Friday, September 14, 2007

സൈബര്‍ സല്ലാപം

സൈബര്‍ സല്ലാപം
കഥ - ആര്‍. രാധാകൃഷ്ണന്‍
------------------------

ബൂഗോളത്തിന്റെ രണ്ടു ഭാഗത്ത്‌ പറ്റിയിരുന്ന രണ്ട്‌ കമ്പ്യൂട്ടറുകളില്‍ ചാറ്റ്‌ പുരോഗമിയ്ക്കുന്നു.

ഒരു പരിചയമില്ലാത്തവര്‍ ക്കുപോലും ചിരകാല സുഹൃത്തുക്കളെപ്പോലെ ഇടപെടാന്‍ പുതുസങ്കേതങ്ങള്‍ കൂടുകള്‍ ഒരുക്കി വയ്ക്കുന്നു. ഒരു കൂട്ടില്‍ നിന്നും മറുകൂട്ടിലെ സ്വകാര്യതയിലേക്ക്‌ എത്തി നോക്കാനും. "നമുക്കൊന്ന് കൂടണ്ടേ" എന്ന് ലാല്‍ ഭാര്യയായ സംയുക്തയോട്‌ ലൈഫ്‌ ഈസ്‌ ബ്യൂട്ടിഫുള്‍ ചിത്രത്തില്‍ ചോദിക്കുന്ന അര്‍ത്ഥത്തില്‍ വരെ 'ഓര്‍ക്കൂട്ടു' കൂടുന്ന യുവത്വം-

മൊസാംബിക്കിലെ മലയാളി യുവാവ്‌ ചാറ്റ്‌ ജാലകവാതിലില്‍ കാതരയായൊരു പക്ഷിയെ കണ്ടു. അവളും അവനും 'ഹായ്‌' പറഞ്ഞു തുടങ്ങി.





ആദ്യ വാചകം - "കാതരയായൊരു പക്ഷിയെന്‍ജാലക വാതിലിന്‍ ചാരെ ചിലച്ചനേരം"

ONV കവിതയിലെ വരികളിലൂടെ ഇങ്ങ്‌ മലയാളിക്കരയിലെ പെണ്‍ കുട്ടി തിരിച്ചെഴുതി :

ഇതിന്റെ പല്ലവി ഞാന്‍ പറയാം -"അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍"

മൊസാംബിക്‌ മലയാളി :- "കറക്ട്‌ - U R Correct"

"അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ ഒരു മാത്ര വെറുതെ നിനച്ചു പോയി"

അവരുടെ ചാറ്റ്‌, ചാറ്റല്‍ മഴയുടെ ആര്‍ദ്രത കൈക്കൊണ്ട്‌ മണിക്കൂറുകള്‍ പിന്നിട്ടു.ആദ്യ സമാഗമ ലജ്ജയില്‍ആതിര താരകം സൈറ്റടിച്ചോ?

"വെബ്കാമറയിലൂടെ ഒരു നോക്ക്‌ കണ്ടോട്ടെ" എന്ന യുവാവിന്റെ അഭ്യര്‍ത്ഥന പെണ്‍ കുട്ടി നിരസിച്ചു.

ദിവസങ്ങള്‍ കഴിയുമ്പോള്‍ - ചാറ്റല്‍ മഴ കനക്കാതെ കനത്തു - പക്ഷേ അപ്പോഴും തമ്മില്‍ കാണാതെ - ചിത്രങ്ങള്‍ അന്യോനം കൊടുക്കാതെ.........

-ഒരു ദിവസം - ഏതോ ഒരു കുസൃതി കലര്‍ത്തിയ ശൃംഗാര ചോദ്യം അവന്‍ ചോദിച്ചു

അവന്‍ : ഇപ്പോള്‍ നിന്റെ കവിള്‍ തുടുക്കുന്നത്‌ ഞാനറിയുന്നു - കാണുന്നു -

അവള്‍ : അതെങ്ങിനെ? ത്രിക്കണ്ണുണ്ടോ, അവിടെ?

അവന്‍ : ഉണ്ടെങ്കില്‍?അവള്‍ : തുറക്കേണ്ട, ആ കണ്ണ്‍ തുറന്നാല്‍ ഞാന്‍ ഒരു പിടി ash ആയാലോ?

(മംഗ്ലീഷ്‌ കലക്കുന്നു - മലയാളം ഇംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്യുന്ന രീതി -)

അവന്‍ : അതെ നീ എനിയ്ക്ക്‌ Ash-Aiswarya Rai തന്നെ.

