Wednesday, June 6, 2007

ശവാനുഗമനം

- അജിത്ത് പോളക്കുളത്ത്

****

01.04.2007 സമയം 9.07 am ഏപ്രില്‍ 1 ഞായര്‍.

ഓഫീസില്‍, അയാള്‍ ടേബിളില്‍ തരിച്ചിരുക്കുകയാണ്..

നെറ്റിയില്‍ നിന്നും വിയര്‍പ്പുചാലുകള്‍ ഒഴുകാന്‍ തുടങ്ങി.. തുടച്ചിട്ടും നില്‍ക്കുന്നില്ല, മൊബൈല്‍ഫോണിന്റെ കാതു തുളക്കുന്ന ശബ്ദം തെല്ലു ഭയാനകമായ് അവനു തോന്നി.വെപ്രാളത്തില്‍ ഒന്നും മനസ്സിലകുന്നില്ല, കൈ കാലുകള്‍ നേരിയതായ് വിറക്കുന്നുണ്ടായിരുന്നു.
രാത്രിയില്‍ ഉറക്കത്തിലാണത്രേ സംഭവിച്ചത്.. ഇത്ര ചെറുപ്പത്തിലും ഹാര്‍ട്ട് അറ്റാക്കൊ..ദൈവമേ

അയാള്‍ മനസ്സില്‍ ഓര്‍ത്തു.

ഒരു നീണ്ട എട്ട് വര്‍ഷക്കാലത്തെ പ്രവാസ ജീവിതത്തില്‍ തനിക്ക് കിട്ടിയ സുഹൃത്ത് മൈക്കള്‍, ഒരേ കമ്പനിയില്‍ ജോലി.. അവന്റെ ആ നര്‍മ്മവും പിന്നില്‍ ചിന്തിപ്പിക്കുന്ന സംസാര രീതിയാണ് അവനെ അയാളുമായ് അടുപ്പിച്ചത്. സാഹിത്യത്തിലും അതീവ തല്‍പ്പരന്‍, നല്ല വായനക്കാരന്‍‍..പലപ്പോഴും അസൂയാവഹമായ പെരുമാറ്റ രീതി. രണ്ടു ദിവസം മുമ്പ് ആധുനിക കവിതകളേയും കവികളേയും കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

ഒരു മാസം മുമ്പായിരുന്നു ഇവിടത്തെ ചിലവ് സഹിക്കവയ്യാതെ ഭാര്യയേയും മക്കളെയും നാട്ടിലേക്കയച്ചത്. അവന്‍ എപ്പൊഴും പറയുമായിരുന്നു ഇവിടെ ‘മനുഷ്യനൊഴികെ‘ എല്ലാത്തിനും ദിനം പ്രതി മുന്നറിയിപ്പില്ലാതെ വിലകൂടുകയാണെന്ന്.

അവന്റെ കണ്ണുകളില്‍ മൈക്കളിന്റെ വിവിധ ഭാവങ്ങള്‍ ഫ്ലാഷായ് മിന്നിമറയുന്നു..ഒന്നിനു പിന്നാലെ മറ്റോന്നായ്. മൊബൈല്‍ വീണ്ടും ശബ്ദിച്ചു..വേണ്ടപ്പെട്ട ആളാണെന്നു തോന്നുന്നു അവന്‍ വിറയുന്ന കൈകളാല്‍ മൊബൈലിന്റെ പച്ച ബട്ടണ്‍ അമര്‍ത്തി.

