Tuesday, October 16, 2007

സമയസൂചികകള്‍ക്കുമപ്പുറം.

സമയസൂചിക ഇരുട്ടിന്റെ എട്ടിലേക്ക് ഇഴഞ്ഞു നീങ്ങുമ്പോഴും പുതപ്പിനടിയില്‍ ഞെരക്കങ്ങളുമായി രാധേട്ത്തി നാമജപങ്ങള്‍ ഉരുവിട്ടു കൊണ്ടിരുന്നു. ഇന്ന് ശ്വാസം മുട്ടലിനു വളരെ കുറവുണ്ട്. റൌണ്ട്സിനു വന്ന ഡോക്ടര്‍ ഇന്‍സുലിന്റെ അളവ് കുറയ്കാമെന്നും മൂന്നു നാലു ദിവസത്തിനകം ഡിസ്ചാര്‍ജ് ചെയ്യാനാവുമെന്നുമാണ് പറഞ്ഞത്. ഗിരിജ ചേച്ചി എല്ലായ്പോഴും കൂടെയുണ്ടെങ്കിലും രാധേട്ത്തിയുടെ അന്വേഷണങ്ങള്‍ എന്നിലവസാനിക്കാറുള്ളത്. അതൊരു പ്രതിലോമകരമായ വിശ്വാസത്തിന്റെ മിടിപ്പ് മാത്രമായേ എനിക്ക് തോന്നിയിരുന്നുള്ളൂ. കാണാതെപോയ അപ്പുവിന്റെ അതേ പ്രായമല്ലേ എനിക്കെന്നതാവും ഒരുപക്ഷേ രാധേട്ത്തിയെ എന്നിലേക്കടുപ്പിച്ചതെന്ന സന്ദേഹവും....അമ്മയേക്കാള്‍ എന്റെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ രാധേട്ത്തിക്കായിരുന്നുവല്ലോ.

രണ്ടു ദിവസം ഐ.സി.യുവില്‍ കിടന്ന രാധേട്ത്തി ശരിക്കും ക്ഷീണിച്ചിട്ടുണ്ട്.
‘കുട്ടി ഇന്നു പോയ്ക്കോളൂ. എനിക്ക് നല്ല കുറവുണ്ട്. മൂന്ന് നാലു ദിവസമായില്ലെ ഇങ്ങനെ ഉറക്കമിളച്ച് ഇവിടെ ഇരിക്കുന്നു.രാധിക വീട്ടില്‍ തനിച്ചല്ലേ.’
‘അതൊന്നും സാരമില്ല‘
‘വേണ്ട കുട്ടി.. ഇന്ന് പ്രശ്നമൊന്നും ഉണ്ടാവില്ല. നേരം ഇരുട്ടായി. പൊയ്ക്കോളൂ..’

വാതില്‍ ചാരി പുറത്തു കടന്നപ്പോള്‍ വരാന്തയില്‍ ചെറിയ കാറ്റില്‍ ഡെറ്റോളിന്റെയും സ്പിരിറ്റിന്റെയും കൂടിച്ചേര്‍ന്ന മനം മടുപ്പിക്കുന്ന ഗന്ധം.

ആശുപത്രിയുടെ ഈ‍ ഗന്ധം പണ്ടും എനിക്ക് ഇഷ്ടമല്ലാത്താതാണ്. ഇതിനൊരു മരണത്തിന്റെ ഗന്ധമാണുള്ളത്. ഒട്ടിപ്പിടിച്ച, വരണ്ട ഒരു ഗന്ധം. അടുത്ത ബ്ലോക്കിലെ ഐസിയുവിലേക്കുള്ള ഇരുട്ടുപിടിച്ച നീണ്ട വഴിത്താരയില്‍ പലപ്പോഴും എനിക്കിത് അനുഭവപ്പെട്ടിട്ടുണ്ട്.

