവാചകരുടെ കാലത്തോളം പഴക്കമുള്ള തന്റെ ശത്രുക്കള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഒരു നപുംസക മാലാഖ കാതില്‍ ചൊല്ലി മറഞ്ഞു. ഖന്തൂറയ്ക്ക്പകരം ത്രീ പീസ് സ്യൂട്ടും , പാപ്പിറസിനു പകരം അതിവേഗോപകരണങ്ങളും, കുതിരകള്‍ക്ക് പകരം വാഹനങ്ങളും ഉപയോഗിക്കുന്നൂ എന്നേയുള്ളൂ. ആ ശക്തികളുടെ ഇരുട്ടിന്റെ മണത്തിനും, ചോരക്കറ തിളങ്ങുന്ന പല്ലുകള്‍ക്കും മാറ്റമില്ലായിരുന്നു.
ഭൂമീഗോളം ഒരു പന്തായി ചെറുതായിക്കൊണ്ടിരുന്നു.......
നിഴല്‍‌രൂപങ്ങള്‍ അതിന്റെ വെളിച്ചം തല്ലിക്കെടുത്തുന്നതും, പച്ചപ്പ് ക്ഷൌരം ചെയ്യുന്നതും കണ്ട് ഒരു കൂര്‍ക്കം വലിയാല്‍ പൈലി പ്രതിഷേധം അറിയിച്ചു.


* - - -* - - -* - - -* - - -* - - -* - - -* - - - ** - - -* - - -* - - -* - - -* - - -* - - -* - - - *

ഉറക്കം എഴുന്നേറ്റ പൈലി തീര്‍ത്തും അസ്വസ്ഥനായിരുന്നു. വിങ്ങി നില്‍ക്കുന്ന ഒരു ലാവാ കൂമ്പാരമാണ് താനെന്ന സത്യം അംഗീകരിച്ചു. ഒരു സ്‌ഫുലിംഗ സ്‌പുരണത്തിനായി ദാഹിച്ചു. മെല്ലെ പത്രത്താളുകളിലേയ്ക്ക് മുഖം പൂഴ്ത്തി വാര്‍ത്തകള്‍ പരതി. ഒന്നിനും വായ്ക്ക് രുചിയില്ലായിര്‍ന്നു. ക്ലാസിഫൈഡ് പേജിലൊരു ഗസറ്റ് വിജ്ഞാപനം കണ്ണില്ലുടക്കി.

"വാഗത്താനം ദേശം, കുറിയതറ ‍അംശം, വെളുത്തകുരിശിങ്കല്‍ കുഞ്ചെറിയ ഇട്ടിയവിര മകന്‍ പൈലീ കുഞ്ചെറിയ എന്ന തന്റെ പേര് ഇന്നു മുതല്‍ പ്രൈ.ലി. എന്നായി മാറ്റിയിരിക്കുന്ന വിവരം ഏവരേയും (തന്നേയും) അറിയിച്ച് കൊള്ളുന്നു.
എന്ന്
അധികാരപ്പെട്ടവര്‍"

ഒന്നു നന്നായി നടുങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പൈലി. മനസില്‍ അശാന്തിയുടെ പുകമറ നിറഞ്ഞു. ഈ അവസ്ഥയില്‍ പ്രാര്‍ഥിച്ചാല്‍ ഗുണമുണ്ടാകുമെന്നാണ് ചില്‍ പറയാറുള്ളത്. അതില്‍ പ്രതീക്ഷയര്‍പ്പിച്ച് പൈലി നിരത്തിലിറങ്ങി. വഴിയൊരത്തെ ബോര്‍ഡുകളില്‍ വന്ന മാറ്റം പൈലി ശ്രദ്ധിച്ചു.

"മെഡിക്കല്‍ കോളേജ് പ്രൈവെറ്റ് ലിമിറ്റഡ്"
"വിദ്യാദീപം ഹൈസ്കൂള്‍ പ്രൈവെറ്റ് ലിമിറ്റഡ്"

പള്ളിക്കവലയിലും ഒരു കൂറ്റന്‍ ബോര്‍ഡ്
"സെന്റ്. ആന്റണീസ് ചര്‍ച്ച് പ്രൈവെറ്റ് ലിമിറ്റഡ്"