“ഹലോ സര്‍” വരണ്ട ചുണ്ടുകള്‍ വിറങ്ങലിച്ചു ശബ്ദിക്കാന്‍ തുടങ്ങി

“ഹ..എന്താ രാജു ങ്ങനെ.. ഹേ എടോ ഇതോക്കെ അങ്ങനെ നടക്കും, പിന്നെ ജീവനും ജീവിതങ്ങളും തമ്മിലുള്ള മത്സരത്തില്‍ ചിലപ്പോല്‍ ഇങ്ങനേം സംഭവിക്കും.. എന്താ ചെയ്യാ.. വരാനിരിക്കുന്നത് വഴീല്‍ തങ്ങീലാ അറിയാലാ..ഞാന്‍ എത്ര മരണങ്ങള്‍ കണ്ടിരിക്കുന്നു..എത്ര ബോഡികള്‍ നാടിലേക്കയച്ചു.. അതൊക്കെ പോട്ടെ.. താന്‍ ബോഡിയുമായ് പോകാന്‍ തയ്യാറാണല്ലൊ.. എല്ലാ ഫോര്‍മാലിറ്റീസും നാളെ കഴിയും. ഞാന്‍ അതിന്റെ തിരക്കില്‍ ആയിരുന്നു..എന്തായാലും തീരുമാനിച്ചതിനുശേഷം എന്നെ വിളിച്ചാല്‍ മതി ശരി ഒകെ...”

“എന്ത് കണ്ണീചോരില്ലാത്ത മനുഷ്യന്‍ .. അയാള്‍ എത്ര നിസ്സാരമായി കാണുന്നു ഇത്.. ഹോ” അവന്‍ പിറുപിറുത്ത് ഫോണ്‍ ടേബിളില്‍ വച്ചു. ഇവിടെ രാവിലെ മുതല്‍ വൈകീട്ടു വരെ എത്ര പേര്‍ക്ക് അതും ഈ നക്കാപ്പിച്ചക്കുവേണ്ടി സല്യൂട്ട് അടിക്കണം.

‘ഇവിടെ മരണത്തിന് അനുശോചനങ്ങള്‍ പരിചയമില്ലാത്ത സംഭവങ്ങള്‍!!! ഓഫീസില്‍ അങ്ങിങ്ങായി ചെറു മുറു മുറുപ്പുകള്‍ കേള്‍ക്കാമെങ്കിലും ജോലികള്‍ പഴയതു പോലെ നടക്കുന്നു.. അവരെല്ലാവരും അവന്റെ ഫലിതങ്ങളില്‍ ഇന്നലെ ചിരിച്ചവര്‍ ആയിരുന്നു. ഒറ്റ ദിവസം കൊണ്ടു മറന്നുപോയൊ? അവന്റെ വര്‍ക് പെര്‍ഫോമന്‍സില്‍ ഇന്നലെ കയ്യടിച്ചവര്‍.. ബോസുമാരും
ഒരു കൂസലും കൂടാതെ കാബിനുകളില്‍ ബിസിനസ്സ് കാര്യങ്ങള്‍ ചര്‍ച്ചചെയ്തിരിക്കുന്നു. വിദേശ കുത്തകകള്‍ എപ്പോഴും വേരുകള്‍ എവിടെയൊക്കെ ഉറപ്പിക്കുവാന്‍ ബാക്കി എന്ന് മാപ്പില്‍ തിരയുകയാവാം.. ഇനി എങനെ ടാര്‍ഗറ്റ് കൂട്ടാം?? ഇവരുടെയൊക്കെ വീട്ടിലെ പട്ടികളുടെ പരിഗണന പോലും നമ്മള്‍ക്കില്ല..’
അയാളിലെ സോഷ്യലിസം സട കുടഞ്ഞു.

അവനിലുളവാക്കിയ ആ നടുക്കങ്ങള്‍ കൈ വിറയലായി... ഒടുവില്‍ അത് മൊബൈലിന്റെ വൈബ്രേഷന്‍ തന്നെ ഇല്ലാതാക്കും വിധത്തിലായി.

എന്തെങ്കിലും ചെയ്യണ്ടേ എന്നുകരുതി, അറ്റ്ലീസ്റ്റ് കുറച്ചുപെര്‍ക്കെങ്കിലും ഒര്‍കൂട്ടിലൂടേയൊ അല്ലേങ്കില്‍ ജിടാക്കില്‍ ഓണ്‍ലൈന്‍ വരുന്നവരോടോ ഈ വിവരം അയക്കാമല്ലൊ... അവന്‍ ഓര്‍കൂട്ടില്‍ ലോഗിന്‍ ചെയ്തു..

