Tuesday, July 24, 2007

നല്ല സമരിയാക്കാര്‍







കഥ : ആര്‍. രാധാകൃഷ്ണന്‍


***



കുറെയേറെ മാസങ്ങള്‍ ക്കു മുമ്പ്‌ ഏതോ വാരികയിലാണെന്നു തോന്നുന്നു ആഭരണം അണിയുന്ന പുരുഷന്മാരെ കളിയാക്കി പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ കിഷോര്‍ വായിച്ചത്‌.

ചെയിനും ബ്രേസ്‌ ലെറ്റും ധരിക്കുന്ന പുരുഷന്മാരെ "പെണ്ണാണന്മാര്‍" എന്നോ മറ്റോ ആണ്‌ അതില്‍ വിശേഷിപ്പിച്ചത്‌. സ്ത്രീ പുരുഷ ഭേദവും അംഗപ്രത്യംഗ പ്രത്യയശാസ്ത്രവും വിശകലനം ചെയ്ത്‌ പുരുഷന്മാര്‍ ആഭരണധാരികളാവേണ്ടതില്ലെന്ന് ശഠിച്ച ലേഖനത്തിന്‌ കൂട്ടുപിടിച്ചും സ്വയം ബോദ്ധ്യപ്പെട്ടും കിഷോര്‍ താന്‍ സ്ഥിരമായി ധരിക്കാറു ള്ള സ്വര്‍ണ്ണമാലയും വിവാഹമോതിരം വരെയും വീട്ടില്‍ വച്ചിട്ട്‌ 'നിരാഭരണനാ'യേ ഇപ്പോള്‍ പുറത്ത്‌ പോകാറുള്ളൂ.

ആരാലും തകര്‍ക്കപ്പെടാനാവില്ലെന്ന് കരുതപ്പെടുന്ന ബാങ്ക്‌ ലോക്കറുകളില്‍ 'അണിയല്‍ ഭാഗ്യം' നിഷേധിക്കപ്പെട്ട, ബഹുഭൂരിപക്ഷം മലയാളി സ്ത്രീകളുടെ ആഭരണക്കൂട്ടങ്ങളുടെ കൂട്ട ദൌര്‍ഭാഗ്യം കിഷോറിന്റെ ആഭരണങ്ങള്‍ ക്കും വന്നുചേര്‍ ന്നു എന്ന് മാത്രം കരുതുക.

കഴിഞ്ഞ രണ്ടുമൂന്ന് ദിവസത്തെ ഗതിവിഗതികള്‍ കിഷോറിന്റെ ഉറച്ച തീരുമാനത്തെ ഉലച്ചത്‌ ശ്രദ്ധിക്കുക.

കിഷോറിന്റെ അടുത്ത സുഹൃത്ത്‌ രാധേശ്യാമിനെ കാണാനിടയായപ്പോള്‍ അയാള്‍ പദ്ധതിയിട്ടിട്ട്‌ നടക്കാതെ പോയ പിക്ക്നിക്കിന്റെ കഥ പറഞ്ഞാണ്‌ തുടക്കം.

രാധേശ്യാം പറഞ്ഞു തുടങ്ങി.

"കുമാറും കുടുംബവും ഞാനും ജോസഫും പിന്നെ നമ്മുടെ രാജ്കുമാറും നെല്ലിയാമ്പതിയിലേയ്ക്ക്‌ പിക്നിക്‌ പ്ലാന്‍ ചെയ്തു. ഞങ്ങള്‍ മൂന്നു ഗ്രൂപ്പുകളായി കണ്ണാടി ജംഗ്ഷനില്‍ 8.30 ന്‌ കണ്ടു മുട്ടാമെന്ന് തീരുമാനിച്ച്‌ പിരിഞ്ഞതാണ്‌ കുമാറും കുടുംബവും. പറഞ്ഞ സ്ഥലത്ത്‌ 8.30 ന്‌ തന്നെ എത്തി. ഞാനും ജോസഫും പ്രതീക്ഷിച്ചതിലും അരമണിക്കൂര്‍ താമസിച്ചേ പുറപ്പെട്ടുള്ളുവെന്നതിനാല്‍ പത്ത്‌ മണിയ്ക്കേ എത്തിയുള്ളൂ. രാജ്കുമാറിന്‌ ഇനിയും അരമണിക്കൂര്‍ കഴിഞ്ഞേ പുറപ്പെടാനായുള്ളൂ എന്ന് ഊഹിച്ചാല്‍ തന്നെ പത്തരയ്‌ ക്കെങ്കിലും പറഞ്ഞയിടത്ത്‌ എത്തേണ്ടതല്ലേ? അവന്‍ എത്തിയില്ല!!