ചെരിപ്പ് പോലും അഴിക്കാതെ അള്‍ത്താരയിലേയ്‌ക്ക് നടന്നു. പാപികള്‍ക്ക് വേണ്ടി സ്വയം ബലിദ്രവ്യമായ പ്രജാപതിയുടെ തലയ്ക്ക് മുകളിലുള്ള INRI എന്ന അക്ഷരങ്ങള്‍ക്ക് മുകളിലായി ® എന്നൊരു അടയാളം കൂടി എഴുതി ചേര്‍ത്തിരിക്കുന്നു. ദിവ്യബലിയ്ക്കായി വൈദികന്‍ ഉയര്‍ത്തിയ കാസയില്‍ നിന്നും ഒരു ചിയിംഗം അടര്‍ന്ന് വീഴുന്നതും , വീഞ്ഞ് തുള്ളികള്‍ മേശവിരിപ്പില്‍ പടരുന്നതും കണ്ട് പൈലി തിരിഞ്ഞ് നടന്നു

'പ്രൈ.ലീ."

ആരോ ആരെയോ വിളിച്ചു.
പക്ഷേ തിരിഞ്ഞ് നൊക്കിയത് പൈലീ കുഞ്ചെറിയ ആയിരുന്നു.


* - - -* - - -* - - -* - - -* - - -* - - -* - - - ** - - -* - - -* - - -* - - -* - - -* - - -* - - - *

Thursday, June 14, 2007

ഓ, ഇതെന്റെ അച്ഛന്‍

- ആര്‍. രാധാകൃഷ്ണന്‍



കഥ വരുന്ന ഓരോ വഴിയേ! - വെറുതെയിരുന്നാല്‍ മതി കഥ വരും-

ജീവനോടെ ജീവിതമുള്ള ജൈവകഥകള്‍!

കഥയില്ലായ്മയായി പുതിയതരം കഥകള്‍ - സെമിനാര്‍ പേപ്പര്‍ പോലെയും ഉപക്രമവും ഉപസംഹാരവുമായി കഥാ പീസുകള്‍.

പ്രണയം കുടയാണ്‌, പ്രണയം വടിയാണ്‌, കുടക്കമ്പിയാണ്‌ എന്ന്‌ എഴുതിയ ആധുനിക കവിത പോലെയും കഥപോലെയും എന്തോ ഒക്കെ.

എന്‍ട്രോപ്പി, എന്‍താല്‍പ്പി തെര്‍മോഡൈനാമിക്സ്‌, കുന്തിയാന, നാനോ ടെക്നോളജി തുടങ്ങി അറിയാത്ത സംജ്ഞകള്‍ തിരുകിയ ടൈറ്റിലുകളായി കഥകള്‍. കുന്തിയാനയെ അന്വേഷിച്ചപ്പോഴാണ്‌ നീലക്കുറിഞ്ഞിച്ചെടിയുടെ ബൊട്ടാണിക്കല്‍ പേരിലെ ഒരംശം ആണെറിഞ്ഞത്‌.

നിറമാലയും വാകച്ചാര്‍ത്തും കഴിഞ്ഞാണത്രേ നിര്‍മ്മാല്യം അത്തരം കഥകളില്‍! ഉദയാസ്തമനം വരെ ഉടുതുണിയില്ലാത്ത നിര്‍മ്മാല്യദര്‍ശനം-- വായനക്കാരുടെ

"നിനക്കൊന്നും അറിയില്ല കാരണം നീ വെറുംംംംംംംംം??......കുട്ടിയാണ്‌"- മോഹന്‍ലാല്‍ നാട്ടുരാജാവായി പറഞ്ഞപോലെ - ബി. മുരളിയും ഇന്ദുഗോപനും വായനക്കാരോട്‌ മീശപിരിച്ചുപറഞ്ഞു.

കഥയുടെ ചായക്കൂട്ടുകള്‍ ചേര്‍ത്ത്‌ കുന്തിയാനയായി ഇരിക്കുമ്പോള്‍ 'കഥ' എന്ന മാഗസിന്റെ പരസ്യം - പൂക്കളില്‍ നിന്നും പരാഗരേണുക്കള്‍ പോലെ, ചന്ദനത്തിരിയുടെ പുകച്ചുരുളിലെ നീണ്ടുചുരുണ്ട പാതയിലൂടെ പല കഥകളുടെ സംജ്ഞകള്‍ - പരാജയകഥ, അണിയറക്കഥ, അരങ്ങിന്‍കഥ, വിവാഹകഥ, വേര്‍പിരിയല്‍കഥ, ജീവകഥ, മരണകഥ, കൊച്ചുകഥ, വല്യകഥ, മര്യാദകഥ, തെമ്മാടിക്കഥ, ഭക്തികഥ, കാര്‍ട്ടൂണ്‍കഥ, ഫോട്ടോകഥ, ചിത്രകഥ, വിചിത്ര കഥ, ഋജുകഥ, വക്രകഥ, ജയകഥ, ആത്മകഥ, അപരകഥ, കെട്ടുകഥ, വട്ടുകഥ, പ്രണയകഥ, പാപകഥ, രാക്കഥ, പകല്‍ക്കഥ, ഇ-മെയില്‍ കഥ, എസ്‌.എം.എസ്‌. കഥ, രതികഥ.