അവന്‍ മനസ്സില്‍ ഓര്‍ത്തു - "എന്റെ ആ ചോദ്യത്തിന്‌ അവള്‍ എന്റെ അരികിലുണ്ടായിരുന്നെങ്കില്‍ മറുപടി എന്റെ കവിളത്തൊരടിയായിരുന്നേനെ?എന്റെ കവിള്‍ തുടുത്തേനെ? അകലെയായതിനാല്‍ ആശ്വാസം"

അപ്പോള്‍ അവളിങ്ങനെ ഓര്‍ത്തു:- "ഏതൊരവനും കാണാത്ത പെണ്ണിന്റെ വാചക ഭംഗിയില്‍ അവളെ ഐശ്വര്യാറായിയായി കാണുന്നുണ്ടോ? പിന്നെയാണോ ഈ മൊസ്സാംബിക്കിലൊക്കെയിരിക്കുന്ന മലയാളി? മുസ്ലീം പേരുള്ള ഈ പയ്യന്‍"

ഈയിടെ കേട്ട ഒരു GK ചോദ്യത്തിന്റെ ഉത്തരം മനസ്സിലുടക്കിയതു അപ്പോഴാണ്‌ -

അവന്‍ ഇരിക്കുന്ന രാജ്യത്തെ ദേശീയ പതാകയെ അപ്പോളവള്‍ മനസ്സില്‍ കണ്ടു -

മൊസ്സാംബിക്കിന്റെ ദേശീയ പതാകയിലെ ചിഹ്നം AK 47 തോക്കാണ്‌ -

ഒരു പഴയ പീസിയുടെ സ്പീക്കറിന്റെ പശ്ചാത്തലത്തില്‍ കേള്‍ക്കുന്നുണ്ടായിരുന്നു-

"രണ വീരനോ അവന്‍ യുവധീരനോ
അനിരുദ്ധനോ അവന്‍ അഭിമന്യുവോ
എന്റെ അഭിനിവേശങ്ങളെ വിരല്‍
തൊട്ടുണര്‍ത്തിയ കാമുകനോ
ഇവനൊരു ഭീകരനോ"

ആസ്ട്രേലിയായില്‍ ഹനീഫിനു പറ്റിയതും ഒരു വിമാനത്തില്‍ സംയുക്തക്കും ജയരാജ്‌ വാര്യര്‍ ക്കും പറ്റിയതും അവള്‍ അറിയാതെ ഓര്‍ത്തുപോയി.പ്രണയവും പ്രായോഗികതയും അകലവും അടുപ്പവും പോലെ ആത്മാര്‍ത്ഥതയും തീവ്രവാദവും പോലെ ഈ ദ്വന്ദങ്ങളെല്ലാം അവളുടെ ഉള്ളില്‍ കയ്ച്ചിട്ട്‌ ഇറക്കാനും മധുരിച്ചിട്ട്‌ തുപ്പാനും പ്രേരണയായി -

Tuesday, August 14, 2007

നിവേദിതയ്ക്ക് ഒന്നുമറിയില്ലായിരുന്നു!


ചെറുകഥ


സാല്‍ജോ



“ബാബ, ബാബ വോ ലോഗ് ഗൈയേ? ബാബാ.. കഹാ ഹോ ആ‍പ്?” (ബാബ, അവരെല്ലാം പോയോ, നിങ്ങളെവിടെയാ?)

നിവേദിതാ ചദോപാധ്യായ എന്ന പതിനാറുകാരിയുടെ സ്വരം ശൂന്യമായ ആ കോറിഡോറില്‍ പ്രതിധ്വനിച്ചു. ഒരു സംസ്കാരത്തിന്റെ കുറെ സ്മാരകങ്ങള്‍ അവശേഷിപ്പിച്ച് ബ്രിട്ടീഷ് യാത്രയായി! ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്ന ആ ബംഗ്ലാവില്‍ ഇനിയാ‍രുമില്ല. മടക്കയാത്രയുടെ അവസാനത്തെ ഭാണ്ഡവും കയര്‍മുറുക്കി അവര്‍ ഇപ്പൊഴേ യാത്രയായി. സ്വാതന്ത്ര്യം അംഗീകരിക്കുന്നതിനും മുന്‍പുതന്നെ!ഒരുപക്ഷേ അവര്‍ ഭയന്നിട്ടുണ്ടാകണം. ഭരണം കറുത്തവനെ ഏല്‍പ്പിച്ചു മടങ്ങുമ്പോള്‍ ചിലപ്പോള്‍ കല്ലെറിഞ്ഞു തങ്ങളെ കൊന്നുകളയാം. ഇത്രയ്ക്കും ശക്തമായ പ്രതിഷേധം ബ്രിട്ടീഷിനെ തളര്‍ത്തികളഞ്ഞിരുന്നുവോ?

