ബെന്യാമിന്
ഞാനും ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും കൂടി ഒരു കാറില്‍ സഞ്ചരിക്കുന്നു. ഞാന്‍ വാഹനമോടിക്കുകയാണ്. ഭാര്യയും കൂട്ടുകാരിയും വര്‍ത്തമാന കുശുമ്പുകുന്നായ്മകള്‍ കൊറിച്ച് പിന്‍സീറ്റിലും. നല്ല യാത്ര. സുഖപ്രദമായ യാത്ര.
അപ്പോഴുണ്ട് ഒരു സുഹൃത്ത്, വഴിയാത്രക്കാരന്. കൈകാണിക്കുന്നു. ഞാന്‍ വണ്ടി നിര്‍ത്തി. വെറും കുശലങ്ങള്‍ക്കുശേഷം ഒരു കമന്റ്. ഹല്ല ഈ വണ്ടിയില്‍ പോക്ക് കണ്ടിട്ട് നിങ്ങള്‍ ഒരു ഡ്രൈവറും ഇവര്‍ രണ്ട് കൊച്ചമ്മമാരും എന്നു തോന്നിക്കുന്നല്ലോ.
ഞാന്‍ നാണം കെട്ടു. ചൂളി. വെറും ഒരു ഡ്രൈവര്‍ സ്ഥാനത്തേക്ക് താഴാന്‍ മനസ്സില്ലാതിരുന്നതുകൊണ്ട് ഭാര്യയെ വിളിച്ച് മുന്‍സീറ്റിലിരുത്തി. കുട്ടുകാരി പിന്‍സീറ്റില്‍ തന്നെ ഇരുന്നു. നല്ല യാത്ര സുഖപ്രദമായ യാത്ര. ഭാര്യയ്ക്ക് കുശുമ്പുകുന്നായ്മകള്‍ കൊറിക്കാന്‍ പിന്നിലേക്ക് നോക്കിയിരിക്കേണ്ടി വന്നു എന്നുമാത്രം.
അപ്പോഴുണ്ട് മറ്റൊരു സുഹൃത്ത് വഴിയില്‍. കൈകാണിക്കുന്നു. അതും കുശലങ്ങള്‍ക്കുശേഷം ഒരു കമന്റ് ഹല്ല നിങ്ങള്‍ ദമ്പതിമാരിങ്ങനെ മുന്‍സീറ്റിലിരുന്ന് യാത്ര ചെയ്താല്‍ ഈ കൂട്ടുകാരിയെ കണ്ടാല്‍ ഒരു വേലക്കാരിയെപ്പോലെ തോന്നുന്നല്ലോ.
ഛേ! ഞാന്‍ നാണം കെട്ടു. ഏറ്റവും ആതിഥ്യമര്യാദയുള്ളവനാണ് ഞാന്‍. ഭാര്യയുടെ കൂട്ടുകാരി എന്റെ നല്ല അതിഥിയാണ്. അവരെ ഒരു വേലക്കാരി എന്നു തോന്നിപ്പിച്ചാല്‍...ഭാര്യ പിന്‍സീറ്റിലിരുന്നു. കൂട്ടുകാരി എനിക്കൊപ്പം മുന്‍സീറ്റിലേക്കു വന്നു. ഹാ ഇപ്പോള്‍ എല്ലാം ഓക്കെയായി. നല്ല യാത്ര. സുഖപ്രദമായ യാത്ര. ഭാര്യയുടെ കൂട്ടുകാരിക്ക് കുശുമ്പുകുന്നായ്മകള്‍ കൊറിക്കാന്‍ പിന്നിലേക്ക് നോക്കിയിരിക്കേണ്ടി വന്നു എന്നു മാത്രം.
ദേ അപ്പോഴുണ്ട് മൂന്നാമത് ഒരു സുഹൃത്ത് വഴിപോക്കനായി കണ് മുന്നില്‍. കൈനീട്ടി. വണ്ടി നിറുത്തി. കുശലങ്ങള്‍ക്കൊപ്പം ഭാര്യയുടെ കൂട്ടുകാരിയെ ഏറുകണ്ണിട്ട് ഒരു നോട്ടം കൂടി. അതില്‍ കലര്‍ന്നിരിക്കുന്ന സംശയംകണ്ട് ഞാന്‍ പറഞ്ഞു ഭാര്യയുടെ കൂട്ടുകാരിയാണ്. കൊള്ളാം കൊള്ളാം. പക്ഷേ ഇതിനകത്ത് ഒരു അവിഹിതം മണക്കുന്നുണ്ട്.
കൂട്ടുകാരന് അവന്റെ വഴിക്കുപോയി.