ഇതിലില്ലാത്ത ഒരു കഥ എഴുതാനാവുമെങ്കില്‍ കഥയുടെ പരസ്യക്കാരനേയും ഞെട്ടിക്കണം - തിരക്കഥപോലെയായാല്‍
സിനിമയും സീരിയലും ആകും- അതാവണ്ട.

ഒരു വീഡിയോ കഥയായി മാറണം.

കഥ വീഡിയോ ആയി രൂപാന്തരം പ്രാപിക്കരുത്‌-

കഥ തുടങ്ങാം - -

മുഴുവന്‍ ഇരുട്ട്‌ - ഘോരാന്ധകാരം-

ഇമേജുകള്‍ വീഡിയോവില്‍ നിന്ന്‌ പേപ്പറില്‍ എത്തിയപ്പോള്‍ കരിമഷി വീണപോലെ പേപ്പര്‍ കറുത്തുപോയി. ഇരുട്ടല്ലേ? ഇനി വെളുത്തമഷിയുള്ള
പേന വേണം അതിലെഴുതാന്‍. (വേണ്ടാത്ത വായന വേണ്ട, വായനക്കാരാ!)
മുറിയുടെ ഭിത്തിയില്‍ താഴെയായി ഫിറ്റ്‌ ചെയ്ത സീറോവാട്ട്‌ ലാം പ്‌ (അങ്ങനെയൊരു ലാംപില്ല - ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍
എന്ന്‌ നിരൂപകര്‍ വാദിക്കരുത്‌- ഏതു ബള്‍ബിനും ഇത്തിരിപ്പോന്ന വാട്ട്‌ ഉണ്ടാവും - ഇത്തിരി വാട്ടവും)

ലൈറ്റിട്ടത്‌ കഥയെഴുത്തുകാരന്‍ - കട്ടിലില്‍ കിടന്നുറങ്ങുന്നത്‌ അയാളുടെ മൂന്നുവയസ്സായ അക്ഷരം പഠിച്ചിട്ടില്ലാത്ത
മകള്‍-

അവള്‍ ഉറങ്ങുന്നത്‌ രണ്ടാം മമ്മിയെ കണ്ടുകഴിഞ്ഞിട്ടാണ്‌. രണ്ടാനമ്മ യെ എന്ന്‌ തെറ്റിദ്ധരിക്കാന്‍ കഥാകാരന്‍
ബോധപൂര്‍വ്വം ശ്രമിച്ചതാണ്‌. മമ്മി - 2 എന്ന ഇംഗ്ലീഷ്‌ ഹൊറര്‍ ചിത്രം -

തന്റെ കാല്‍ പെരുമാറ്റംകേട്ട്‌ അവള്‍ ഞെട്ടിയുണര്‍ന്ന്‌ പേടിച്ച്‌ നിലവിളിയ്ക്കാന്‍ തുടങ്ങി. ആ നിലവിളിയിലെ ഭീകരതയും
ദൈന്യതയും പകരാന്‍ മലയാളം വാക്കുകള്‍ക്ക്‌ ആയോ? അല്ലെങ്കില്‍ സ്ക്രീമിംഗ്‌ എന്ന ഇംഗ്ലീഷ്‌ വാക്ക്‌ ഉപയോഗിച്ചാല്‍
ചിലപ്പോള്‍ അതിന്റെ ദൈന്യത ഡോള്‍ബി സംവിധാനത്തില്‍ വായനക്കാര്‍ക്ക്‌ അനുഭവിക്കാനാകും-അരണ്ട വെളിച്ചത്തില്‍ മുഖം
തെളിയാതിരുന്നതിനാല്‍ അച്ഛനെ തിരിച്ചറിയാതെ അവള്‍ വീണ്ടും പേടിച്ച്‌ കരഞ്ഞു - തന്റെ മുഖം ഇനി ഭീകരമായി
മാറിക്കഴിഞ്ഞോ എന്ന്‌ തിരിച്ചറിയാതിരുന്ന അയാള്‍ക്ക്‌ സംശയം ബലപ്പെട്ടു.

