Tuesday, August 14, 2007
നിവേദിതയ്ക്ക് ഒന്നുമറിയില്ലായിരുന്നു!
ചെറുകഥ
സാല്‍ജോ
“ബാബ, ബാബ വോ ലോഗ് ഗൈയേ? ബാബാ.. കഹാ ഹോ ആപ്?” (ബാബ, അവരെല്ലാം പോയോ, നിങ്ങളെവിടെയാ?)
നിവേദിതാ ചദോപാധ്യായ എന്ന പതിനാറുകാരിയുടെ സ്വരം ശൂന്യമായ ആ കോറിഡോറില്‍ പ്രതിധ്വനിച്ചു. ഒരു സംസ്കാരത്തിന്റെ കുറെ സ്മാരകങ്ങള്‍ അവശേഷിപ്പിച്ച് ബ്രിട്ടീഷ് യാത്രയായി! ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്ന ആ ബംഗ്ലാവില്‍ ഇനിയാരുമില്ല. മടക്കയാത്രയുടെ അവസാനത്തെ ഭാണ്ഡവും കയര്‍മുറുക്കി അവര്‍ ഇപ്പൊഴേ യാത്രയായി. സ്വാതന്ത്ര്യം അംഗീകരിക്കുന്നതിനും മുന്‍പുതന്നെ!ഒരുപക്ഷേ അവര്‍ ഭയന്നിട്ടുണ്ടാകണം. ഭരണം കറുത്തവനെ ഏല്‍പ്പിച്ചു മടങ്ങുമ്പോള്‍ ചിലപ്പോള്‍ കല്ലെറിഞ്ഞു തങ്ങളെ കൊന്നുകളയാം. ഇത്രയ്ക്കും ശക്തമായ പ്രതിഷേധം ബ്രിട്ടീഷിനെ തളര്‍ത്തികളഞ്ഞിരുന്നുവോ?
“ബാബാ, അംഗ്രേജ് സാരെ ഗയാനാ? അബ് യേ സബ് ഹമാരി ഹേനാ?” (ഇംഗ്ലീഷുകാര്‍ പോയില്ലേ? ഇനിയിതെല്ലാം നമ്മുടെയല്ലേ?) ബംഗ്ലാവിന്റെ മേല്‍നോട്ടം വഹിക്കുന്ന ശ്യാം ചദോപാധ്യായ എന്ന നിവേദിതയുടെ ബാബ അവിടെയില്ലായിരുന്നു. പുറത്ത് മേളമാണ്. ഒരു വശത്ത് രഹസ്യ ചര്‍ച്ചകള്‍... ഹിന്ദുക്കള്‍ ഒരു പകുതിയില്‍, മുസ്ലീം ജനത മറ്റൊരു വശത്ത്. തന്റെ കൂടെ പഠിക്കുന്ന ഹമീദ്, സൈറ... എല്ലാവരും പോകുന്നു. അപ്പോ ഇനിയിവിടെ ആരാ ഉണ്ടാവുക. ചിതറിക്കിടക്കുന്ന കാഴ്ചവസ്തുക്കളും, ഉപേക്ഷിക്കപ്പെട്ട തോക്കുകളുടെ അവശിഷ്ടങ്ങളും, തട്ടാതെ നിവേദിത മുറികളിലൂടെ നടന്നു. ഇനിയൊരുപക്ഷേ ബ്രിട്ടിഷിനു ശേഷം ഈ വീടും ബാബയ്ക്ക് കിട്ടിയെങ്കിലോ? അവള്‍ക്കിനി എവിടെ വേണമെങ്കിലും നടക്കാം. ആ കെട്ടിടത്തിന്റെ പ്രൌഢി അവളെ പുളകം കൊള്ളിച്ചു. ഇനി ധൈര്യമായി ഇറങ്ങി നടക്കാം, ചാന്ദിനും, രമണ്‍ സിങിനുമൊപ്പം പട്ടം പറത്താം. എവിടെയോ എന്തോ തട്ടിവീഴുന്ന ശബ്ദം കേട്ട് അവള്‍ ആ വഴിക്കുനടന്നു. സേര്‍ജെന്റ്മാരുടെ ഡോര്‍മെറ്ററിയും വിട്ട് അവള്‍ അകത്തേയ്ക്കു കടന്നു.
ഭിത്തിയില്‍ ചാരി നിന്ന് ഒരു ഇംഗ്ലീഷുകാരന്‍ നിന്ന് കിതയ്ക്കുന്നു.
“യൂ..യൂ.. ഡോണ്ട് ഗോ?... മേരാ മത്‌ലബ് ഹേ കി ആപ്... ആപ് നഹി ജാവോഗെ?”