ഞങ്ങള്‍ മൂന്നുപേര്‍ എന്തുചെയ്യണമെന്നറിയാതെ പെരുവഴിയിലും. നീണ്ട ആലോചനകള്‍കൊടുവില്‍ വണ്ടി വഴിയിലുപേക്ഷിച്ച് ഞങ്ങള്‍ മൂവരും നടന്നു. ആരെങ്കിലും പുതിയ അഭിപ്രായങ്ങളുമായി പ്രത്യക്ഷപ്പെടുന്നതിനു മുന്‍പേ വീട്ടിലെത്തണേ എന്ന പ്രാര്‍ത്ഥനയോടെ...
Monday, June 11, 2007
Subscribe to:
Post Comments (Atom)
19 comments:
ആടിനെ പട്ടിയാക്കുന്ന അതേ ബഹുജനം ഇപ്പോഴുമുണ്ടെന്നറിഞ്ഞതില്‍ സന്തോഷം . വേറെ എന്താ പറയുക !!! കിടിലം തന്നെ ട്ടോ
ബ്ലോഗില്‍ നിന്ന് ഒരു നല്ല കഥ വായിക്കാന്‍ കിട്ടിയ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ.നന്ദി..അഭിനന്ദനങ്ങള്‍...
എന്നാലും പിന്നേം കഴുതള്ക്കാണല്ലോ കൂടുതല്‍ സ്വാദ്ധീനശക്തി.
നല്ല കഥ :-)
ബെന്നിമാഷെ,,
ഹ ഹ ...ഞാനൊന്നും പറയുന്നില്ല..
പറയാനുള്ളത് പറയേണ്ടവര്‍ പറഞ്ഞു...
അടിപൊളി...
നമ്മള് മറ്റുള്ളവരെ നോക്കി ജീവിക്കാതിരിക്കുക ... അത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്ന് കഥാകൃത്ത് ലളിതമായ ഭാഷയില്‍ എന്നോട് പറഞ്ഞിരിക്കുന്നു....
ബഹുജനം പലവിധം. ഇന്നത്തെ കാലത്ത് മറ്റുള്ളവര്‍ എന്ത് ചിന്തീക്കുമെന്ന് ചിന്തിച്ച് തലപുണ്ണാക്കുന്നതില്‍ ഒരു കാര്യവുമില്ല. നല്ല കഥ ബെന്നീ.
"...വണ്ടി വഴിയിലുപേക്ഷിച്ച് ഞങ്ങള്‍ മൂവരും നടന്നു. ആരെങ്കിലും പുതിയ അഭിപ്രായങ്ങളുമായി പ്രത്യക്ഷപ്പെടുന്നതിനു മുന്‍പേ വീട്ടിലെത്തണേ എന്ന പ്രാര്‍ത്ഥനയോടെ..."
ഒരു ചോദ്യം. ആരെങ്കിലും പ്രത്യക്ഷപ്പെടും മുമ്പ് വീട്ടിലെത്താന്‍ ആ കാറില്‍ത്തന്നെ പോകുന്നതായിരുന്നില്ലേ കുറേക്കൂടി നല്ലത്? ലോജിക്കിന്റെ ഒരു ചെറിയ പ്രശ്നം :)
കഥ കൊള്ളാട്ടോ.
നല്ല കഥ
ആള്ക്കാര് കൈകാണിച്ചാല്‍ വണ്ടി നിറുത്തുന്നതാണ് യഥാര്‍ത്ഥ പ്രശ്നം. ഭാര്യക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തതും. :-)
:)
മനോഹരം.
ഭാര്യക്ക് ലൈസന് ഉണ്ടായാലും കൂട്ടുകാരി ഇനി ലൈസന് എടുത്താലും സങ്ങതി ഇങ്ങനെ തന്നെ, കണ്ണൂസെ!
നല്ല ചിന്ത, നല്ല അവതരണം!
ഒരു തരത്തിലും ജീവിക്കാന്‍ സമ്മതിക്കാത്ത ലോകം.
regards,
നടന്ന് പോയിട്ടും കാര്യമില്ല. മൂന്ന് പേരായിട്ട് ഒരു വഴിക്ക് പോകരുത് എന്നറിയില്ലേ?
ലളിതമായ കഥയും , കഥയിലൊളിപ്പിച്ച ഗുണപാഠവും ശരിക്കും ആസ്വദിച്ചു....!
ഹ..ഹ..ഹ... ഓരോ പുകിലുകളേ.
അഭിനന്ദനങ്ങള്‍!!
നല്ല കഥ
അഭിനന്ദനങ്ങള്‍...
ചാത്തനേറ്:
സണ്‍ കണ്ട്രോള് ഫിലിമിനു നിരോധനം ഏര്‍പ്പെടുത്തിയ സ്ഥിതിക്ക്
കാറിലും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണം...
കനവും ഒതുക്കവും ഒപ്പത്തിനൊപ്പം. നല്ല കഥ ബെന്യമിന് .
Post a Comment