“ബാബാ, അംഗ്രേജ് സാരെ ഗയാനാ? അബ് യേ സബ് ഹമാരി ഹേനാ?” (ഇംഗ്ലീഷുകാര്‍ പോയില്ലേ? ഇനിയിതെല്ലാം നമ്മുടെയല്ലേ?) ബംഗ്ലാവിന്റെ മേല്‍നോട്ടം വഹിക്കുന്ന ശ്യാം ചദോപാധ്യായ എന്ന നിവേദിതയുടെ ബാബ അവിടെയില്ലായിരുന്നു. പുറത്ത് മേളമാണ്. ഒരു വശത്ത് രഹസ്യ ചര്‍ച്ചകള്‍... ഹിന്ദുക്കള്‍ ഒരു പകുതിയില്‍, മുസ്ലീം ജനത മറ്റൊരു വശത്ത്. തന്റെ കൂടെ പഠിക്കുന്ന ഹമീദ്, സൈറ... എല്ലാവരും പോകുന്നു. അപ്പോ ഇനിയിവിടെ ആരാ ഉണ്ടാവുക. ചിതറിക്കിടക്കുന്ന കാഴ്ചവസ്തുക്കളും, ഉപേക്ഷിക്കപ്പെട്ട തോക്കുകളുടെ അവശിഷ്ടങ്ങളും, തട്ടാതെ നിവേദിത മുറികളിലൂടെ നടന്നു. ഇനിയൊരുപക്ഷേ ബ്രിട്ടിഷിനു ശേഷം ഈ വീടും ബാബയ്ക്ക് കിട്ടിയെങ്കിലോ? അവള്‍ക്കിനി എവിടെ വേണമെങ്കിലും നടക്കാം. ആ കെട്ടിടത്തിന്റെ പ്രൌഢി അവളെ പുളകം കൊള്ളിച്ചു. ഇനി ധൈര്യമായി ഇറങ്ങി നടക്കാം, ചാന്ദിനും, രമണ്‍ സിങിനുമൊപ്പം പട്ടം പറത്താം. എവിടെയോ എന്തോ തട്ടിവീഴുന്ന ശബ്ദം കേട്ട് അവള്‍ ആ വഴിക്കുനടന്നു. സേര്‍ജെന്റ്മാരുടെ ഡോര്‍മെറ്ററിയും വിട്ട് അവള്‍ അകത്തേയ്ക്കു കടന്നു.

ഭിത്തിയില്‍ ചാരി നിന്ന് ഒരു ഇംഗ്ലീഷുകാരന്‍ നിന്ന് കിതയ്ക്കുന്നു.

“യൂ..യൂ.. ഡോണ്ട് ഗോ?... മേരാ മത്‌ലബ് ഹേ കി ആപ്... ആപ് നഹി ജാവോഗെ?”
അവള്‍ അല്പം സങ്കോചത്തോടെ അകത്തേയ്ക്ക് നടന്നു. ബ്രിട്ടീഷുകാരുടെ മുന്നില്‍ ചെല്ലരുതെന്ന് അമ്മ പറയാറുണ്ട്. ക്രൂരന്മാരാണത്രേ. ബാബയ്ക്കും പലപ്പോഴും അവരെ ഇഷ്ടമല്ല്ലായിരുന്നു എന്ന് അവളോര്‍ത്തു.

“മീ.. ഹഹ്.. മുജ്ഝേ യഹാ ഝോട് ദിയാ.. ഹൈ..” (“എന്നെ അവരിവിടെ വിട്ടുകളഞ്ഞു“) അയാളുടെ കണ്ണുകള്‍ കുറുകി, നീലകൃഷ്ണമണികള്‍ മാത്രം തിളങ്ങി.
“മഗര്‍ ക്യോം“(എന്തുകൊണ്ട്”)