അവള്‍ അല്പം സങ്കോചത്തോടെ അകത്തേയ്ക്ക് നടന്നു. ബ്രിട്ടീഷുകാരുടെ മുന്നില്‍ ചെല്ലരുതെന്ന് അമ്മ പറയാറുണ്ട്. ക്രൂരന്മാരാണത്രേ. ബാബയ്ക്കും പലപ്പോഴും അവരെ ഇഷ്ടമല്ല്ലായിരുന്നു എന്ന് അവളോര്‍ത്തു.
“മീ.. ഹഹ്.. മുജ്ഝേ യഹാ ഝോട് ദിയാ.. ഹൈ..” (“എന്നെ അവരിവിടെ വിട്ടുകളഞ്ഞു“) അയാളുടെ കണ്ണുകള്‍ കുറുകി, നീലകൃഷ്ണമണികള്‍ മാത്രം തിളങ്ങി.
“മഗര്‍ ക്യോം“(എന്തുകൊണ്ട്”)
മുഖത്തെ മാസപേശികള്‍ വലിഞ്ഞുമുറുകുന്നതുകണ്ട് അവള്‍ക്ക് ഭയം ഇരട്ടിച്ചു. അയാള്‍ വാതിലിനടുത്തേയ്ക്ക് നടന്ന് ഡോറില്‍ ചാരി നിന്നു. “ക്യോംകി.....” അയാള്‍ പറഞ്ഞുതുടങ്ങി.
കലാപത്തിനിടെ ആരോ അയ്യാളുടെ ഒരു കാല്‍ വെട്ടിയ കഥ.സിംപ്സണ്‍ ഡഹ്സ് എന്ന ആ സെര്‍ജെന്റിന് കാല്‍ നഷ്ടമായി, ജീവിതവും. സഹപ്രവര്‍ത്തകര്‍പോലും തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ പരക്കം പായുകയായിരുന്നെന്ന വാര്‍ത്ത നിവേദിതയ്ക്ക് തികച്ചും പുതിയതായിരുന്നു. എപ്പോള്‍ വേണമെങ്കിലും കറുത്തവര്‍ അവരെ ആക്രമിച്ചേയ്ക്കാം. ആശുപത്രിയില്‍ നിന്ന് അയാളെ ആരോ തല്ലി. അങ്ങനെ അയാള്‍ ഡോര്‍മെറ്ററിയില്‍ തിരികെയെത്തി. തലേന്ന് രാത്രി കൂടെയുള്ളവര്‍ എല്ലാം
പൊയ്ക്കഴിഞ്ഞു. തന്നെ കൊണ്ടുപോകാന്‍ അവര്‍ വരും എപ്പോഴെങ്കിലും. നേര്‍ത്തവേദന സിംപ്സണ്ന്റെ ശബ്ദത്തില്‍ ഉണ്ടായിരുന്നു.
ഇനി... അവര്‍ വന്നില്ലെങ്കിലോ? നിവേദിത അങ്ങനെയാണ് ചിന്തിച്ചത്. ബാബാ എവിടുണ്ടാവും.
അവള്‍ പുറത്തേയ്ക്ക് നടക്കാനൊരുങ്ങി. പക്ഷേ സിംപ്സണ്‍ തുടര്‍ന്നു...
‘ഒരുപക്ഷേ ഇപ്പോ ഇവിടാരുമില്ലാതിരുന്നത് നിന്നെ കാണാനാണെങ്കിലോ’ അയാളുടെ നീലക്കണ്ണുകള്‍ നിവേദിത എന്ന കൌമാരത്തിനുമേല്‍ പരതി നടക്കുന്നത് അവളും അറിഞ്ഞു. ഹേയ് കാലീ.... ഇവിടെ വാ...
‘ഞാന്‍ പോകുന്നു’ എന്ന് പറഞ്ഞവള്‍ പുറത്തേയ്ക്ക് നടക്കാനൊരുങ്ങി.
സിംപ്സണ്‍ അവളുടെ തോളില്‍ പിടിച്ചു. ‘ബാബ്..’ അവളുടെ ശബ്ദത്തെ മുറിച്ച് അയാളുടെ കരം അമര്‍ന്നു. ഒരു ഹിംസ്രജന്തുവിന്റെ കാമവായ്പ്പും ഉയര്‍ന്ന ഉഛ്വാസവും അയാളില്‍ നിന്ന് ഉയര്‍ന്നു. കുതറിമാറാന്‍ അവളൊരു വിഫല ശ്രമം നടത്തി. ഒരു കാലിന്റെ അഭാവത്തിലും ആ കാമത്തിന്റെ ശക്തിയില്‍ അവള്‍ക്ക് ചലിക്കാന്‍ പോലുമായില്ല. കാമത്തിന്റെ കണങ്ങളെപ്പോഴൊ അയ്യാളുടെ കരുത്തിനെ അണച്ചുകഴിഞ്ഞിരുന്നു. ഒരു മാത്ര അവളില്‍ ഒരേങ്ങല്‍ മാത്രമുയര്‍ന്നു. സിംപ്സണ്‍ ക്രൂരമായി ചിരിച്ചു. വേദനയുടെ കൊടുമുടിയിലും ചോര ഇറ്റുവീഴുന്ന മുറിഞ്ഞകാലും... ഇന്ത്യയോടുള്ള അയ്യാളുടെ അവസാന പ്രതികാരവും. ‘ആഗണി അന്റ് എക്സ്റ്റസി’ അയ്യാള്‍ പിറുപിറുത്തു.