തന്റെ മുഖം കഥയെഴുത്തിന്റെ സമയത്ത്‌ മൊത്തം വായനക്കാരെ കടിച്ചുകീറാനായി മറ്റൊരു വ്യാളീമുഖം
എടുത്തണിഞ്ഞിരുന്നോ?

തന്റെ മുഖം മകള്‍ കാണണ്ട എന്നു കരുതി അയാള്‍ വായിച്ചുകൊണ്ടിരുന്നതും കൈയ്യിലുണ്ടായിരുന്നതുമായ
കലാകൌമുദിയെടുത്ത്‌ മുഖം മറച്ചു-

കലാകൌമുദിയുടെ പുറംചട്ട കണ്ടപാടെ മകള്‍ ചിരിച്ചു-

"ഓ, ഇറ്റീസ്‌ യു ഡാഡ്‌?"

ബെഡില്‍ നിന്നും എഴുന്നേറ്റ്‌
പുതപ്പ്‌ വലിച്ചെറിഞ്ഞ്‌ ഓടിയടുത്തെത്തി. മുഖമടക്കം മാസികയടക്കം കെട്ടിപ്പിടിച്ച്‌ അവള്‍
ഉമ്മ വച്ചു.

തന്റെ വീട്ടില്‍ മാത്രം കാണുന്ന അധികം സര്‍ക്കുലേഷനില്ലാത്ത സാഹിത്യ മാസികയുടെ മുഖചിത്രം കണ്ട്‌ വളരെ
ചിരപരിചിതമെന്നതുപോലെ അവള്‍ ചിരിച്ചു. അച്ഛനെ തിരിച്ചറിയാന്‍ മാസികയുടെ പുറം ചട്ട! ഈ കഥ ഏതില്‍ പെടും?

കഥാകാരന്‍ കഥയില്ലാത്ത കുട്ടിയെ അക്ഷരമുറ്റത്തെത്താത്ത മകളെ തെറ്റായി ധരിച്ചതില്‍ മനം നൊന്ത്‌ ഒരു ചിരി
ചിരിച്ചു- മകളെ നോക്കി ആശ്വാസമായി.

Monday, June 11, 2007

കാല്‍വിന്‍ മത്തായ് (സഹദേവന്റെ ഉദ്ഘാടന പ്രസംഗത്തില്‍ നിന്നും)

- അജിത്ത് പോളക്കുളത്ത്

*** *** ***

“.. അടുത്തതായി യുവരശ്മി ആര്‍ട്സിന്റെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തിചേര്‍ന്ന മുന്‍ മന്ത്രിയും എഴുത്തുകാരനും ഗാന്ധിയനുമായ ശ്രീ സഹദേവന്‍ മേലേത്തിനെ വേദിയിലേക്ക് ഈ സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ ക്ഷണിച്ചുകൊള്ളുന്നു”

അദ്ധ്യക്ഷ പഞ്ചായത്ത് പ്രസിഡണ്ട് ഓമന ടീച്ചര്‍ ആണുങ്ങളുടെ പോലുള്ള ശബ്ദത്തില്‍ ഉദ്ഘാടകനെ ക്ഷണിച്ചു.

വേദിയിലിരുന്നവരും പുറത്തിരുന്നവരും നിശബ്ദരായി. പെട്ടികടക്കാര്‍ കപ്പലണ്ടി വറക്കുന്നതു വരെ നിര്‍ത്തി കാരണം സഹദേവനാണ്പ്രസംഗിക്കാന്‍ പോകുന്നത്.

അയാള്‍ മൈക്രോഫോണിന്റെ തല വായ്ക്കരികിലേക്ക് അഡ്ജ്സ്റ്റു ചെയ്തു, വെളുത്ത ഖദര്‍കുപ്പായം ഇരുകൈകൊണ്ട് അയാള്‍ താഴേക്കുവലിച്ചു. സ്റ്റേജിനു മുന്നിലിരുന്ന പ്രായമായ സ്ത്രീകളീല്‍ പലരും വെത്തിലപൊതി അഴിച്ചു മുറുക്കാന്‍ തുടങ്ങി. പിന്നിലേക്ക് നോക്കിയാല്‍ അഴീക്കോട് സാറിന്റെ പ്രസംഗം കേള്‍ക്കാന്‍വരുന്ന അത്രക്കുപേര്‍ ഉണ്ടവിടെ.