മുഖത്തെ മാസപേശികള്‍ വലിഞ്ഞുമുറുകുന്നതുകണ്ട് അവള്‍ക്ക് ഭയം ഇരട്ടിച്ചു. അയാള്‍ വാതിലിനടുത്തേയ്ക്ക് നടന്ന് ഡോറില്‍ ചാരി നിന്നു. “ക്യോംകി.....” അയാള്‍ പറഞ്ഞുതുടങ്ങി.
കലാപത്തിനിടെ ആരോ അയ്യാളുടെ ഒരു കാല്‍ വെട്ടിയ കഥ.സിം‌പ്സണ്‍ ഡഹ്സ് എന്ന ആ സെര്‍ജെന്റിന് കാല്‍ നഷ്ടമായി, ജീവിതവും. സഹപ്രവര്‍ത്തകര്‍പോലും തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ പരക്കം പായുകയായിരുന്നെന്ന വാര്‍ത്ത നിവേദിതയ്ക്ക് തികച്ചും പുതിയതായിരുന്നു. എപ്പോള്‍ വേണമെങ്കിലും കറുത്തവര്‍ അവരെ ആക്രമിച്ചേയ്ക്കാം. ആശുപത്രിയില്‍ നിന്ന് അയാളെ ആരോ തല്ലി. അങ്ങനെ അയാള്‍ ഡോര്‍മെറ്ററിയില്‍ തിരികെയെത്തി. തലേന്ന് രാത്രി കൂടെയുള്ളവര്‍ എല്ലാം
പൊയ്ക്കഴിഞ്ഞു. തന്നെ കൊണ്ടുപോകാന്‍ അവര്‍ വരും എപ്പോഴെങ്കിലും. നേര്‍ത്തവേദന സിം‌പ്സണ്ന്റെ ശബ്ദത്തില്‍ ഉണ്ടായിരുന്നു.

ഇനി... അവര്‍ വന്നില്ലെങ്കിലോ? നിവേദിത അങ്ങനെയാ‍ണ് ചിന്തിച്ചത്. ബാബാ എവിടുണ്ടാവും.

അവള്‍ പുറത്തേയ്ക്ക് നടക്കാനൊരുങ്ങി. പക്ഷേ സിം‌പ്സണ്‍ തുടര്‍ന്നു...
‘ഒരുപക്ഷേ ഇപ്പോ ഇവിടാരുമില്ലാതിരുന്നത് നിന്നെ കാണാനാണെങ്കിലോ’ അയാളുടെ നീലക്കണ്ണുകള്‍ നിവേദിത എന്ന കൌമാരത്തിനുമേല്‍ പരതി നടക്കുന്നത് അവളും അറിഞ്ഞു. ഹേയ് കാലീ.... ഇവിടെ വാ‍...

‘ഞാന്‍ പോകുന്നു’ എന്ന് പറഞ്ഞവള്‍ പുറത്തേയ്ക്ക് നടക്കാനൊരുങ്ങി.
സിം‌പ്സണ്‍ അവളുടെ തോളില്‍ പിടിച്ചു. ‘ബാബ്..’ അവളുടെ ശബ്ദത്തെ മുറിച്ച് അയാളുടെ കരം അമര്‍ന്നു. ഒരു ഹിംസ്രജന്തുവിന്റെ കാമവായ്പ്പും ഉയര്‍ന്ന ഉഛ്വാസവും അയാളില്‍ നിന്ന് ഉയര്‍ന്നു. കുതറിമാറാന്‍ അവളൊരു വിഫല ശ്രമം നടത്തി. ഒരു കാലിന്റെ അഭാവത്തിലും ആ കാമത്തിന്റെ ശക്തിയില്‍ അവള്‍ക്ക് ചലിക്കാന്‍ പോലുമായില്ല. കാമത്തിന്റെ കണങ്ങളെപ്പോഴൊ അയ്യാളുടെ കരുത്തിനെ അണച്ചുകഴിഞ്ഞിരുന്നു. ഒരു മാത്ര അവളില്‍ ഒരേങ്ങല്‍ മാത്രമുയര്‍ന്നു. സിം‌പ്സണ്‍‌ ക്രൂരമായി ചിരിച്ചു. വേദനയുടെ കൊടുമുടിയിലും ചോര ഇറ്റുവീഴുന്ന മുറിഞ്ഞകാലും... ഇന്ത്യയോടുള്ള അയ്യാളുടെ അവസാന പ്രതികാരവും. ‘ആഗണി അന്റ് എക്സ്റ്റസി’ അയ്യാള്‍ പിറുപിറുത്തു.