മണിക്കൂര്‍ തോതില്‍ സമയവും കി.മീറ്ററില്‍ ദൂരവും അടങ്ങുന്ന നൂമെറിക്‌ പസിലിലേതെന്ന പോലെ അമാന്തിച്ച മണിക്കൂറുകളും തരണം ചെയ്യേണ്ടുന്ന ദൂരവും കണക്കുകൂട്ടി പ്രശ്ന നിര്‍ധാരണത്തിന്‌ അവര്‍ മുതിര്‍ന്നില്ല.

രാജ്കുമാര്‍ വഴിയേ എത്തിക്കോളും എന്ന് സമാധാനിച്ച്‌ രണ്ട്‌ ബൈക്കുകളും നെല്ലിയാമ്പതിയ്ക്ക്‌ തിരിക്കാന്‍ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ നിര്‍ത്തിയതാണ്‌ പക്ഷേ, ജോസഫിന്റെ മനസ്സ്‌ ആശങ്കാകുലമാകുകയും വന്ന വഴിയില്‍ തിരികെ പോയി രാജ്കുമാറിനെ തെരയാന്‍ രാധേശ്യാമിനെ നിര്‍ബന്ധിക്കുകയും ചെയ്തു.

ജോസഫിനെ പുറകില്‍ കയറ്റി രാധേശ്യാം തന്റെ യമഹ തിരിച്ചു വിട്ടു.

രാജ്കുമാര്‍ പുറപ്പെടേണ്ട സ്ഥലം വരെ ഡ്രൈവ്‌ ചെയ്തിട്ടും പ്രയോജനമുണ്ടായില്ല.

സൂര്യന്‍ ഉച്ചത്തിലാവുകയും അവരുടെ പിക്നിക്കിനായി കണ്ടുവച്ച സുവര്‍ണ്ണ സമയം നഗരപരിസരത്ത്‌ തന്നെ പാഴാവുകയും ചെയ്തുകൊണ്ടിരുന്നു.

നിരാശരായി തിരിച്ച്‌ വരുമ്പോള്‍ കുറച്ചകലെ പാടത്തേയ്ക്ക്‌ ഒരു വശം ചരിഞ്ഞു കിടക്കുന്ന ബൈക്ക്‌.

റോഡ്‌ വിജനവും ബൈക്ക്‌ അനാഥവും ആയിരുന്നു. തിരക്കിട്ട്‌ അങ്ങോട്ടുപോയപ്പോള്‍ അത്‌ ശ്രദ്ധിക്കാതെ പോയതോ?

പെട്ടെന്ന് ബൈക്ക്‌ നിര്‍ത്തി.

തിരക്കിയപ്പോള്‍ ബൈക്ക്‌ യാത്രികനെ തട്ടിയിട്ട്‌ പാണ്ടി ലോറി നിര്‍ത്താതെ ഓടിച്ചു പോയതും അയാളെ വേഗം ആശുപത്രിയില്‍ എത്തിക്കാനുള്ള ഏര്‍പ്പാടാക്കിയതും അറിയാന്‍ കഴിഞ്ഞു.