ലോക്കല്‍ ചാനലുകാര്‍ മത്സരിച്ചു വീഡിയോയുമായ് അണിയറയില്‍ ചായ പകര്‍ത്തുന്ന കാപ്പിക്കരന്‍ ശങ്കരന്റെ മുഖം മുതല്‍, അരങ്ങില്‍ മൂക്ക് ചുരണ്ടിരുക്കുന്ന സഖാവിനെ കൂടാതെ സ്റ്റേജിനു മുന്നില്‍ മണ്ണുകൂട്ടി കളിക്കുന്ന പിള്ളേരുടെ മുഖങ്ങള്‍ വരെ പകര്‍ത്തുന്നുണ്ടായിരുന്നു. ചാനല്‍ കണ്ണുകള്‍ ഇപ്പോള്‍ സ്റ്റേജിലേക്ക് ശ്രദ്ധപടര്‍ത്തി.

അയാള്‍ കണ്ഠക്ഷോഭം തുടങ്ങുകയായി.

“പ്രിയപ്പെട്ട എന്റെ നാട്ടുകാരേ.. അമ്മമാരെ സഹോദരി സഹോദരന്‍മാരെ...നിങ്ങള്‍കെല്ലാവര്‍ക്കും എന്റെ പ്രണാമം, ഇവിടെ എന്നോടോപ്പം വേദി പങ്കിടുന്ന സാഹിത്യ സാംസ്കരിക പണ്ഠിതന്മാര്‍ക്കും എന്റെ വിനീതമായ് കൂപ്പുകൈ, എന്റെ നിങ്ങളുമായുള്ള രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും കൂടുതള്‍ സ്വാധീനിച്ച ദിനമാണ് ഇന്ന്,നമ്മുടെ രാഷ്ട്രപിതാവിന്റെ ജന്മദിനം... നമ്മളുടെ പ്രവര്‍ത്തനത്താല്‍ ഇന്നിവിടേ ഈ വേദിയില്‍ പുതിയതലമുറക്കായ് ഒരു പുസ്തകശാലയുടെ ഉദ്ഘാടനവും... വളരേ സന്തോഷഭരിതമായ മുഹൂര്‍ത്തം... ”

അയാള്‍ പതുക്കെ മുന്നിലിരിക്കുന്ന കുട്ടികള്‍ മുതല്‍ പിന്നിലേക്ക് കണ്ണുകോണ്ടളക്കുന്നുണ്ടായിരുന്നു. അയാള്‍ തുടര്‍ന്നു...