അതില്‍ തനിക്ക് വന്ന പുതിയ സ്ക്രാപ്പ് തുറന്നു നോക്കി..
“ഡാ ഞാന്‍ പോകുന്നു... ഗൂഡ്നൈറ്റ്, നാളെ നേരത്തെ പോകണം”
സ്ക്രാപ്പ് സമയം 12.34 am 01.04.2007 ഞായര്‍ അയാള്‍ മനസ്സില്‍ കുറിച്ചു.

ആ സ്ക്രാപ്പ് കണ്ട് അയാള്‍ ഞെട്ടാതിരിക്കുന്നതെങ്ങനെ? അവന്‍ മരിക്കുന്നതിലും ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ്..
“ ഹമ്മേ..അവന്റെ അവസാനത്തെ വരികള്‍...” ആത്മഗദം താ‍നെ വന്നു

“‘നാളെ നേരത്തേ പോകണം’ എങ്ങോട്ട്????? എങ്ങോട്ട്... മരണത്തിലേക്കോ? അതോ ജീവിതത്തിലേക്കൊ? എന്തായിരിക്കണം അവന്‍ ഉദ്ധേശിച്ചത്? ഒരുപക്ഷെ ഓഫീസിലേക്കാവും അല്ല... അല്ല...”
അയാള്‍ പുലമ്പികൊണ്ടേയിരുന്നു.

ഏപ്രില്‍ ഫൂളായതിനാല്‍ പല മെസ്സെജുകളും അയാളെ കളിയാക്കി മരണ വാര്‍ത്ത വിശ്വസിക്കാതെ തിരിച്ചു വന്നു.

അന്നേദിവസം സമയം 5.32 pm
അയാള്‍ പതിവു പോലെ ബസ്സില്‍ കയറിയിരുന്നു, ചിലര്‍ പതിവു സംസാരത്തില്‍ മുഴുകി..ചിലരുടെ മുഖത്ത് ദു:ഖം വിതച്ചതു കാണാമായിരുന്നു. ഇന്നലെ അവന്‍ എന്റെ കൂടെയാ ഇരുന്നതു ദൈവമേ... അയാളുടെ മനസ്സ് നൊന്തു.

നല്ല ട്രാഫിക് ഉണ്ടായിരുന്നതു കൊണ്ടു കൂടുതല്‍ ആലോചനകള്‍ വന്നു.. അവന്റെ കുടുംബം..ഭാര്യ കുട്ടികള്‍..
എപ്പോഴും മകളെ പഠിപ്പിച്ച് IAS കാരിയാക്കണമെന്നും പറയാറുണ്ടായിരുന്നു.. ബസില്‍ നിശബ്ദത.. ദേഷ്യം പിടിപ്പിക്കുന്ന വിവരണത്തോടു കൂടിയുള്ള ഹിന്ദി പാട്ടുകള്‍ അലോസരം...ഇന്നലെ വരെ ഇവിടെ ഇരുന്നു ട്രാഫിക്കിനെ കുറിച്ചു പറഞ്ഞവന്‍ ഇന്ന് ഈ ട്രാഫിക്കില്‍ ഇല്ല. അയാള്‍ താന്‍ കുരുടനും ബധിരനും ആകട്ടേ എന്നു പ്രാര്‍ത്ഥിച്ച നിമിഷം.

റൂമില്‍ എത്തി , ഡ്രസ്സ് മാറ്റി കുളിച്ചു ഫ്രഷായി അയാള്‍ ഇരുന്നു.. അയാളുടെ മുഖം ചുവന്നു വീര്‍ത്തു തുടുത്തിരുന്നു. പലപ്പോഴും അവനും കൂടെ ഇവിടെ വന്നു രാത്രിയില്‍ തര്‍ക്കങ്ങളും മറ്റും...ആദ്യം രാഷ്ട്രീയം, പിന്നെ ആധുനിക കവിതകളില്‍ വന്നു നില്‍ക്കും...ആധുനിക, ഉത്തരാധുനിക കവികളുടേ ആശയങ്ങള്‍ തേടിയുള്ള മത്സരങ്ങള്‍ ... എന്തൊക്കെയൊ ചര്‍ച്ചകള്‍..