507 -അം നമ്പര്‍ മുറിയില്‍ ട്യൂബ് ലൈറ്റിന്റെ വെളിച്ചം വാതില്‍പ്പഴുതിലൂടെ ഊര്‍ന്നിറങങ്ങുന്നുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലും കാത്തിരിപ്പിന്റെ അലസത വിരസമല്ലാതാക്കിക്കൊണ്ടിരുന്നത് ഇവിടെയാണ്.

അന്ന്..ഒരു തരം നിസംഗതയില്‍ ആഴ്ന്നിരിക്കുമ്പോഴായിരുന്നു 507-ം നമ്പര്‍ മുറിയിലേക്ക് വീല്‍ചെയറില്‍ ഒരു രോഗിയെ കൊണ്ടുപോകുന്നത് ശ്രദ്ധിച്ചത്. ഡ്യൂട്ടി നേഴ്സും മറ്റൊരു സഹായിയും കൂടി മുറിയിലേക്ക്. പിന്നീട് ഡ്യൂട്ടി നേഴ്സ് പറഞ്ഞാണ് അറിഞ്ഞത്, നഗരത്തിലെ പ്രശസ്തമായ വിമന്‍സ് കോളജില്‍ ബിദുരാനന്തരബിരുദത്തിനു പഠിക്കുന്ന യുവതിയാണെന്ന്. പനിയും ചെറിയ തോതില്‍ ശ്വാസതടസവുമാണ്. ഉച്ചക്കു ശേഷമാണ് കൂടുതല്‍ പരിചയപ്പെടാനായത്. പേര് റോഷ്നി പോള്‍. കോളജ് ഹോസ്റ്റലിലെ മടുപ്പ്, വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു.ലണ്ടനില്‍ പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടര്‍ പോളിന്റെ ഒരേ ഒരു മകള്‍. ബോബ്കട്ട് ചെയ്ത മുടിയും നീണ്ട നെറ്റിത്തടവും തിളങ്ങുന്ന കണ്ണുകളും റോഷ്നിയെ മാറ്റി നിര്‍ത്തുന്നു. ചെറിയ ഒരു തുകല്‍ സഞ്ചി നിറയെ പുസ്തകങ്ങള്‍. പലതും existentialism ത്തെ കുറീച്ചുള്ളവ. വില്യം ഓഫ്മാന്റെയും കിര്‍ക് ഷ്നീഡറിന്റെയും മറ്റും. വില്യം ഹോഫ്മാന്റെ ചെറുകഥകളും നോവലും വായിച്ചിട്ടുണ്ടെങ്കിലും എക്സിസ്റ്റെന്‍ഷ്യാലിസത്തെകുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകം ആദ്യമായാണ് കാ‍ണുന്നത്.

വാക്കുകള്‍ വരികളായി....വരികള്‍ നീണ്ടു ഏടുകളായി ... existentialism ത്തെ കുറിച്ച് എനിക്കും അല്പം താതപര്യമുണ്ടായിരുന്നതു കൊണ്ടാവാം റോഷ്നി നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരുന്നത്. അന്നും ഏറെ വൈകുവോളം റോഷ്നി സംസാരിച്ചുകൊണ്ടേയിരുന്നു. റൌണ്ട്സിനെത്തിയ ഡ്യൂട്ടി ഡോക്ടര്‍ അധികം സംസാരിക്കരുതെന്ന വിലക്കൊന്നും റോഷ്നിയെ അലട്ടിയില്ല.

മലയിറങ്ങി വരുന്ന വലിയ ചീവിടുകള്‍ നിര്‍ത്താതെ മൂളികൊണ്ടിരുന്നു. ചെറിയ മഴയ്ക്കുള്ള ലക്ഷണമുണ്ട്. കാറ്റിനു പതിവില്‍ കവിഞ്ഞ തണുപ്പ്. 506 ലെ, ആക്സിഡന്റ്റില്‍ കാലൊടിഞ്ഞ അമ്മാവന്‍ ഉച്ചയ്ക്കു തന്നെ ഡിസ്ചാ‍ര്‍ജ്ജായി പോയി.