ബൈക്ക്‌ യാത്രികന്റെ അടയാളങ്ങള്‍ രാജ്കുമാറിന്റെ പ്രകൃതത്തോട്‌ യോജിയ്ക്കുകയുണ്ടായിട്ടും ബൈക്കിന്റെ നമ്പര്‍ കൃത്യമായി ഓര്‍മ്മയില്ലാത്തതിനാല്‍ നൂറു ശതമാനം വിശ്വാസം വരാതെ ആശുപത്രിയില്‍ പോയി തിരിക്കാന്‍ അവര്‍ തീരുമാനിച്ചു. (പിന്നീട്‌ അയാള്‍ രാജ്കുമാര്‍ തന്നെയെന്ന് സ്ഥിരീകരിക്കപ്പെട്ടു.)

ചായക്കടയില്‍ ഇരുന്ന രണ്ടു ചെറുപ്പക്കാര്‍ അപകടത്തില്‍ പ്പെട്ട തങ്ങളുടെ സുഹൃത്തിനെ ഒരു ടാക്സിയില്‍ കയറ്റി ജില്ലാ ആശുപത്രിയിലേക്ക്‌ പോയിക്കഴിഞ്ഞുവെന്നും കൈലി മുണ്ടും ഉടുപ്പും ധരിച്ച ആ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ അവസരത്തിനൊത്ത്‌ ഉയര്‍ന്നതാകയാല്‍ രാജ്കുമാര്‍ രക്ഷപ്പെടുമെന്നും അവിടെ കൂടിയിരുന്നവര്‍ കൂട്ടിചേര്‍ത്തു.

ജില്ലാ ആശുപത്രിയില്‍ നിന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ ട്രസ്റ്റിലേക്ക്‌ കൊണ്ടുപൊയ്‌ ക്കൊള്ളാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ രോഗിയെ അതേ ടാക്സിയില്‍ തന്നെ അവിടെ എത്തിക്കുകയുണ്ടായി.

രണ്ടു ദിവസത്തെ തീവ്രപരിചരണത്തിനുശേഷം സുഖം പ്രാപിച്ച രാജ്കുമാര്‍ തന്റെ സുഹൃത്തുക്കളോട്‌ പറഞ്ഞതിലെ ആശയമാണ്‌ നമ്മുടെ കഥാനായകന്‍ കിഷോറിനെ തന്റെ തീരുമാനത്തെക്കുറിച്ച്‌ രണ്ടാമതൊന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്‌.

തലപൊട്ടി ചോരവാര്‍ന്ന് തളര്‍ന്ന് കിടന്ന രാജ്കുമാറിനെ അരുകില്‍ കിടത്തി ആ ചെറുപ്പക്കാര്‍ ഇടയ്‌ ക്കെപ്പോഴോ നടത്തിയ സംഭാഷണ ശകലമാണ്‌ സുഹൃത്തുക്കള്‍ക്കായി അയാള്‍ ഉദ്ധരിച്ചത്‌.

പാതിബോധത്തില്‍ പ്രതികരിക്കാനാവാതെ രാജ്കുമാര്‍ സശ്രദ്ധം കേട്ടത്‌ ഇങ്ങനെയായിരുന്നു.

ഒന്നാമന്‍: "എടാ, പ്രത്യേകിച്ച്‌ ഒരു വരുമാനവുമില്ലാത്ത നമ്മള്‍ ഇദ്ദേഹത്തെ രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയിട്ട്‌ ടാക്സി ചാര്‍ജ്ജും മെഡിക്കല്‍ ട്രസ്റ്റ്‌ ഫീസും നമുക്ക്‌ പ്രശ്നം ആവുമോ?".

രണ്ടാമന്‍: "യൂ ഡോണ്ട്‌ വറി മാന്‍, ഇദ്ദേഹത്തിന്റെ കഴുത്തിലെ സ്വര്‍ണ്ണച്ചങ്ങലയും വിരലിലെ മോതിരവും തീരുന്നതുവരെയാകാമല്ലോ നമ്മുടെ സഹായം ചെയ്യല്‍ സാഹസം!!"