ഇന്ത്യയുടെ പതാകയുമേന്തി, ബാബാ എന്ന ശ്യാം ചദോപാധ്യായ തട്ടിയുടഞ്ഞ ഒരു സ്വാതന്ത്യത്തിന്റെ ആ തേങ്ങലുകള്‍ തേടി ഇടനാഴികടന്നെത്തുന്നുണ്ടായിരുന്നു. സിം‌പ്സണ്‍‌ന്റെ ശിരസുപിളര്‍ന്ന നിലവിളി പുറത്തെ വിജയകാഹളത്തില്‍ ആരും കേട്ടില്ല. കണ്ണുനീരിറ്റി താന്‍ പുതപ്പിച്ച ചെറിയ പതാകയും ശരീരത്തോട് ചേര്‍ത്തിരിക്കുന്ന നിവേദിയെ കടന്ന്, അവസാനത്തെ സ്വാതന്ത്യത്തിന്റെ ഹിംസയും കഴിഞ്ഞ് അയാള്‍ നിന്ന് കിതച്ചു.

ബ്രിട്ടീഷ് ദുസ്വാതന്ത്യത്തിന്റെ അവസാനരേതസിനൊപ്പം നിവേദിതയുടെ ചോരവാര്‍ന്നിരുന്നു. അവള്‍ ശരീരത്തോട് ചേര്‍ത്ത പതാകയിലെ വെളുപ്പ് കുറഞ്ഞു വന്നു.

പതറിയ സ്വരത്തില്‍ ശ്യാം ചദോപാധ്യായയുടെ വിളി ഏങ്ങലില്‍ പകുതിയെത്തി വിറകൊണ്ടു.
“ഭാരത് മാതാ.... ... ... ... ”


------------------
എല്ലാ വായനക്കാര്‍ക്കും കഥക്കൂട്ടിന്റെ സ്വാതന്ത്യദിനാശംസകള്‍.

Saturday, August 11, 2007

ഒരുക്കം

ചെറുകഥ

- ഗിരീഷ്കുമാര്‍ കൂനിയില്‍

***


***
എന്റെ പ്രിയപ്പെട്ടവള്‍ക്ക് ഇടിയും മിന്നലുമായിരുന്നു ഏറ്റവും ഭയം.

മഴക്കാലത്ത് ഇരുട്ടിയാല്‍ പിന്നെ അവള്‍ പുറത്തിറങ്ങാറില്ല. കതകടച്ച് ജനലൊക്കെ കര്‍ട്ടനിട്ട് മൂടി പുതപ്പെടുത്ത് ചുറ്റിപ്പുതച്ച് കസേരയിലോ, കട്ടിലിന്റെ മൂലയിലോ ചുരുണ്ടുകൂടി ഇരിക്കും. മിന്നല്‍ പിണരുകള്‍ ജനലുകളില്‍ ചിത്രം വരക്കുമ്പോള്‍ കണ്ണുമൂടി നാമം ജപിക്കും.

അപ്പോഴും ഞങ്ങളുടെ മകന്‍ ഉമ്മറത്തിണ്ണയില്‍ ചെന്നിരുന്ന് മിന്നലിനോടും മഴക്കുളിരിനോടും ചങ്ങാത്തം കൂടാന്‍ ശ്രമിക്കും. അവന് സ്ഫോടന ശബ്ദം വലിയ ഹരമാണ്. വിഷുവിന് അങ്ങേ വീട്ടിലെ കുട്ടികള്‍ പടക്കം പൊട്ടിക്കുമ്പോള്‍ അതിനെക്കാള്‍ ശബ്ദമുള്ളവ പൊട്ടിക്കാനായിരുന്നു അവന്റെ വാശി. അല്‍പ്പം വളര്‍ന്നു കഴിഞ്ഞപ്പോള്‍ എത്രയെത്ര ഗംഭീര ശബ്ദമാണ് അവനുണ്ടാക്കുന്നതെന്ന് അറിയാമോ?
അതിനൊക്കെ അവനെ സഹായിക്കാന്‍ കുറെപ്പേര് ഉണ്ട് കേട്ടോ!

ഇന്നിപ്പോള്‍ കഥയൊക്കെ മാറി. എന്റെ പ്രിയപ്പെട്ടവള്‍ക്കും സ്ഫോടനങ്ങള്‍ ഹരമായി മാറിയിരിക്കുന്നു. ഇന്നലെ കേട്ട ശബ്ദത്തെക്കാള്‍ ഗംഭീരമായ ഒന്നൊരുക്കുന്ന തിരക്കിലാണ് അവളും മക്കളും പിന്നെ തകര്‍ന്നുപോയ പുര മേയാന്‍ സഹായിച്ചവരും. നാളേക്കായി ഇതിനേക്കാള്‍ വലുതൊന്ന് മറ്റവരും ഒരുക്കിയേക്കാമെന്ന് ചിന്തിക്കാന്‍ അവര്‍ക്കാകുന്നില്ല. കാരണം അവരൊക്കെ നോക്കിനില്‍ക്കുമ്പോഴാണല്ലോ ഞാനില്ലാതായ ആ സ്ഫോടനം നടന്നത്.