“നമ്മുടെ പുതിയ തലമുറക്കാരില്‍ വായന കുറയുന്നു എന്ന കാര്യം എല്ലാവരും ചര്‍ച്ചചെയ്യുന്ന പൊതുകാര്യങ്ങളില്‍ ഒന്നാണ്, ഈ ഹൈടെക് തലമുറയോട് എനിക്ക് പറയാനുള്ളത്.. വായനാ ശീലം വളര്‍ത്തുക.. വായനയാണ് നമ്മളെ എഴുത്തുകാരും,വാഗ്മികളും..പണ്ഠിതന്‍മാരും ആക്കുന്നത്.. ഞാനോര്‍ക്കുന്നു എന്റെ കുട്ടികാലത്ത് വായനശാലയില്‍ പോയി നോവലുകളും കവിതകളും മറ്റും വായിച്ചിരുന്നത്... ഇന്നീ കാലത്തില്‍ ചെറുപ്പക്കാര്‍ എത്ര പേര്‍ പോകുന്നു വായന ശാലയില്‍??? വളരെ വിരളമാണ് അക്കൂട്ടത്തിലുള്ളവര്‍.. ഇന്ന് പത്തോ ഇരുപതോ രൂ‍പ കൊടുത്താല്‍ ഇന്റര്‍നെറ്റ് കഫേകളില്‍ പോയാല്‍ പത്രങ്ങള്‍ മുതല്‍ കഥ്, കവിത, നോവല്‍ എന്നിവ ഓണ്‍ലൈനില്‍ വായിക്കാം. എന്നിട്ടും അവിടെ പോയാല്‍ ചാറ്റിങ്ങ് ചെയ്ത് തിരിച്ചുപോരുന്നു.. ഇങ്ങനേയുള്ള ഈ സന്ദര്‍ഭങ്ങളില്‍ പ്രിന്റട് മീഡിയാക്ക് വളരെ സ്വാധീനം ചെലുത്താന്‍ സാധിക്കും.. ഈ ഹൈടെക്ക് യുഗകാരോട് എനിക്ക് പറയാനുള്ള മറ്റൊരു പ്രധാനകാര്യം നിങ്ങളെല്ലാവരും വായിക്കാന്‍ വിട്ടുപോയ.. വായിക്കാനായി പുസ്തകം മലയാളത്തില്‍ അദ്ധേഹത്തെ കുറുച്ച് ആരും എഴുതിയിട്ടില്ല എന്ന് തോന്നുന്നു... ശ്രീമാന്‍ കാല്‍വിന്‍ മത്തായ് യെ കുറിച്ചാണ് ... അദ്ധേഹത്തെ കുറിച്ചു പറയുകയാണെങ്കില്‍, ‘ആഫ്രിക്കയിലെ ഗാന്ധി’ എനിക്കങ്ങനേ അഭിസംബോധന ചെയ്യാന്‍ തോന്നുന്നു ... മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനെ പോലെ ഗാന്ധിയന്‍ ആശയങ്ങളോട് കൂറുപുലര്‍ത്തഇയിരുന്ന കാല്‍വിന്‍ ഒരു ദരിദ്ര കര്‍ഷകകുടുമ്പത്തിലാണ് ജനിച്ചത്.. കടുത്ത ദാരിദ്ര്യത്തിലും പട്ടിണിയിലും കൊടുമ്പിരി കൊണ്ട കാ‍ലങ്ങളില്‍ഉണ്ടായിരുന്ന വംശീയ കലാപങ്ങളെ, ആക്രമങ്ങളെ ഗാന്ധിയന്‍ ആശയങ്ങള്‍ അമ്പായ് തൊടുത്ത് അവിടുത്തെ പാവപ്പെട്ടവരെ രക്ഷിച്ച മഹാന്‍.. ഗാന്ധിയെ പോലെ തന്നെ അക്രമരാഹിത്യം തന്നെയായിരുന്നു അദ്ധേഹത്തിന്റെയും തത്വവും ആയുധവും.. പക്ഷെ അദ്ധേഹം ഒരു ബുക്കിലും മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നില്ല എന്നതാണ് എടുത്തുപറയേണ്ട ഒരു പ്രധാന വസ്തുത”

അയാള്‍ കുറച്ചുനേരം സ്റ്റേജിലെ മറ്റുള്ളവരെ നോക്കി.. എല്ലാവരും കാല്‍വിന്‍ മത്തായ് എന്ന ഗാന്ധിയന്‍ ഉണര്‍ന്നുപോരാടുന്ന രംഗങ്ങള്‍ മനസ്സിലെ LCD മോനിട്ടറില്‍ കാണുകയായൈരിക്കും..

“കാല്‍വിന്‍ അഴുക്കുചാലുകള്‍, ചവറ്‍ കൂമ്പാരങ്ങള്‍ എന്നിവ ശുചിയാക്കുന്നവയോടൊപ്പം കാലികളേ മേക്കുന്ന പണിക്കരെ തൊഴുത്തു വൃത്തിയാക്കിയും മറ്റും സഹായിക്കുകയും, പിന്നീട് സ്വന്തമായി കാലികളേ വളര്‍ത്തി പാല് കറന്ന് പാവപ്പെട്ടകുട്ടികള്‍ക്ക് കൊടുത്തിരുന്നത്രേ!!!.. ഇന്നീ വേളയില്‍ നമ്മുടെ സമൂഹത്തില്‍ ഇതുപോലെയുള്ള കാല്‍വിന്‍ മാരുണ്ടെങ്കില്‍ ഇപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന പകര്‍ച്ചപനിയും തടയാമായിരുന്നു.. ഇപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞപോലെ ജാതിക്കോലങ്ങള്‍ ഉറഞ്ഞാടുന്ന കാലം ഇതാവീണ്ടും സംജാതമായിരിക്കുന്നു. തികച്ചും നിസ്തര്‍ക്കമായ വസ്തുത തന്നെയാണ് അത് സത്യാഗ്രഹം വീണ്ടും തുടങ്ങാന്‍ സമയമായിരിക്കുന്നു... ഓ ഞാന്‍ പലകാര്യങ്ങളിലേക്ക് പോയെന്നു തോന്നുന്നു, എന്തായാലും നീഗ്രോകള്‍ക്കുവേണ്ടി അക്രമരാഹിത്യ സമരങ്ങളുമായ് മുന്നോട്ട് പോയ ശ്രീമാന്‍ കാല്‍വിന്‍ മത്തായ് എന്ന നിസ്തന്ദ്രനായ, സത്യസന്ധനായ ആ വ്യകതിയെ സ്മരിച്ചുകൊണ്ട് ഞാനീ സമ്മേളനം ഉദ്ഘാടനം ചെയ്തതായ് പ്രഖ്യാപിക്കുന്നു.. അതോടൊപ്പം അദ്ധേഹത്തിന്റെ ആത്മശാന്തിക്കു വേണ്ടി രണ്ടു നിമിഷം പാര്‍ത്ഥിക്കാന്‍ ഞാന്‍ ‍നിങ്ങളോട് വിനീതനായി ആവശ്യപ്പെടുന്നു...”