റോഷ്നി ഇപ്പോഴും വായനയിലാണ്. 45 ഡിഗ്രി ചെരിച്ച് വെച്ച ബെഡില്‍ ചാരിക്കിടന്നുകൊണ്ട്.. ഇളം മഞ്ഞ ഗൌണില്‍ റോഷ്നി കൂടുതല്‍ സുന്ദരിയായിരിക്കുന്നു.

‘ഹായ് ..’
‘ഇരിക്കൂ.. രാജേഷ്..’
എലിസബത്ത് കോബ്ലറുടെ On Death and Dying എന്ന ക്ലാസിക് റോഷ്നിയുടെ വിരലുകളില്‍ താളം പിടിച്ചുകൊണ്ടിരുന്നു.
‘ഇന്നെന്താ വിഷയം മാറിയോ ? ‘
‘ഇല്ല ... ഈ ബുക്ക് ഞാന്‍ പലപ്പോഴും വായിക്കാന്‍ മറന്നുപോകുന്ന ഒന്നാണ്...ഡാഡിയോട് പലതവണ പറഞ്ഞിട്ടാണ് ഈ ബുക് കഴിഞ്ഞ തവണ കൊണ്ടുവന്നത്. ഡോവര്‍ ബുക്സില്‍ മാത്രമേ ഇതു കിട്ടിയിരുന്നുള്ളു. മുമ്പ് സണ്ടെ ഒബ്സെര്‍വറില്‍ ഇതിന്റെ ഒരു റിവ്യു വന്നിരുന്നു. അങ്ങനെയാണ് എനിക്കിത് വായിക്കണമെന്ന് തോന്നിത്തുടങ്ങിയത്...മരണത്തെ കുറിച്ച് തന്നെ..
മരണം ഒരു സമസ്യ തന്നെയാണല്ലേ രാജേഷ് ? ‘ പെട്ടന്നാണ് റോഷ്നി അത് ചോദിച്ചത്.
‘എന്ന് മുഴുവനായി പറയാനാവില്ല.’
‘എങ്കിലും നിശ്ചിതമായ സമയമോ സാഹചര്യമോ അതിനില്ലല്ലോ.’
‘എല്ലായ്പോഴും അങ്ങനെയാവണമെന്നില്ലല്ലോ...’
‘അതു ശരിയാണ്. ഒരാ‍ള്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ..’
‘എല്ലാ ആത്മഹത്യകളും വിജയമാവണമെന്നില്ലല്ലോ... പലപ്പോഴും പരാജയപ്പെട്ട ആതമഹത്യകള്‍ തടവിലാക്കപ്പെടുന്നത് കാണാറില്ലേ..’
റോഷ്നി വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി. പിന്നെ ഒന്ന് നെടുവീര്‍പ്പിട്ടു.
റോഷ്നിയുടെ ചുണ്ടുകള്‍ വിറയ്ക്കുന്നത് ഞാനറിയുന്നു., വരളുന്നതും..
‘ഇന്നെന്തു പറ്റീ.. എലിസബത്ത് കോബ്ലറുടെ പ്രേതം പിടികൂടിയോ ? ‘ ചിരിച്ചുകൊണ്ട് റോഷ്നിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു.
‘രാജേഷ്.. മരണത്തിന്റെ മണിയൊച്ച എന്റെ ചെവിയില്‍ മുരളുന്നു..’
റോഷ്നിയുടെ കൈകളിലെ തണുപ്പ് എന്നെ ഭയപ്പെടുത്തുന്നു. പിന്നെ മൌനത്തിന്റെ നീണ്ട സഹാറയിലേക്ക്..
‘ഏയ്..എന്തായിത് ..’

റോഷ്നിയുടേ വിരലുകള്‍ എന്റെ കൈവെള്ളയില്‍ അമര്‍ന്നിരുന്നു. തണുപ്പ് ഇളംചൂടിനു വഴിമാറി. കണ്ണുകളില്‍ എന്റെ കണ്ണുകള്‍ ഒഴുകിയിറങ്ങി.