ഇന്ത്യയുടെ പതാകയുമേന്തി, ബാബാ എന്ന ശ്യാം ചദോപാധ്യായ തട്ടിയുടഞ്ഞ ഒരു സ്വാതന്ത്യത്തിന്റെ ആ തേങ്ങലുകള്‍ തേടി ഇടനാഴികടന്നെത്തുന്നുണ്ടായിരുന്നു. സിംപ്സണ്‍ന്റെ ശിരസുപിളര്‍ന്ന നിലവിളി പുറത്തെ വിജയകാഹളത്തില്‍ ആരും കേട്ടില്ല. കണ്ണുനീരിറ്റി താന്‍ പുതപ്പിച്ച ചെറിയ പതാകയും ശരീരത്തോട് ചേര്‍ത്തിരിക്കുന്ന നിവേദിയെ കടന്ന്, അവസാനത്തെ സ്വാതന്ത്യത്തിന്റെ ഹിംസയും കഴിഞ്ഞ് അയാള്‍ നിന്ന് കിതച്ചു.
ബ്രിട്ടീഷ് ദുസ്വാതന്ത്യത്തിന്റെ അവസാനരേതസിനൊപ്പം നിവേദിതയുടെ ചോരവാര്‍ന്നിരുന്നു. അവള്‍ ശരീരത്തോട് ചേര്‍ത്ത പതാകയിലെ വെളുപ്പ് കുറഞ്ഞു വന്നു.
പതറിയ സ്വരത്തില്‍ ശ്യാം ചദോപാധ്യായയുടെ വിളി ഏങ്ങലില്‍ പകുതിയെത്തി വിറകൊണ്ടു.
“ഭാരത് മാതാ.... ... ... ... ”
------------------
എല്ലാ വായനക്കാര്‍ക്കും കഥക്കൂട്ടിന്റെ സ്വാതന്ത്യദിനാശംസകള്‍.
Subscribe to:
Post Comments (Atom)
15 comments:
കണ്ണുനീരിറ്റി താന്‍ പുതപ്പിച്ച ചെറിയ പതാകയും ശരീരത്തോട് ചേര്‍ത്തിരിക്കുന്ന നിവേദിയെ കടന്ന്, അവസാനത്തെ സ്വാതന്ത്യത്തിന്റെ ഹിംസയും കഴിഞ്ഞ് അയാള്‍ നിന്ന് കിതച്ചു.
എല്ലാവര്‍ക്കും സ്വാതന്ത്യദിനത്തിന്റെ അഭിവാദ്യങ്ങള്‍.!
സാല്‍ജോ എവിടെയോക്കെയോ വേദനയോടെ തറക്കുന്നു താങ്കളുടെ വാക്കുകള്‍.
ചരിത്രത്തിന്റെ ഇടനാഴികളിലെല്ലാം ആരുടെയോക്കെയോ പ്രതികാരങ്ങള്‍ക്കായി കടിച്ച് കുടയുന്ന നിവേദിതമാരെ കാണാം. ഇന്നും അത് തുടരുന്നു. മര്‍ദ്ദകരും മര്‍ദ്ദിതരും മാറി മാറി വന്നാലും മര്‍ദ്ദന രീതിയുടെ ആവര്‍ത്തനവും.
ഒത്തിരി ഇഷ്ടമായി ഈ പോസ്റ്റ്
സ്വാതന്ത്ര്യ ദിനാശംസകള്‍.
സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികള്‍ക്കു പ്രണാമം അര്‍പ്പിച്ചുകൊണ്ട്,
കൂട്ടുകാരാ താങ്ങള്‍ക്കു എന്റെ സ്വാതന്ത്ര്യദിനാശംസകള്‍.....