കഥാകൃത്തിന്റെ വിലാസം

“സുഗതി”
പി.ഒ അരക്കിണര്‍
കോഴിക്കോട് - 673028

(ആനുകാലികങ്ങളില്‍ കഥയെഴുതി ശ്രദ്ധേയനായ കഥാകൃത്ത് ആണ് ശ്രീ ഗിരീഷ്കുമാര്‍ കൂനിയില്‍, ഇപ്പോള്‍ യു എ ഇ ലെ അബുദാബിയില്‍ ജോലി ചെയ്യുന്നു. മൊബൈല്‍ നമ്പര്‍ : 050-7619557)

Tuesday, July 24, 2007

നല്ല സമരിയാക്കാര്‍







കഥ : ആര്‍. രാധാകൃഷ്ണന്‍


***



കുറെയേറെ മാസങ്ങള്‍ ക്കു മുമ്പ്‌ ഏതോ വാരികയിലാണെന്നു തോന്നുന്നു ആഭരണം അണിയുന്ന പുരുഷന്മാരെ കളിയാക്കി പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ കിഷോര്‍ വായിച്ചത്‌.

ചെയിനും ബ്രേസ്‌ ലെറ്റും ധരിക്കുന്ന പുരുഷന്മാരെ "പെണ്ണാണന്മാര്‍" എന്നോ മറ്റോ ആണ്‌ അതില്‍ വിശേഷിപ്പിച്ചത്‌. സ്ത്രീ പുരുഷ ഭേദവും അംഗപ്രത്യംഗ പ്രത്യയശാസ്ത്രവും വിശകലനം ചെയ്ത്‌ പുരുഷന്മാര്‍ ആഭരണധാരികളാവേണ്ടതില്ലെന്ന് ശഠിച്ച ലേഖനത്തിന്‌ കൂട്ടുപിടിച്ചും സ്വയം ബോദ്ധ്യപ്പെട്ടും കിഷോര്‍ താന്‍ സ്ഥിരമായി ധരിക്കാറു ള്ള സ്വര്‍ണ്ണമാലയും വിവാഹമോതിരം വരെയും വീട്ടില്‍ വച്ചിട്ട്‌ 'നിരാഭരണനാ'യേ ഇപ്പോള്‍ പുറത്ത്‌ പോകാറുള്ളൂ.

ആരാലും തകര്‍ക്കപ്പെടാനാവില്ലെന്ന് കരുതപ്പെടുന്ന ബാങ്ക്‌ ലോക്കറുകളില്‍ 'അണിയല്‍ ഭാഗ്യം' നിഷേധിക്കപ്പെട്ട, ബഹുഭൂരിപക്ഷം മലയാളി സ്ത്രീകളുടെ ആഭരണക്കൂട്ടങ്ങളുടെ കൂട്ട ദൌര്‍ഭാഗ്യം കിഷോറിന്റെ ആഭരണങ്ങള്‍ ക്കും വന്നുചേര്‍ ന്നു എന്ന് മാത്രം കരുതുക.

കഴിഞ്ഞ രണ്ടുമൂന്ന് ദിവസത്തെ ഗതിവിഗതികള്‍ കിഷോറിന്റെ ഉറച്ച തീരുമാനത്തെ ഉലച്ചത്‌ ശ്രദ്ധിക്കുക.

കിഷോറിന്റെ അടുത്ത സുഹൃത്ത്‌ രാധേശ്യാമിനെ കാണാനിടയായപ്പോള്‍ അയാള്‍ പദ്ധതിയിട്ടിട്ട്‌ നടക്കാതെ പോയ പിക്ക്നിക്കിന്റെ കഥ പറഞ്ഞാണ്‌ തുടക്കം.

രാധേശ്യാം പറഞ്ഞു തുടങ്ങി.