ജെങ്കി റോക്കറ്റ്സിന്റെ ‘ഹെവന്‍ലി സ്റ്റാര്‍ ‘ എന്റെ മൊബൈലില്‍ റിംഗ് ടോണായി പടര്‍ന്നുകൊണ്ടിരുന്നത് പെട്ടന്നാണറിഞ്ഞത്.

രാധികയാണ്. സമയസൂചി എട്ടരയിലേക്കെത്തിയിരിക്കുന്നു.
‘ഹെലോ..’
‘ഏട്ടനെവിടെയാണ് ? ‘’
‘എന്തേ ? ‘
‘ഇപ്പോള്‍ തന്നെ ഗിരിജേച്ചി വിളിച്ചിരുന്നു.. രാധേട്ത്തിക്ക് കൂടിയത്രേ.. ഏട്ടനെ വിളിച്ചപ്പോള്‍ റേഞ്ചില്ലായിരുന്നു.. ഇപ്പോള്‍ എവിടെയാണ് ?‘
‘ഞാന്‍ റോഡിലാണ് ...ഇപ്പോള്‍ തന്നെ ഞാന്‍ റൂമിലേക്ക് പോകാം..’ കളവു പറയാന്‍ എന്നേ പഠിച്ചിരിക്കുന്നു., പ്രത്യേകിച്ചും രാധികയോട്.
റോഷ്നി ബെഡില്‍ എഴുന്നേറ്റിരുന്നു.
‘റോഷ്നി ഉറങ്ങിക്കോളൂ..ഞാന്‍ പിന്നെ വരാം..ഗുഡ് നൈറ്റ്..’

ധൃതിയില്‍ തന്നെ പുറത്ത് കടക്കുമ്പോള്‍ രാധേട്ത്തിയുടെ മുറിയുടെ മുന്നില്‍ വെള്ളയുടുപ്പുകളുടെ പ്രളയം...
അതിനിടയിലും ഗിരിജ ചേച്ചിയുടെ രോദനം വേറിട്ടുനിന്നു.

18 comments:

asdfasdf asfdasdf said...

ഒരു ചെറുകഥ പോസ്റ്റുന്നു..
മെമ്പര്‍ഷിപ്പ് വാങ്ങിവെച്ചിട്ട് കുറച്ചു നാളായീ. ഇപ്പോഴാണ് എന്തെങ്കിലും കുത്തിക്കുറിക്കാനായത്.

ശ്രീ said...

മേനോന്‍‌ ചേട്ടാ...

നല്ല ഒതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

തേങ്ങ എന്റെ വക.
“ഠേ!”
:)

കുറുമാന്‍ said...

വളരെ നന്നായിരിക്കുന്നു ഈ കഥ മേന്നെ....ആശംസകള്‍

Murali K Menon said...
This comment has been removed by the author.
Murali K Menon said...

സമയസൂചികളില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്നേഹവും, രൂപപ്പെടുന്ന നിര്‍വ്വചിക്കപ്പെടാത്ത ഇഷ്ടവും, സമയസൂചികള്‍ മറന്നു കൊണ്ട് മുന്നേറുമ്പോഴുണ്ടാകുന്ന കൊച്ചു കൊച്ചു നുണകളും എല്ലാം കൂടി ഒരു ജീവിതത്തിലെ ആകെത്തുകയാവുന്ന ഈ കഥയെ ഞാന്‍ സ്നേഹിക്കുന്നു. റോഷ്നിയുടെ വായന കഴിഞ്ഞാല്‍ രാജേഷ് കൈക്കലാക്കുന്നതിനു മുമ്പ് 507ല്‍ കയറി ആ പുസ്തകം കൈക്കലാക്കുവാന്‍ താല്പര്യമുണ്ട്.

തറവാടി said...

മേന്‍‌ന്നെ ,

എഴുത്തിനെകുറുക്കാന്‍ തങ്കള്‍ തുടങ്ങിയിരിക്കുന്നു ,
എന്നെപ്പോലുള്ളവര്‍ക്ക് വേണ്ടതും അതുതന്നെ!
വായനാ സുഖം തരുന്ന എഴുത്ത്.

അരവിന്ദ് :: aravind said...