പുതിയ 'നല്ല സമരിയാക്കാരാ'യ ചെറുപ്പക്കാരെ മനസ്സിലാക്കിയ കിഷോര്‍ പൂട്ടിവച്ച ആഭരണങ്ങള്‍ തിരികെയെടുത്ത്‌ അണിയാന്‍ തീരുമാനിക്കുകയായിരുന്നു. ധാരാളം നല്ല സമരിയാക്കാര്‍ ഉള്ള സമൂഹത്തില്‍ പുത്തന്‍ സാമ്പത്തിക നയങ്ങളില്‍ സ്വയം വിഭവ സമാഹരണം മുഖ്യ അജണ്ടയും ഉപായവും ആയിരിക്കുമ്പോള്‍ കിഷോറിനുണ്ടായ മാനസിക ഉണര്‍വ്‌ വായനക്കാര്‍ ക്കും ആശംസിക്കുന്നു.

10 comments:

അനാഗതശ്മശ്രു said...

ചെയിനും ബ്രേസ്‌ ലെറ്റും ധരിക്കുന്ന പുരുഷന്മാരെ "പെണ്ണാണന്മാര്‍" എന്നോ മറ്റോ ആണ്‌ അതില്‍ വിശേഷിപ്പിച്ചത്‌.


പുതിയ കഥ.....................

മയൂര said...

ഞാന്‍ ആദ്യം തേങ്ങാ പൊട്ടിക്കട്ടെ...ഠോ...:)

പുതിയ നല്ല നമരിയാക്കാര്‍ സ്വര്‍ണ്ണമോ അല്ലെങ്കില്‍ മറ്റ് വിലപിടിപ്പുള്ള ആഭരണമോ അണിഞ്ഞവര്‍ക്ക് മാത്രം കിട്ടുന്നതണോ?? നല്ല നമരിയാക്കാര്‍ ഉള്ളത്ത് കൊണ്ട് ജീവനും ജീവിതവും തിരിച്ച് കിട്ടിയവര്‍ക്ക് അവരോട് പറഞ്ഞാല്‍ തീരാത്ത കടപാട് കാണും.
വ്യത്യസ്തമായ പ്രമേയം..വളരെ ഇഷ്‌ടമായി...

asdfasdf asfdasdf said...

ശ്രദ്ധിക്കപ്പെടേണ്ട ഒരു പ്രമേയം., കഥയും.

Dinkan-ഡിങ്കന്‍ said...

കഥാശൈലി കൊള്ളാം. പക്ഷേ ഗുണപാഠം അങ്ങട് ഇഷ്ടായില്ല :)

ശ്രീ said...

പുതുമയുള്ള ശൈലി
:)

Ajith Polakulath said...

നല്ല ആശയം..
ഒരു പുതു മികവ് കാണുന്നു കഥയില്‍.

.... said...

കഥ നന്നായി പറഞ്ഞിരിക്കുന്നു.പക്ഷെ ശരീരത്തില്‍ എന്തെങ്കിലും വിലപിടിപ്പുള്ളതോ കീശയില്‍ സാമാന്യം ഭേദപ്പെട്ട ഒരു തുകയൊ ഉണ്ടായാലെ നല്ല ശമരിയക്കാറ്‍ ഉണ്ടാവൂ എന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു എന്നത് സങ്കടകരം..

SUNISH THOMAS said...

കാലത്തെ വായിക്കുന്ന കഥ. നന്നായി.
:)

e-Yogi e-യോഗി said...

സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന മൂല്യശോഷണത്തെ നന്നായി പ്രിതിപാതിച്ചിരിക്കുന്നു. നല്ല കഥ.

ഏറനാടന്‍ said...

ഈ കഥക്കൂട്ടില്‍ ഉള്‍പ്പെടുത്തിയതില്‍ മുസരിസിനും അണിയറശില്‍പികള്‍ക്കൂം ഒത്തിരി നന്ദി.. ഞാന്‍ എല്ലാം ഒന്നു വായിച്ചോട്ടെ ആദ്യം?