അവന്‍ വെറുതെ വീട്ടിലേക്കു വിളിച്ചു
“ ഹലോ... ഗീതല്ലേ .. ഹാ പിന്നെ ഞാന്‍ നാളെ ഉച്ചതിരിഞ്ഞ് അവിടെയെത്തും .. ബോഡിയുടെ കൂടേ ഞാനാ വരുന്നത് .. കമ്പനി പറഞ്ഞീട്ട്
നിക്ക് ഒട്ടും വിശ്വസിക്കാന്‍ പറ്റ്ണീല്ലാ... ഹൊ ഇന്നലെ വരെ ഇവിടെ സംസാരിച്ചിരുന്നതാ ഞാനും അവനും ഇതേ സമയത്ത്.. ഒന്നും പറ്ഞ്ഞിട്ടു
കാര്യൊലാ.. മനുഷ്യന്റെ കാര്യം”
“അപ്പോ ചേട്ടനിന്ന് ഓഫിസ്സീപോയാ.. ഹമ്മേ.. ഒരു ദിവസം അവധീ തന്നൂടെ അവര്‍ക്ക്.. എന്തൊരു ജന്മങ്ങള്‍, രാജേട്ടന്‍ വിഷമിക്കണ്ട
ഭക്ഷണം കഴിച്ചു കിടക്കാന്‍ നോക്ക്”
“ഡീ നമ്മുടെ മോന്‍ ഉറങ്ങ്യാ.. അമ്മെന്തെടുക്കാ... അമ്മേം ഉറങ്ങ്യാ.. നീ അവരോട് പറഞ്ഞീലെ ഞാന്‍ വരണ കാര്യം”
“ഇല്ലേട്ടാ മോന്‍ ഉറങ്ങി... അമ്മ ഇപ്പ കിടന്ന്വേള്ളൂ”
“എന്നാ‍ ശരി.. ഞാന്‍ നാളെ കാലത്ത് വിളിക്കാം”
“അയ്യോ ചേട്ട ഒരു കാര്യം ഞാന്‍ വിട്ടു പോയി പറയാന്‍ ... ചേട്ടന്‍ ദേഷ്യപ്പെടരുത്ട്ടാ.. പറയട്ടേ...”
“എന്താ?...ങം പറ പെട്ടെന്ന്”
“ഏതായാലും വരല്ലേ.. അന്ന് ഷോപ്പിങ്ങ് ഫെസ്റ്റിവലിനു വേടിച്ച സാധനങ്ങള്‍.. അന്ന് ചേട്ടന്‍ പറഞ്ഞതാ വാങ്ങീട്ടണ്ട്ന്ന്.. അത് ഓര്‍മ്മിപ്പിച്ചതാ.. പിന്നെ ആ‍
സ്വര്‍ണ്ണോം മറക്കല്ലേ...”
അയാള്‍ മറുപടിയായ് ഫോണ്‍ തല്ലി വെച്ചു.. ഒരു പക്ഷെ അവള്‍ മനസ്സിലാക്കിക്കാണും അയാളുടേ പ്രതിഷേധം

അയാള്‍ തണുത്ത വെള്ളം 'നെപ്പോളിയന്‍ vsop' ഗ്ലാസ്സിലേക്ക് പകര്‍ത്തി, എത്രയോ പ്രതീക്ഷയുടെ കുമിളകള്‍ നുരഞ്ഞുവന്ന് പൊട്ടുന്നു... ആ കുമിളകള്‍ക്കും
ദീര്‍ഘനേരം അങ്ങനെ ആര്‍ഊപത്തില്‍ കഴിയാന്‍ അതിന് ആഗ്രഹം ഉണ്ടാകില്ലെ? പൊട്ടിയ കുമിളകളുടേ അവശിഷ്ടങ്ങള്‍ എവിടെ... അയാള്‍ സൂക്ഷിച്ചു നോക്കി ഒന്നുമില്ല.

ശൂന്യം.. നിശബ്ദത... ഇവ രണ്ടും മാത്രം ബാക്കി.