കഥയില്‍ പ്രതിപാദിച്ചിരിക്കുന്ന ബുക്കുകളൂടേയും എഴുത്തുകാരുടേയും പേരുകള്‍ വായിച്ച് ഓടിത്തള്ളി.
ആസ്പത്രിയില്‍ കിടക്കുമ്പോ ബോബനും മോളിയും വായിക്കുന്നവരെക്കുറിച്ചും കഥയെഴുത് മേനോഞ്ചേട്ടാ.

അതില്പരം പ്രത്യേകിച്ച് ഒന്നും കണ്ടില്ല. മറ്റു ബ്ലോഗുകളിലെ എഴുത്ത് മെച്ചം.

സഹയാത്രികന്‍ said...

മേനോന്‍ ചേട്ടാ...
നന്നായിരിക്കുന്നു...
ഇഷ്ടമായി...
:)

Rasheed Chalil said...

മേനോന്‍‌ജീ ഒതുക്കത്തില്‍ പറഞ്ഞ ഒരു കഥ. ഇഷ്ടായി.

സുല്‍ |Sul said...

മേന്നേ
ഇഷ്ടമായി കഥ.
-സുല്‍

ദിലീപ് വിശ്വനാഥ് said...

existentialism ആശുപത്രിയില്‍ വായിക്കാന്‍ പറ്റിയ ഒന്നല്ല. കഥ നന്നായി, ഒതുക്കത്തില്‍ പറഞ്ഞിരിക്കുന്നതുകൊണ്ട് വായനാസുഖം നഷ്ടമായില്ല.

വല്യമ്മായി said...

ഒതുക്കി എഴുതിയെങ്കിലും കുട്ടന്മേനോന് ഇതിലും നന്നായി എഴുതാന്‍ കഴിയുമായിരുന്നു ഈ കഥ എന്നു തോന്നുന്നു.

വേണു venu said...

ഒതുക്കിയതില്‍‍ എന്തൊക്കെയോ നഷ്ടമായതു പോലെയും. എഴുത്തു് നന്നായി.:)

അനാഗതശ്മശ്രു said...

Elisabeth Kübler Ross-ന്റെ പുസ്തകം അല്ലെ അതു?
കഥ നന്നു

asdfasdf asfdasdf said...

വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.
അരവിന്ദ് : ഇതില്‍ പ്രത്യേകിച്ചൊന്നും ഇല്ല. ഒരു ത്രെഡ് എന്റെ മുന്നില്‍ വന്നു. അത് കുത്തിക്കുറിച്ചു. അത്രമാത്രം. സത്യത്തില്‍ ആശുപത്രിക്കിടക്കയില്‍ കണ്ട പുസ്തകം സ്റ്റീഫന്‍ കിങിന്റെ പെറ്റ് സെമിത്തേരി എന്ന നോവലാ‍യിരുന്നു. :)
വാത്മീകി : existentialism in indian clasic (അതെ താങ്കളെഴുതിയ രാമായണവും കൂട്ടി) എന്ന വിഷയത്തീല്‍ മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍ ഉപന്യാസം കൊടുത്ത ഡോ. മോഹന്‍ സച്ദേവ് എന്റെ സതീര്‍ത്ഥ്യനായിരുന്നു. താങ്കളുടെ കമന്റ് കണ്ടപ്പോള്‍ ഓര്‍ത്തുപോയതാണേ.. ക്ഷമിക്കുക. :)
അനാഗതശ്മശ്രു : അതെ.
വല്യമ്മായി / വേണുജി : അടുത്ത കഥയില്‍ ശ്രമിക്കാം.

Ajith Polakulath said...

mEnone angane katha posti :)

enikku ishtaayi...

:)

e-Yogi e-യോഗി said...

കഥക്കൂട്ടിലെ മേനോന്റെ കാച്ചികുറുക്കിയ ആദ്യകഥയിഷ്ടമായി.

krish | കൃഷ് said...

കഥ കൊള്ളാം.

ഈ കഥ, തീരം അടിച്ചുമാറ്റിയത് ശരിയായില്ല.