ഉദ്ഘാടനത്തിനോടനുബന്ധിച്ചുയര്‍ന്ന കൈയ്യടിയില്‍ ഒരു അല തന്നെ ഉണ്ടായി... സ്റ്റേജിലിരുന്നവര്‍ തുടങ്ങി ആബാലവൃദ്ധ ജനങ്ങളും രണ്ടു നിമിഷം എഴുന്നേറ്റ് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി..

കടലില്‍ തിരമാലകള്‍ നിശബ്ദമായാല്‍ എന്തായിരിക്കും..അതുപോലെയായി ഇവിടെയും കിടിലം പ്രസംഗത്തില്‍ എല്ലവരും തരിച്ചുപോയ പോലെ...എല്ലാവരുടെയും മനസ്സില്‍ ഒരാളായിരുന്നു ...
ഹൈടെക്ക് യുവാക്കള്‍ ആവേശത്തോടെ ....‘കാല്‍വിന്‍ മാത്തായ് ദ ഗ്രേറ്റ് ഗാന്ധിയന്‍’ എന്ന ടാഗില്‍ മനസ്സില്‍ കുറിച്ചിടുകയായിരിക്കാം..

നാളെ ഇനി ചാനലുകളിലും, പത്ര മാധ്യമങ്ങളിലും കാ‍ല്‍വിന്‍ മത്തായിയെ കുറിച്ചുള്ള ചര്‍ച്ചകള്‍... ഹൊ എന്തായിരിക്കും.. പതിവുപോലെ ഇത്തവണയും നമ്മുടെസഹദേവന്‍ ആരും കേള്‍ക്കാത്ത വ്യക്തിയെ നമ്മള്‍ക്കു പരിചയപ്പെടുത്തി... തേട്ടിയരക്കപ്പെടുന്ന ആശയങ്ങല്‍ ആവഹിച്ചുള്ള പ്രാസംഗികരെ നമ്മുടെനേതാവ് മുട്ടുകുത്തിച്ചിട്ടുണ്ട് മുന്‍കാലങ്ങളിലും...

ഇനിയും മുട്ടുകുത്തും അവര്‍ ഇയാള്‍ക്കുമുന്നില്‍.. തീര്‍ച്ച.

സ്ഥലത്തെ സര്‍ക്കാര്‍ കോളേജിലെ മലയാള വിഭാഗം അദ്ധ്യാപികയായ ഭാര്യ അംബികാ സഹദേവന്‍ കണ്ടത് നീണ്ട പ്രസംഗത്തിനുശേഷം വേദി പങ്കിട്ടവര്‍ക്ക് സംഘാടകര്‍നല്‍കിയ ചെറിയ അത്താഴത്തിനു ശേഷം മലന്നുകിടന്നു കൂര്‍ക്കം വലിച്ചുറങ്ങുന്ന സഹദേവനെയാണ്‍. അവള്‍ ചാനലിലെ വാര്‍ത്തയില്‍ കണ്ടിരുന്നു പ്രസംഗിച്ചു കൈയ്യടിവാങ്ങുന്ന തന്റെ സഹദേവന്‍ ചേട്ടനെ.. ഭര്‍ത്താവിന്റ്റെ ഓമനത്വം തുളുമ്പുന്ന മുഖശ്രീ അവള്‍ നോകിയിരുന്നു.

അവള്‍ മേശപ്പുറത്ത് അലങ്കോലപ്പെട്ടു കിടക്കുന്ന ബുക്കുകള്‍ അടക്കിയൊതുക്കി വക്കാന്‍ തുടങ്ങി, അപ്പോഴും അവളുടെ മനസ്സില്‍ കാല്‍വിന്‍ മത്തായ് എന്ന നീഗ്രൊയെക്കുറിച്ചായിരുന്നു.