സാല്‍ജോ അളിയാ,
സത്യം പറഞ്ഞാല്‍ കഥ പോരാ. (പിന്നെന്താ കവിത വേണോ എന്ന് ചോദിക്കരുത്) അന്നത്തെ ഒരു അന്തരീക്ഷത്തിനോട് യോജിക്കുന്നില്ല കഥാ പശ്ചാത്തലം. നമ്മള്‍ ആഗസ്റ്റ് 14ന് യുദ്ധം ചെയ്ത് നേടിയതല്ലല്ലോ. മെല്ലെ പ്ലാന്‍ ചെയ്ത് നടപ്പാക്കിയതല്ലേ സ്വാതന്ത്ര്യം. അപ്പോള്‍ ഈ ഒരു അനിശ്ചിതാവസ്ഥ നിലനിന്ന് കാണാന്‍ വഴിയില്ല. (എന്ന് എനിക്ക് തോന്നുന്നു)
എഴുത്ത് കൊള്ളാം. താങ്കള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍!
അവസാനത്തെ നിമിഷത്തിലും വളരെ ക്രൂരമായ
ആക്രമങ്ങള്‍ അഴിച്ചുവിടാന്‍ ബ്രിട്ടീഷ്കാര്‍ക്ക് കഴിഞ്ഞു
എന്ന് പല കഥകളില്‍ നിന്നും മനസ്സിലാക്കി.
അണയാന്‍ ആളുന്ന ദീപത്തിന്‍ലെ ആളിക്കത്തല്‍
കാമപരവേശത്താല്‍ ഒറ്റക്കാലനായിട്ടുപോലും
ആ പെണ്ണിന്റെ സ്വാതന്ത്ര്യം അയാള്‍ കവര്‍ന്നു...
സ്വാതന്ത്ര്യംകിട്ടിയതിനു ശേഷം ശരിക്കും നമ്മള്‍
സ്വതന്ത്ര്യരായോ എന്ന് കൂടി കഥാകൃത്ത് ആശങ്കപ്പെട്ടിരിക്കുന്നു എന്ന് തോന്നി.
നന്നായി..സാല്‍ജോ
സ്നേഹപൂര്‍വ്വം
കഥ ഒരുപാട് ഇഷ്ടമായി.
സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു.
സാല്‍ജോ കഥ വായിച്ചു.കൊള്ളാം എന്നു ഞാന്‍ കള്ളം പറയുന്നില്ല.പകുതിവരെ ഏറെയെന്തോ പ്രതീക്ഷിച്ചതുകൊണ്ടാവാം സത്യത്തില്‍ നിരാശനായത്.ഞെക്കിപ്പഴുപ്പിച്ചതാണെന്ന തോന്നല്‍.അടുത്തകഥ എന്നാണേഴുതുന്നത്..?
ഇഷ്ടമായി എഴുതിയത്..
ഒന്നും ആരും ഒരിയ്ക്കലും മറക്കാതിരിയ്ക്കട്ടെ..
സ്വാതന്ത്ര്യദിനാശംസകള്‍!
ഇത്തരം ശ്യാം ചദോപാധ്യായമാര്‍ ഇന്നും ഉണ്ടെന്ന് തോന്നുന്നില്ല. നാടന്‍ സിംപ്സണ്‍മാരും നിവേദിതമാരും മാത്രം ഇന്നും ഉണ്ട്. നിവേദിതമാര്‍ക്കൊക്കെ സ്വാതന്ത്ര്യം എന്നുകിട്ടും? ഒരു ജന്മം സുഖമായി ജീവിക്കാന്‍?
പ്രിയ സ്നേഹിത
നന്നായിട്ടുണ്ടു
കൂടുതലായ് പറയാന്‍ അറിവ് കുറവാണ്
നന്‍മകള്‍ നേരുന്നു.
സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍
:)
സാല്‍ജോ..നന്നായിരിക്കുന്നു..
ഒരു കൊല്‍ക്കത്ത ക്ലാസിക്ക് വായിക്കും പോലെ.ദില്‍ബി പറഞ്ഞതു പോലെ അന്നത്തെ സാഹചര്യത്തെ കുറിച്ചു സൂചിപ്പിച്ചതില്‍ എന്തോ ഒരിത്..എന്നാലും നന്നായിരിക്കുന്നു.
സാല്‍ജോ ഭായ്...
കഥ വളരെ ഇഷ്ടപ്പെട്ടു...
എന്തോ, വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു രോമാഞ്ചം!
സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലി കഴിപ്പിച്ച എല്ലാ ഭാരതീയര്‍ക്കും പ്രണാമങ്ങള്‍!
വന്ദേ മാതരം!
സാല്‍ജൊ,
കഥയെഴുത്തിന്റെ രീതി വളരെ ഇഷ്ടപ്പെട്ടു...
നന്നായി..
:)
:)
abhivaadyangngal.
Post a Comment