ഒടുവില്‍ പരാജിതനായ്.. ഗ്ലാസ്സ് ചൂണ്ടിനോടടുപ്പിച്ചു.


* * * * *
02.04.2007 തിങ്കള്‍ , 10.35 am
ബോഡിയുമായ് പോകേണ്ട ഫ്ലൈറ്റ് ഉച്ചതിരിഞ്ഞ് 1.30 ന് ... ജീവിതം പൊഴിഞ്ഞ മാംസപിണ്ഡം പേറിയുള്ള യാത്ര കൊച്ചിയിലേക്ക്.

അയാള്‍ കണ്ണാടിയില്‍ മുഖം നൊക്കി.. വീര്‍ത്തു കേട്ടിയിരിക്കുന്ന മുഖം, അയാള്‍ അത്യാവശ്യസാധനങ്ങള്‍ ബാഗില്‍ നിറക്കാന്‍ തുടങ്ങി.

ബാഗിന്റെ സ്വിബ്ബ് വലിച്ചടിക്കുമ്പോള്‍ ഭാര്യയെ ഓര്‍ത്തുപോയി.. അവള്‍ പറഞ്ഞ കാര്യം മനസ്സില്‍ അലയടിക്കാന്‍ തുടങ്ങി

‘ഏതായാലും വരല്ലേ.. അന്ന് ഷോപ്പിങ്ങ് ഫെസ്റ്റിവലിനു വേടിച്ച സാധനങ്ങള്‍പിന്നെ ആ‍ സ്വര്‍ണ്ണോം മറക്കല്ലേ...’

അയാള്‍ തെല്ല് സംശയിച്ചിരുന്നെങ്കിലും അവള്‍ ഓര്‍മ്മിപ്പിച്ച സാധനങ്ങള്‍ അലമാരി തുറന്ന് ബാഗില്‍ നിറച്ചു.. അലമാരിക്കു മുകളിലെ അന്ന് ഓണത്തിന്റെ പാര്‍ട്ടിയില്‍ താനെടുത്ത മൈക്കിളിന്റെ ഫോട്ടോ.. അവന്‍ തന്നെ നോക്കി ചിരിക്കുന്നതായ് അയാള്‍ക്കു തോന്നി..അതോ തുറിച്ചുനോക്കുകയാണോ?

അയാള്‍ ബാഗിന്റെ സ്വിബ്ബ് വലിച്ചടച്ചു.. ചെറിയ താഴിട്ടു പൂട്ടി..

അപ്പോഴും ഫോട്ടോയിലെ ‘മൈക്കിള്‍’ അയാളെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു..
അയാള്‍ അത് കണ്ടതേയില്ല...ശ്രദ്ധിച്ചതുമില്ല..

******

13 comments:

ശ്രീരാഗ് said...

“ശവാനുഗമനം” വായിച്ചു... ഇഷ്ടായി.. അജിത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു....
സ്വന്തം
ശ്രീരാഗ്

പുള്ളി said...

"അവന്‍ എപ്പൊഴും പറയുമായിരുന്നു ഇവിടെ 'മനുഷ്യനൊഴികെ' എല്ലാത്തിനും ദിനം പ്രതി മുന്നറിയിപ്പില്ലാതെ വിലകൂടുകയാണെന്ന്." ആരോ പറഞ്ഞു കേട്ടതുപോലെ.
കഥ നന്നായി...

തറവാടി said...

:)

e-Yogi e-യോഗി said...