‘നാളെ മലയാളം ക്ലാസ്സില്‍ ആരെങ്കിലും ഇയാളെ കുറിച്ചു ചോദിച്ചാല്‍? മറ്റു ടീച്ചര്‍മാരും ചോദിക്കാതിരിക്കില്ല, പൊളിറ്റിക്സ് വിഭാഗത്തിലെ ബാലന്‍ സാറും, സൂറാബി ടിച്ചറും എന്തായലും ചോദിക്കാതിരിക്കില്ല, ഇക്കാര്യം ഉറപ്പാണ്. ഉണരട്ടെ, എന്നിട്ട് വിശദമായി ചോദിക്കാം.നാളെ പത്രക്കാര്‍ ഇന്റര്‍വ്യൂവിന് വേണ്ടി അപ്പോയ്മെന്റ് എടുത്തതായി ഡ്രൈവര്‍ പറയുന്നുണ്ടായിരുന്നു’

ചാനലുകളിലെ ന്യൂസിലെ ഹെഡ് ലൈനുകളില്‍ ഒന്ന് തന്നെ ഇന്നത്തെ പ്രസംഗത്തിന്റെ ഉള്ളടക്കം ആയിരുന്നു’

അവള്‍ ആരൊടൊന്നില്ലാതെ ചോദിച്ചു..

“ഹോ ...സ്വന്തം ഡയറിപോലും ഒന്ന് അടച്ചുവച്ചൂടെ, സാധാരണയായി ഇതു ഇവിടെ കാണാറില്ലല്ലോ?”

പെട്ടെന്നായിരുന്നു ഡയറിയിലെ സഹദേവന്റെ കുറിപ്പുകണ്ടത്..
‘ നമ്മുടെ കറവക്കാരന്‍ മത്തായിക്ക് തന്റെ പേരക്കുട്ടികള്‍ക്ക് പഠനസാമഗ്രികള്‍ വാങ്ങാന്‍ അഡ്വാന്‍സായി കുറച്ചു പൈസവേണോന്നും ... ആദ്യം ഇല്ല എന്നു പറഞ്ഞു നോക്കി ഞാന്‍.. കറക്കുമ്പോള്‍ പിന്‍കാലുകള്‍ കോണ്ട്ചവിട്ടാന്‍ വരുന്ന പ്രാന്തിപശുക്കളെ കറക്കാന്‍ വേറെ ആളേനോക്കാന്‍ അവന്‍ പറഞ്ഞു, കൂടാതെ നാളേ മുതള്‍ തൊഴുത്തു വൃത്തിയാക്കാന്‍ വരില്ലാന്നുപറഞ്ഞപ്പോള്‍ ... ഞാന്‍ എന്റെ ഭാര്യയോടു പോലും ചോദിക്കാതെ 1500 രൂപ മുന്‍കൂര്‍ ശംബളമായും (കറക്കുന്നതിനു) 500 രൂപ തൊഴുത്തു വൃത്തിയാക്കിയ ഇനത്തിലുംപെടുത്തി ചിലവില്‍ വച്ചു രേഖപ്പേടുത്തി’

കുറിപ്പ് എഴുതിയ ഡയറിയില്‍ ഇതളുകള്‍ക്കിടയില്‍ വച്ച ആ വിദേശമാഗസിന്റെ പുറം ചട്ട അവള്‍ ശ്രദ്ധിച്ചു... Calvin Klein എന്ന അടിവസ്ത്ര ബ്രാണ്ടിന്റെ പരസ്യം അവള്‍ തെല്ലൊന്ന് പരിഭ്രമിച്ചുപോയ് പിന്നെ ഒരു ഞെട്ടലും

“ങ്ഹേ...”

“കാല്‍വിന്‍ ക്ലെയിന്‍ ലെ ‘കാല്‍വിന്‍’ + കറവക്കാരന്‍ മാത്തായി ലെ ‘മത്തായ്’ = ‘കാല്‍വിന്‍ മത്തായ്’ ,

അതെ അതങ്ങനെയാണു ദൈവമേ..

സംസ്കൃത കാവ്യങ്ങളില്‍ പാത്രസൃഷ്ടികളില്‍ കര്‍ത്താവായ നാടകകവി ഭാസനെ പോലും തോല്‍പ്പിക്കുന്ന ഇങ്ങേരുടെ ഒരു പാത്രസൃഷ്ടിയേ ദൈവമേ....”

അവള്‍ മേശപ്പുറത്ത് അറിയാതെ ഇരുന്നുപോയി... ബോധം കെടാത്തതില്‍ ദൈവത്തിനോട് സ്തുതി.