"കുമാറും കുടുംബവും ഞാനും ജോസഫും പിന്നെ നമ്മുടെ രാജ്കുമാറും നെല്ലിയാമ്പതിയിലേയ്ക്ക്‌ പിക്നിക്‌ പ്ലാന്‍ ചെയ്തു. ഞങ്ങള്‍ മൂന്നു ഗ്രൂപ്പുകളായി കണ്ണാടി ജംഗ്ഷനില്‍ 8.30 ന്‌ കണ്ടു മുട്ടാമെന്ന് തീരുമാനിച്ച്‌ പിരിഞ്ഞതാണ്‌ കുമാറും കുടുംബവും. പറഞ്ഞ സ്ഥലത്ത്‌ 8.30 ന്‌ തന്നെ എത്തി. ഞാനും ജോസഫും പ്രതീക്ഷിച്ചതിലും അരമണിക്കൂര്‍ താമസിച്ചേ പുറപ്പെട്ടുള്ളുവെന്നതിനാല്‍ പത്ത്‌ മണിയ്ക്കേ എത്തിയുള്ളൂ. രാജ്കുമാറിന്‌ ഇനിയും അരമണിക്കൂര്‍ കഴിഞ്ഞേ പുറപ്പെടാനായുള്ളൂ എന്ന് ഊഹിച്ചാല്‍ തന്നെ പത്തരയ്‌ ക്കെങ്കിലും പറഞ്ഞയിടത്ത്‌ എത്തേണ്ടതല്ലേ? അവന്‍ എത്തിയില്ല!!

മണിക്കൂര്‍ തോതില്‍ സമയവും കി.മീറ്ററില്‍ ദൂരവും അടങ്ങുന്ന നൂമെറിക്‌ പസിലിലേതെന്ന പോലെ അമാന്തിച്ച മണിക്കൂറുകളും തരണം ചെയ്യേണ്ടുന്ന ദൂരവും കണക്കുകൂട്ടി പ്രശ്ന നിര്‍ധാരണത്തിന്‌ അവര്‍ മുതിര്‍ന്നില്ല.

രാജ്കുമാര്‍ വഴിയേ എത്തിക്കോളും എന്ന് സമാധാനിച്ച്‌ രണ്ട്‌ ബൈക്കുകളും നെല്ലിയാമ്പതിയ്ക്ക്‌ തിരിക്കാന്‍ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ നിര്‍ത്തിയതാണ്‌ പക്ഷേ, ജോസഫിന്റെ മനസ്സ്‌ ആശങ്കാകുലമാകുകയും വന്ന വഴിയില്‍ തിരികെ പോയി രാജ്കുമാറിനെ തെരയാന്‍ രാധേശ്യാമിനെ നിര്‍ബന്ധിക്കുകയും ചെയ്തു.

ജോസഫിനെ പുറകില്‍ കയറ്റി രാധേശ്യാം തന്റെ യമഹ തിരിച്ചു വിട്ടു.

രാജ്കുമാര്‍ പുറപ്പെടേണ്ട സ്ഥലം വരെ ഡ്രൈവ്‌ ചെയ്തിട്ടും പ്രയോജനമുണ്ടായില്ല.

സൂര്യന്‍ ഉച്ചത്തിലാവുകയും അവരുടെ പിക്നിക്കിനായി കണ്ടുവച്ച സുവര്‍ണ്ണ സമയം നഗരപരിസരത്ത്‌ തന്നെ പാഴാവുകയും ചെയ്തുകൊണ്ടിരുന്നു.

നിരാശരായി തിരിച്ച്‌ വരുമ്പോള്‍ കുറച്ചകലെ പാടത്തേയ്ക്ക്‌ ഒരു വശം ചരിഞ്ഞു കിടക്കുന്ന ബൈക്ക്‌.

റോഡ്‌ വിജനവും ബൈക്ക്‌ അനാഥവും ആയിരുന്നു. തിരക്കിട്ട്‌ അങ്ങോട്ടുപോയപ്പോള്‍ അത്‌ ശ്രദ്ധിക്കാതെ പോയതോ?

പെട്ടെന്ന് ബൈക്ക്‌ നിര്‍ത്തി.

തിരക്കിയപ്പോള്‍ ബൈക്ക്‌ യാത്രികനെ തട്ടിയിട്ട്‌ പാണ്ടി ലോറി നിര്‍ത്താതെ ഓടിച്ചു പോയതും അയാളെ വേഗം ആശുപത്രിയില്‍ എത്തിക്കാനുള്ള ഏര്‍പ്പാടാക്കിയതും അറിയാന്‍ കഴിഞ്ഞു.

ബൈക്ക്‌ യാത്രികന്റെ അടയാളങ്ങള്‍ രാജ്കുമാറിന്റെ പ്രകൃതത്തോട്‌ യോജിയ്ക്കുകയുണ്ടായിട്ടും ബൈക്കിന്റെ നമ്പര്‍ കൃത്യമായി ഓര്‍മ്മയില്ലാത്തതിനാല്‍ നൂറു ശതമാനം വിശ്വാസം വരാതെ ആശുപത്രിയില്‍ പോയി തിരിക്കാന്‍ അവര്‍ തീരുമാനിച്ചു. (പിന്നീട്‌ അയാള്‍ രാജ്കുമാര്‍ തന്നെയെന്ന് സ്ഥിരീകരിക്കപ്പെട്ടു.)