അജിത്‌, നന്നായിരിക്കുന്നു. പിന്നെ. "ഇവരുടെയൊക്കെ വീട്ടിലെ പട്ടികളുടെ പരിഗണന പോലും നമ്മള്‍ക്കില്ല..’
അയാളിലെ സോഷ്യലിസം സട കുടഞ്ഞു.
" ഇവിടെ സടകുടെഞ്ഞെണീറ്റ സോഷ്യലിസ്സം പിന്നെ കന്‍ഡില്ലേന്നൊരു സംശയം. നാട്ടിലേക്കുള്ള വരവറിയിക്കാനായി വിളിക്കുമ്പോള്‍ "ഡീ നമ്മുടെ മോന്‍ ഉറങ്ങ്യാ.. അമ്മെന്തെടുക്കാ... അമ്മേം ഉറങ്ങ്യാ.. നീ അവരോട് പറഞ്ഞീലെ ഞാന്‍ വരണ കാര്യം", ഈവരികളില്‍ മുഴിവിച്ചുകാണുന്നത്‌ ഓര്‍ക്കപ്പുറത്ത്‌ ഒരു നാട്ടുയാത്ര തരപെട്ടതിന്റെ ആകാംക്ഷയാണു. പിന്നെ, VSOP നെപ്പ്പ്പോല്‍ളിയന്‍ വിസ്കിയുണ്ടോ?, എന്ററിവില്‍ ബ്രാണ്ടിയണു. ഉണ്ടാകും അല്ലേ.... :)

Kaithamullu said...

ശൂന്യം.. നിശബ്ദത... ഇവ രണ്ടും മാത്രം ബാക്കി.

(ലഹരിയൊഴിയും വരെ...പിന്നെ എല്ലാം സാധാരണം!)

Jayesh/ജയേഷ് said...

ഒടുവില്‍ പരാജിതനായ്.. ഗ്ലാസ്സ് ചൂണ്ടിനോടടുപ്പിച്ചു.

എത്ര ശരി...പരാജയങ്ങള്‍ മറക്കാന്‍ ഒരു ഒറ്റമൂലി ..

നന്നായിരിക്കുന്നു കഥ

aru said...

Aji kooduthal saahityathil onnum parayan njan aalalla,enkilum ento onnu......athutanne......valare nannayirikkunnu......geetha teacherku samarpichathu nannayi..avar enteyum estapetta adyapikayayirunnu....aru

എന്റെ മലയാളം-Ente Malayalam said...

ഹൃദയസ്പ൪ശിയായ കൃതി

Ajith Polakulath said...

പുള്ളി ശരിയാണല്ലോ... മനുഷ്യന് വില എന്നാ കൂടുന്നേ?
മനുഷ്യരേക്കാളും വില വസ്തുക്കള്‍ക്കാണ്..
ഇ യൊഗി മാഷേ,
പല സോഷ്യലിസ്റ്റുകളും സ്വന്തം കാര്യം വരുമ്പോള്‍ തന്റെ തത്വശാസ്ത്രങ്ങളെ ബലികഴിക്കാറില്ലേ?

കൈതമുള്ളേ,
ശൂന്യം, നിശബ്ദത ഇതെങ്കിലും നമ്മള്‍ക്കായി മാറ്റി വയ്ക്കേണ്ടേ?

ജയേഷേ..
പരാജിതനു ഒറ്റമൂലി മദ്യപാനം എന്നു ഞാന്‍ ഉദ്ധേശിച്ചല്ല.. പലരും മദ്യപാനികള്‍ ആകുന്ന സാഹചര്യം എടുത്തുകാട്ടി എന്നു മാത്രം.. സുരപാനം കൊണ്ടു എത്രപേര്‍ ദുരിതം അനുഭവിക്കുന്നു അല്ലേ..

എല്ലാവര്‍ക്കും നന്ദി...

വിഷ്ണു പ്രസാദ് said...

കൊള്ളാം.

Unknown said...

"savanugamanam"
{pravasi jeevithathinte bakipathram}.
ajithinu ella bhavukangalum nerunnu.
from

priyesh k melath

devasena said...

സത്യത്തില്‍ ഇതൊക്കെ തന്നെയാണു ഇവിടുത്തെ മനുഷ്യര്‍.

അജിത്തിനു ആശംസകള്‍.

M.A Bakar said...

ഏതൊരു പ്രവാസിയും എപ്പോള്‍ വേണേലും ശവമായോ ശവാനുഗാമിയായോ മാറാനുള്ള യോഗം അവണ്റ്റെ ഓരോ കാലടിപ്പാടിനെയും തുടരുന്നു..

അവണ്റ്റെ മോഹങ്ങളുടെ ധാരാളിത്തത്തെ കാലം പിശുക്കുകൊണ്ട്‌ ഞെരിക്കുന്നു... ...