ചായക്കടയില്‍ ഇരുന്ന രണ്ടു ചെറുപ്പക്കാര്‍ അപകടത്തില്‍ പ്പെട്ട തങ്ങളുടെ സുഹൃത്തിനെ ഒരു ടാക്സിയില്‍ കയറ്റി ജില്ലാ ആശുപത്രിയിലേക്ക്‌ പോയിക്കഴിഞ്ഞുവെന്നും കൈലി മുണ്ടും ഉടുപ്പും ധരിച്ച ആ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ അവസരത്തിനൊത്ത്‌ ഉയര്‍ന്നതാകയാല്‍ രാജ്കുമാര്‍ രക്ഷപ്പെടുമെന്നും അവിടെ കൂടിയിരുന്നവര്‍ കൂട്ടിചേര്‍ത്തു.

ജില്ലാ ആശുപത്രിയില്‍ നിന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ ട്രസ്റ്റിലേക്ക്‌ കൊണ്ടുപൊയ്‌ ക്കൊള്ളാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ രോഗിയെ അതേ ടാക്സിയില്‍ തന്നെ അവിടെ എത്തിക്കുകയുണ്ടായി.

രണ്ടു ദിവസത്തെ തീവ്രപരിചരണത്തിനുശേഷം സുഖം പ്രാപിച്ച രാജ്കുമാര്‍ തന്റെ സുഹൃത്തുക്കളോട്‌ പറഞ്ഞതിലെ ആശയമാണ്‌ നമ്മുടെ കഥാനായകന്‍ കിഷോറിനെ തന്റെ തീരുമാനത്തെക്കുറിച്ച്‌ രണ്ടാമതൊന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്‌.

തലപൊട്ടി ചോരവാര്‍ന്ന് തളര്‍ന്ന് കിടന്ന രാജ്കുമാറിനെ അരുകില്‍ കിടത്തി ആ ചെറുപ്പക്കാര്‍ ഇടയ്‌ ക്കെപ്പോഴോ നടത്തിയ സംഭാഷണ ശകലമാണ്‌ സുഹൃത്തുക്കള്‍ക്കായി അയാള്‍ ഉദ്ധരിച്ചത്‌.

പാതിബോധത്തില്‍ പ്രതികരിക്കാനാവാതെ രാജ്കുമാര്‍ സശ്രദ്ധം കേട്ടത്‌ ഇങ്ങനെയായിരുന്നു.

ഒന്നാമന്‍: "എടാ, പ്രത്യേകിച്ച്‌ ഒരു വരുമാനവുമില്ലാത്ത നമ്മള്‍ ഇദ്ദേഹത്തെ രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയിട്ട്‌ ടാക്സി ചാര്‍ജ്ജും മെഡിക്കല്‍ ട്രസ്റ്റ്‌ ഫീസും നമുക്ക്‌ പ്രശ്നം ആവുമോ?".

രണ്ടാമന്‍: "യൂ ഡോണ്ട്‌ വറി മാന്‍, ഇദ്ദേഹത്തിന്റെ കഴുത്തിലെ സ്വര്‍ണ്ണച്ചങ്ങലയും വിരലിലെ മോതിരവും തീരുന്നതുവരെയാകാമല്ലോ നമ്മുടെ സഹായം ചെയ്യല്‍ സാഹസം!!"

പുതിയ 'നല്ല സമരിയാക്കാരാ'യ ചെറുപ്പക്കാരെ മനസ്സിലാക്കിയ കിഷോര്‍ പൂട്ടിവച്ച ആഭരണങ്ങള്‍ തിരികെയെടുത്ത്‌ അണിയാന്‍ തീരുമാനിക്കുകയായിരുന്നു. ധാരാളം നല്ല സമരിയാക്കാര്‍ ഉള്ള സമൂഹത്തില്‍ പുത്തന്‍ സാമ്പത്തിക നയങ്ങളില്‍ സ്വയം വിഭവ സമാഹരണം മുഖ്യ അജണ്ടയും ഉപായവും ആയിരിക്കുമ്പോള്‍ കിഷോറിനുണ്ടായ മാനസിക ഉണര്‍വ്‌ വായനക്കാര്‍ ക്കും ആശംസിക്കുന്നു.